ബീഹാര്‍ നമ്മോട് പറയുന്നത

സാജിദ് അജ്മല്‍ No image

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ കോഴിക്കോട് നിന്ന് 56 പേരടങ്ങിയ സംഘം വിഷന്‍ 2016-ന്റെ നേതൃത്വത്തില്‍ ചെന്നൈ, കൊല്‍കത്ത, ഗ്യാങ്‌ടോങ് നഗരങ്ങളും ബംഗാളിലേയും ബീഹാറിലേയും ഗ്രാമങ്ങളും ഹിമാലയ സാനുക്കളും കടന്ന് നേപ്പാള്‍ വരെയെത്തി. സുദീര്‍ഘ യാത്രയില്‍ ബീഹാറില്‍ കഴിച്ചുകൂട്ടിയ രണ്ടു ദിവസം മാത്രം മതി ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവറിയാന്‍. അനായാസം കാളപ്പുറത്ത് സഞ്ചരിക്കുന്ന കുട്ടികളടക്കമുള്ള ഗ്രാമീണര്‍ ഞങ്ങള്‍ക്ക് കൗതുകമായിരുന്നു. എട്ടുപേര്‍ക്ക് സൗകര്യമുള്ള വാഹനങ്ങളില്‍ 25-ലധികം പേരാണ് യാത്ര ചെയ്യുന്നത്.
ആദ്യം ചെന്നൈ അറാറ ജില്ലയിലെ മോര്‍ബല്ല ഗ്രാമത്തില്‍ പുല്ലുകൊണ്ട് ചുവരും മേല്‍കൂരയും തീര്‍ത്ത വീടുകളാണുള്ളത്. റോഡരികില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ട് ഭയന്ന ഞങ്ങളോട് ഡ്രൈവര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത് അതാശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉപേക്ഷിച്ചതാവുമെന്നാണ്.
കൂടെയുണ്ടായിരുന്ന സുഹൃത്തിന് അസുഖമായതിനാല്‍ അറാറ കോര്‍ട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകേണ്ടിവന്നു. ആശുപത്രിയുടെ സര്‍വ നിയന്ത്രണവും തന്റെ കൈയിലെന്ന് ഭാവിക്കുന്ന പുരുഷ നഴ്‌സിന്റെ മുന്നിലാണ് എത്തിയത്. അയാള്‍ ഗ്ലൂക്കോസ് നല്‍കി അവിടെ കിടത്തി. സ്ത്രീ-പുരുഷ നഴ്‌സുമാരെല്ലാം ജോലിക്കിടയില്‍ പാന്‍മസാല ചവച്ചുകൊണ്ടേയിരിക്കുന്നു. അതിലൊരാള്‍ നിരന്നു കിടക്കുന്ന രോഗികള്‍ക്കിടയില്‍ അത് ചീറ്റിത്തുപ്പിയപ്പോള്‍ അറപ്പു തോന്നി. രോഗികള്‍ക്കൊന്നും യാതൊരു ഭാവമാറ്റവുമില്ല. ഇഞ്ചക്ഷനുവേണ്ടി മരുന്നുകളെടുത്ത് ഉപയോഗ ശൂന്യമായ കുപ്പികള്‍ തറയിലേക്ക് അലസമായി വലിച്ചെറിയുന്നു. പൊട്ടിയ ചില്ലുകള്‍ തറയില്‍ തന്നെ ചിതറിക്കിടക്കുന്നു. തുച്ഛം കട്ടിലുകള്‍ മാത്രമുള്ള ഇവിടെ രോഗികളില്‍ മിക്കവരും കിടക്കുന്നത് വൃത്തികെട്ട തറയിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായ ഇവിടേക്ക് ഛര്‍ദിയും വയറിളക്കവുമായി വന്ന രോഗികള്‍ക്കിടയിലേക്ക്, ട്രെയിനില്‍ കച്ചവടക്കാര്‍ വരുന്നതുപോലെ കക്കിരിയും മാങ്ങയും മുളകുപൊടിയുമൊക്കെയായി കച്ചവടക്കാര്‍ എത്തും. അപ്പോള്‍ ഈ ആശുപത്രികളില്‍ മാര്‍ക്കറ്റിന്റെ പ്രതീതിയാണ്. കുറഞ്ഞ സമയം കൊണ്ട് ഭക്ഷണ സാധനങ്ങളും വളകളും തുണിത്തരങ്ങളും തുടങ്ങി ഒട്ടേറെ വസ്തുക്കളാണ് വില്‍പനക്ക് വന്നത്.
