തേന്‍ കണം പോലെ ക്ഷമ

സമീര്‍ യൂനുസ്‌ No image

'ദുരന്തമുഖങ്ങളില്‍ ക്ഷമ (സ്വബ്ര്‍) അതിന്റെ പേര് പോലെ കയ്പുറ്റത്, അതിന്റെ പരിണതിയോ തേന്‍ പോലെ മധുരതരം' എന്നൊരു അറബിക്കവി പാടിയിട്ടുണ്ട്. ഞാനീ കവിതാശകലത്തെക്കുറിച്ച് വളരെ നേരം ആലോചിച്ചിരുന്നിട്ടുണ്ട്. ഏതൊരു പ്രയാസകരമായ സന്ദര്‍ഭം വരുമ്പോഴും ക്ഷമ കൈകൊള്ളുക എന്നത് കയ്പു നിറഞ്ഞ അനുഭവം തന്നെയായിരിക്കും. മനസ്സിനത് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അന്ന് ക്ഷമിച്ചതിന്റെ ഫലമായി ഉണ്ടായിത്തീര്‍ന്നിട്ടുള്ള നന്മകള്‍ ആലോചിക്കുമ്പോഴാണ് അതെത്രമാത്രം മധുരതരമായിത്തീര്‍ന്നു എന്ന് നമുക്ക് അനുഭവപ്പെടുക. പുല്ലിനെയും റോസാപ്പൂവിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു ഇസ്‌ലാമിക പ്രബോധകന്‍ എഴുതിയത് ഓര്‍ക്കുകയാണ്: ''എത്ര കൂര്‍ത്ത് മൂര്‍ത്ത മുള്ളുകള്‍ക്കിടയിലാണ് ഒരു റോസാപ്പൂ വളരുന്നത്, ആ മുള്ളുകളുടെ കുത്തേറ്റ് അതെത്ര തവണ വേദനിച്ചിരിക്കും. അതൊക്കെ ക്ഷമിച്ചതിന്റെ ഫലമായി അതൊടുവില്‍ എത്തിച്ചേരുന്നതെവിടെയെന്ന് നോക്കൂ. നേതാക്കന്മാരുടെയും പ്രമുഖരുടെയും സദസ്സുകളില്‍! പ്രൗഢിയുടെയും സൗന്ദര്യത്തിന്റെയും ചിഹ്നമായിത്തീരുകയാണ് അത്. ഒരു പനിനീര്‍ പൂവിനേക്കാള്‍ മൃദുലമായ സമ്മാനം ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതാവുന്നു. എന്നാല്‍ ഒരു പുല്‍ക്കൊടിയോ? അത് അത്തരം ത്യാഗത്തിനൊന്നും തയാറാവുന്നില്ല. കഴുതയുടെ ആലയില്‍ തീറ്റയായി എത്തിച്ചേരാനാണ് അതിന്റെ വിധി. ആളുകള്‍ ആ പുല്‍ക്കൊടിയെ അലക്ഷ്യമായി ചവിട്ടി കടന്നുപോകുന്നു. അവഹേളനത്തിന്റെ ചിഹ്നമായി അത് നിലകൊള്ളുന്നു.''
