രണ്ടു കിലോഗ്രാം ഭാരമുള്ള ഒരു ക്വാളീഫ്ളവര്‍

എ.യു. റഹീമ പാലക്കാട്

ശാന്തി. അവളോര്‍ക്കുകയായിരുന്നു. ഈ നാല്‍പത് വയസ്സിനിടയില്‍ താനെന്തൊക്കെ അനുഭവിച്ചു? പേരിലുള്ള ശാന്തി ജീവിതത്തിലുണ്ടായില്ല. അശാന്തിയുടെ ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവള്‍. യൌവനാരംഭത്തില്‍ തന്നെ വിവാഹിതയായി. അഛനമ്മമാരും ഏട്ടന്മാരും തന്നെ പൊന്നുപോലെ നോക്കി വളര്‍ത്തി. അന്നൊക്കെ താനെല്ലാവര്‍ക്കും ശാന്തിയായിരുന്നു. തനിക്കെല്ലാവരും ശാന്തിയായിരുന്നു. വിവാഹാനന്തരം നാലഞ്ചാണ്ടുകള്‍ കൊണ്ട് രണ്ട് പെണ്‍മക്കളുടെ അമ്മയുമായി. 
ഭര്‍ത്താവ് മദ്യപാനിയാണ്. ആണുങ്ങളായാല്‍ കുടിക്കില്ലേ? അതൊരു കുറ്റമൊന്നുമല്ല! പക്ഷേ ജീവിതം മുഴുവനും അതിനായി മാത്രം നീക്കിവെച്ചാലോ? എന്നും അടിയും ഇടിയുമാണ്. അന്നൊരുനാള്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കിവിടുമ്പോള്‍ മൂത്തവള്‍ കൈകുഞ്ഞായിരുന്നു. ഉദരത്തില്‍ മറ്റൊരുവള്‍ ഉരുവം കൊണ്ടിരുന്നു. ഇളയവള്‍ അഛനെ ഒരിക്കലും കണ്ടിട്ടില്ല! ഒരു വ്യാഴവട്ടക്കാലം അങ്ങനെ കടന്നുപോയി. ഇളയവള്‍ക്കിപ്പോള്‍ പന്ത്രണ്ടു വയസ്സ്. രണ്ടുപേരും പഠിക്കുന്നു. ഏട്ടന്മാര്‍ക്ക് കുടുംബവും കുട്ടികളുമായി. അഛനമ്മമാര്‍ അവരുടെ ജീവിതനാടകം അവസാനിച്ചപ്പോള്‍ കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍ മറഞ്ഞു. ഏട്ടന്മാരുടെ ഭാര്യമാര്‍, അവരുടെ നന്മയും കാരുണ്യവും കൊണ്ട് കഴിഞ്ഞുകൂടുകയായിരുന്നു.
അഛന്റെ കുലത്തൊഴില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു കൊടുക്കലായിരുന്നു. വളരെ നാളായി കോണില്‍ വിശ്രമിച്ചിരുന്ന ആ ഓട്ടുപെട്ടി കരി തട്ടിയെടുത്ത് വൃത്തിയാക്കി. ജീവിതം അതിനകത്ത് കനലായെരിഞ്ഞു. ഇസ്തിരിയിടല്‍ പുരോഗമിച്ചപ്പോള്‍ വലംകൈയിലും മാറിലും ചെറിയ തോതില്‍ ഒരു വേദന തോന്നി. കാര്യമാക്കിയില്ല. അതിനും എത്രയോ മുമ്പ് മാറില്‍ ഒരു ചെറിയ തടിപ്പുണ്ടായിരുന്നു. വേദനയില്ലാത്തതിനാല്‍ അതും ഗൌനിച്ചില്ല. പിന്നെ ആ ഭാഗത്ത് (മുലക്കണ്ണില്‍) ചെറിയ മുഴയായി. ആരോടും പറഞ്ഞില്ല. പ്രത്യേകിച്ച് ആ ഭാഗമൊക്കെ ആയതിനാല്‍ പറയാനും മടിയായിരുന്നു.
ഒരു മുഴ. അതെത്ര ചെറിയതാണെങ്കിലും കണ്ടുപിടിക്കുമ്പോഴേക്കും അവിടത്തെ കോശങ്ങള്‍ കോടിക്കണക്കിന് വിഭജിച്ചിട്ടുണ്ടായിരിക്കും. കാന്‍സറിന്റെ പ്രാഥമിക ഘട്ടങ്ങള്‍ പിന്നിട്ടിട്ടുണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പറ്റുന്ന അബദ്ധവും അശ്രദ്ധയുമാണിത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ വളരെകാലം ജീവിതം തുടരാം. ചികിത്സ ഫലം ചെയ്യും. സ്ത്രീകള്‍ ഇടക്ക് 'മാമോഗ്രാഫ്' ചെയ്യുന്നത് നല്ലതാണ്. പുരുഷന്മാര്‍ക്കും മാറില്‍ കാന്‍സറുണ്ടാകും.
