സ്‌നേഹക്കൊതി തീരാത്തവരുടെ വൃദ്ധസദന കാഴ്ചകള്‍

റഷീദ ഗഫൂര്‍ എം.വി. No image

ചമ്രവട്ടം പാലത്തിനപ്പുറമുളള തവനൂര്‍ വൃദ്ധസദനത്തിലേക്ക് ഞാനും എന്റെ മോനും കൂടി പോയത് ജൂണ്‍ മാസത്തിലെ ഒരു ശനിയാഴ്ചയായിരുന്നു. അന്തേവാസികളെ കാണുവാനായി ഓഫീസില്‍ നിന്ന് അനുവാദം വാങ്ങിയ ഞങ്ങള്‍ അവരില്‍ ചിലരുടെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും എനിക്ക് കരച്ചില്‍ വന്നു. പ്രായം കൂടിയ ഒരമ്മ എന്നോട് ചോദിച്ചു: 'നിങ്ങളും ഇവിടെ താമസിക്കാന്‍ വന്നതാണോ?' അതുകേട്ടപ്പോള്‍ എന്റെ മോന്‍ ചിരിച്ചു. അപ്പോഴേക്കും കൂട്ടത്തിലുളള പ്രായംചെന്ന അമ്മ പറഞ്ഞു: 'ഈശ്വരാ നിങ്ങളെന്താണ് അവരോട് ഇങ്ങനെ ചോദിക്കുന്നത് നമ്മുടെ ഗതി വേറെ ആര്‍ക്കും വരാതിരിക്കട്ടെ'. ഉടനെ മോന്‍ പറഞ്ഞു: “'ഞങ്ങള്‍ നിങ്ങളെ കാണാനായിട്ട് വന്നതാ.' ഞങ്ങള്‍ ഭക്ഷണഹാളിലും മറ്റുളളവരുടെ റൂമിലുമെല്ലാം ഒന്ന് കയറി ഇറങ്ങി. മുകള്‍നിലയില്‍ ഓരോ റൂമിലും നാലഞ്ചു പേര്‍ വീതം ഉണ്ടായിരുന്നു. അതില്‍ ചിലര്‍ വല്ലാതെ അവശനിലയില്‍ കട്ടിലില്‍ തന്നെ കിടക്കുന്നവരായിരുന്നു. ഒരു റൂമില്‍ പെന്‍ഷന്‍ പറ്റിയ രണ്ട് അധ്യാപികമാരെയും കണ്ടു. അവര്‍ ഞങ്ങളെ വളരെയധികം സ്‌നേഹത്തോടെ സ്വീകരിച്ചിരുത്തി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴേക്കും അവരില്‍ പലരുമായും വല്ലാത്ത മാനസിക അടുപ്പം ഉണ്ടാക്കാനായി.
ഞാന്‍ തിരിച്ച് പുറപ്പെടാനായി ഇറങ്ങി. യാത്ര പറയുമ്പോള്‍ വീണ്ടും വരണമെന്നവര്‍ സ്‌നേഹത്തോടുകൂടി പറയുകയും ചെയ്തു. അന്ന് രാത്രി മുഴുവനും അവരുടെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ. ഒടുവില്‍ ജൂലായ് മാസത്തിലെ തിങ്കളാഴ്ച ഒരിക്കല്‍ കൂടി അവരെ കാണാനായി എന്റെ മൂന്ന് മക്കളെയും കൂട്ടി ഞാനവരുടെ അടുത്തേക്ക് ചെന്നു. നമ്മള്‍ വായിച്ചറിയുന്നതിനേക്കാള്‍ നേരില്‍ കാണുമ്പോഴേ നമുക്കും നമ്മുടെ മക്കള്‍ക്കും വേദനിക്കുന്നവരുടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുളളൂ.
ഇവിടെ താമസിക്കുന്നവരൊക്കെ ഒരു കാലത്ത് എത്രയോ സമ്പത്തും പ്രശസ്തിയും ഉള്ളവരായിരുന്നുവെന്ന് ഇവരോട് കൂടുതല്‍ ഇടപഴകിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റും. ഒരു റൂമില്‍ മന്ത്രിയുടെ ബന്ധുവിനെ കണ്ടു. സുന്ദരിയായ അവര്‍ ഒരു പാട്ടുകാരി കൂടിയായിരുന്നു. റൂമിലുളള മറ്റുളളവരെല്ലാം അവരെ ഗാനകോകിലം എന്നായിരുന്നു വിളിച്ചിരുന്നത്. അവരുടെ പാട്ടൊന്ന് കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ദിവസമായി ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിന്റെ ക്ഷീണമുളളതിനാല്‍ ഞാന്‍ നാലു വരി പാടാം എന്ന് പറഞ്ഞ് എനിക്കായ് അവര്‍ നാലു വരി പാടുകയും ചെയ്തു. “ 'പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യ പുത്രന് തലചായ്ക്കാന്‍
മണ്ണിലിടമില്ലാ...'
