ഖുദ്സ് പോരാട്ട ഭൂമിയില്‍ നിന്ന്

ആബിദ ഒ.വി No image

ആദ്യത്തെ ഖിബ്ല, മുഹമ്മദ് നബി(സ) ഇസ്റാഅ് മിഅ്റാജ് യാത്ര നടത്തിയ പള്ളി, പ്രവാചകന്മാരുടെ പാദങ്ങള്‍ പതിഞ്ഞ സ്ഥലം തുടങ്ങി ധാരാളം സവിശേഷതകളുള്ള ഖുദ്സ് ഇസ്രായേല്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണിന്ന്. അതും ഭീകരമായി നരനായാട്ട് നടത്തിക്കൊണ്ട്. ഖുദ്സില്‍ സമാധാനം ഉണ്ടായാല്‍ ലോകത്തു തന്നെ സമാധാനമുണ്ടാവുമെന്നും ലോകാവസാനം മനുഷ്യരെ ഒരുമിച്ചു കൂട്ടുന്ന മഹ്ശറ ഫലസ്തീന്‍ പുണ്യഭൂമിയാകുമെന്നുമുള്ള ഹദീസ് പരമ്പര ശരിയാണോ എന്നറിയില്ല, ഫലസ്തീനികള്‍ അങ്ങനെ വിശ്വസിക്കുന്നു. ബുഖാരിയില്‍ നബി (സ) പറയുന്നതായി കാണാം. 'നിങ്ങള്‍ ബൈത്തുല്‍ മുഖദ്ദിസില്‍ പോകണം.' അപ്പോള്‍ അബ്ദുല്ലാഹിബ്നു ഉമര്‍ ചോദിച്ചു, 'പ്രവാചകരെ, അവിടെ വരെ പോകാന്‍ സാധിച്ചില്ലെങ്കിലോ?' പ്രവാചകന്‍ പറഞ്ഞു; 'ബൈത്തുല്‍ മുഖദ്ദസില്‍ കത്തിക്കുന്ന വിളക്കിന്റെ എണ്ണയെങ്കിലും നിങ്ങള്‍ എത്തിക്കണം.' അതുകൊണ്ടാണ് ഡോ: ശൈഖ് യൂസുഫുല്‍ ഖര്‍ദാവിയും അദ്ദേഹത്തെപോലെ പ്രഗത്ഭരായ പണ്ഡിതന്മാരും ഖുദ്സിന്റെ വിമോചനത്തിനു വേണ്ടിയുള്ള പരിശ്രമം ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണെന്ന് ലോകവിശ്വാസികളെ ഓര്‍മപ്പെടുത്തുന്നത്. ഖുദ്സ് വിമോചനമെന്നത് ഫലസ്തീനികളുടെ മാത്രം സ്വപ്നമാവരുത്, ലോകവിശ്വാസികളുടെ സ്വപ്നമായിരിക്കണം. ആ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഏഹീയമഹ ാമൃരവ ീ ഖലൃൌമെഹമാ എന്ന സംരംഭം പിറവിയെടുത്തത്.
ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ മറ്റൊരു മുഖംമൂടിയാണ് ഖുദ്സ്. ഇന്ത്യയുള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ മുപ്പതംഗ കമ്മിറ്റിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനഫലമായി 2012 മാര്‍ച്ച് 30 വെള്ളിയാഴ്ച സിറിയ, ലബനാന്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇസ്രായേലിന്റെ അതിര്‍ത്തികളിലേക്ക് മാര്‍ച്ച് നടത്തി. ഇസ്രായേലിനെ വളയുകയായിരുന്നു മാര്‍ച്ചിന്റെ ലക്ഷ്യം. ഇന്ത്യയുള്‍പ്പെടെ 88 രാഷ്ട്രങ്ങളില്‍ നിന്നുള്ള ജൂത, ക്രൈസ്തവ, ഹിന്ദു മുസ്ലിം പണ്ഡിതന്മാരും മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തകരും കുഞ്ഞുങ്ങള്‍ മുതല്‍ ഇന്തോനേഷ്യയില്‍ നിന്നെത്തിയ വൃദ്ധയുള്‍പ്പെടെ വിമോചന പോരാട്ടത്തില്‍ പങ്കെടുക്കാന്‍ മാസങ്ങളോളം കരമാര്‍ഗം യാത്ര ചെയ്ത് നേരത്തെ തന്നെ എത്തിയിരുന്നു. ഇസ്രായേല്‍-ജോര്‍ദ്ദാന്‍ അതിര്‍ത്തിയായിരുന്നു സമരഭൂമി. ജോര്‍ദ്ദാനാവട്ടെ, ബൈത്തുല്‍മുഖദ്ദിസിന്റെ പ്രധാന വാതിലും കൂടിയാണ്. ഇഖ്വാന്‍ ഏര്‍പ്പെടുത്തിയ 5000 ബസ്സുകളിലാണ് പുറമെ നിന്നെത്തിയ ഞങ്ങളെ സമരഭൂമിയില്‍ എത്തിച്ചത്.
ലോകത്തെ മനോഹരമായ പുണ്യഭൂമിയുടെ അവകാശികള്‍. ഉത്തമ സ്വഭാവത്തിന്റെ ഉടമകള്‍. വിശ്വാസത്തിന്റെ കരുത്തും ശഹാദത്തിന്റെ ആവേശവുമുള്ള നമ്മുടെ പ്രിയപ്പെട്ട ഫലസ്തീനികള്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ തയ്യാറാക്കി ഞങ്ങളെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കണ്ണീരില്‍ കുതിര്‍ത്ത ആലിംഗനത്തോടെയുള്ള, ഹൃദയത്തില്‍ നിന്നുള്ള സ്വീകരണം ഒരിക്കലും മറക്കാന്‍ കഴിയില്ല. ഏതൊക്കെയോ അര്‍ഥത്തില്‍ നഷ്ടമനുഭവിക്കുന്ന ഫലസ്തീനികള്‍ ഞെങ്ങിഞെരുങ്ങി ഉള്ള സൌകര്യങ്ങളില്‍ തൃപ്തിപ്പെട്ട് ജീവിക്കുന്ന കാഴ്ച നമുക്ക് മാതൃക തന്നെയാണ്. അവര്‍ക്ക് വീടും കുടുംബവും കുട്ടികളും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുമ്പോഴും പരാതികളില്ല, ഖുദ്സിന്റെ കാര്യത്തിലൊഴികെ. അതുകൊണ്ടാണ് ജീവിതവും മരണവും അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നത്. ഓരോ ചെക്ക് പോയിന്റുകളും കടന്ന് അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നെത്തിയ ഫലസ്തീനികള്‍ ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം വരുന്ന സമരക്കാരെ തോക്കും ടാങ്കുകളുമായി എന്തിനും സര്‍വസജ്ജരായി നില്‍ക്കുന്ന സൈന്യം ഇസ്രയേല്‍ അതിര്‍ത്തിയില്‍ തടഞ്ഞു. എന്നിരുന്നാലും ഫലസ്തീനികളുടെ തക്ബീര്‍ ധ്വനി 'ബിറൂഹ്, ബിദം, ബിറഫ്തീകി യാ ഫലസ്തീന്‍' എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ ഞങ്ങളുടെയും ആവേശമായി മാറി. ആ ആവേശത്തില്‍ നിന്ന് കിട്ടിയ കരുത്തായിരുന്നു ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഡല്‍ഹിക്കാരി സ്റാര്‍ ടി.വി അവതാരകയും അണ്ണ ഹസാരെ ടീമംഗവും കൂടിയായ ഷാസിയ ഹില്‍മിക്ക് കിട്ടിയിരുന്നതെന്ന് പിരിയുന്നതു വരെയുള്ള അവരുടെ സംസാരത്തിലെ ആര്‍ജവം വെളിപ്പെടുത്തിത്തന്നു. എനിക്കും കുട്ടികളോടൊപ്പം ഏത് സമരത്തിലും പങ്കെടുക്കാനുള്ള മനോബലം ലഭിച്ചതും ഇതില്‍ നിന്നു തന്നെ. മുസ്ലിം അമുസ്ലിം ഭേദമന്യെ ലോകത്തുള്ള ജനങ്ങള്‍ ഒരുമിച്ച് കൂടിയ സമരഭൂമിയില്‍ ചുറ്റും വലയം ചെയ്ത സൈന്യത്തെ മുന്‍നിര്‍ത്തി ജുമുഅ നിര്‍വഹിച്ചത് മറക്കാനാവില്ല. ഖുതുബ നിര്‍വഹിച്ച ഇഖ്വാന്‍ അമീര്‍ ഡോ: ഹമാം സഈദ് ഖുതുബയില്‍ ഖുദ്സ് മുസ്ലിം സമൂഹത്തിന്റെ ആദര്‍ശമാണെന്നും ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഖുദ്സ് വിമോചിക്കപ്പെടുക തന്നെ ചെയ്യുമെന്നും ആഹ്വാനം ചെയ്തു.
