സിമ്പോസിയങ്ങളുടെ സുവര്‍ണകാലം

ശൈഖ് മുഹമ്മദ് കാരകുന്ന്

പത്താം വയസ്സുവരെ വീടും പരിസരവുമായിരുന്നു ലോകം. അവിടെ നിന്ന് മെയിന്‍ റോഡിലേക്ക് പോലും പോയിരുന്നില്ല. ഒരിക്കല്‍ രോഗിയായിരിക്കെ ഉപ്പ മഞ്ചേരി ആശുപത്രിയില്‍ കൊണ്ടുപോയത് മാത്രമാണ് അപവാദം. അഞ്ചാം ക്ലാസിലെത്തുന്നതിന് മുമ്പ് വാഹനത്തില്‍ യാത്ര ചെയ്തത് ആ ഒരൊറ്റ തവണ മാത്രം. അതുകൊണ്ടു തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഘോഷയാത്രകളോ പൊതുയോഗങ്ങളോ കണ്ടിരുന്നില്ല.
ജീവിതത്തില്‍ ആദ്യം കണ്ട പ്രകടനം വിമോചന സമര കാലത്താണ്. കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നുളള മുക്കൂട്ടുമുന്നണിയാണ് അത് സംഘടിപ്പിച്ചത്. ഞങ്ങളുടെ വീടിനു മുമ്പിലുളള പറമ്പില്‍ നിന്നും അത് ആരംഭിച്ചു. ആദ്യമായി കണ്ട ആ പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഇന്നും ഓര്‍മയിലുണ്ട്. “''അങ്കമാലി കല്ലറയില്‍ ഞങ്ങളെ സോദരരുണ്ടെങ്കില്‍ ഓരോ തുളളി ചോരക്കും പകരം ഞങ്ങള്‍ ചോദിക്കും.''” ഇതായിരുന്നു ആ വീറുറ്റ മുദ്രാവാക്യം.
ഞങ്ങളുടെ കുഗ്രാമത്തില്‍ പത്രവും റേഡിയോവുമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. പ്രകടനം കണ്ടപ്പോള്‍ അതേക്കുറിച്ച് ബാല്യകാല കൗതുകത്തോടെ അന്വേഷിച്ചു. അന്ന് ആദ്യമായി ഘോഷയാത്ര സംഘടിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരും കൂടി കേട്ടു. കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്കാരാണെന്നും അവര്‍ കൊടിയ അക്രമികളും ക്രൂരന്മാരും കൊളളരുതാത്തവരുമാണെന്നുമായിരുന്നു അന്ന് കിട്ടിയ വിവരം. അവരുടെ ഭരണകൂടം കാട്ടിക്കൂട്ടുന്ന ക്രൂരതകളെ സംബന്ധിച്ചും പോലീസ് നടത്തിയ വെടിവെപ്പിനെ സംബന്ധിച്ചുമെല്ലാം വിവരിച്ചുകേട്ടു. കേരളത്തിലെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ ഉപയോഗപ്പെടുത്തി സാമ്രാജ്യത്വ ശക്തികള്‍ സംഘടിപ്പിച്ചതായിരുന്നു അന്നത്തെ വിമോചന സമരമെന്ന് മനസ്സിലായത് പിന്നീടാണ്.
ഞങ്ങളുടെ കൊച്ചുവീടു നില്‍ക്കുന്ന പറമ്പിനോട് ചേര്‍ന്ന് ഒരു നടവഴി ഉണ്ടായിരുന്നു. ഇളങ്കൂറില്‍നിന്നും തച്ചൂണിയിലേക്കുളള സഞ്ചാര മാര്‍ഗ്ഗം അതായിരുന്നു. ഇന്ന് സാമാന്യം ഭേദപ്പെട്ട റോഡായി മാറിയിരിക്കുന്നു അത്. അക്കാലത്ത് രാത്രി നന്നായി ഇരുട്ടിയാല്‍ ഒരാള്‍ ഒച്ചവെച്ചും ബഹളം ഉണ്ടാക്കിയും ആ നടവഴിയിലൂടെ മിക്ക ദിവസവും പോകും. ഉമ്മ അയാളുടെ പേര് പറഞ്ഞു തന്നു. കൂട്ടത്തില്‍ പറഞ്ഞു: 'അയാള്‍ കമ്മ്യൂണിസ്റ്റാ; കമ്മ്യൂണിസ്റ്റുകാര്‍ മതമില്ലാത്തവരാ.'
