നിയമം നോക്കുകുത്തിയാവുന്നിടം

ജിഷ എം No image

കരി നിയമമായ എ.എഫ്.എസ്.പി.എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇറോം ശര്‍മിള മണിപ്പൂരില്‍ നടത്തുന്ന നിരാഹാര സമരം പന്ത്രണ്ടു വര്‍ഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മനുഷ്യാവകാശ ദിനം കടന്നുപോയത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കാര്യമായ വാര്‍ത്തയാകാതെ ഈ സമരത്തിന്റെ പന്ത്രണ്ടാം വര്‍ഷം കടന്നു പോകുമ്പോള്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുമുള്ള പൊതുധാരണകളെ അത് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ആയിരക്കണക്കിന് വിധവകളെയും മക്കള്‍ നഷ്ടപ്പെട്ട അമ്മമാരെയും സൃഷ്ടിച്ച പട്ടാള നിയമത്തിനെതിരെ മണിപ്പൂരില്‍ നിന്നുള്ള ഇത്തരം ധീരമായ ചെറുത്തു നില്‍പ്പുകള്‍ അവഗണിക്കുക വഴി മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് പരോക്ഷമായി കൂട്ടു നില്‍ക്കുക കൂടിയാണ് നമ്മള്‍ ചെയ്യുന്നത്. ഇത്തരം കരിനിയമങ്ങള്‍ മണിപ്പൂരിന്റെ മാത്രം ശാപമല്ല. നിശബ്ദമായ അടിയന്തരാവസ്ഥ സൃഷ്ടിച്ചു കൊണ്ട് നിരവധി കരിനിയമങ്ങള്‍ രാജ്യത്താകമാനം ഇന്ന് നിലവിലുണ്ട്. ഒരുപക്ഷേ പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമായ അനന്തരഫലങ്ങള്‍ അത് സമൂഹത്തില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് നിരപരാധികളാണ് വ്യാജ കേസുകളില്‍ പെട്ട് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നത്. ആത്യന്തികമായി പറഞ്ഞാല്‍ ഇത്തരം വ്യാജ കേസുകളുടെയും കരിനിയമങ്ങളുടെയും ഭരണകൂട ഭീകരതയുടെയുമൊക്കെ ദുരന്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട, അഛന്മാരെ, സഹോദരങ്ങളെ, മക്കളെ നഷ്ടപ്പെട്ട സ്ത്രീകളുടെ ജീവിതാവസ്ഥ വേദനാജനകമാണ്. ഇതിനുദാഹരണമാണ് സൂഫിയാ മഅ്ദനി. ഒരുപക്ഷേ അബ്ദുന്നാസര്‍ മഅ്ദനി എന്ന മതപ്രഭാഷകനെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനെ വിവാഹം ചെയ്തിരുന്നില്ലെങ്കില്‍ സൂഫിയ എന്ന പേര് കേരളത്തിലൊരിക്കലും ഉയര്‍ന്ന് കേള്‍ക്കില്ലായിരുന്നു. മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകളുടെ കൂടെ ധീരമായി നിലകൊള്ളുകയും അദ്ദേഹം നേരിട്ട് അനീതികള്‍ക്കെതിരെ നിയമയുദ്ധങ്ങള്‍ നടത്തുകയും ചെയ്തതുകൊണ്ടുമാത്രമാണ് ഒരു പക്ഷേ കേരള ചരിത്രത്തില്‍ മറ്റൊരു സ്ത്രീയും നേരിടേണ്ടിവന്നിട്ടില്ലാത്ത തരത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ഭരണകൂട ഭീകരതക്കും അവര്‍ ഇരയായി തീര്‍ന്നത്. 
