വീട്ടുകാരിയുടെ വഴികാട്ടി

സനീറ മുബാറക്

വനിതകളുടെ ചെറിയ ലോകത്തു നിന്നും പ്രബോധക, ഉപദേശക, വഴികാട്ടി എന്നീ വിശാലമായ സാമ്രാജ്യത്തിലേക്ക് ആരാമം ഇപ്പോള്‍ ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. നവംബര്‍ ലക്കത്തില്‍ സമീര്‍ യൂനുസിന്റെ 'ക്ഷമ'യെക്കുറിച്ചുള്ള ലേഖനം വിരസത ഇല്ലാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കാനുതകുന്നതായിരുന്നു. കെ.പി സല്‍വയുടെ 'പാഴാക്കുന്ന സംസ്കാരം' വിചിന്തനത്തിന് പ്രേരിപ്പിച്ചു. 'വിവാഹിതരാവുമ്പോള്‍' എന്ന ഇല്‍യാസ് മൌലവിയുടെ ലേഖനവും 'ഫലവത്തായ അയല്‍പക്ക ബന്ധ'വും മികവുറ്റതായിരുന്നു. കവിതകളുടെ ദൌര്‍ലഭ്യം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാവിന്റെ രോഗത്തെ ശമിപ്പിക്കുന്നതും മനസ്സിന്റെ രോഗത്തിന് ശമനം നല്‍കുന്നതുമായ ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.


പുരുഷനെ വിലകൊടുത്തു വാങ്ങരുത്
നവംബര്‍ ലക്കം ആരാമം വായിച്ചു. വളരെ നല്ല ഉള്ളടക്കങ്ങള്‍. എം.ടി ആയിശയുടെ 'മഹര്‍ ആലോചനകള്‍' എന്ന ലേഖനം എന്നെ ചിന്തിപ്പിച്ചു. ഇന്ന് സ്ത്രീധന ആലോചനകളായി മാറിയിട്ടുണ്ട് വിവാഹങ്ങള്‍. സ്ത്രീയുടെ ബാഹ്യമായ സൌന്ദര്യവും സമ്പത്തും കണക്കിലെടുത്താണ് പലരും വിവാഹാഭ്യര്‍ഥന നടത്തുന്നത്. സ്ത്രീധനം തെറ്റാണോ ശരിയാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണിന്ന്. അത്ര കണ്ട് പടര്‍ന്നിരിക്കുന്നു ഈ രോഗം. ഒരു സ്ത്രീ വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് വിവാഹം കഴിച്ചുപോകുമ്പോള്‍ അവള്‍ക്ക് അവളുടെ പിതാവ് നല്‍കുന്ന സമ്മാനത്തെ ഒരാചാരമാക്കിത്തീര്‍ത്തിരിക്കുകയാണ്. 'നിങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് എത്ര കൊടുക്കും?' എന്നാണ് ചില ദുരഭിമാനികള്‍ ചോദിക്കുന്നത്. ഉപ്പ മകള്‍ക്ക് എന്ത് കൊടുക്കും എന്ന് അയാളറിയേണ്ട കാര്യമെന്ത്? അയാള്‍ക്ക് തന്റെ ജീവിത പങ്കാളിയെ കിട്ടിയാല്‍ പോരേ? സ്ത്രീധനം വാങ്ങാതെ വിവാഹം ചെയ്ത് പിന്നീട് ഭാര്യ തന്റെ ഇഷ്ടപ്രകാരം തന്റെ സ്വത്തില്‍ നിന്നും വല്ലതും തന്റെ ഭര്‍ത്താവിന്റെ ആവശ്യത്തിനായി നല്‍കിയാലും ആദ്യം തന്നെ സ്ത്രീധനമായി സ്വത്ത് ചോദിച്ചു വാങ്ങിയാലും രണ്ടിടത്തും സംഭവിക്കുന്നത് ഒന്നു തന്നെയല്ലേ എന്നാണ് ചിലരുടെ ചോദ്യം. സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആള്‍ യഥാര്‍ഥത്തില്‍ അയാള്‍ക്കു തന്നെയാണ് വില പേശുന്നത്. അയാളെ ആ സ്ത്രീയുടെ വീട്ടുകാര്‍ വിലകൊടുത്ത് വാങ്ങുന്നതുപോലെയാണ്.
പി.പി ജല്‍വ മെഹര്‍
കൊടിയത്തൂര്‍

