വെറുതെ ഒരു വീട്ടമ്മ

കെ.വൈ.എ

മീനാക്ഷിക്ക് പണിയൊന്നുമില്ല. വെറുമൊരു വീട്ടമ്മ. പറഞ്ഞിട്ടെന്ത്, അവള്‍ക്കൊരു ദിവസം തലവേദന വന്നപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു.
ഒരു വാഷിംഗ് മെഷീന്‍ വേണമെന്ന് അവള്‍ പറഞ്ഞിരുന്നതാണ്. പക്ഷേ പണിയില്ലാതെ വീട്ടിലിരിക്കുന്നതല്ലേ, ഒന്ന് മെയ്യനങ്ങുന്നത് നല്ലതാണെന്ന് കുഞ്ഞിരാമനൊന്ന് പറഞ്ഞുപോയി. പണിമുടക്ക് നിങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല എന്നൊക്കെ ഒരു ഡയലോഗ് അവളുടെ വക.
പണിയുള്ളവര്‍ക്കല്ലേ പണിമുടക്കാന്‍ പറ്റൂ എന്ന് കുഞ്ഞിരാമനും പറഞ്ഞു. സാധാരണ ഇത്ര കുറിക്കു കൊള്ളുന്ന മറുപടി അയാള്‍ക്ക് തോന്നാറില്ല. പണിമുടക്കും പോലും!
രാവിലെ എഴുന്നേറ്റപ്പോള്‍ കാപ്പിയില്ല. പല്ലുതേപ്പ്, കാപ്പികുടി, പേപ്പര്‍ വായന എന്നതാണ് ക്രമം. ഇന്ന്?
നോക്കുമ്പോള്‍ മീനാക്ഷി എഴുന്നേറ്റിട്ടേയില്ല. അവള്‍ എഴുന്നേറ്റ് പല്ലുതേച്ച് അടുക്കളയില്‍ കയറി കാപ്പി തയ്യാറാക്കിയ ശേഷം വിളിക്കുമ്പോഴാണ് കുഞ്ഞിരാമന്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക. അതാണ് പ്രകൃതി നിയമം. ലേഡീസ് ഫസ്റ്.
പക്ഷേ ഇന്ന് മീനാക്ഷിക്ക് തലവേദനയാണത്രെ. റെസ്റ് വേണമത്രെ.
കുഞ്ഞിരാമന് ചിരി വന്നു. തൊഴിലുള്ള തനിക്ക് റെസ്റ് വേണമെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. ജോലിയില്ലാത്ത, വെറും വീട്ടമ്മയായ മീനാക്ഷിക്കെന്തിന് റെസ്റ്? തലവേദനക്കു പോലും കൂടുതല്‍ അവകാശം തനിക്കാണ്. തലയുള്ളവര്‍ക്കല്ലേ തലവേദന!
രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ചു വരെ പണിയോട് പണിയാണ്. ഊണിനും ചായക്കുമുള്ള ഇടവേളകള്‍ മാത്രമാണൊഴിവ്. അപ്പോള്‍ ഇടക്കൊരു തലവേദന വരും. വരണം. അല്ലാതെ, പണിയില്ലാത്ത, വെറും വീട്ടമ്മക്കെന്തിന് തലവേദന?
അവകാശപ്പെട്ടതല്ലെങ്കിലും തലവേദന കിട്ടിയ സ്ഥിതിക്ക് മീനാക്ഷി അത് പാഴാക്കാനുദ്ദേശിക്കുന്നുണ്ടാവില്ല.
പത്തരക്കെങ്കിലും ഓഫീസിലെത്തേണ്ടതാണ്. കുട്ടികള്‍ക്ക് ഒന്‍പതരക്ക് സ്കൂളിലുമെത്തണം. കുഞ്ഞിരാമന്റെ അഛനും അമ്മക്കും സമയാസമയം മരുന്ന് കഴിക്കേണ്ടതുമുണ്ട്.
മൊത്തം ആറുപേര്‍ക്കും ബ്രേക്ഫാസ്റ് ഹോട്ടലില്‍ നിന്ന് വരുത്തി. ഇരുനൂറ്റി എഴുപത് രൂപ.
വീട്ടുപണി ഒരു പണിയല്ലെങ്കിലും അതൊരു വല്ലാത്ത പണി തന്നെയാണെന്ന് കുഞ്ഞിരാമന് തോന്നി. ഭക്ഷണം കഴിച്ചാല്‍ ശിക്ഷയെന്നോണം പാത്രം കഴുകണം. പാത്രങ്ങള്‍ നേരെ അടുക്കി വെക്കണം. മേശപ്പുറത്ത് നോക്കിയപ്പോള്‍ കുഞ്ഞിരാമന് ആദ്യം തോന്നിയത് ഇത്രയധികം പാത്രങ്ങള്‍ ഒരു വീട്ടിലും വാങ്ങിക്കൂടാ എന്നാണ്.