1993-ലാണ് ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സൂഫിയ മഅ്ദനിയെ വിവാഹം ചെയ്യുന്നത്. വ്യക്തിപരമായി തന്റെ ബാപ്പക്ക് മഅ്ദനിയോട് ഇഷ്ടവും ബഹുമാനവും ഒക്കെയുണ്ടായിരുന്നെങ്കിലും തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല എന്ന് സൂഫിയ പറയുന്നു. "അന്ന് മഅ്ദനി ഉസ്താദിന്റെ കാലൊക്കെ പോയ സമയമായിരുന്നു. ഇപ്പോ കാലേ പോയിട്ടുള്ളൂ ഈ മനുഷ്യന്‍ ചിലപ്പോള്‍ വധിക്കപ്പെടാന്‍ വരെ സാധ്യതയുണ്ട്. അതുകൊണ്ട് നല്ലവണ്ണം ആലോചിച്ച് ഒരു തീരുമാനം എടുക്കണമെന്ന് വിവാഹാലോചന വന്ന സമയത്ത് ബാപ്പ പറഞ്ഞിരുന്നു. എല്ലാം ദൈവത്തിലര്‍പ്പിച്ചുകൊണ്ടാണ് അന്ന് ആ വിവാഹത്തിന് സമ്മതിച്ചത.്'' ഒരു മത പ്രഭാഷകന്‍ മാത്രമായിരുന്ന മഅ്ദനി ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നാണ് മുസ്ലിംകള്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും അനീതികളെ കുറിച്ചും വളരെ ശക്തമായ ഭാഷയില്‍ സംസാരിക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും അതിനുശേഷം മുസ്ലിംകള്‍ അനുഭവിച്ച ക്രൂരതകളും ഫലപ്രദമായി തടയുന്നതിന് ഭരണകൂടം പരാജയപ്പെടുകയും നൂറുകണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെടുകയും വീടുകള്‍ നഷ്ടപ്പെടുകയും മുസ്ലിം സ്ത്രീകള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാവുകയും ചെയ്ത സാഹചര്യത്തിലാണ് മഅ്ദനി മുസ്ലിം സമുദായത്തിനു വേണ്ടി രംഗത്തെത്തുന്നത്. ഒരര്‍ഥത്തില്‍ ഇന്ത്യ മുഴുവനെടുത്താല്‍ ഈ അക്രമങ്ങളെ കുറിച്ച് അത്രയും ശക്തമായി പ്രതികരിച്ച ഒരേയൊരു മുസ്ലിം മതപണ്ഡിതന്‍ മഅ്ദനിയായിരിക്കും. അതിനു ശേഷമാണ് മഅ്ദനി ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതും അദ്ദേഹത്തിന്റെ വീടിനു നേരെ രണ്ടു തവണ അക്രമം ഉണ്ടാകുന്നതും കൊല്ലത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീട് പോലീസ് അടച്ചുപൂട്ടി അവരെ ഇറക്കിവിടുന്നതും. ഒടുവില്‍ ആര്‍.എസ്.എസ്സുകാര്‍ അദ്ദേഹത്തിന്റെ കാല് ബോംബ് വെച്ച് തകര്‍ക്കുന്നതും. ഇതിനു ശേഷമാണ് മഅ്ദനിയുടെ വിവാഹാലോചന സൂഫിയക്ക് മുന്നിലേക്ക് വരുന്നത്. ഇത്രയും കോളിളക്കങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ ഒരു മനുഷ്യനായിട്ടും ഒരു കാലില്ലാത്ത ഒരാളായിട്ടും വധിക്കപ്പെട്ടേക്കാമെന്ന് സ്വന്തം പിതാവിന്റെ മുന്നറിയിപ്പുണ്ടായിട്ടും സൂഫിയ മഅ്ദനിയെ തെരഞ്ഞെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിന് മഅ്ദനിയുടെ രാഷ്ട്രീയം ഭീഷണിയായേക്കാമെന്നും സ്വഛന്ദമായ കുടുംബ ജീവിതം സാധ്യമായില്ലേക്കാം എന്നൊക്കെ സാമാന്യ ബുദ്ധിയുള്ള ഒരാളെന്ന നിലക്ക് സൂഫിയക്ക് അന്നേ മനസ്സിലായി കാണണം. അന്നൊരു പക്ഷേ രാഷ്ട്രീയപരമായ ഈ തീരുമാനം സൂഫിയ എടുത്തിരുന്നില്ലെങ്കില്‍ പില്‍ക്കാലത്ത് അവര്‍ അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പീഢനങ്ങളിലൂടെയൊന്നും അവര്‍ക്ക് കടന്നുപോകേണ്ടി വരില്ലായിരുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു സമുദായത്തിനു വേണ്ടി ശക്തമായി ശബ്ദിച്ച ഒരാളുടെ കൂടെ നില്‍ക്കാനായിരുന്നു സൂഫിയയുടെ തീരുമാനം.
