ബാപ്പ തിരിച്ചുവരും നിരപരാധിയായിക്കൊണ്ട്

ഉമര്‍ മുഖ്താര്‍ No image

ബാപ്പച്ചിക്ക് കോടതി വീണ്ടും ജാമ്യം നിഷേധിച്ചതിന് ശേഷം ജയിലില്‍ പോയി കണ്ടിരുന്നു. ബാപ്പച്ചിക്ക് ഷുഗര്‍ കൂടി കണ്ണിന്റെ കാഴ്ച നശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പരിചയമുള്ളവരെ ശബ്ദം കൊണ്ട് തിരിച്ചറിയുമെന്നല്ലാതെ മറ്റുള്ളവരെ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. മുഖം നീരുവന്ന അവസ്ഥയിലായിരുന്നു. ഷുഗര്‍ കാരണം മുഖത്ത് നിറയെ കുരുക്കളുമുണ്ടായിട്ടുണ്ട്. ശാരീരികമായി ബാപ്പച്ചി കടുത്ത പ്രയാസത്തിലാണ്. ഞങ്ങള്‍ അടുത്തേക്ക് ചെന്നപ്പോഴാണ് ബാപ്പച്ചിക്ക് മനസ്സിലായത്. വൈകിയാണെങ്കിലും നീതി ലഭിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ബാപ്പച്ചിക്ക്. അല്ലാഹുവില്‍ എല്ലാം അര്‍പ്പിച്ച് നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന, മര്‍ദ്ദിതനു വേണ്ടി ശബ്ദിക്കുന്ന, ഇസ്ലാമിക ആശയം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യത്തിന് വേണ്ടി ജീവിക്കുന്ന ഉമ്മയും മക്കളുമായി ജീവിച്ച് മരിക്കണം എന്ന് പ്രതിജ്ഞ ചെയ്യിച്ചുകൊണ്ടാണ് ബാപ്പ ഞങ്ങളെ അവിടുന്ന് യാത്രയാക്കിയത്. 
ഇന്‍ശാ അല്ലാ... ആ പ്രതിജ്ഞ ഞങ്ങള്‍ നിറവേറ്റുക തന്നെ ചെയ്യും. കാരണം അന്യന്റെ വേദന സഹിക്കാനാവാതെ നീതി നിഷേധത്തിനെതിരെ ശബ്ദിച്ചു എന്ന ഒറ്റക്കാരണത്താലാണ് യാതൊരു തെറ്റും ചെയ്യാത്ത എന്റെ ബാപ്പച്ചിക്ക് ഇത്രയും കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നത്. വാപ്പ നിരപരാധിയാണ്. ഒന്‍പതര വര്‍ഷം അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ചപ്പോള്‍ ഞങ്ങളനുഭവിച്ച പ്രയാസം ഒന്നിനും പകരം വെക്കാനില്ലാത്തതാണ്. ഞങ്ങള്‍, കുട്ടികള്‍ക്ക് ബാപ്പയുടെ സംരക്ഷണവും പരിപാലനവും മാത്രമല്ല ഉമ്മയുടെ കരുതലും ലാളനയും ഒക്കെ നഷ്ടപ്പെട്ടു. നന്നേ ചെറുപ്പത്തില്‍ നാല് വയസ്സു മുതല്‍ ഞങ്ങള്‍ക്കവരെ പിരിഞ്ഞിരിക്കേണ്ടി വന്നു.
ഉമ്മയുടെ അരികുപറ്റി സ്കൂളില്‍ പോകേണ്ട പ്രായത്തില്‍ ഞങ്ങളുടെ ഉപ്പ ആരാണെന്ന് പോലും വെളിപ്പെടുത്താനാവാതെ ഒളിച്ചും പാത്തും വിദ്യാഭ്യാസം ചെയ്യേണ്ടി വന്നു. വീട്ടില്‍ നിന്നും വളരെ ദൂരെ നിലമ്പൂര്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കൊടും തീവ്രവാദിയുടെ മക്കളാണിവര്‍, ഇവരെ ഇവിടുന്ന് പറഞ്ഞുവിടണമെന്നാവശ്യപ്പെട്ട് കേരള പോലീസടക്കം നിരന്തരം ഭീഷണിപ്പെടുത്തി. സത്യം അറിയുന്ന സ്ഥാപന മേധാവികള്‍ ഉറച്ചുനിന്നതിനാല്‍ കുറച്ചുകാലം ഞങ്ങള്‍ക്കവിടെ പഠനം തുടരാന്‍ കഴിഞ്ഞു. പിന്നെയുള്ള പഠനങ്ങളൊക്കെ ആരാലും അറിയപ്പെടാതെ പല സ്ഥലങ്ങളിലായി. ഒരിക്കല്‍ എന്റെ കൈയില്‍ ബാപ്പച്ചിയുടെ ഫോട്ടോ കണ്ട സഹപാഠി പറയുകയാണ്. "ഉമറേ, നിന്നെപ്പോലെയുള്ള നല്ല കുട്ടികളൊക്കെ എന്തിനാണ് ഇങ്ങനെയുള്ള തീവ്രവാദികളുടെ ഫോട്ടോ സൂക്ഷിക്കുന്നത്. ഇയാള്‍ ആരാണെന്ന് നിനക്കറിയാമോ? കൊടും തീവ്രവാദിയാണിയാള്‍.'' അത് കേട്ടപ്പോള്‍ എനിക്ക് തോന്നിയ വ്യസനം ആരോടും പറഞ്ഞറിയിക്കാനാവില്ല. ഞാന്‍ മെല്ലെ അവനെ വിളിച്ചു ചോദിച്ചു. 'നിനക്കിദ്ദേഹത്തെ കുറിച്ച് എന്തറിയാം.' അവന്‍ പറഞ്ഞു; 'അയാളൊരു തീവ്രവാദിയാണെന്ന് മാത്രമേ അറിയൂ. വേറൊന്നും എനിക്കറിയില്ല.' ഞാന്‍ പറഞ്ഞു: 'എനിക്കിദ്ദേഹത്തെക്കുറിച്ച് നിനക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ അറിയാം.' ഒരു തെറ്റും ചെയ്യാത്ത ബാപ്പച്ചിയാണ് കൊച്ചുകുട്ടികളുടെ മനസ്സില്‍പോലും ഭീതി പരത്തുന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ടത്.