വെഗാപുര ജില്ലയിലെ മുസ്‌ലിഗജ്ജ് ഗ്രാമത്തില്‍ വിഷന്‍- 2016 അമ്പതോളം വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. അവിടെ ദേശീയ പാതയോരത്തുള്ള ഗ്രാമത്തിലെത്തിയപ്പോള്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുന്ന ഗ്രാമീണര്‍ മനസ്സില്‍ നൊമ്പരമുണ്ടാക്കി. പൂത്തുലഞ്ഞു നില്‍ക്കുന്ന സൂര്യകാന്തി പാടങ്ങളുടെ ഇടയിലൂടെയുള്ള ദേശീയ പാതയുടെ മനോഹാരിത നോക്കി പറഞ്ഞു പോയി- 'എത്ര നല്ല റോഡുകളാണിവിടെ.' ഉടന്‍ വന്നു മറുപടി, 'സാര്‍, റോഡ് തിന്ന് വിശപ്പടക്കാന്‍ കഴിയില്ലല്ലോ' കണ്ണിന് ഇമ്പം നല്‍കുന്ന കാഴ്ചയാണ് സൂര്യകാന്തി പാടങ്ങളെങ്കിലും പൊരിവെയിലില്‍ പണിയെടുക്കുന്ന ഗ്രാമീണര്‍ക്ക് ഇതത്ര ഇമ്പമുള്ള കാര്യമല്ല. എല്ലു മുറിയെ പണിയെടുത്താലും ജന്‍മിക്ക് ഇഷ്ടമുള്ള കൂലിയാണ് നല്‍കുക. ചിലപ്പോള്‍ കിട്ടിയെന്നും വരില്ല. എതിര്‍ത്താല്‍ ജീവന്‍ തന്നെ അപകടത്തിലുമാവും.
ദുരന്തങ്ങളുടെ ഒരുപാട് കഥകള്‍ പറയാനുള്ള ഒറിയിലെത്തിയാല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന കോഷി പാലം കാണാന്‍ കഴിയും. കോഷി നദിയിലെ വെള്ളപ്പൊക്കം തീരാ ദുരിതമാണ് നാട്ടുകാര്‍ക്ക് ഇക്കാലമത്രയും ചൊരിഞ്ഞിട്ടുള്ളത്. ഈ നദിയോട് ചേര്‍ന്ന് കിടക്കുന്ന ഒറി ഗ്രാമത്തിലെ പല വീടുകളും ഇപ്പോഴും ചതുപ്പുനിലങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. വെള്ളപ്പൊക്കം തടയാന്‍ സര്‍ക്കാര്‍ ചെറിയ തടയണകള്‍ നിര്‍മിച്ചിട്ടുണ്ട്. എങ്കിലും മഴ ശക്തമാകുന്നതോടുകൂടി തടയണയെ നോക്കുകുത്തിയാക്കി വെള്ളം കുടിലുകളിലേക്ക് ഇരച്ചുകയറും. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റിടങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതിയാണിവിടെ. വെള്ളപ്പൊക്കത്തിനൊപ്പം ദാരിദ്ര്യവും ഇവിടത്തുകാരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒട്ടിയ വയറും ഉന്തിയ വാരിയെല്ലുകളുമായി ഒറിയുടെ മണല്‍ പരപ്പിലൂടെ ഓടിക്കളിക്കുന്ന കുട്ടികള്‍ പട്ടിണിയുടെ തീക്ഷ്ണത വെളിപ്പെടുത്തുന്നതായി ഞങ്ങള്‍ക്കു തോന്നി. ബീഹാറിലെ മറ്റു ഗ്രാമങ്ങളിലെല്ലാം ആബാലവൃദ്ധര്‍ വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ എതിരേറ്റത്. എന്നാല്‍ ഒറി ഗ്രാമവാസികള്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കം കുറഞ്ഞതിനാലാവാം കുട്ടികള്‍ ഞങ്ങളെ കണ്ട മാത്രയില്‍ ഓടി ഒളിക്കാനാണ് ശ്രമിച്ചത്. മരുഭൂമിപോലെ പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ ആഞ്ഞടിക്കുന്ന ചുടുകാറ്റ് ആ ഗ്രാമക്കാരുടെ നിറം തന്നെ പ്രത്യേക രീതിയിലാക്കിയിരിക്കുന്നു.