” പാടിയ ഉടനെ അവര്‍ വിങ്ങിപ്പൊട്ടി. അത് കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നത് ഞാനറിഞ്ഞു. ആ വരികള്‍ക്ക് വളരെയധികം അര്‍ഥമുണ്ടല്ലോ. ചിലര്‍ക്ക് മൊബൈലില്‍ ബന്ധുക്കള്‍ ഫോണ്‍ വിളിക്കുന്നു.
ഇവിടെ മക്കളില്ലാത്തവരും ഉളളവരുമുണ്ട്. കൂടപ്പിിറപ്പുകളെ ഒരു കരക്കെത്തിക്കാന്‍ പാടുപെടുന്നതിനിടയില്‍ തന്റെ ജീവിതം ബലിയര്‍പ്പിക്കപ്പെട്ടവരുമുണ്ട്. രാവിലെ പ്രാതലും ഉച്ചക്ക് വാഴ ഇലയില്‍ ചൂടുളള ചോറും കറികളുമെല്ലാം കിട്ടുന്നു. അവരെ നോക്കാനും സംരക്ഷിക്കാനും ഗവണ്‍മെന്റും ജോലിക്കാരും ഉണ്ട്. എങ്കിലും മക്കളുടെയും പേരക്കിടാങ്ങളുടെയും കൂടെ ജീവിച്ച് മരിക്കാന്‍ അവര്‍ വളരെയധികം കൊതിക്കുന്നുണ്ട്. മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ വിഷം കഴിക്കാനായി പുറപ്പെട്ടവരും ഇവിടെയുണ്ട്.
വളരെയധികം സമ്പത്തും നോക്കാന്‍ പ്രാപ്തിയുമുളള മക്കളുണ്ടായിട്ടും അവരിവിടെ എത്തിപ്പെട്ടത് വിധിയുടെ പരീക്ഷണമായിരിക്കാം എന്ന് ഞാനോര്‍ത്തു. കൂടെ ഫോട്ടോ എടുക്കാന്‍ ഞാന്‍ സൂപ്രണ്ടിനോട് സമ്മതം വാങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത് “ഫോട്ടോക്ക് നില്‍ക്കുന്നത് മക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നാണ്. അതിനാല്‍ പലരും അതിന് ഇഷ്ടപ്പെടുന്നില്ല. എന്റെ ആറു വയസ്സുളള ചെറിയ മോനെ അവരില്‍ പലരും വളരെയധികം സ്‌നേഹലാളനയോടെ അടുത്തേക്ക് വിളിച്ച് തലോടിയപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് എന്റെ മരിച്ച് പോയ മാതാവും പിതാവും ഉണ്ടായിരുന്നെങ്കില്‍ എന്റെ മക്കളെ ഇവര്‍ തലോടുന്നത് പോലെ അവരും തലോടുമായിരുന്നേനെ എന്നായിരുന്നു. എന്റെ മക്കള്‍ മൂന്ന് പേരും ഓറഞ്ചുമായി അവരുടെ അരികിലെത്തി അവര്‍ക്ക് കൊടുക്കുമ്പോള്‍ അവരുടെ കണ്ണിലെ തിളക്കം ഞാന്‍ കണ്ടു. അവരുടെ കണ്ണുകളില്‍ അവരുടെ പേരകുട്ടികളെയായിരിക്കും കണ്ടത്. പ്രായം കൂടിയ ഒരു അധ്യാപികക്ക് പെന്‍ഷന്‍ പണം കിട്ടുമ്പോള്‍ അതുമായി പുറത്തേക്ക് ഇടക്കൊക്കെ കറങ്ങാന്‍ പോക്കുണ്ട് എന്നും അവര്‍ പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനി എന്നാണ് വരിക എന്നായിരുന്നു അവരുടെ ചോദ്യം. ചിലര്‍ക്ക് അവരുടെ കൂടെ എടുത്ത ഫോട്ടോ ഒന്ന് കാണണമെന്നും ആഗ്രഹം പറഞ്ഞു. അധികം വൈകാതെ ഇനിയും കാണാമെന്ന് പറഞ്ഞ് ഞാന്‍ അവരോട് യാത്ര പറഞ്ഞു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top