എഡിറ്റര്‍ക്ക്‌


അകക്കണ്ണ്
ഒക്ടോബര്‍ ലക്കത്തിലെ 'ആ ചതിക്കുഴികള്‍ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല'' എന്ന ലേഖനം ഹൃദയമിടിപ്പോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. തന്റെ ഓരോ പ്രവര്‍ത്തനവും തെറ്റാണെന്ന് ബോധ്യമുണ്ടായിരുന്ന ആ സഹോദരിയുടെ ഗതി ഇതാണെങ്കില്‍ മുമ്പും പിമ്പും നോക്കാതെ ഇത്തരം ചതിക്കുഴികള്‍ തെരഞ്ഞടുക്കുന്ന സാധാരണ സഹോദരിമാരുടെ ഗതി എന്താണ്. ഏതു സങ്കേതിക വിദ്യയും ഉപകരണങ്ങളും നന്മയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കുമ്പോള്‍ അത് നന്ന്. തിന്മയുടെ മാര്‍ഗത്തിലാണെങ്കില്‍ മറിച്ചും. നമുക്കിടയിലും അതുപോലെ തിരക്കേറിയ എത്രയേറെ ഭര്‍ത്താക്കന്മാരുടെ ഭാര്യമാരുണ്ട്? അവരില്‍ എത്രപേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. എന്നിട്ടും അവരൊന്നും ഇത്തരം ചതിക്കുഴികളില്‍ വീണുപോകുന്നില്ല?
ഈ ലേഖനത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് 'കണ്ണ്' എന്ന കവിത. ഏത് കണ്ണുകള്‍ നമ്മെ പിന്തുരുന്നുണ്ടെങ്കിലും ആത്യന്തികമായി നമ്മെ നയിക്കേണ്ട കണ്ണുകള്‍ ലോകനാഥന്റെ കാഴ്ചയെക്കുറിച്ചുള്ള അകക്കണ്ണ് തന്നെയാണ്. ഒരു വേള അത് നഷ്ടപ്പെട്ടതിന്റെ ഫലമാണ് ലേഖനത്തില്‍ അവള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇത്തരം ചതിക്കുഴികളിലേക്ക് കാലെടുത്തുവെച്ച സഹോദരിമാര്‍ക്ക് ഇതൊരു ശക്തമായ താക്കീതായിരിക്കട്ടെ.
സബീദ റസാഖ്
അഴിയൂര്‍

സ്ഖലിതങ്ങള്‍ അവഗണിക്കാമോ?
ആരാമം പുതിയ ലക്കങ്ങള്‍ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു. എങ്കിലും ലേഖനങ്ങളില്‍ കടന്നുകൂടുന്ന തെറ്റുകളെ തിരുത്തേണ്ടതല്ലേ? ആഗസ്റ്റ് ലക്കത്തില്‍ കെ.പി സല്‍വയുടെ 'ഓര്‍മപ്പെരുന്നാള്‍' എന്ന ഓര്‍മക്കുറിപ്പില്‍ പാവക്കുട്ടിക്ക് 'പാവാച്ചുട്ടി' എന്ന് പ്രയോഗിച്ചതായി കാണുന്നു. ചില പ്രദേശങ്ങളില്‍ ഗ്രാമ്യഭാഷയില്‍ പറയുന്ന പാവാച്ചുട്ടി എന്ന വാക്ക് ഏതിനെയാണ് കുറിക്കുന്നത് എന്ന് ലേഖികക്ക് അറിയില്ലേ? പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും കടന്നുകൂടുന്ന അക്ഷര പിശകുകളും നന്നായി ശ്രദ്ധിക്കേണ്ടതാണ്.
റംല അബ്ദുല്‍ ഖാദര്‍
കരുവമ്പൊയില്‍