കമ്മ്യൂണിസ്റ്റ്കാരെക്കുറിച്ച് മനസ്സില്‍ പതിഞ്ഞ പ്രഥമധാരണ അതാണ്. ഞങ്ങളുടെ ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റുകാരെല്ലാം അക്കാലത്ത് കുടിയന്മാരായിരുന്നു. മതമില്ലാത്തവരും. നമസ്‌കാരവും നോമ്പുമുണ്ടായിരുന്നില്ലെന്നുമാത്രമല്ല; ചിലരെങ്കിലും റമദാന്റെ പകലുകളില്‍ പരസ്യമായി പുകവലിക്കുമായിരുന്നു. മതനിഷ്ഠയുളള കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം കമ്മ്യൂണിസത്തോട് കടുത്ത വെറുപ്പായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ കാണുന്നത് ഒഴിവാക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാലിന്ന് ഞങ്ങളുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരും മറ്റുളളവരെ പോലെത്തന്നെ മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നവരാണ്. മദ്യപാനവും അവരിലായി പ്രത്യേകം കാണപ്പെടുന്നില്ല. മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെത്തന്നെയാണ് അവരുമെന്നര്‍ഥം.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി മഞ്ചേരിയില്‍ പോകാന്‍ തുടങ്ങിയതോടെ കമ്മ്യൂണിസ്റ്റ്കാരുടെ പല പ്രകടനങ്ങളും സമര പരിപാടികളും കാണാനും ശ്രദ്ധിക്കാനും അവസരം ലഭിച്ചു. അവരുടെ പൊതുയോഗങ്ങളിലെ പ്രസംഗങ്ങള്‍ കേള്‍ക്കാനും സാധിച്ചു. അക്കാലത്ത് കഷ്ടപ്പെടുന്നവര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി അവര്‍ മുഴക്കിയിരുന്ന മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും മനസ്സില്‍ ഇടം നേടാതിരുന്നില്ല. ഭൂപരിഷ്‌കരണ നിയമം ഞങ്ങളുടെ ഗ്രാമത്തിലുള്‍പ്പെടെ ഉണ്ടാക്കിയ മാറ്റങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് നല്ല താല്‍പര്യവും മതിപ്പും വളര്‍ത്തി. കൃഷിചെയ്തുണ്ടാക്കുന്ന നെല്ല് മുഴുവനും ജന്മിക്ക് കൊടുത്താലും പാട്ട ബാക്കികൊണ്ട് പ്രയാസപ്പെട്ടുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് ഭൂപരിഷ്‌കരണ നിയമം നല്‍കിയ ആശ്വാസം വളരെ വലുതാണ്.
ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ഇസ്‌ലാമിനെ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി മനസ്സിലാക്കുകയും ഉള്‍കൊളളുകയും ചെയ്തതോടെ വിശ്വാസത്തിലൂം ജീവിത വീക്ഷണത്തിലും വമ്പിച്ച മാറ്റം സംഭവിച്ചു. വ്യത്യസ്ത ദര്‍ശനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും മനുഷ്യനെയും പ്രപഞ്ചത്തെയും നന്നായി നിരീക്ഷിക്കാനും വിലയിരുത്താനും തുടങ്ങി. ദേശീയവും അന്തര്‍ദേശീയവുമായ അവസ്ഥകളെയും സംഭവഗതികളെയും പഠിക്കാനും തുടങ്ങി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പ്പെടെ ധാരാളം മാര്‍ക്‌സിയന്‍ പുസ്തകങ്ങള്‍ വായിച്ചു. കമ്മ്യൂണിസ്റ്റ്കാരും വിമര്‍ശകരും എഴുതിയ നിരവധി കൃതികള്‍ പരിശോധിച്ചു. പുതിയ വായനയും പഠനവും കമ്മ്യൂണിസത്തിന്റെ ദൗര്‍ബല്യങ്ങളും പ്രകൃതി വിരുദ്ധതയും അപ്രായോഗികതയും ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
കമ്മ്യൂണിസം സ്വപ്നം കാണുന്ന ലോകം വളരെ സുന്ദരമാണ്. ആരും കൊതിച്ചുപോകുന്നതും. അത് ലക്ഷ്യംവെക്കുന്നത് വര്‍ഗരഹിത സമൂഹ(Classless Society) മാണല്ലോ. അഥവാ തൊഴിലാളിയും മുതലാളിയും നേതാവും അനുയായിയും ഭരണാധികാരിയും ഭരണീയനും പോലീസും പട്ടാളവും കോടതിയുമൊന്നുമില്ലാത്ത സമൂഹം. ഓരോരുത്തരും തങ്ങളുടെ വശമുളളതെല്ലാം സമര്‍പ്പിക്കുകയും എല്ലാവര്‍ക്കും ആവശ്യമായത് ലഭ്യമാവുകയും ചെയ്യുന്ന സമൂഹം. എന്നാല്‍ ഇന്നുളള മനുഷ്യരെയൊക്കെ നിലനിര്‍ത്തിയും ജീവിക്കാന്‍ അനുവദിച്ചും ഇത്തരമൊരു സമൂഹത്തിന്റെ നിര്‍മിതി സാധ്യമല്ലെന്നും എല്ലാവരെയും കൊന്നൊടുക്കി ഓരോ രാജ്യത്തും അങ്ങിങ്ങായി ഓരോരുത്തര്‍ മാത്രമുണ്ടാകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തതല്ലാതെ ഇത്തരമൊരു വര്‍ഗ്ഗരഹിത സമൂഹം രൂപപ്പെടുക സാധ്യമല്ലെന്നറിയാത്ത സാമാന്യബുദ്ധിയുളള ആരും ഇന്ന് ലോകത്തുണ്ടാവില്ല.