പറഞ്ഞുവരുന്നത് വിശ്വാസിയുടെ ഒരു സ്വഭാവത്തെക്കുറിച്ചാണ്. അതിഥിയെ സ്വീകരിച്ചിരുത്തും പോലെയായിരിക്കും വിശ്വാസി പ്രയാസഘട്ടങ്ങളെ സ്വീകരിച്ചിരുത്തുക. എന്തൊക്കെ പ്രയാസങ്ങളുണ്ടായാലും സ്വീകരണത്തില്‍ ഒരു കുറവും ഉണ്ടാവുകയില്ല. പരാതിയോ പരിഭവമോ കുറ്റം പറച്ചിലോ ഒന്നുമില്ല. ആ മനുഷ്യന്‍ തന്റെ രക്ഷിതാവിന്റെ അടുക്കല്‍ ഏറ്റവും ഭംഗിയായി ക്ഷമിക്കുന്നവരുടെ സംഘത്തില്‍ ഉള്‍പ്പെടാന്‍ ഇത് കാരണമായിത്തീരും. സുന്ദരമായി ക്ഷമിക്കാനാണല്ലോ അല്ലാഹു പ്രവാചകനോട് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയ നിര്‍ദേശവും ഇതു തന്നെയായിരുന്നു. അത്തരം മാതൃകകള്‍ ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നുമുണ്ടല്ലോ. പ്രവാചകന്‍ യഅ്ഖൂബ്(അ) പ്രതിസന്ധികളിലേക്ക്്് എടുത്തെറിയപ്പെട്ടപ്പോള്‍ അദ്ദേഹം സുന്ദരമായി ക്ഷമിച്ചതായി ഖുര്‍ആന്‍ പറയുന്നു (യൂസുഫ് 63). യൂസുഫ്, ബിന്‍യാമിന്‍ എന്നീ രണ്ട്് മക്കളെ നഷ്ടപ്പെട്ടതാണ് ആ പ്രവാചകന് തീരാ വ്യഥയായിത്തീര്‍ന്നത്.
സ്വബ്‌റ് (ക്ഷമ) എന്ന വാക്ക് അതിന്റെ വിവിധ പ്രയോഗരൂപങ്ങളിലായി ഖുര്‍ആനില്‍ 104 ഇടത്ത് വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ ചൈതന്യത്തെക്കുറിച്ച് പഠനം നടത്തുന്ന പക്ഷം ക്ഷമയും നന്ദിപ്രകാശനവും അതിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നത്് കാണാനാവും. സ്രഷ്ടാവായ അല്ലാഹുവിനോടുള്ള നന്ദിപ്രകാശനമാണ് ഉദ്ദേശിക്കുന്നത്. ഇബ്‌നു തൈമിയ്യ ക്ഷമയെ മൂന്നായി തിരിച്ചിട്ടുണ്ട്. ഒന്ന്: ദൈവകല്‍പ്പനകള്‍ അനുസരിക്കാനുള്ള ക്ഷമ. നല്ല ക്ഷമയുണ്ടെങ്കിലേ അതിന് സാധ്യമാവൂ. രണ്ട്: ദൈവധിക്കാര പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. അതിനും നല്ല ക്ഷമ വേണം. മൂന്ന്: സ്വന്തം ഇച്ഛ പ്രകാരമല്ലാതെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക്് മുമ്പില്‍ പിടിച്ച് നില്‍ക്കുക. ഇതെല്ലാം മുമ്പില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ക്ഷമിക്കുന്ന ആള്‍ക്ക് അതിന്റെ അനന്തര ഫലമെന്നോണം നിരവധി ഗുണങ്ങള്‍ ആര്‍ജിക്കാനാവും. അതെക്കുറിച്ച് ചെറിയൊരു വിശദീകരണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്്.
ഒന്ന്: രക്ഷിതാവിന്റെ സ്‌നേഹം ലഭിക്കുന്നു. ഈ സ്‌നേഹത്തെക്കുറിച്ച് ഖുര്‍ആനില്‍ പലേടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 'ക്ഷമാലുക്കളെ അല്ലാഹു സ്‌നേഹിക്കുന്നു' എന്നൊരിടത്ത്. അപ്പോള്‍ ജീവിത പരീക്ഷണങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സ്‌നേഹപ്രകടനമായി തന്നെ കാണാന്‍ പറ്റും; അവന്റെ കാരുണ്യമായും. കാരണം, നിങ്ങളൊരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കണം എന്നൊരിക്കലും നിങ്ങള്‍ ആഗ്രഹിക്കില്ലല്ലോ. അങ്ങനെയെങ്കില്‍ താന്‍ സ്‌നേഹിക്കുന്നവര്‍ക്കുള്ള അല്ലാഹുവിന്റെ സമ്മാനമായി അതിനെ കാണാന്‍ കഴിയണം. ഔദാര്യവാനായ അല്ലാഹുവിന്റെ ഏറ്റവും വലിയ സമ്മാനം. റസൂല്‍(സ) അക്കാര്യം നമ്മെ ഇങ്ങനെ ഉണര്‍ത്തുന്നു: ''ക്ഷമയേക്കാള്‍ നിറഞ്ഞതും വിശാലവുമായ സമ്മാനം ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ല.''