മഅ്ദനിയുടെ ഒന്നാം അറസ്റിനു ശേഷം കുട്ടികളെ വളര്‍ത്തുവാനും നിയമപോരാട്ടങ്ങള്‍ക്കുമായി സൂഫിയ തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. കൊടും തീവ്രവാദിയുടെ ഭാര്യയും മക്കളും എന്ന പ്രചാരണം ഏറെ കുറെ ഈ കുടുംബത്തിന്റെ സാമൂഹിക ജീവിതം ദുഷ്കരമാക്കി തീര്‍ത്തു. കത്തുകളിലൂടെയാണ് ആ കാലഘട്ടത്തിലദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നത്. വികാര തീവ്രമായ ഈ കത്തുകള്‍ സൂഫിയ ഇന്നും നിധി പോലെ സൂക്ഷിച്ചുവെക്കുന്നു. പലപ്പോഴും അദ്ദേഹത്തെ കാണാന്‍ പോയി രാവിലെ തൊട്ട് വൈകുന്നേരം വരെ ജയിലില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ വരെ സൂഫിയക്കും മക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ സൂഫിയക്കും ഉമറിനും ജയിലില്‍ വെച്ച് അക്രമം നേരിടേണ്ടി വരികയും ഉമറിന്റെ തലക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്ന് പത്രസമ്മേളനം നടത്താനും മറ്റും കൂടെ നിന്നത് കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നന്ദിനിയായിരുന്നു. പക്ഷേ കൂടെ നില്‍ക്കുന്നവരെ പോലും പോലീസ് തെരഞ്ഞുപിടിച്ച് വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഈ കുടുംബം സാമൂഹികമായി ഒറ്റപ്പെടുകയായിരുന്നു. സൂഫിയയും മകനും അനുഭവിച്ച മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതികരിച്ചതുകൊണ്ടു മാത്രം തന്നെ പോലീസ് വേട്ടയാടാന്‍ ശ്രമിക്കുകയും അന്ന് കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തിനെ പോലീസ് അറസ്റു ചെയ്ത് എന്‍. എ. എസ.് എ പ്രകാരം ഒരു കൊല്ലം തടവിലിടുകയും ചെയ്തിരുന്നുവെന്ന് നന്ദിനി വെളിപ്പെടുത്തുന്നു. അതിനിടയില്‍ കേസ് നടത്തുന്നതിനായി ഉണ്ടായിരുന്ന കിടപ്പാടം വരെ സൂഫിയക്ക് വില്‍ക്കേണ്ടി വന്നു. അതിജീവിതത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും വഴികളില്‍ പലപ്പോഴും സൂഫിയയും ഇളയ മകന്‍ സലാഹുദ്ദീനും മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്. എന്നിട്ടും സൂഫിയയോ മഅ്ദനിയോ ഇവരുടെ മക്കളോ അനുഭവിച്ച മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ബഹുഭൂരിപക്ഷം വരുന്ന മാധ്യമങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തകരോ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകരോ വേണ്ടവിധത്തില്‍ പ്രതികരിച്ചില്ല. തീവ്രവാദിയുടെ മക്കള്‍ എന്ന് മുദ്രകുത്തപ്പെട്ട ഉമറും സലാഹുദ്ദീനും നമ്മുടെ ധാര്‍മികതക്കുമുന്നില്‍ പലപ്പോഴും ചോദ്യചിഹ്നമായി നിന്നു.