കുടുംബത്തെ സംബന്ധിച്ച കമ്മ്യൂണിസത്തിന്റെ കാഴ്ചപ്പാടു പോലും കാറല്‍മാര്‍ക്‌സ് ഉള്‍പ്പെടെ ഒരൊറ്റ കമ്മ്യൂണിസ്റ്റ് നേതാവിനും കൂടി പ്രയോഗവല്‍ക്കരിക്കാന്‍ സാധിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ ആദിയില്‍ നിലനിന്നിരുന്നത് യുഗ്മ കുടുംബ ഘടനയാണ്. മാതൃ കേന്ദ്രീകൃതമായ കുടുംബ വ്യവസ്ഥ. അക്കാലത്ത് കുട്ടികള്‍ പിതാക്കന്മാര്‍ ആരാണെന്നറിയുമായിരുന്നില്ല. പിന്നീട് സ്വകാര്യസ്വത്തിന്റെ സംരക്ഷണാര്‍ത്ഥം പെണ്ണിനെ സ്വകാര്യവല്‍ക്കരിച്ചു. അങ്ങനെയാണ് നിലവിലുളള കുടുംബ സംഘടനയുണ്ടായതെന്ന് കമ്മ്യൂണിസം അവകാശപ്പെടുന്നു. വിവാഹത്തെയും കുടുംബത്തെയും താത്വികമായിത്തന്നെ നിരാകരിക്കുന്നു.
സര്‍വോപരി കമ്മ്യൂണിസം തീര്‍ത്തും ദൈവവിരുദ്ധവും മതനിഷേധപരവുമാണ്. അതിന്റെ പ്രപഞ്ചവീക്ഷണം തീര്‍ത്തും ഭൗതികവാദപരമാണ്. അത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലധിഷ്ഠിതമാണ്. അവിടെ ഒരു സ്രഷ്ടാവിന് സ്ഥാനമില്ല. അതുകൊണ്ടുതന്നെ കമ്മ്യൂണിസം ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നില്ല.
ഇങ്ങനെയെല്ലാമായിരുന്നിട്ടും കമ്മ്യൂണിസം ലോകത്ത് വമ്പിച്ച സ്വാധീനം നേടി. 1917-ലെ ഒക്‌ടോബര്‍ വിപ്ലവത്തോടെ സോവിയറ്റ് യൂണിയന്‍ രൂപം കൊണ്ടു. തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ കമ്മ്യൂണിസത്തിന് കീഴ്‌പ്പെട്ടു. എന്നാല്‍ അവയെല്ലാം സൈനികാക്രമണത്തിലൂടെയും അട്ടിമറിയിലൂടെയും രക്തരൂക്ഷിത കലാപങ്ങളിലൂടെയുമാണ് കമ്മ്യൂണിസത്തിന്റെ പിടിയിലമര്‍ന്നത്. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയായിരുന്നില്ല.