ക്ഷമ ഈമാനിന്റെ പകുതി
നവംബര്‍ ലക്കത്തില്‍ സമീര്‍ യൂനുസ് എഴുതിയ 'തേന്‍കണം പോലെ ക്ഷമ' എന്ന ലേഖനം ഈമാനിനെ ദൃഢപ്പെടുത്തുന്നതാണ്. ക്ഷമയവലംബിക്കുന്നവര്‍ക്ക് എത്രത്തോളം പ്രതിഫലമുണ്ടെന്ന യാഥാര്‍ഥ്യം ഈ ലേഖനം നമ്മെ ബോധ്യപ്പെടുത്തുന്നു. സ്വന്തം ഇഛപ്രകാരമല്ലാതെ സംഭവിക്കുന്ന അപകടങ്ങള്‍ക്കു മുമ്പില്‍ ചെറുത്തു നില്‍ക്കാന്‍ ക്ഷമാശീലര്‍ക്ക് കഴിയുമെന്നത് വാസ്തവമാണ്.
എന്‍.കെ അന്‍ഷിദ ബാസില്‍
തൊടികപ്പുലം

സംസ്കാരം പാഴാക്കരുത്
'പാഴാക്കുന്ന സംസ്കാരം' എന്ന ലേഖനത്തിലൂടെ നാം ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം കാര്യങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്ന കെ.പി സല്‍വക്ക് അഭിനന്ദനങ്ങള്‍. ഇങ്ങനെയുള്ള കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ പ്രകൃതിയോട് ഇണങ്ങിച്ചേരാനും ദൈവം തമ്പുരാന്റെ അനിര്‍വചനീയമായ കാരുണ്യം ആസ്വദിക്കാനും കഴിയുകയുള്ളൂ.
മുമ്പൊരു ശീലമുണ്ടായിരുന്നു. സ്കൂളില്‍ നിന്ന് ഒരു കൊല്ലം കഴിയുമ്പോള്‍ നോട്ട്ബുക്കില്‍ നിന്ന് എഴുതാത്ത പേജുകള്‍ കീറിയെടുത്ത് പിന്‍ ചെയ്ത് പിറ്റെ കൊല്ലം ഉപയോഗിക്കുകയെന്നത്. ഇന്ന് നമ്മുടെ മക്കളുടെ അവസ്ഥ എല്ലാം പുതിയത് എന്നാണ്. അതാണല്ലോ അവര്‍ അറിയുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. സ്വര്‍ണം വിറ്റ് ഡ്രസ്സെടുക്കുന്ന കാലമാണല്ലോ. കാലത്തെ പഴി ചാരിയിട്ട് എന്ത് കാര്യം. നാം തന്നെയാണ് നമ്മെ പറിച്ചുനട്ടുകൊണ്ടിരിക്കുന്നത.് പ്രസംഗ പീഠത്തില്‍ കയറി പ്ളാസ്റിക് നിര്‍മാര്‍ജനം എന്ന് മുറവിളി കൂട്ടുകയും തിരികെ നടന്ന് ഡസന്‍ കണക്കിന് പ്ളാസ്റിക് കവറുമായി വീട്ടിലേക്ക കയറി ചെല്ലുകയും ചെയ്യുന്ന വൃത്തികെട്ട സംസ്കാരമാണല്ലോ നമ്മുടേത്.
നാട്ടില്‍ കറന്റ് ചാര്‍ജ് കൂട്ടിയാല്‍ കറന്റാഫീസിനു മുമ്പില്‍ ധര്‍ണ, മുദ്രാവാക്യം വിളി, സ്ത്രീകള്‍ വരെ മുമ്പില്‍. വീട്ടില്‍ കറന്റിന്റെ ഉപയോഗം കുറക്കാന്‍ നാം ശ്രദ്ധിക്കാറുണ്ടോ? എന്നിട്ട് പോരെ ഇതിനൊക്കെ ഇറങ്ങിത്തിരിക്കാന്‍. "നിങ്ങള്‍ ചെയ്യാത്തത് എന്തിനു പറയണം?'' അല്ലാഹുവിന്റെ ഭൂമിയില്‍ തോന്നിയതുപോലെ കൈകടത്തി ആര്‍ത്തി പൂണ്ട് ചിന്ത നശിച്ച് കഴിയുന്ന ഒരു സമൂഹമാകാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.
ഉമ്മു ആകിഫ്
മനാമ



