കണ്ടിട്ടുണ്ട് ഒരുപാട് പേരെ,
വേശ്യകള്‍ ഇട്ടെറിഞ്ഞുപോയ
മുല്ലപ്പൂ ചതരഞ്ഞത് അറിയാതെ
കടന്നുപോയ ചൂവന്ന നീളമുള്ള കാറ്...
വെട്ടേറ്റ് പിടഞ്ഞ യുവാവിന്റെ
ചോര കുടിച്ച ഓടകള്‍...
കൈക്കൂലി വാങ്ങിയ പോലീസുകാരന്റെ
ഭാര്യയെയും പേറി അലറിക്കരഞ്ഞു
പാഞ്ഞ ആംബുലന്‍സ്...
പലതും കണ്ടിട്ടുണ്ട്,
അമ്പത് രൂപ വില വരുന്ന
കിടക്ക വിരി
ഇരുന്നൂറ്റമ്പത് രൂപക്ക് വിറ്റവന്റെ
ആഹ്ളാദച്ചിരി
കാലിപ്പേഴ്സ് പോക്കറ്റടിച്ച്
നിരാശപ്പെട്ട് നന്നാകാന്‍ തീരുമാനിച്ച
കള്ളന്റെ മനോവ്യാപാരങ്ങള്‍
ഇതു വഴിയാണ് ഇന്നലെ
ഒരാള്‍ ചുവപ്പ് വിളക്ക് വെച്ച
കാറില്‍ നഗരത്തിലെ മെട്രോ
റെയില്‍ പദ്ധതിയുടെ
പേപ്പറുകള്‍ പരിശോധിച്ച്
അര്‍ധരാത്രിയിലും ഉറക്കമിളിച്ച്
കടന്നുപോയത്...
അപ്പോഴും നഗരത്തിന്റെ
ഒരു മൂലയില്‍
ജീവിതത്തില്‍ നിന്ന്
മരണത്തിലേക്കുള്ള ദൂരം
അളന്നെടുക്കുന്ന ഒരു വാച്ച്മാന്
ഉറക്കമിളിച്ച് കാത്തിരിപ്പുണ്ടായിരുന്നു.