രണ്ട്: അല്ലാഹുവിന്റെ കൂടെയുണ്ടായിരിക്കും നാമെപ്പോഴും. നിങ്ങളുടെ എല്ലാ കാര്യവും നിങ്ങള്‍ അല്ലാഹുവിനെ ഏല്‍പ്പിക്കുകയാണ്. ജീവിതത്തിലെ സൗഭാഗ്യവും നൈരാശ്യവും അതില്‍ പെടുന്നു. അല്ലാഹുവിനൊപ്പം നാം നമ്മെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ടെങ്കില്‍ ദൈവികമായ സംരക്ഷണവും പരിലാളനയും നമ്മെ വലയം ചെയ്യാതിരിക്കില്ല. ഒപ്പം ദൈവികമായ സഹായവും പിന്‍ബലവും. 'അറിയുക, ക്ഷമയോടൊപ്പമത്രെ വിജയം' എന്ന് പ്രവാചകന്‍.
മൂന്ന്: അറ്റമില്ലാത്ത പ്രതിഫലം. യാതൊരു കണക്കുമില്ലാതെ ക്ഷമാലുക്കള്‍ക്ക് പ്രതിഫലം നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത് (അസ്സുമര്‍:10). ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ഒരിക്കലും ലംഘിക്കപ്പെടാത്ത വാഗ്ദാനം. കണക്കില്ലാതെ എന്ന് അല്ലാഹു പറയുമ്പോള്‍ എനിക്കോ നിങ്ങള്‍ക്കോ അത് ഭാവനയില്‍ കാണാന്‍ പോലും കഴിയാത്തത്ര ബൃഹത്തും ഗംഭീരവും ആയിരിക്കുമെന്ന് മനസ്സിലാക്കണം. അതിനെക്കുറിച്ചാണ് പ്രവാചകന്‍ പറഞ്ഞത്: ''ആ സ്വര്‍ഗ്ഗത്തിലുള്ളത് ഒരു കണ്ണും കാണാത്തത്, ഒരു ചെവിയും കേള്‍ക്കാത്തത്, ഒരു ഹൃദയവും അനുഭവിക്കാത്തത്.''
നാല്: തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രതിഫലം, അതിന് കാരണമായ കര്‍മം ഇടക്ക് നിന്നുപോയാലും. ദൈവമാര്‍ഗത്തില്‍ കര്‍മം ചെയ്തുകൊണ്ടേയിരുന്ന ഒരു വിശ്വാസി രോഗത്തിനോ മറ്റോ അടിപ്പെട്ട് ഒന്നും ചെയ്യാനാവാത്ത നിലയില്‍ എത്തിപ്പെടുന്നു. എങ്കില്‍ കര്‍മനിരതനായ കാലത്ത് ലഭിച്ചുകൊണ്ടിരുന്ന പ്രതിഫലം ആ മനുഷ്യന് തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുമെന്ന് പ്രവാചകന്‍ നമ്മെ ആശ്വസിപ്പിച്ചിട്ടുണ്ട്: ''ശരീരം രോഗത്താലോ മറ്റോ പരീക്ഷിക്കപ്പെടുന്ന സത്യവിശ്വാസിയെ ചൂണ്ടി അല്ലാഹു മലക്കുകളോട് പറയും: എന്റെ തീരുമാനത്താല്‍ തളച്ചിടപ്പെട്ട എന്റെയീ ദാസന് നിങ്ങള്‍ പ്രതിഫലം രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുക, അവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്തെന്നപോലെ.''