വെറുതെയല്ല വീട്ടമ്മ
ആരാമത്തിന്റെ തുടക്കം മുതലുള്ള വായനക്കാരിയാണ്. ഡിസംബര്‍ ലക്കം ആരാമം കെങ്കേമമായിരുന്നു. ഓരോ പേജുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായി തോന്നി. ഏറ്റവും രസകരമായി തോന്നിയത് "വെറുതെ ഒരു വീട്ടമ്മ'' എന്ന പംക്തിയാണ്. എല്ലാവരും അവഗണിച്ചു തള്ളുന്നവരാണ് വെറും വീട്ടമ്മമാര്‍. എത്ര ജോലിയെടുത്താലും അര്‍ഹിക്കുന്ന പരിഗണന അവര്‍ക്ക് കിട്ടാറില്ല. കാരണം, അവര്‍ക്ക് ജോലിയില്ലല്ലോ. അവര്‍ വെറുമൊരു വീട്ടമ്മയല്ലേ? 
"ഖദീജയാവാന്‍ കഴിഞ്ഞില്ലെങ്കിലും'' എന്ന ഇല്‍യാസ് മൌലവിയുടെ ലേഖനം ഓരോ കുടുംബത്തെയും ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നാണ്. ഇരുകൈകളും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന പോലെത്തന്നെ ഇണയും തുണയും വിചാരിച്ചാലേ കുടുംബ ജീവിതം പ്രവാചകന്റെയും ഖദീജ ബീവിയുടെയും പോലെയുള്ള ജീവിതമായി മാറൂ. 2013-ലേക്കുള്ള ആരാമത്തിന്റെ ചുവടുകള്‍ ഇതിനേക്കാള്‍ ഗംഭീരമാവട്ടെ.
സി.എച്ച് സാജിദ
കൂട്ടിലങ്ങാടി

 

മാതാക്കള്‍ പാഴ്വസ്തുക്കളോ?
വളര്‍ന്ന് വലുതായി കുടുംബവും പണവും പത്രാസും ആയപ്പോഴേക്കും തന്നെ നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ മാതൃഹൃദയത്തെ വൃദ്ധസദനത്തിന്റെ കൂരിരുട്ടിലേക്ക് പാഴ്വസ്തുവായി വലിച്ചെറിയുന്ന പുതിയ തലമുറയുടെ കഠിന ഹൃദയം വേദനിപ്പിക്കുന്നതും അല്‍ഭുതപ്പെടുത്തുന്നതുമാണ്. നവംബര്‍ ലക്കം എം.വി റഷീദ ഗഫൂര്‍ എഴുതിയ 'സ്നേഹക്കൊതി തീരാത്ത വൃദ്ധസദന കാഴ്ചകള്‍' എന്ന അനുഭവക്കുറിപ്പ് വായിച്ചു തീര്‍ന്നപ്പോള്‍ ഹൃദയം വിങ്ങുകയായിരുന്നു. കണ്ണുകളില്‍ നിന്നും പ്രതീക്ഷയുടെ കിരണം നഷ്ടപ്പെട്ട അവരുടെ മുഖഭാവങ്ങള്‍ വൃദ്ധസദനങ്ങളും അനാഥാലയങ്ങളും സന്ദര്‍ശിക്കാനുള്ള എന്റെ ചിരകാല സ്വപ്നത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു. അശ്റഫ് കാവില്‍ എഴുതിയ 'മുറം' എന്ന കവിതയും സ്നേഹത്തെ നെഞ്ചോടു ചേര്‍ക്കുന്നു. ഒരു മാതൃഹൃദയത്തിന്റെ വിലാപ കാവ്യമാണത്.
ഫാത്വിമ
അരിയില്‍


