മാനവികതയുടെ ശുക്രനക്ഷത്രം

അഡ്വ: ഷൈജു ഇറാനി No image

1958-സെപ്തംബര്‍ 11 ആണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആംഡ് ഫോര്‍സ് (സ്പെഷ്യല്‍ പവര്‍) ആക്ട് 1958, (AFSPA) പാസാക്കിയത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ കലാപങ്ങളെ അടിച്ചമര്‍ത്തുവാന്‍ ആംഡ് ഫോര്‍സിനു നല്‍കിയ ഭീകരാധികാരങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ നാശത്തിനു തന്നെ വഴിയൊരുക്കുന്ന രീതിയിലായിത്തീര്‍ന്നിരിക്കുന്നത്. "മനുഷ്യനെ മാനിക്കാതെ, നിയമങ്ങളെ ഗൌനിക്കാതെ, ഭരണഘടനാ സാധുതയെ സ്പര്‍ശിക്കാതെയുള്ള പച്ചയായ ഒരു അധികാര മര്‍ദ്ദനമായാണ്'' പ്രശസ്ത ജേര്‍ണലിസ്റായ ആന്‍ഡ്രൂ ബാന്‍കൂബെ ഈ ആക്ടിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. (The Independent’- Andrew Buncombe, 2010, November 14) ഈ അധികാര ഭീകരത വഴി ആരെയും, എവിടെയും, എപ്പോഴും കൊലപ്പെടുത്താനും കസ്റഡിയിലെടുക്കാനും പരിശോധന നടത്താനും സേനയ്ക്കുള്ള അമിതവും അവിഹിതവുമായ മനുഷ്യ വിരുദ്ധ അധികാരത്തിലൂടെ മണിപ്പൂരില്‍ നൂറു കണക്കിന് ഇരകളെ ഇതിനകം സര്‍ക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഇത്തരം അധികാരത്തിന്റെ ആഘോഷങ്ങളില്‍ ബാക്കിയാകുന്നത് ഇരകളുടെ ഇരമ്പിച്ച നിലവിളികളാണ്, മനം കലങ്ങിയ ആര്‍ത്തനാദങ്ങളാണ്, പിടഞ്ഞു വീണമരുന്ന മനുഷ്യ രോദനങ്ങളാണ്, മനുഷ്യ കുരുതിയുടെ കൃഷിപാടങ്ങളാണ്.
അധികാരത്തിന്റെ ഹിറ്റ്ലേറിയന്‍ കാഴ്ചകള്‍
1996-ല്‍ ഇഞജഎ-കാര്‍ അമേന്‍ ദേവി എന്ന സ്ത്രീയേയും അവരുടെ പതിനഞ്ചു വയസ്സായ മകള്‍ സാനേമച്ചയേയും തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച് കൊലപ്പെടുത്തി. ഇതിനെതിരെ സംഘടിച്ച ജനങ്ങളുടെ നേതാവായ 32കാരി തെങ്ക്ജോങ് മനോരമയെ 'ആക്ടിന്റെ' ബലത്തില്‍ കസ്റഡിയിലെടുത്ത് ഇഞ്ചിഞ്ചായി കൊലപ്പെടുത്തി. സ്ത്രീകളെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളെയും തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും ബലാല്‍സംഗം ചെയ്യുന്നതും മണിപ്പൂരില്‍ നിത്യചര്യയായി തീര്‍ന്നിട്ട് കാലം കുറെയായി. സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് അവശരാക്കി വഴിയോരങ്ങളില്‍ വിട്ടേച്ച് പോകുന്നു 'അഫ്സ്പാ' ജവാന്മാര്‍. അഫ്സ്പ  ആക്ട് 'ക്യാപ്റ്റന്‍ ഡയര്‍' ആകുമ്പോള്‍ ആഗോള കരാളതയുടെ 'ജാലിയന്‍വാലാബാഗ്' ആയിത്തീരുന്നു മണിപ്പൂര്‍.
ഗാന്ധിജിയുടെ നൈതിക സ്വപ്നങ്ങളുടെയും നെഹ്റുവിന്റെ സേവന സ്വപ്നങ്ങളുടെയും ജീവിക്കുന്ന പ്രത്യയശാസ്ത്ര പ്രതീകമാണ് കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി നിരാഹാര സമരം നടത്തുന്ന, 20-ഓളം തവണ അറസ്റു വരിച്ച ഇറോം ചാനു ശര്‍മിള. 1972- മാര്‍ച്ച് 14 നാണ് കോങ്പാലില്‍ ഇറോം സി. നന്ദയുടെ മകളായി ഇറോംശര്‍മിള ജനിച്ചത്. മാനവികതയുടെ ആര്‍ദ്രത തിളങ്ങി നില്‍ക്കുന്ന ഈ ശുക്ര നക്ഷത്രം പാവനമായ മനുഷ്യാവകാശങ്ങളുടെ സ്ത്രീ വേഷമണിഞ്ഞ ആധുനിക മിശിഹയാണ്. മണിപ്പൂരികള്‍ വാത്സല്യപൂര്‍വം 'മെന്‍ഗുബി' (ഉരുക്കുവനിത) എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.
2000 നവംബര്‍ രണ്ട് മുതല്‍ ശര്‍മിള നിരാഹാരം തുടര്‍ന്നുവരുന്നു. ഈ മാരണാധികാരം മണിപ്പൂരിനെ ചുട്ടുകരിക്കാന്‍ പോന്നതാണെന്ന് കാണിച്ച് ഒരു ജനകീയ പ്രമേയം ഇവര്‍ മന്‍മോഹന്‍സിങ് സര്‍ക്കാറിന് സമര്‍പ്പിച്ചു. ഈ സാന്ത്വന സമരത്തിന്റെ ഭാഗമായി 40-ലേറെ പൌരവകാശ സാമൂഹ്യസംഘടനകളുടെ കീഴില്‍ ഈ സമര പദ്ധതിയുടെ ഭാഗമായി സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ള ജനം ഇരമ്പിയാര്‍ത്തു. അഫ്സ്പാ ജവാന്മാര്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഇതെല്ലാം തല്ലിത്തകര്‍ത്തു. സ്ത്രീകള്‍ നഗ്നരായി പ്രക്ഷോഭം നടത്തിയത് ആഗോള ശ്രദ്ധയാകര്‍ഷിച്ചു. യു.എസ് മനുഷ്യാവകാശ സംഘടന ഇതില്‍ ഇടപെടുകയുമുണ്ടായി. സര്‍ക്കാര്‍ വീണ്ടും മൌനം പാലിച്ചു. 'സ്റുഡന്‍സ് ഫെഡറേഷന്‍' ചീഫ് അഡ്വൈസറായിരുന്ന പാമ്പന്‍ ചാറ്റര്‍ജി സമരത്തിന്റെ ഭാഗമായി സ്വയം തീ കൊളുത്തി 100 മീറ്ററോളം ഓടി വെന്തു മരിച്ചു. സമരാനുയായിയായ എം.എസ് നെപ്രത്തിനെ പോലീസ് പിടിച്ചിഴച്ച് ജനമധ്യത്തില്‍ വലിച്ചു കൊണ്ടുപോയി വെടിവെച്ചു കൊന്നു. ഈ സംഭവവികാസങ്ങളൊന്നും ബ്രിട്ടീഷ് രാജിന്റെ ഭീകര കാഴ്ചകളായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേര്‍കാഴ്ചകളായിരുന്നു.
ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി നിര്‍ബന്ധിത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2004-ല്‍ മുന്‍ സുപ്രീം കോടതി ജസ്റിസ് ബി.പി ജഗ്ജീവന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഒരു അഞ്ചംഗ കമ്മീഷനെ നിയമിച്ചു. 2007 ജൂണ്‍ 6-ാം തിയ്യതി കമ്മീഷന്‍ 147 പേജുകളുള്ള ഒരു സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. പൌരാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെട്ടു. ജനങ്ങള്‍ വളരെ ഭീതീതമായ അന്തരീക്ഷത്തില്‍ കഴിയുന്നു തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കമ്മീശനിലൂടെ പുറത്തുവന്നു. ഈ അമിതാധികാരങ്ങള്‍ പിന്‍വലിക്കുവാന്‍ ഇനിയും സര്‍ക്കാറിന് പഠിക്കണമെന്നാണവര്‍ വാശി പിടിക്കുന്നത്. പല രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും സര്‍ക്കാറിനോട് നിരന്തരം ഈ ആക്ടിന്റെ അപകടത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. ഉടനെ ആക്ട് പിന്‍വലിച്ചാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒരിക്കല്‍കൂടി ഇരുട്ടില്‍ തപ്പി.
ഇവിടെ ഏറെ ഖേദകരം ഈ സമര പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അര്‍ഥവത്തായ നിലയില്‍ കഴിഞ്ഞില്ല എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ നിരാഹാര സമരമായിട്ടാണ് ബി.ബി.സി ഈ സമരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. നിരാഹാര സമരത്തെ തുടര്‍ന്ന് നിരന്തരം ആത്മഹത്യാ കുറ്റത്തിന് അറസ്റിലാകുന്ന ഇറോം ശര്‍മിളയെ കുറിച്ച് 2011-ആഗസ്റ് 30-ന് ലാംഫാല്‍ കോടതി അഭിപ്രായപ്പെട്ടത് ഗാന്ധിയന്‍ സത്യാഗ്രഹ സമര മാര്‍ഗവുമായിട്ടായിരുന്നു. ഇത്തരം സഹതാപങ്ങളും പ്രോത്സാഹനങ്ങളുമല്ലാതെ സഹായവും സേവനവും ഈ മനുഷ്യ സ്നേഹിക്കും മണിപ്പൂരിനും വേണ്ട വിധം ലഭിച്ചില്ല. സമരോത്സവങ്ങള്‍ക്ക് മാര്‍ക്കിടുന്ന പല മാധ്യമങ്ങളും ഈ നൈതിക സമര ദര്‍ശനങ്ങളുടെ കനല്‍പാടുകള്‍ കണ്ടതുമില്ല. അല്ലെങ്കില്‍ ഈ സമര ദൌത്യത്തിന്റെ ഭാവി മറ്റൊന്നാകുമായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top