അഞ്ച്: പാപങ്ങള്‍ പൊറുക്കപ്പെടുന്നു. തെറ്റ് പറ്റുന്നവനാണല്ലോ മനുഷ്യന്‍. തെറ്റുപറ്റാത്തവരായി ആദം സന്തതികളില്‍ ആരുമില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. പൊറുക്കപ്പെടാതെ പാപങ്ങളങ്ങനെ കുമിഞ്ഞുകൂടുകയാണെങ്കില്‍ അത് മനുഷ്യന്റെ നാശത്തിലാണ് കലാശിക്കുക. അതിനൊരു പരിഹാരമായി ക്ഷമയെയാണ് പ്രവാചകന്‍ എണ്ണിയിരിക്കുന്നത്: ''സ്വന്തത്തിന്റെ കാര്യത്തില്‍, മക്കളുടെ കാര്യത്തില്‍, അല്ലെങ്കില്‍ സ്വന്തം ധനത്തിന്റെ കാര്യത്തില്‍ വിശ്വാസി പരീക്ഷിക്കപ്പെട്ടാല്‍ അവന്റെ പാപങ്ങള്‍ കൊഴിഞ്ഞ് പൊയ്്‌ക്കൊണ്ടിരിക്കും, മരത്തില്‍ നിന്ന് ഇല കൊഴിയും പോലെ.'' മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ്: ''അല്ലാഹുവിങ്കല്‍ ഒരാള്‍ക്ക് ഒരു പദവി കിട്ടാനിരിക്കുന്നു, പക്ഷേ സ്വന്തം കര്‍മം വെച്ച് നോക്കിയാല്‍ ഒരു നിലക്കും അവിടെ എത്താനും സാധ്യമല്ല, അങ്ങനെയുള്ള ആളെ അയാളുടെ ശരീരത്തിലോ മക്കളിലോ സമ്പത്തിലോ പരീക്ഷിക്കുകയാണ് ചെയ്യുക.'' പരീക്ഷണഘട്ടങ്ങളെ ഈയൊരു മാനസികാവസ്ഥയോടെ കൈകാര്യം ചെയ്യുന്ന ഒരാള്‍ക്ക് അതൊന്നും ഒരു പ്രയാസമായി തോന്നുകയേ ഇല്ല. അതൊക്കെ അനുഗ്രഹമായും സമ്മാനമായും നോക്കിക്കാണാന്‍ അയാള്‍ പഠിക്കും. ശരീരത്തിന്റെ വേദന കയ്പുറ്റ ഒരു മരുന്നാണെന്നും രോഗശാന്തിക്ക് അത് അനിവാര്യമാണെന്നുമുള്ള ആശ്വാസത്തില്‍ അയാള്‍ക്ക് എത്തിച്ചേരാനാവും.
ആറ്: പരീക്ഷണം വ്യക്തിക്ക് സംരക്ഷണ വലയം തീര്‍ക്കലാണ്. അതൊരു ശിക്ഷണത്തിന്റെ പാഠശാലയാണ്. ശഅ്ബി എന്ന പണ്ഡിതന്‍ ഇതിനെ കോഴിമുട്ടയോട് ഉപമിച്ചിട്ടുണ്ട്. കോഴിമുട്ട കാണുന്നയാള്‍ക്ക് തോന്നുക അതിനകത്തുള്ളതെല്ലാം ഒരു പുറന്തോടിനാല്‍ ബന്ധിക്കപ്പെട്ട് കിടക്കുകയാണല്ലോ എന്നാണ്. യഥാര്‍ഥത്തില്‍ ആ പുറന്തോട് ബന്ധനമല്ല. മുട്ടക്ക് പ്രായമാകുംവരെക്കുള്ള സംരക്ഷണ കവചമാണ്. ആ കാലമത്രയും നാം ക്ഷമിച്ചിരിക്കേണ്ടി വരും. ക്ഷമിച്ചിരുന്നാല്‍ പുതിയ ഒരു സൃഷ്ടി തന്നെയായിരിക്കും അതില്‍ നിന്ന് പുറത്ത് വരിക. യൂസുഫ് പ്രവാചകനെക്കുറിച്ചുള്ള സത്യങ്ങള്‍ വെളിപ്പെടുന്നത്് വര്‍ഷങ്ങള്‍ നീണ്ട പ്രയാസങ്ങള്‍ക്കൊടുവിലാണല്ലോ.
ഏഴ്: സ്വര്‍ഗം നേടാം എന്നത് തന്നെയാണ് പരമപ്രധാനമായ സംഗതി. ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ''എന്റെ ദാസന്റെ വേണ്ടപ്പെട്ടവരെ ഞാന്‍ തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവനെ ഞാന്‍ സ്വര്‍ഗാവകാശികളില്‍ ഉള്‍പ്പെടുത്താതിരിക്കില്ല'' (ബുഖാരി). മറ്റൊരു ഖുദ്‌സിയായ ഹദീസ്: ''ഈ ലോകത്ത് വെച്ച് എന്റെ അടിമയുടെ ഇന്ദ്രിയങ്ങളില്‍ വിശിഷ്ടമായത് (കണ്ണുകള്‍) ഞാന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവന് എന്റെയടുക്കലുള്ള പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നായിരിക്കില്ല.''
എട്ട്: പരലോകശിക്ഷയുടെ കാഠിന്യം കുറഞ്ഞ് കിട്ടും. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടും. ആ ശിക്ഷ ചിലപ്പോള്‍ ഇഹലോകത്ത് വെച്ചാവാം, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടവെച്ചേക്കാം. അല്ലാഹുവിന് കാരുണ്യം തോന്നുന്നത് കൊണ്ടാകാം ഒരാളുടെ പരീക്ഷണം ഈ ലോകത്ത് വെച്ച് തന്നെ ആയിപ്പോകുന്നത്. അതിന് മാത്രമുള്ള ശിക്ഷ പരലോകത്ത് ഇളവ് ചെയ്യുമെന്ന് പ്രവാചകന്‍ ശുഭ വാര്‍ത്ത അറിയിച്ചിട്ടുണ്ട്. ഇഹലോക ശിക്ഷകള്‍ പെട്ടെന്ന് നീങ്ങിപ്പോകും. ഏറ്റവും കഠിനവും നീങ്ങിപ്പോകാത്തതും പരലോക ശിക്ഷ തന്നെയാണല്ലോ. റസൂല്‍(സ) പറഞ്ഞു: ''ഒരാള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന്റെ ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ ആക്കും. ഇനി ഒരാള്‍ അയാളുടെ പാപങ്ങളുമായി പരലോകത്തേക്ക് നീട്ടിവെക്കപ്പെടുകയാണെങ്കില്‍ അതയാള്‍ക്ക് തിന്മയായാണ് ഭവിക്കുക''(തിര്‍മിദി).
ഒമ്പത്: ക്ഷമയിലൂടെയത്രെ നേതൃ പദവി കൈവരുന്നത്്. ഖുര്‍ആന്‍ പറഞ്ഞു: ''നമ്മുടെ മാര്‍ഗദര്‍ശന പ്രകാരം ചലിക്കുന്ന നേതാക്കളാക്കി നാം അവരെ മാറ്റി, അവര്‍ ക്ഷമാലുക്കളായിരുന്നത് കൊണ്ട്'' (അസ്സജദ-24).
മുഹമ്മദ്് നബി(സ)യുടെ ജീവിതമെടുത്ത് പരിശോധിക്കുക. എന്തെല്ലാം പ്രതിസന്ധിഘട്ടങ്ങളാണ് അദ്ദേഹം ക്ഷമയോടെ തരണം ചെയ്തത്്. സ്വന്തം ജനത കഠിനമായി പീഡിപ്പിച്ചപ്പോള്‍ അദ്ദേഹം ക്ഷമിച്ചു. ഭാര്യ ഖദീജ(റ)യെയും മകനെയും നഷ്ടപ്പെട്ടപ്പോള്‍ ക്ഷമിച്ചു. സ്വന്തം ജനത നാട്ടില്‍ നിന്ന് ആട്ടിയോടിച്ചപ്പോള്‍ ക്ഷമിച്ചു. ഭാര്യ ആഇശ(റ)ക്കെതിരെ കള്ളാരോപണമുയര്‍ന്നപ്പോഴും ക്ഷമാലുവായ പ്രവാചകനെയാണ് നാം കാണുന്നത്.