ജനാധിപത്യ ക്രമത്തിലൂടെ കമ്മ്യൂണിസം അധികാരത്തില്‍ വന്ന ലോകത്തിലെ രണ്ടാമത്തെ ഭൂപ്രദേശമാണ് കേരളം. 1957-ല്‍ ബാലറ്റ് പെട്ടിയിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായി. ഐക്യകേരളം രൂപം കൊണ്ട ശേഷമുണ്ടായ ആദ്യസര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് കാരുടേതായിരുന്നുവെന്നര്‍ത്ഥം. സംസ്ഥാനത്തെ മഹാഭൂരിപക്ഷവും ദൈവവിശ്വാസികളും മതാനുയായികളുമായിരുന്നിട്ടും മതവിരുദ്ധരായ കമ്മ്യൂണിസ്റ്റുകാര്‍ ഭൂരിപക്ഷം നേടി അധികാരമേറ്റു. അക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ഇന്നത്തെക്കാള്‍ ദൈവ നിഷേധികളും മതവിരുദ്ധരുമായിരുന്നു. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ആദര്‍ശവും സിദ്ധാന്തവും കൈയൊഴിച്ച കൂട്ടത്തില്‍ മതത്തോടും ദൈവ വിശ്വാസത്തോടുമുളള കടുത്ത എതിര്‍പ്പും അവസാനിപ്പിച്ചിരിക്കുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെതന്നെയായിരിക്കുന്നു. അവര്‍ കടുത്ത മതവിരുദ്ധ നിലപാടു സ്വീകരിച്ച അക്കാലത്ത് അവര്‍ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞത് പാവപ്പെട്ടവരെയും തൊഴിലാളികളെയും കൈയിലെടുക്കാന്‍ കഴിഞ്ഞതിനാലാണ്.
1980-കള്‍ വരെ ലോകത്തെങ്ങും കമ്മ്യൂണിസത്തിന്റെ സുവര്‍ണകാലമായിരുന്നു. കേരളത്തിലും സ്ഥിതി ഭിന്നമായിരുന്നില്ല. ഇടവപ്പാതിയില്‍ മഴ പെയ്താല്‍ തവരമുളച്ചു വരുന്നതുപോലെ മുതലാളിത്തം നാടുനീങ്ങി കമ്മ്യൂണിസം കടന്നു വരികയെന്നത് പ്രകൃതി നിയമമാണെന്ന് കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ അഹങ്കാരത്തോടെ അവകാശപ്പെട്ടിരുന്നു. ചോരയുടെ നിറം ചുവപ്പാണെങ്കില്‍ ലോകം ചുവക്കുകതന്നെ ചെയ്യുമെന്ന് അവര്‍ വീറോടെ വാദിച്ചു.
കമ്മ്യൂണിസത്തിന്റെ ഈ സുവര്‍ണകാലത്ത് മുസ്‌ലിം സമൂഹം അവരുടെ മുന്നേറ്റത്തിനുമുമ്പില്‍ പകച്ചുനിന്നു. സമൂദായത്തിലേക്കുളള കമ്മ്യൂണിസത്തിന്റെ കടന്നുകയറ്റത്തെ ചില ഫത്‌വകളിലൂടെയും ബഹിഷ്‌കരണങ്ങളിലൂടെയും തടഞ്ഞു നിര്‍ത്താമെന്നായിരുന്നു ആദ്യാകാലത്ത് പണ്ഡിതന്‍മാരുടെയും സമുദായ നേതാക്കളുടെയും ധാരണ. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് ബോധ്യമായതോടെ അവര്‍ പതറുകയും വിറങ്ങലിച്ചു നില്‍ക്കുകയും ചെയ്തു. ചകിതമനസ്സുമായി വിശ്വാസികള്‍ പകച്ചുനിന്നു. ഈ ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമി കമ്മ്യൂണിസ്റ്റ്കാരുമായി വമ്പിച്ച ആദര്‍ശ സമരത്തിലേര്‍പ്പെട്ടത്. ഇസ്‌ലാമിക പ്രവര്‍ത്തകരും പണ്ഡിതന്മാരും പ്രഭാഷകരും എഴുത്തുകാരും പ്രസ്ഥാന നേതാക്കളും കമ്മ്യൂണിസ്റ്റുകാരുമായി മുഖാമുഖം ഏറ്റുമുട്ടി. അവര്‍ കമ്മ്യൂണിസത്തിന്റെ ദൗര്‍ബല്യങ്ങളും അപ്രായോഗികതയും തെളിയിച്ചുകാട്ടി. അതിന്റെ മാനവിക വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ അടിസ്ഥാനങ്ങള്‍ തുറന്നുകാണിച്ചു. മതത്തോടും ദൈവത്തോടുമുളള അതിന്റെ എതിര്‍പ്പും സമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്തി. അതിന്നായി നൂറുകണക്കിന് പ്രഭാഷണങ്ങളും സ്റ്റഡി ക്ലാസുകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചു. അക്കാലത്തെ ഏറ്റവും ആവേശകരവും ഫലപ്രദവുമായ പരിപാടി സിമ്പോസിയങ്ങള്‍ നടത്തലായിരുന്നു. സമാധാനാന്തരീക്ഷത്തില്‍ തികച്ചും ജനാധിപത്യ മര്യാദകള്‍ പാലിച്ചും പരസ്പര ബഹുമാനം നിലനിര്‍ത്തിയും നൂറുകണക്കിന് ആദര്‍ശ സംവാദങ്ങളും ആശയ സംഘട്ടനങ്ങളും നടന്നു. നാടിന്റെ മുക്കുമൂലകളിലെല്ലാം സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. അവയില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ സാധിച്ചു. നിറയൗവനത്തിന്റെ കരുത്തും കഴിവും കമ്മ്യൂണിസത്തെയും ഭൗതിക പ്രസ്ഥാനങ്ങളെയും നേരിടാനുപയോഗിച്ചു. അതുകൊണ്ടുതന്നെ അക്കാലത്തെക്കുറിച്ച ഓര്‍മകള്‍ ഏറെ സുന്ദരവും മധുരോദാരവുമാണ്. സിമ്പോസിയങ്ങളുടെ ആ സുവര്‍ണകാലം ഇസ്‌ലാമിക പ്രവര്‍ത്തകരുടെയും സുവര്‍ണകാലമായിരുന്നു.
ഈ രംഗത്ത് ജമാഅത്ത് നടത്തിയ വളരെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമുദായത്തിന് വലിയ ആത്മവിശ്വാസം നല്‍കി. അതവരുടെ അഭിമാനബോധം വളര്‍ത്തി. പല കമ്മ്യൂണിസ്റ്റുകാരെയും സത്യമാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. സര്‍വ്വോപരി കമ്മ്യൂണിസത്തിലേക്കുളള മുസ്‌ലിം യുവതീ യുവാക്കളുടെ ഒഴുക്കിനെ തടഞ്ഞുനിര്‍ത്താന്‍ അതിലൂടെ സാധ്യമായി. കമ്മ്യൂണിസത്തെ പ്രതിരോധിച്ചതോടൊപ്പം ഇസ്‌ലാമിന്റെ സാധ്യതയും സാധുതയും തുറന്നുകാണിച്ചതിനാല്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഇസ്‌ലാമിന്റെ പേരില്‍ അഭിമാനത്തോടെ രംഗത്ത് വരാന്‍ തയ്യാറായി.
സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുളള കമ്മ്യൂണിസ്റ്റ് നാടുകളില്‍ ജനാധിപത്യം അനുവദിച്ച് 'നിങ്ങള്‍ക്ക് കമ്മ്യൂണിസം വേണമോ' എന്നു ചോദിച്ചാല്‍ അത് വേണ്ടെന്ന് അവര്‍ കൂട്ടത്തോടെ വിളിച്ചുപറയുമെന്ന് അക്കാലത്ത് ധാരാളമായി പ്രസംഗിച്ചിരുന്നു. അത് ജീവിത കാലത്തുതന്നെ പുലര്‍ന്നുകാണാന്‍ കഴിഞ്ഞുവെന്നതാണ് കൗതുകകരം. കമ്മ്യൂണിസം മുതലാളിത്തത്തിന്റെ മുഖ്യ എതിരാളിയല്ലാതാവുകയും മുതലാളിത്ത സാമ്രാജ്യ ശക്തികള്‍ ഇസ്‌ലാമിനെ മുഖ്യശത്രുവായി കാണാന്‍ തുടങ്ങുകയും ചെയ്തുവെന്നത് മറ്റൊരുകാര്യം. അതുകൊണ്ടുതന്നെ ഇപ്പോള്‍ ലോകത്തുടനീളം നടക്കുന്ന സംഘട്ടനം ഇസ്‌ലാമും കമ്മ്യൂണിസവും തമ്മിലല്ല. മുതലാളിത്തവും കമ്മ്യൂണിസവും തമ്മിലുമല്ല മറിച്ച് ഇസ്‌ലാമും മുതലാളിത്തവും തമ്മിലാണ്. ആദര്‍ശ സമരത്തിനും രാഷ്ട്രീയ സംഘട്ടനത്തിനും ഇത് ഒരു പോലെ ബാധകമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top