പടച്ചവനെ ഭയന്ന് ജീവിക്കണം
നവംബര്‍ ലക്കം അബ്ദുല്‍ ബാരി കടിയങ്ങാടിന്റെ 'സുകൃതങ്ങളെ കാര്‍ന്നുതിന്നുന്ന ചെറുപാപങ്ങളെ'ക്കുറിച്ച ലേഖനം നന്നായിരുന്നു. ഇന്നത്തെ സമൂഹത്തിന് പാപങ്ങള്‍ എന്താണെന്നുപോലും അറിയില്ല. എല്ലാം ചെയ്തിട്ട് ഞാന്‍ ചെയ്തത് പാപമാണ് എന്ന് പശ്ചാത്തപിക്കുന്നവരാണ് ഏറെപേരും. ഇതില്‍ ഒരര്‍ഥവുമില്ല. പണത്തിനും ഭൌതികജീവിതത്തിനുമാണ് ആര്‍ത്തി. സ്വര്‍ഗമേത്, നരകമേത് എന്ന് ചോദിച്ചാല്‍ ഇവര്‍ക്കൊന്നുമറിയില്ല. പടച്ചവനെ ഭയമില്ല. സുഖമായാലും ദു:ഖമായാലും പടച്ചവന്‍ കൂടെയുണ്ട് എന്ന വസ്തുത മനസ്സിലാക്കി ജീവിക്കുകയെന്നതാണ് പാപങ്ങളില്‍ പെട്ടുപോകാതെ ജീവിക്കാനുള്ള മാര്‍ഗം.
സമീം,ഷംന,സീന,ഷാന്‍
പെരിങ്ങോട്ടുകര


ഉപമ ശരിയല്ല
നവംബര്‍ ലക്കത്തിലെ ഓരോ രചനകളും വളരെ നന്നായി. തേന്‍കണം പോലെ ക്ഷമ എന്ന സമീര്‍ യൂനുസിന്റെ ലേഖനം വളരെ ഹൃദ്യവും, സ്പഷ്ടവുമായിരുന്നു. പ്രയാസമുള്ള മനസ്സിന്റെ ഭാരം കൂടി, സഹനശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നര്‍ക്ക് തുലാസിലെന്ന പോലെ സന്തോഷങ്ങളേയും സങ്കടങ്ങളേയും വിശകലനം ചെയ്യാന്‍ സാധിക്കാത്ത ഒരുപാട് പേര്‍ക്ക് ആശ്വാസത്തിന്റെ തേന്‍കണം തന്നെയായിരുന്നു ലേഖനം. പക്ഷേ അതിലെ തുടക്കത്തിലെ പനനീര്‍ പൂവിന് നല്‍കിയ ഉപമ ശരിയായില്ലെന്നാണ് എനിക്ക് തോന്നിയത്.
"എത്ര കൂര്‍ത്ത് മൂര്‍ത്ത മുള്ളുകള്‍ക്കിടയിലാണ് റോസാപ്പൂ വളരുന്നത്, ആ മുള്ളുകളുടെ കുത്തേറ്റ് എത്ര തവണ വേദനിച്ചിരിക്കും.
ഒരു റോസ് ചെടിയിലെ മുള്ളുകളുടെ കുത്തേറ്റ് ഒരു റോസാപ്പൂ വിരിയുന്നില്ല. എന്റെ പൂക്കള്‍ക്ക് വേദനിക്കരുത് എന്ന് തോന്നിപ്പോവും ആ മുള്ളുകളുടെ നിറുത്തത്തില്‍. അവിടെയാണ് 'സ്നേഹം' എന്ന മറ്റൊരു മൃദുലമായ ശക്തിയുടെ തുടക്കം. ചെറുതായൊന്നു തൊട്ടാല്‍ കീറിപ്പോകുന്ന ഇതളുകളെ എത്ര ശ്രദ്ധയോടെയാണ് ആ മുള്ളുകള്‍ സംരക്ഷിക്കുന്നത്.
ഉമ്മു തസ്ബീഹ്
ചാവക്കാട്