പീഡനങ്ങള്‍ ഇവിടെയൊന്നും തീരാതെയാണ് സൂഫിയയിലേക്ക് നേരിട്ട് വരുന്നത്. 2009-ലാണ് കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സൂഫിയയെ അറസ്റു ചെയ്യുന്നത്. 2005-സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. മഅ്ദനിയുടെ നീണ്ടുപോകുന്ന വിചാരണ തടവില്‍ പ്രതിഷേധിച്ച് സൂഫിയയുടെ കൂടി നിര്‍ദ്ദേശപ്രകാരം കളമശ്ശേരിയില്‍ വെച്ച് തമിഴ്നാട് സ്റേറ്റ് ട്രാസ്ന്‍സ്പോര്‍ട്ടിന്റെ ബസ് പി.ഡി.പി പ്രവര്‍ത്തകര്‍ കത്തിച്ചു എന്നായിരുന്നു പോലീസിന്റെ ആരോപണം. ആദ്യം പ്രതിപ്പട്ടികയില്‍ ഇല്ലാതിരുന്ന സൂഫിയയെ പിന്നീട് ചേര്‍ക്കുകയായിരുന്നു. ഈ കേസില്‍ പ്രതിയും പി.ഡി.പി പ്രവര്‍ത്തകനുമായിരുന്ന മജീദ് പറമ്പായി അന്വേഷണോദ്യോഗസ്ഥര്‍ സൂഫിയക്കെതിരെ കള്ളസാക്ഷിമൊഴിയും തെളിവുകളും നല്‍കാന്‍ തന്നെ ശാരീരികമായി പീഢിപ്പിച്ചിരുന്നു എന്ന് ആരോപിച്ചിരുന്നു. തങ്ങള്‍ക്കിത് സൂഫിയയില്‍ കൊണ്ടെത്തിച്ചേ മതിയാകൂ എന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി മജീദ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അറസ്റുചെയ്യപ്പെട്ട സൂഫിയക്ക് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ ജയിലില്‍ കിടക്കേണ്ടിയും വന്നു. സത്യം എന്തെന്ന് ഒരു ശരാശരി അന്വേഷണം പോലും നടത്താതെ സൂഫിയ കുറ്റം സമ്മതിച്ചു എന്ന മട്ടിലുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ച് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു.
ബസ്സ് കത്തിക്കല്‍ ഒരു രാജ്യദ്രോഹ പ്രവര്‍ത്തനമാണെങ്കില്‍ കേരളത്തിലെ എല്ലാ സമുന്നതരായ നേതാക്കളടക്കം ഇന്ന് ജയിലിലുണ്ടാകുമായിരുന്നു. മറ്റൊരു രസകരമായ വസ്തുത കളമശ്ശേരി ബസ് കത്തിക്കലില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നതാണ്. അങ്ങനെയുള്ള ഒരു കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച സംഭവവും മജീദിന്റെ വെളിപ്പെടുത്തലും എല്ലാം കൂട്ടി വായിക്കുമ്പോള്‍ സൂഫിയ ആരുടെയൊക്കെയോ ഇരയായിത്തീരുന്നു എന്ന വിശ്വാസത്തെ ബലപ്പെടുത്തുന്നു. മഅ്ദനി പുറത്തിറങ്ങി രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും സൂഫിയയെ കുടുക്കുകയും അതുവഴി മഅ്ദനിയുടെ കുടുംബത്തെ നിരന്തരം ആക്രമിക്കുകയും ചെയ്യുക എന്ന ആസൂത്രിത പദ്ധതി ആരൊക്കെയോ കൃത്രിമമായി നടപ്പിലാക്കിയതുപോലെ. സലാഹുദ്ദീന്‍ അയ്യൂബി അന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു: "ഉപ്പയെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടിയപ്പോഴേക്കും ഞങ്ങളുടെ ഉമ്മയെ അവര്‍ കൊണ്ടുപോയി.'' പക്ഷേ അന്ന് നമ്മള്‍ ഒരു പെണ്‍ തീവ്രവാദിയെ മഅ്ദനിയുടെ കുടുംബത്തില്‍ നിന്ന് സൃഷ്ടിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ജാമ്യം കിട്ടിയെങ്കിലും ഇന്നും സൂഫിയക്ക് മുന്‍കൂര്‍ അനുവാദമില്ലാതെ എറണാകുളം ജില്ല വിട്ട് പോകാന്‍ കഴിയില്ല. ജയിലില്‍ ആരോഗ്യം ക്ഷയിച്ച് ദിനം പ്രതി മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ഭര്‍ത്താവിനെയോ കൊല്ലത്ത് മകന്റെ ജയില്‍വാസത്തില്‍ മനം നൊന്ത്, ആരോഗ്യം നശിച്ച് ജീവിക്കുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കളെയോ കാണാന്‍ അവര്‍ക്ക് അധികാരികളുടെ മുമ്പില്‍ അപേക്ഷയുമായി നില്‍ക്കേണ്ടി വരുന്നു.