ഞങ്ങള്‍ ശാന്തിയുടെ കട്ടിലിലിരിക്കുകയായിരുന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അടര്‍ന്നുവീഴുന്നു. ഞാനവളുടെ കരം ഗ്രഹിക്കാനാഞ്ഞു. പക്ഷേ അവളുടെ കൈകള്‍ രണ്ടും രണ്ടു കിലോഗ്രാമെങ്കിലും ഭാരമുള്ള ക്വാളിഫ്ളവര്‍ പോലെ രൂപം കൊണ്ട ആ മുഴയും താങ്ങിയിരിക്കയാണ്! നിപ്പിളില്‍ കണ്ട മുഴ പൊട്ടിവിരിഞ്ഞു തുടങ്ങിയപ്പോഴാണ് അവളുടെ ഏട്ടന്മാരുടെ ഭാര്യമാര്‍ ക്ളിനിക്കില്‍ വന്നു പറഞ്ഞത്. അതിനു ശേഷമാണ് ഞങ്ങളുടെ പരിചരണം ആരംഭിച്ചത്. അതിനിടയില്‍ ഒറ്റപ്പാലത്തുള്ള ഒരു സ്വാമിജിയുടെ അടുത്ത് പോയത്രെ! അവിടുത്തെ ചികിത്സയെപറ്റി പുറത്താരോടും പറയരുതെന്നാണ് കല്‍പന. അതാണത്രെ പഥ്യം. പുറത്തു പറഞ്ഞാല്‍ പഥ്യം തെറ്റും. രോഗം വര്‍ധിക്കും. കഠിന പ്രയാസങ്ങള്‍ ഉണ്ടാകും. എന്തായിരുന്നു ശാന്തിക്ക് അവര്‍ നല്‍കിയ ചികിത്സ? ഓമക്കായ (പപ്പായ) കനം കുറച്ച് നീളത്തില്‍ ചെത്തിയെടുത്ത് മുറിവിനു ചുറ്റും പൊതിഞ്ഞു കെട്ടുക!
ഈ വ്രണത്തിനു പുറമെ ഓമക്കായുടെ നീരും പുരണ്ടാലുണ്ടാകാവുന്ന പുകച്ചിലും ചൊറിച്ചിലും വേദനയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം രോഗി കിടന്നു പുളയുന്ന കാഴ്ചയാണ് ഞങ്ങള്‍ ചെന്നപ്പോള്‍ കണ്ടത്. പിന്നെ അവരെല്ലാം തുറന്നു പറഞ്ഞു. മുറിവ് വൃത്തിയാക്കി ബെറ്റാഡിന്‍ ഗുളിക പൊടിച്ച് ചുറ്റും വിതറി. ഡ്രസ്സ് ചെയ്തു. ഒരു കുഞ്ഞിനെ താങ്ങിപിടിച്ചതു പോലെ 'അത്' ആദ്യം എടുത്തുവെച്ച്, പിന്നെ ശാന്തി ചെരിഞ്ഞു കിടന്നു.
ഒടുവില്‍ ചെല്ലുമ്പോള്‍ അവള്‍ക്കൊരു ദു:ഖമുണ്ടായിരുന്നു- പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ ഭര്‍ത്താവ് വന്നിരുന്നു. "എന്നോട് ഒരു വാക്കുപോലും മിണ്ടിയില്ല ടീച്ചറേ,'' എന്നു പറഞ്ഞവള്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു. മനസ്സിന്റെ വേദനയില്‍ നിന്നും അവള്‍ നിമിഷങ്ങള്‍ക്കകം ശരീരത്തിന്റെ വേദനയുടെ നീരാളി പിടിത്തത്തിലമര്‍ന്നു. അവള്‍ കരഞ്ഞു പറയുന്നുണ്ടായിരുന്നു, "സുഹറാ, (നഴ്സ്) ഇതൊന്ന് മുറിച്ചു മാറ്റിത്തരുമോ മോളേ...''
'മുറിച്ചു മാറ്റിയാല്‍ രക്തസ്രാവം കൊണ്ടവര്‍ മരണപ്പെടും'. (പ്രതിവിധിക്കായി നോക്കിയ എന്നോട് നഴ്സ് പതുക്കെ പറഞ്ഞു)
രണ്ടുനാള്‍ക്കകം ശാന്തിയുടെ ആത്മാവ് അവളുടെ ആതുര ഭാരവും പേറി ശാന്തിയുടെ ലോകത്തേക്ക് പറന്നകന്നു...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top