ക്ഷമാലുവും ത്യാഗിവര്യനായ പണ്ഡിതനുമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍. ഖുര്‍ആന്‍ സൃഷ്ടിയാണോ അല്ലേ എന്ന വാദം കൊടുമ്പിരികൊണ്ടിരിക്കെ സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു പാട് അദ്ദേഹം പീഡിപ്പിക്കപ്പെടുകയുണ്ടായി. കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അദ്ദേഹം ക്ഷമ കൈവിട്ടില്ല. സകല ദിക്കുകളിലും അദ്ദേഹത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഈയൊരു ഗുണവിശേഷവും കാരണമായി. അദ്ദേഹം ഭൗതികലോകത്ത് നിന്ന് വിടവാങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യാനികളും ജൂതരും അഗ്നിയാരാധകരുമെല്ലാം കരഞ്ഞെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അവരുടെയെല്ലാം ഇമാമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മയ്യത്ത് ഖബറിലേക്ക് എടുത്തപ്പോള്‍ നാല് മില്ല്യന്‍ ജനം തടിച്ച്കൂടിയിരുന്നുവത്രെ. ജയിലിലായിരുന്നപ്പോള്‍ ഇമാമിന് നല്‍കിയിരുന്ന ശിക്ഷ ചാട്ടവാറടിയായിരുന്നു. അടിയുടെ ഊക്കില്‍ ഇമാമിന്റെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞു. അടിവസ്ത്രത്തിന്റെ ഒരു ചരട് മാത്രം ബാക്കിയുണ്ട്. അത് കൂടി പൊട്ടിയാല്‍ ഇമാമിന്റെ നഗ്നത വെളിവാകും. ചാട്ടവാറടിക്കാര്‍ മാറിമാറി ചാട്ടവാര്‍ വീശിയിട്ടും ആ ചരട് മാത്രം പൊട്ടുന്നില്ല! രാജകിങ്കരന്‍മാര്‍ക്ക് അത്ഭുതമായി. ആ സമയത്തൊക്കെ എന്തോ ചിലത് ഇമാം ഉരുവിടുന്നത് അവര്‍ കണ്ടിരുന്നു. എന്തായിരുന്നു ഉരുവിട്ടുകൊണ്ടിരുന്നത് എന്ന് അവര്‍ പില്‍ക്കാലത്ത് അന്വേഷിച്ചപ്പോള്‍ ഇമാം പറഞ്ഞു: ''ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: അല്ലാഹുവേ നിന്റെ സിംഹാസനത്തിന്റെ മഹത്വത്തെ മുന്‍ നിര്‍ത്തി ഞാന്‍ അര്‍ഥിക്കുന്നു, ഞാന്‍ സത്യത്തിന്റെ പാതയിലാണെങ്കില്‍ എന്റെ നഗ്നത നീ വെളിപ്പെടുത്തരുതേ.''
കഴിഞ്ഞ നൂറ്റാണ്ടിലെ ക്ഷമാലുവായ നേതാവായിരുന്നു ഇമാം ഹസനുല്‍ ബന്ന. ആ ക്ഷമയുടെ സദ്ഫലങ്ങള്‍ നാം അറബ് ലോകത്തുടനീളം കാണുന്നു. ക്ഷമയോടെയുള്ള പ്രബോധന പവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന് ആഗോള പ്രചാരം നല്‍കിയത്. അദ്ദേഹത്തിന്റെ അനുയായികളും ക്ഷമയുടെ ആ പാഠങ്ങള്‍ നെഞ്ചേറ്റി. അങ്ങനെ ഒട്ടേറെ പീഡനപര്‍വങ്ങളിലൂടെ ആ സംഘം ക്ഷമയുടെ കരുത്ത് കൊണ്ട് മാത്രം ജൈത്രയാത്ര തുടരുന്നു.
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top