യൂറോപ്പ്, അമേരിക്ക, ഇന്ത്യ, സ്വീഡന്‍, ഗ്രീസ് തുടങ്ങിയ ഓരോ രാഷ്ട്ര പ്രതിനിധികളും സമരമുഖത്തെ അഭിസംബോധന ചെയ്തു. ഫലസ്തീനികള്‍ക്ക് സ്വന്തം നാട്ടില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി എല്ലാ നാടുകളില്‍ നിന്നും പ്രതിഷേധം ഉയരണമെന്നും ഫലസ്തീനികള്‍ക്കൊപ്പം എന്ത് ത്യാഗം സഹിച്ചും നില്‍ക്കണമെന്നുമുള്ള പ്രഖ്യാപനമായിരുന്നു അവരുടെ വാക്കുകളില്‍. അന്നേ ദിവസം തന്നെ തൊട്ടടുത്ത അതിര്‍ത്തിയിലേക്ക് സമരം നടത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും കുറേ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ രക്തസാക്ഷിയാവുകയും ചെയ്തത് ഞങ്ങളെ നടുക്കിയ സംഭവമായിരുന്നു.
പോരാട്ടഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ ഇസ്ലാമിസ്റുകള്‍ക്ക് വേണ്ടി ഇഖ്വാന്‍ സദ്യയൊരുക്കിയത് അവരുടെ മേല്‍നോട്ടത്തിലുള്ള ഹോസ്പിറ്റലിന്റെ മുകള്‍ഭാഗത്തായിരുന്നു. അഭയാര്‍ഥികളായി കഴിയുന്ന ഫലസ്തീനികള്‍ക്ക് നല്ല ചികിത്സ, പരിചരണം, മാനസികമായ ഉണര്‍വ് ഇതൊക്കെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ വെച്ച് നടന്ന ഇന്തോനേഷ്യന്‍ പാര്‍ലമെന്റംഗവും ഇസ്ലാമിസ്റും ആക്ടിവിസ്റും കൂടിയായ ഡോ: ആയിഷ സലാമയുടെ പ്രസംഗം മുസ്ലിം ഉമ്മത്തിലെ വിശ്വാസിനികളോടായിരുന്നു. 'ഖുദ്സ് വിമോചകനായ മൂസാ നബി (അ)യെ വിമോചകനാക്കിയതില്‍ സ്ത്രീകള്‍ക്കായിരുന്നു മുഖ്യ പങ്ക്. മൂസാ നബി (അ) കുഞ്ഞായിരുന്നപ്പോള്‍ ഉമ്മ പെട്ടിയിലാക്കി ഒഴുക്കിയതും സഹോദരി പിന്തുടര്‍ന്ന് സംരക്ഷിച്ചതും നൈല്‍ നദിയില്‍ നിന്ന് രക്ഷിച്ച് സംരക്ഷിച്ച് വളര്‍ത്തിയ ആസ്യാബീവിയും. ഇങ്ങനെ മൂസാനബിയെ വിമോചകനാക്കിയത് സ്ത്രീകളായിരുന്നുവെങ്കില്‍ ഇന്നും ഖുദ്സിന്റെ വിമോചനത്തില്‍ സ്ത്രീകള്‍ക്ക് വഹിക്കാനുള്ള പങ്ക് വലുതാണെന്ന്' അവര്‍ ഓരോ വാക്കിലൂടെയും ഉണര്‍ത്തി. അതാണിന്ന് ഗസ്സയിലെ ഉമ്മമാരിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്രയേലിനെ അരിശം കൊള്ളിക്കുന്നതും അതുതന്നെ. ഇസ്രായേല്‍ സൈന്യത്തിന്റെ തോക്കിനു മുമ്പില്‍ പതറാതെ അവരെ കല്ലെറിഞ്ഞോടിക്കുന്നതിന് കല്ലുകള്‍ ചെറുതാക്കി കൊടുക്കുന്ന പെണ്ണുങ്ങളുടെ ചിത്രങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ഫലസ്തീനി ഉമ്മമാര്‍ മക്കള്‍ക്ക് മുലപ്പാലിനോടൊപ്പം കൊടുക്കുന്നത് പോരാട്ടവീര്യമാണ്. അതുകൊണ്ടാണ് ചങ്കുറപ്പോടെ നിരായുധരായി ഇസ്രയേല്‍ സൈന്യത്തെ നേരിടാനവര്‍ക്ക് സാധിക്കുന്നത്. സമരമുഖത്ത് പുരുഷന്മാരെക്കാള്‍ ഏറെ സ്ത്രീകളായിരുന്നു. അഭയാര്‍ഥി ക്യാമ്പില്‍ നിന്നും എത്തിയ സ്ത്രീകളുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞത് അവരില്‍ ഏറെ പേരും വിധവകളാണെന്നാണ്. പലരുടെയും ഭര്‍ത്താക്കന്മാരെ ഇസ്രായേല്‍ സൈന്യം അന്യായമായി ജയിലില്‍ തടവിലാക്കിയിരിക്കുന്നു. മറ്റു ചിലരാവട്ടെ ജീവിത പ്രാരാബ്ദങ്ങള്‍ കാരണം ജോലി തേടി അന്യ ദേശങ്ങളിലാണ്. വേറെ ചിലരാവട്ടെ സമരമുഖത്തും. അതിനാല്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരത്തിന് ഞങ്ങള്‍ ഇറങ്ങും എന്നാണ് അവര്‍ പറയുന്നത്.
അവര്‍ ജീവിക്കുന്ന ക്യാമ്പുകള്‍ നരക തുല്യമാണ്. വെള്ളവും വെളിച്ചവുമില്ല. ഒന്ന് വിശാലമായി നടക്കാന്‍ പോലുമുള്ള സൌകര്യം അവിടെയില്ല. അതുകൊണ്ട് തന്നെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനും അവര്‍ക്കാകുന്നില്ല. എന്നാലും മിക്കവരും അറബി ഭാഷ കൂടാതെ ഇംഗ്ളീഷും അനായാസമായി സംസാരിക്കും. ആധുനിക സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനും അവര്‍ക്ക് നല്ല മിടുക്കാണ്. താഴ്വരകളില്‍ ആട് മേച്ച് നടക്കുന്ന സമൂഹങ്ങളെ ഇസ്ലാമിക ചരിത്രത്തില്‍ നാം വായിച്ചു പഠിച്ചിട്ടുണ്ട്. അതിന്നും നമുക്കവിടെ കാണാം. ഹാല ബിന്ദി എന്ന പെണ്‍കുട്ടിയെ അവിടെ വെച്ച് പരിചയപ്പെട്ടു. ഒരു കുബേര കുടുംബത്തില്‍ ജനിച്ചതാണവള്‍. അവളുടെ പഠനം അമേരിക്കയിലായിരുന്നു. സ്വന്തം നാട്ടുകാരുടെ പ്രയാസങ്ങളാണ് അവളെ പത്രപ്രവര്‍ത്തന മേഖലയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. ടി.