ഗ്രാമീണനായ ഒരു വയോവൃദ്ധന്‍ ദുരന്തകഥകള്‍ ഞങ്ങളോട് വിവരിച്ചു. രാഷ്ട്രീയക്കാരോ സര്‍ക്കാരോ തിരിഞ്ഞു നോക്കാറില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം. എന്നാല്‍ വിശപ്പ് മാറിയെങ്കിലല്ലേ പഠിക്കാന്‍ കഴിയൂ എന്നയാള്‍ നെടുവീര്‍പ്പിട്ടു. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മ മൂലമാണെന്ന് ധരിക്കേണ്ടതില്ല. ഗ്രാമീണര്‍ക്കെല്ലാം തൊഴിലുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിര്‍ബന്ധിത തൊഴില്‍. നമ്മുടെ നാട്ടിലെ കുട്ടികള്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ജന്മി-കുടിയാന്‍ വ്യവസ്ഥ പച്ചയായി ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. തൊഴിലാളികള്‍ക്ക് കൂലി നിശ്ചയിക്കുന്നതും കൊടുക്കുന്നതുമെല്ലാം ജന്മിമാര്‍ക്ക് തോന്നുന്നപോലെയാണ്.
ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഒരു മാതൃകയാണ് ബീഹാര്‍. പലയിടത്തും കക്കൂസുകളില്ല. ഉള്ളവക്ക് തന്നെ ചുമരോ മറയോ ഇല്ല. ഒരു ഗ്രാമത്തില്‍ ഒന്നോ രണ്ടോ ക്ലോസറ്റുകള്‍ മണ്ണില്‍ പൂഴ്ത്തിവെക്കും. അതിനെയാണ് കക്കൂസ് എന്ന് വിളിക്കുന്നത്.
സ്ത്രീധനം കാരണം വിവാഹസ്വപ്നം സാഫല്യമാവാത്ത ഒട്ടനേകം യുവതികളുണ്ടിവിടെ. വരന് കല്ല്യാണ സമയത്ത് മുപ്പതിനായിരം രൂപ സ്ത്രീധനം നല്‍കുക എന്ന നാട്ടുനടപ്പ് ഒരു ബീഹാരിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.
തിളങ്ങുന്ന ഇന്ത്യയുടെ ഉള്ളറകളില്‍ തിളക്കമില്ലാതെ കരുവാളിച്ചു കിടക്കുന്ന ജീവിതങ്ങള്‍ ഒരുപാടുണ്ട്. ഭരണാധികാരികള്‍ കണ്ണ് തുറന്ന് നോക്കാത്ത ഒരുപാട് കാഴ്ചകള്‍ കണ്ടാണ് ഞങ്ങളവിടെ നിന്നും മടങ്ങിയത്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top