സത്യത്തില്‍ എല്ലാവരും ബാപ്പച്ചിയെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ഒരു കല്ലെറിഞ്ഞാല്‍ കൃത്യമായ സ്ഥലത്ത് കൊള്ളുമെങ്കിലേ അതിനെക്കൊണ്ട് പ്രശ്നമുള്ളൂ. പലരും സാമ്രാജ്യത്വത്തിനും നീതി നിഷേധത്തിനും എതിരെ ശബ്ദിച്ചാലും അവസരം വരുമ്പോള്‍ അവരുമായി ഒരു കൂട്ടുകെട്ടുണ്ടാക്കുമെന്ന് അധികാരികള്‍ക്കറിയാം. പക്ഷേ സ്വന്തം കാര്യം നോക്കാതെ സത്യം അതെത്ര ഭീകരമായാലും തുറന്നുപറയാന്‍ മടിയില്ലാത്തയാളാണ് മഅ്ദനിയെന്നും അത് കൊള്ളേണ്ടിടത്ത് കൊള്ളുമെന്ന് ഭയക്കുന്നതിനാലുമാണ് മഅ്ദനിയെന്ന എന്റെ ബാപ്പച്ചിയെ ഇങ്ങനെ ക്രൂരമായി ശിക്ഷിക്കുന്നതെന്നും അറിയാം.
ബാപ്പ അന്ന് മുന്നറിയിപ്പു നല്‍കിയ കാര്യങ്ങള്‍ ആസാമിലും ഗുജറാത്തിലും ഒക്കെ സംഭവിച്ചു. ബാപ്പച്ചി മുന്‍കൂട്ടി അതെല്ലാം കണ്ടു. കാര്യലാഭത്തിനായി ഏതൊരാളോടും വ്യക്തിയോടും പ്രസ്ഥാനങ്ങളോടും രഞ്ജിപ്പുണ്ടാക്കുന്ന ആളല്ല എന്റെ ബാപ്പച്ചിയെന്ന് അദ്ദേഹത്തിന്റെ സംസാരങ്ങളിലൂടെ എനിക്ക് ബോധ്യമായിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ വ്യക്തമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചതിനാലാണ് എല്‍.ഡി.എഫിനെ തുണച്ചത്. കേരളത്തിലെ രാഷ്ട്രീയക്കാരും പോലീസും ഒത്തൊരുമിച്ച് നിന്നാണ് എന്റെ ബാപ്പച്ചിയെ കര്‍ണാടക പോലീസിന് കൈമാറിയത്.