മഅ്ദനിയുടെ പ്രസംഗം സവര്‍ണ ഫാസിസ്റ് ശക്തികളെ എത്രമാത്രം ഭയപ്പെടുത്തിയിരുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രണ്ടാം ഘട്ട ജയില്‍വാസം. ചികിത്സക്ക് പോലും ജാമ്യം ലഭിക്കാതെ ആരോഗ്യം പറ്റെ ക്ഷയിച്ച് കാഴ്ച നഷ്ടപ്പെട്ട് മഅ്ദനിയും ഇനിയൊരു ഒന്‍പതര വര്‍ഷം അദ്ദേഹം താങ്ങുമോ എന്ന ചോദ്യത്തോടെ നമ്മളും. സ്വന്തം കാലു തകര്‍ത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് കൊടുത്ത, ഒന്‍പതര വര്‍ഷം അകാരണമായി തീവ്രവാദി എന്ന മുദ്ര കുത്തി തടവിലാക്കിയ നിയമവ്യവസ്ഥക്ക് മാപ്പു കൊടുത്ത ഒരു വ്യക്തിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രായശ്ചിത്തമായി നമുക്കിത്രയൊക്കെയേ ചെയ്യാന്‍ കഴിയൂ. സൂഫിയ അനുഭവിക്കുന്ന പീഡനങ്ങള്‍ സവര്‍ണ ഫാസിസ്റ് ശക്തികളെ പ്രകോപിപ്പിച്ച ഒരാളുടെ ഭാര്യ എന്ന നിലക്ക് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ബീയുമ്മക്ക് എന്താണ് അവരോ അവരുടെ മകനോ ചെയ്ത കുറ്റം എന്നു പോലും അറിയില്ല.
ബീയുമ്മയുടെ മകന്‍ അബ്ദുല്‍ സക്കറിയയെ ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ അറസ്റ് ചെയ്തിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. പത്തൊമ്പതാമത്തെ വയസ്സില്‍ ഏതാനും ഗുണ്ടകള്‍ വന്ന് തട്ടിക്കൊണ്ടുപോകുന്നതു പോലെയായിരുന്നു സക്കറിയയെ കര്‍ണാടക പോലീസ് പിടിച്ചു കൊണ്ടുപോയത്. അഞ്ച് ദിവസങ്ങള്‍ക്കു ശേഷം മാധ്യമങ്ങളിലൂടെയാണ് മകന്‍ തീവ്രവാദക്കേസില്‍ പ്രതിയാക്കപ്പെട്ടിരിക്കുകയാണെന്ന് അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാരുടെയും അയല്‍വാസികളുടെയും മുന്നില്‍ ഒറ്റപ്പെട്ട് നിന്ന നാളുകള്‍.. 'വീട്ടില്‍ തീവ്രവാദികളുണ്ടെങ്കില്‍ പോലീസ് കയറി നെരങ്ങും' എന്ന നമ്മുടെ പോലീസിന്റെ ക്രൂരമായ ഫലിതവും ഊരുവിലക്ക് ഭീഷണിയും തീവ്രവാദിയുടെ കുടുംബം എന്ന ബ്രാന്‍ഡിംഗും കുടുംബത്തിനെ പാടെ തളര്‍ത്തിയ നാളുകള്‍. സക്കറിയ ബാംഗ്ളൂര്‍ സ്ഫോടനത്തിനു വേണ്ടി മൈക്രോചിപ്പുകള്‍ നിര്‍മിച്ചു നല്‍കി എന്ന പോലീസിന്റെ വസ്തുതക്ക് നിരക്കാത്ത ആരോപണം മാധ്യമങ്ങളും ഏറ്റു പിടിച്ചപ്പോള്‍ കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം പഠനം പോലും ഉപേക്ഷിച്ച് ഒരു ജോലിക്ക് പോയതാണ് തന്റെ മകന്‍ എന്ന് ഈ ഉമ്മ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ സ്വന്തം നാട്ടില്‍ എല്ലാം തികഞ്ഞ ഒരു തീവ്രവാദിയെ സൃഷ്ടിച്ചെടുക്കാന്‍ പണിപ്പെടുകയായിരുന്നു മാധ്യമങ്ങള്‍. തന്റെ മകനെ ജയിലില്‍ പോയി കാണാനോ നല്ലൊരു വക്കീലിനെ വെച്ച് നിയമപരമായി പോരാടാനോ ഈ അമ്മക്ക് സാധിച്ചിട്ടില്ല. ഭരണകൂടവും അതിന്റെ ഏജന്‍സികളും മാധ്യമങ്ങളും ഒറ്റക്കെട്ടായി നടത്തിയ ഭീകരത എങ്ങനെ നേരിടണമെന്ന് ഇപ്പോഴും ഈ കുടുംബത്തിനറിയില്ല. സക്കറിയ ഒരു കാലത്ത് വിശ്വസിച്ചിരുന്ന പോലെ എല്ലാ തെറ്റിദ്ധാരണയും മാറി പോലീസ് തന്റെ മകനെ സ്വതന്ത്രനാക്കും എന്ന് ഈ അമ്മ ഉള്ളിലെവിടെയോ വിശ്വസിക്കുന്നതു പോലെ. 'എന്റെ മാണിക്യമുത്തെവിടെ, എനിക്കവനെ കൊണ്ടുത്തരുമോ' എന്ന് സക്കറിയയുടെ ഉമ്മുമ്മ ചോദിക്കുമ്പോള്‍ നമ്മളെന്താണ് അവരോട് പറയുക? അത്രക്കും കരുണ്യരഹിതമാണ് നമ്മുടെ ഭരണകൂടവും നിയമവ്യവസ്ഥയും എന്നോ? ഒരര്‍ഥത്തില്‍ സ്ത്രീകള്‍ ജയിലിലായാലും പുരുഷന്മാര്‍ ജയിലിലായാലും അതിന്റെ ദുരന്തങ്ങളും പീഡനങ്ങളും മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. ജയിലില്‍ കിടക്കുന്ന മഅ്ദനിയെക്കാള്‍, സക്കറിയയെക്കാള്‍ വേദന അനുഭവിക്കേണ്ടി വരുന്നതും നിയമത്തിന്റെയും പൊതുമനസാക്ഷിയുടെയും മുമ്പില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാകുന്നതും സൂഫിയയും ബീയുമ്മയുമാണ്.
അഞ്ഞൂറോളം ആള്‍ക്കാരാണ് ഓരോ വര്‍ഷവും മണിപ്പൂരില്‍ കൊല്ലപ്പെടുന്നത്. മുന്നൂറോളം വിധവകള്‍ ഓരോ വര്‍ഷവും ജനിക്കുന്നു. വര്‍ഷങ്ങളായി അമ്മമാരുടെ സംഘടനയും വിധവകളുടെ സംഘടനയും വളരെ ശക്തമായ രീതിയില്‍ മണിപ്പൂരില്‍ കരിനിയമങ്ങള്‍ക്കെതിരെ പോരാടുന്നു. എന്നാല്‍ അമ്മമാര്‍ ഇടിഞ്ഞ മുലകളും തളര്‍ന്ന അരക്കെട്ടുകളുമായി നഗ്നരായി തെരുവിലേക്കിറങ്ങി 'ഇന്ത്യന്‍ ആര്‍മി, ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ' എന്നു പറയേണ്ടി വന്നു നമ്മുടെ മാധ്യമങ്ങള്‍ക്ക് ഈ സമരത്തെ വാര്‍ത്തയാക്കാന്‍. കരിനിയമങ്ങള്‍ വാഴുന്ന നാഗാലാന്റിലും ഇതുതന്നെയാണ് അവസ്ഥ. രണ്ടു വര്‍ഷം മുമ്പ് നാഗാ സ്വാതന്ത്യ്രസമര പോരാളി കാക്കാഡി ഇറാലുവുമായി നടത്തിയ സംഭാഷണത്തില്‍, സ്ത്രീകള്‍ ഇന്ത്യന്‍ പട്ടാളക്കാരാല്‍ ബലാല്‍സംഗം ചെയ്യപ്പെടാത്ത ഒരൊറ്റ വീടുപോലുമില്ല തന്റെ പ്രദേശത്ത് എന്ന് കണ്ണീരോടെ പറയുകയുണ്ടായി. നമ്മുടെ അയല്‍ സംസ്ഥാനമായ കൂടംകുളത്ത് അതിജീവനത്തിനു വേണ്ടി കൂടംകുളത്തുകാര്‍ നടത്തുന്ന ആണവ വിരുദ്ധ സമരത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. നിരവധി സ്ത്രീകളടക്കമുള്ള സമരക്കാര്‍ക്കെതിരെ, രാജ്യദ്രോഹ കുറ്റവും ഒഫീഷ്യല്‍ സീക്രസി ആക്റ്റ് പ്രകാരവും കുറ്റം ചുമത്തി കേസെടുക്കുകയും തല്ലിച്ചതക്കുകയും ജയിലിലിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ ക്രൂരതകള്‍ക്കിടയിലാണ് വിലപ്പെട്ട രണ്ടു ജീവന്‍ പൊലിഞ്ഞുപോയതും. നമ്മുടെ രാജ്യത്ത് എത്ര കരിനിയമങ്ങളുണ്ടെന്നോ എത്ര നിരപരാധികള്‍ ഇത്തരം നിയമങ്ങളില്‍ കുടുങ്ങി ജയിലുകളില്‍ കിടക്കുന്നു എന്നോ കൃത്യമായ കണക്കുകളില്ല. പക്ഷേ ദളിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ ജനകീയ മുന്നേറ്റങ്ങള്‍ക്കെതിരെ അവരെ അടിച്ചമര്‍ത്താനുള്ള ആയുധമായി ഭരണകൂടം കരിനിയമങ്ങളെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഇതിനൊരുദാഹരണമാണ് അബ്ദുന്നാസര്‍ മഅ്ദനി. അടിച്ചമര്‍ത്തപ്പെടുന്ന ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മുസ്ലിംകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സംസാരിച്ച അവര്‍ണര്‍ക്ക് അധികാരമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച മഅ്ദനിയെ യു.എ.പി.എ എന്ന കരിനിയമത്തില്‍പ്പെടുത്തിയാണ് തടവിലിട്ടിരിക്കുന്നത്.
ഒരു രാജ്യത്തിലെയും അതിലെ ജനങ്ങളെയും പ്രാകൃതമായൊരു യുഗത്തിലേക്ക് കൊണ്ടുപോകുന്ന ഇത്തരം നിയമങ്ങള്‍ക്കെതിരെ കാര്യമായ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായിട്ടില്ല എന്നതാണ് ഖേദകരമായ മറ്റൊരു സത്യം. ആയിരക്കണക്കിന് നിരപരാധികള്‍ വ്യാജകേസുകളില്‍ ജയിലില്‍ കഴിയുന്ന നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും ഇത് സ്ത്രീകളുടെ പ്രശ്നമാണ്. നമ്മുടെ സഹോദരന്മാരും അഛന്മാരും സഹോദരികളും മക്കളും പീഡനമനുഭവിക്കുമ്പോള്‍ സ്ത്രീകള്‍ക്കെങ്ങനെയാണ് മിണ്ടാതിരിക്കാനാവുക. കരിനിയമങ്ങള്‍ക്കും വ്യാജകേസുകള്‍ക്കുമെതിരെയുള്ള സമരം നമ്മള്‍ നയിച്ചേ മതിയാകൂ.

ജിഷ എം 
(ആക്ടിവിസ്റ്, മാധ്യമ പ്രവര്‍ത്തക, ഡോക്യുമെന്ററി സംവിധായക എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top