വി. അവതാരകയായ അവളുടെ കുടുംബം ഇടതുപക്ഷ ആശയക്കാരാണെങ്കിലും ഇഖ്വാനി വനിതാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായ അവള്‍ ഇസ്ലാമിസ്റാണ്. ഫലസ്തീന്‍ അഭയാര്‍ഥിയും കവിയും പണ്ഡിതനുമായ മഹ്ഫൂസിന്റെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുക്കവെ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെ ഇസ്രായേല്‍ സേന വേട്ടയാടുന്ന, മാധ്യമങ്ങള്‍ പുറത്ത് വിടാത്ത ദൃശ്യങ്ങള്‍ കണ്ടത് ഇന്നും ഒരു നീറ്റലായി മനസ്സില്‍ ഉണ്ട്. അള്‍ജീരിയ, മൊറോക്കൊ, തുനീഷ്യ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥിനികളുമായി ഇടപഴകാന്‍ അവസരം കിട്ടിയപ്പോള്‍ ഇത്തരം പരിപാടികള്‍ക്കും സമരങ്ങള്‍ക്കും ആ നാടുകളിലെ മാതൃ ഇസ്ലാമിക സംഘടനകള്‍ മറ്റുള്ളവരെക്കാള്‍ പ്രഥമ പരിഗണന വിദ്യാര്‍ഥികളായ യുവതിയുവാക്കള്‍ക്കാണ് കൊടുക്കുന്നത് എന്ന് മനസ്സിലാക്കാനായി. അവരുടെ കഴിവും അഭിരുചിയും അനുസരിച്ച് അവസരങ്ങള്‍ നല്‍കും. അതുകൊണ്ടാണ് യാതൊരു വിധ ഭയമോ മറ്റു പ്രശ്നങ്ങളാേേ കൂടാതെ കൌമാര പ്രായക്കാരായ പെണ്‍കുട്ടികളൊക്കെ ദൂരെ ദിക്കുകളില്‍ നിന്നുപോലും യാത്ര ചെയ്ത് സമരമുഖത്ത് എത്തിപ്പെടുന്നത്. യുവതയെ ആധുനികതയുടെ മ്ളേച്ഛതയിലേക്കും തിന്മകളിലേക്കും പോകാതെ വിപ്ളവ ഊര്‍ജ്ജത്തോടെ നന്മകളിലേക്ക് മുഴുകാന്‍ ഇത് പ്രാപ്തമാക്കുമെന്നാണവരുടെ അഭിപ്രായം.
പ്രധാന ചരിത്രസംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇഖ്വാന്‍ ഞങ്ങള്‍ക്ക് വേദിയൊരുക്കി. ഇഖ്വാന്‍ നേതാവും കവിയും അഭയാര്‍ഥിയും കൂടിയായ സഅദ് അയൂമഹ്ഫൂസായിരുന്നു യാത്രയില്‍ ഞങ്ങളുടെ അമീര്‍. യര്‍മൂഖ് (ഖാലിദുബ്നു വലീദിന്റെ നേതൃത്വത്തില്‍ റോമ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ സ്ഥലം), സലാഹുദ്ദീന്‍ അയ്യൂബിയുടെ പോരാട്ടത്തിന് (കുരിശുയുദ്ധത്തിന്) നിര്‍ണായകമായി മാറിയ കോട്ടകളും കീലകളും, മഹാന്മാരായ പ്രവാചകന്മാരുടെ പാദങ്ങള്‍ പതിഞ്ഞ താഴ്വാരങ്ങള്‍, സുലൈമാന്‍ നബി നിര്‍മിച്ച ദേവാലയം തുടങ്ങി ചരിത്രമുറങ്ങുന്ന ഒരുപാട് ഇടങ്ങള്‍ ഞങ്ങള്‍ക്കാ യാത്രയില്‍ സന്ദര്‍ശിക്കാനായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top