കോയമ്പത്തൂര്‍ ജയിലില്‍ അന്യായമായി പിടിച്ചിട്ട് യൌവനവും മുഴുജീവിതവും നശിപ്പിച്ചതിന് ശേഷമാണ് തെറ്റൊന്നും ചെയ്തിട്ടില്ല, നിങ്ങള്‍ തീര്‍ത്തും നിരപരാധിയാണെന്ന് കോടതിക്ക് പൂര്‍ണമായി ബോധ്യമായിരിക്കുന്നു എന്ന് പറഞ്ഞ് വിട്ടയച്ചത്. ഇന്‍ശാ അല്ലാഹ്... ഇനിയും എന്റെ ബാപ്പച്ചി ജയിലില്‍ നിന്ന് തിരിച്ച് വരിക നിരപരാധിയായിക്കൊണ്ട് തന്നെയാണ്. നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ 'അനാഥ'ബാല്യങ്ങള്‍ക്ക്, ഞങ്ങളുടെ ഉമ്മച്ചിയുടെ കണ്ണീരിന് നിങ്ങള്‍ എന്ത് വിലയിട്ടാണ് മറുപടി നല്‍കുക? കര്‍ണാടക പോലീസിന്റെ അടുത്തും അദ്ദേഹത്തിനെതിരെ യാതൊരു തെളിവും ഇല്ല. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും സമ്മതിച്ചതാണ്. കേസന്വേഷിക്കുന്ന ഉന്നതനായ ഉദ്യോഗസ്ഥന്‍, ഞാനദ്ദേഹത്തിന്റെ പേര് പറയുന്നില്ല, അദ്ദേഹം ബാപ്പച്ചിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ പറഞ്ഞു: "നിങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ മുജ്ജന്മ പാപത്തില്‍ വിശ്വസിക്കുന്നവരാണ്. മുജ്ജന്മ പാപത്തിന്റെ ഫലമായിരിക്കും നിങ്ങള്‍ അനുഭവിക്കുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഏഷ്യാനെറ്റ് ചാനലിന് മുമ്പാകെ തടിയന്റവിട നസീര്‍ തന്നെ പറഞ്ഞിട്ടുണ്ട് ബാംഗ്ളൂര്‍ സ്ഫോടനത്തില്‍ മഅ്ദനിക്ക് പങ്കില്ലെന്ന്. പത്രപ്രവര്‍ത്തകയായ ഷാഹിനക്കെതിരെ കേസെടുത്തതോടെ എങ്ങനെയാണ് ഒരു നിരപരാധിയെ കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതെന്ന് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെല്ലാം പൂര്‍ണമായും മനസ്സിലായി. അതുകൊണ്ടാണവര്‍ ബാപ്പച്ചിക്കുവേണ്ടി വാദിക്കുന്നത്. ബാപ്പച്ചി പലപ്പോഴും പറഞ്ഞിട്ടുണ്ട്; ഒരു ഡോക്ടര്‍ രോഗിയെ പരിചരിക്കുകയും രോഗം ഭേദമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവനാണെങ്കിലും അയാള്‍ ആഗ്രഹിക്കുക രോഗി ഉണ്ടാവണമെന്നാണ്. അത് അയാളുടെ ജോലിയുടെ താല്‍പര്യമാണ്. അതുപോലെ നമ്മുടെ രാജ്യത്തും തീവ്രവാദികളെന്നും ഭീകരവാദികളെന്നും പറഞ്ഞ് ചിലരെ ഉണ്ടാക്കിയെടുക്കുക എന്നത് പലരുടെയും താല്‍പര്യസംരക്ഷണത്തിന്റെ ഭാഗമാണ്.
എനിക്ക് എന്റെ ബാപ്പച്ചിയെ പോലെ മത-ജാതി ചിന്തകള്‍ക്കതീതമായി അല്ലാഹുവിന്റെ പ്രീതി മാത്രം കണ്ട് ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കുന്നവനാകണം. അദ്ദേഹത്തെ സ്വാധീനിച്ചത് ഖുര്‍ആനാണ്. ഓരോ മുസ്ലിമിന്റെയും ഏറ്റവും വലിയ ബാധ്യത ഖുര്‍ആനനുസരിച്ച് ജീവിക്കുകയെന്നതാണ്. അനീതി കാണുമ്പോള്‍ ആദ്യം കൈകൊണ്ട് തടയുക. അതിന് സാധ്യമല്ലെങ്കില്‍ നാവ് കൊണ്ട്, അതിനും സാധ്യമല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും വെറുക്കുക എന്നാണല്ലോ പ്രവാചകന്‍ (സ) നമ്മെ പഠിപ്പിച്ചത്. ചരിത്രം നമുക്ക് വെറുതെ വായിച്ച് തള്ളാനുള്ളതല്ല. ചരിത്രത്തില്‍ സത്യത്തിന് വേണ്ടി പോരാടിയവരുടെ ധീരതയെക്കുറിച്ച് നാം വാതോരാതെ പറയാറുണ്ട്. അവരെക്കുറിച്ചുള്ള സ്തുതി പാഠങ്ങള്‍ മാത്രം പോരാ. അവരനുഭവിച്ച ത്യാഗവും വേദനയും കഷ്ടപ്പാടും നാം കാണണം. ധാരാളം പേര്‍ ഇന്ന് അന്യായമായി തടവറകളിലാണ്. അവര്‍ക്ക് നീതി കിട്ടണം. ഇതൊന്നും പലരുടെയും ഉറക്കം കെടുത്തുന്നില്ല. അവര്‍ തന്റെയും കുടുംബത്തിന്റെയും ഭാവി ജീവിതം സുഗമമാക്കാന്‍ പ്രയത്നിക്കുകയാണ്. എല്ലാവിധത്തിലുമുള്ള മതജാതി ചിന്തകള്‍ക്കതീതമായി നാം ഭാരതീയര്‍, സഹോദരീ സഹോദരന്മാരാണെന്ന നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ പ്രതിജ്ഞ സഫലമായി കാണാനാണ് എന്റെ ആഗ്രഹം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top