മുത്തശ്ശിക്കഥകളില്‍ നിന്നും
പഠിച്ചെടുക്കേണ്ടത്
ആരാമം അനുഭവം പേജില്‍ 'സ്നേഹക്കൊതി തീരാത്തവരുടെ വൃദ്ധസദന കാഴ്ചകള്‍' എന്ന ലേഖനവും 'അന്യം നിന്നു പോയ മുത്തശ്ശിക്കഥകള്‍' എന്ന എം.എ ലസിജയുടെ ലേഖനവും കൂടി ചേര്‍ത്തു വായിക്കുന്നിടത്ത്, കഴിഞ്ഞ തലമുറ നെഞ്ചിലേറ്റിയ മുത്തി മുത്തം കൊടുത്ത പെറ്റമ്മമാരും അമ്മൂമ്മമാരും ഇന്ന് കാണാമറയത്തില്ല. അവരെ ആട്ടിപ്പുറത്താക്കിയ യുവതലമുറ വിരല്‍ കടിക്കേണ്ട ഗതികേടിലാണ്.
എടുക്കാത്ത നാണയം പോലെ വലിച്ചെറിഞ്ഞ വയോവൃദ്ധരുടെ വീടുകള്‍ പ്രകാശിച്ചുകൊണ്ടിരുന്ന വിളക്കിനെ ഊതിക്കെടുത്തിയ തരത്തിലാണ.് കാറ്റ് ദിശ മാറി വീശുന്ന ഈ കാലഘട്ടത്തില്‍ കൂട്ടുകുടുംബങ്ങളില്‍ നിന്നും അണു കുടുംബത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറ, കുടുംബജീവിതത്തിന് സമാധാനവും സന്തോഷവും പകരാനുള്ള ഉദാത്ത മാതൃക നാം തള്ളാറുള്ള കാരണവരായ വൃദ്ധ മാതാപിതാക്കളില്‍ നിന്നും മുത്തശ്ശിക്കഥകളില്‍ നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്. പിന്നാംപുറങ്ങളില്‍ ഇണങ്ങിയും പിണങ്ങിയും പരസ്പരം സുഖദുഃഖങ്ങള്‍ പങ്കിട്ട് ജീവിക്കുന്നതിനിടയില്‍ നിങ്ങള്‍ക്കിടയിലെ താങ്ങും തണലുമായി ആശ്വാസ വാക്കുകളും പരിചരണങ്ങളും കുഞ്ഞുകുട്ടികളുടെ ആശ്വാസവുമായി നിറഞ്ഞുനിന്നവരാണ് വീടിന്റെ വിളക്കായ വൃദ്ധ മാതാപിതാക്കള്‍. വീട്ടില്‍ ഒരു ഗര്‍ഭിണിയോ രോഗിയോ കുഞ്ഞുകുട്ടികളോ ഉണ്ടെങ്കില്‍ സഹായ കാരുണ്യത്തിന്റെ ഉറവിടമായി മാറുന്നവരാണ് അവര്‍. അതിലെ ഉദാഹരണ അനുഭവമാണ് സ്നേഹക്കൊതി തീരാത്തവരുടെ വൃദ്ധസദന കാഴ്ചകളും അന്യം നിന്നുപോയ മുത്തശ്ശിക്കഥകളും.
നേമം താജുദ്ദീന്‍
ശാന്തിവിള


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top