പാത്രം കഴുകല്‍ കരാര്‍ പണിയായി കൊടുത്താലോ? കുറച്ച് പണം ചെലവാക്കിയാലും കാര്യം നടന്നു കിട്ടുമല്ലോ. കുളിക്കാന്‍ വെള്ളം ചൂടാക്കല്‍, പാചകം തുടങ്ങിയവയും ഔട്ട് സോഴ്സ് ചെയ്യാം.
നോക്കുമ്പോള്‍ കരാര്‍ കൂലി മണിക്കൂര്‍ കണക്കിലാണ്. വാക്വം ക്ളീനര്‍ ഇല്ലെങ്കില്‍ ക്ളീനിംഗ് ചാര്‍ജ് അല്‍പം കൂടും. ക്ളീനിംഗ് അത്ര അത്യാവശ്യമല്ല എന്ന കണ്ടെത്തല്‍ വിളംബരം ചെയ്ത് കുഞ്ഞിരാമന്‍ അടുത്ത വിഷയത്തിലേക്ക് കടന്നു.
അടുത്ത വിഷയം കുളിയാണ്. വെള്ളം ചൂടാക്കണം. കുളിക്കാനുള്ള വെള്ളം ചൂടാക്കാന്‍ ഗ്യാസ് ഉപയോഗിക്കരുതെന്നാണ് നിയമം. അത് കുഞ്ഞിരാമന്‍ ഒറ്റക്ക്, ഏകകണ്ഠമായി പാസാക്കിയ നിയമമാണ്. പാചകത്തിന് മാത്രമുള്ളതാണ് ഗ്യാസ്.
അതുകൊണ്ട് വിറകെടുക്കണം. അടുപ്പില്‍ വെക്കണം. ഊതിക്കത്തിക്കണം.
തീ കത്തിപ്പിടിക്കുമ്പോഴേക്ക് മണി എട്ടര.
കുളിക്കണം. ഡ്രസ് ചെയ്യണം. ഡ്രസ് എവിടെ?
പാന്റും ഷര്‍ട്ടുമൊക്കെ അലക്കി ഇട്ടിട്ടുണ്ട്. അതെല്ലാമെടുത്ത് ഇസ്തിരിയിടണം. എല്ലാം മീനാക്ഷി ചെയ്യാറുള്ളതാണ്. പണി ഇല്ലാത്തതല്ലേ- ഒക്കെ നടക്കും.
ഇസ്തിരിപ്പെട്ടി എവിടെ? രണ്ട് പെട്ടിയുള്ളതാണ്. ഒന്ന് ചിരട്ട ഉപയോഗിക്കുന്ന പെട്ടി. മറ്റേത് കറന്റിന്റെ. കുഞ്ഞിരാമന്‍ ഏകകണ്ഠമായി പാസാക്കിയ മറ്റൊരു നിയമമനുസരിച്ച് അടിയന്തിര ഘട്ടങ്ങളിലല്ലാതെ കറന്റിന്റെ പെട്ടി ഉപയോഗിച്ചു കൂട.
ഇതിലപ്പുറം അടിയന്തരം എന്തുണ്ട് എന്ന ന്യായത്തില്‍ അയാള്‍ കറന്റ് പെട്ടി കൊണ്ട് വേഗം ഇസ്തിരി കഴിച്ചു. അപ്പോഴാണ് ഓര്‍ത്തത് - മീനാക്ഷി മക്കളുടെ ഡ്രസ് കൂടി ഇസ്തിരിയിടാറുള്ളതാണ്. ഇസ്തിരിയില്ലാതെ യൂനിഫോം ഇട്ടു പോകരുതെന്നതും കുഞ്ഞിരാമന്റെ നിയമമാണ്.
കുട്ടികള്‍ക്ക് ഇത്തവണ അയാള്‍ ഒരിളവ് ചെയ്തു. ഇന്ന്, ഇന്ന് മാത്രം, കുട്ടികള്‍ക്ക് ഇസ്തിരിയില്ലാത്ത ഉടുപ്പ് ഇടാവുന്നതാണ്.
കുളിയും ഡ്രസിംഗും കഴിഞ്ഞപ്പോള്‍ സമയം ഒന്‍പതര.
സ്കൂട്ടര്‍ കഴുകാന്‍ വിചാരിച്ചിരുന്നതാണ്. സമയമില്ല. എട്ടാം ക്ളാസുകാരന്‍ ബിജു ഇസ്തിരിയില്ലാത്ത യൂനിഫോമും അത്ര തന്നെ ചുളിഞ്ഞ മുഖവുമായി കാത്തു നില്‍ക്കുന്നു. അവന് ഒന്‍പതരക്ക് സ്കൂളിലെത്തേണ്ടതാണ്. നാലാം ക്ളാസുകാരി ജലജക്ക് ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നു. അവള്‍ യൂനിഫോം ഇട്ടിട്ടില്ല. ഓട്ടോയെ പറഞ്ഞുവിട്ടു. ജലജയെ ഉടുപ്പിടുവിച്ചു.