മാറ്റിവെക്കേണ്ടത്
ജൂലൈ ലക്കത്തില്‍ കെ.പി സല്‍വ എഴുതിയ 'പെണ്ണുങ്ങളില്ലാത്ത നോമ്പുതുറകള്‍' എന്ന ലേഖനത്തിലെ ആശയത്തോട് വിയോജിക്കുന്നു. നോമ്പുതുറയില്‍ ഭക്ഷണത്തിന്റെ ആധിക്യം കാരണം അടുക്കളയില്‍ ചെലവഴിക്കുന്ന അധിക സമയം വഴി ആരാധനകള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അതു നമ്മുടെ തന്നെ പ്രശ്‌നം കൊണ്ട് തന്നെയാണ്. പലപ്പോഴും ആരോഗ്യ വിരുദ്ധങ്ങളായ കരിച്ചതും പൊരിച്ചതും തയ്യാറാക്കാനാണ് നമ്മുടെ സമയം കൂടുതലും ചെലവാകുന്നത്. ഇവയെല്ലാം അധികം കഴിച്ച് മറ്റൊന്നും തിന്നാന്‍ പറ്റാത്ത അവസ്ഥയില്‍ വയറിനെ മാറ്റുമ്പോഴാണ് ഭക്ഷണങ്ങള്‍ പാഴാകുന്നത്. പഴങ്ങളും ജ്യൂസും അടങ്ങുന്ന, അടുക്കളയില്‍ അധികം കെട്ടിപ്പിണയാത്ത ഭക്ഷണരീതി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പച്ചക്കറികളില്ലാതെ മീനും കോഴിയും മട്ടനും തുടങ്ങി ദഹനപ്രക്രിയയെ തകരാറിലാക്കുന്ന മിക്‌സഡ് ഭക്ഷണരീതി മാറ്റിവെച്ചേ മതിയാവൂ.
ഷംല നവാസ്
ദുബായ്

ശാസ്ത്രലോകത്തെ സ്ത്രീ
ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സ്ത്രീ മുന്നേറ്റം പ്രതിപാദിച്ച ലേഖനം ശ്രദ്ധേയമായി. മുസ്‌ലിം സ്ത്രീകള്‍ എല്ലാ മേഖലകളിലും സാന്നിദ്ധ്യമര്‍ഹിക്കുന്നു. എല്ലാ പ്രതിസന്ധികളോടും സമരം ചെയ്ത് പുരുഷനൊപ്പം കഴിവ് തെളിയിക്കാന്‍ പറ്റിയ രംഗങ്ങള്‍ ഇന്നുണ്ട്. കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും പുതുതലമുറയിലെ വനിതകളെ മുന്നോട്ട് നയിക്കുമ്പോള്‍ പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പരിചയപ്പെടുത്തുകയും വായനക്കാര്‍ക്ക് മുമ്പിലെ നായികമാരാക്കുകയും ചെയ്യുന്ന ആരാമത്തിലെ രചനകള്‍ ശ്രദ്ധേയമാകുന്നു.
മുബീന ശഫീഖ്
മിന്‍ഹ മറിയം
താനാളൂര്‍

ഫേസ് ബുക്ക്
ഓ! ഫേസ് ബുക്ക്
ഒരു വിളപ്പടകലെയുളള
നിന്നെ ഞാന്‍ വെറുത്തു
ഞാന്‍ കേട്ടതും അറിഞ്ഞതും
നിന്റെ തിന്മകള്‍
എന്റെ കരളിന്റെ കഷ്ണങ്ങള്‍
നിന്നിലുരുകി തീരുമെന്ന്
ഞാന്‍ ഭയപ്പെട്ടു
പക്ഷെ! ഒരു നാള്‍
വസന്തത്തിനേറെ ഇടിമുഴക്കമായി
നീ വന്നു
നേരിനെ മുക്കിയ
മീഡിയകളോട് അലറി
വിപ്ലവത്തിനേറെ തീ ജ്വാലകളാല്‍ !
നിന്‍ ചുമര്‍ എരിഞ്ഞ്
പിന്നെ കുളിരുളള കാറ്റായി
വിശുദ്ധ ചതുരത്തില്‍
നിന്‍ സീറ്റുറപ്പിച്ചു
ഈ നിമിഷം !
സ്‌നേഹിതരെ തേടുവാന്‍
കണ്ണുനീര്‍ കൈമാറുവാന്‍
വിശുദ്ധ ചതുരം പെരുക്കുവാന്‍
ഞാനുമുണ്ട് ഞാനുമുണ്ട്
നിന്റെ കൂടെ
നീ ഇരുതല
മൂര്‍ച്ചയുളള കത്തിയാണെങ്കിലും
ഉമ്മു റഫ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top