ശ്ശോ മറന്നു! രണ്ടു പേര്‍ക്കും ഉച്ച ഭക്ഷണം?
ഹോട്ടലില്‍ നിന്ന് ടിഫിന്‍ വാങ്ങി സ്കൂളിലെത്തിക്കാമെന്ന് കുഞ്ഞിരാമന്‍ ഏറ്റു. ഉച്ച വരെ ലീവെടുക്കാം.
ഇവറ്റകളുടെ ചടച്ച മുഖം തെളിയുന്നില്ലല്ലോ. രണ്ടും കുളിച്ചു കാണില്ല. നിര്‍ബന്ധിക്കാന്‍ അമ്മക്ക് പറ്റിയിട്ടില്ലല്ലോ.
"പല്ലു തേച്ചല്ലോ. അതുമതി. കുളി മടങ്ങി വന്നിട്ട് മതി.''
രണ്ടിനെയും സ്കൂളില്‍ വിട്ടു. ഓഫീസില്‍ ലീവ് പറഞ്ഞു. മടങ്ങി വീട്ടിലെത്തി.
പ്രായമായ അമ്മക്കും അഛനും മരുന്നും കഷായങ്ങളും കൊടുക്കാനുണ്ട്. അവര്‍ക്കും വേണം കുളിക്കാന്‍ ചൂടുവെള്ളം. ഹോം നഴ്സിനെ പെട്ടെന്ന് കിട്ടില്ലല്ലോ. അപ്പോള്‍ ഉച്ച കഴിഞ്ഞും ലീവാക്കാം.
ഉച്ചക്ക് ഭക്ഷണം വേണമല്ലോ. ഷോപ്പില്‍ പോയി പച്ചക്കറിയും മറ്റും വാങ്ങണം. മീനാക്ഷിയാണ് സാധാരണ ഷോപ്പിംഗ് നടത്താറ്. പണിയില്ലാത്തയാളല്ലേ. അതുപോലെയല്ലല്ലോ താന്‍. അയാള്‍ ഉച്ചഭക്ഷണവും ഹോട്ടലില്‍ നിന്നു വരുത്തി. അത്യാവശ്യം പഴവും അച്ചാറും അടുത്ത വീട്ടിലെ പണിക്കാരന് എക്സ്ട്രാ കൊടുത്ത് വരുത്തി.
രാവിലെ വന്ന് നിവര്‍ത്താതെ കിടക്കുന്ന പത്രമെടുത്തു. ഒന്നാം പേജില്‍ അടിയും കൊലയുമായതിനാല്‍ ഉള്‍പേജിലേക്ക് മറിച്ചു. ഒരു പാര്‍ലമെന്റ് വാര്‍ത്ത. വീട്ടമ്മമാര്‍ക്ക് വീട്ടു ജോലിക്ക് ശമ്പളം നിര്‍ബന്ധമാക്കാന്‍ നിയമം നിര്‍മിക്കുന്നുവത്രെ.
ഒന്നാം പേജ് തന്നെ ഭേദം. അയാള്‍ പത്രം മാറ്റിവെച്ചു. വൈകുന്നേരമായപ്പോഴേക്കും കുഞ്ഞിരാമന് മടുത്തു. നല്ല ക്ഷീണവും. തീന്‍മേശയാകെ എച്ചിലും പാത്രങ്ങളും. പൂന്തോട്ടത്തിലെ ചെടികള്‍ നന കിട്ടാതെ വാടി നില്‍ക്കുന്നു. അലങ്കാര മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ വിട്ടു. ചത്തോ എന്തോ!
ഹോട്ടല്‍ ഭക്ഷണം കഴിച്ച് അഛനമ്മമാര്‍ക്കും കുട്ടികള്‍ക്കും വയറിളക്കം തുടങ്ങിയിരിക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും കുന്നുകൂടിക്കിടക്കുന്നു. ഇന്നത്തെ അധിക ചെലവ് 830 രൂപ.
എനിക്ക് ജോലിയുണ്ട്. ഓഫീസ് പണി. മീനാക്ഷിക്ക് ജോലിയില്ല, അവള്‍ വെറും വീട്ടമ്മയാണ്.
അതുകൊണ്ട് ഞാന്‍ ഫയല്‍ നോക്കുന്ന ക്ളാര്‍ക്കാണ്. അവള്‍ കുക്കും വെയിറ്ററും കേറ്റററും ഗാര്‍ഡനറും നഴ്സും ഷോപ്പിംഗ് തൊഴിലാളിയും വാഷിംഗ് വുമണും മീന്‍ വളര്‍ത്തുകാരിയും കുട്ടികളെ നോക്കുന്നവളും എല്ലാമാണ്. കാരണം അവള്‍ക്ക് പണിയില്ലല്ലോ. വെറുമൊരു വീട്ടമ്മ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top