വെളുത്തുള്ളിപ്പെരുമ.

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ്‌ No image

ഉള്ളി പലതരത്തിലുണ്ട്. ഓരോന്നിന്റെയും പേര് അതിന്റെ നിറത്തേയും രൂപസാദൃശ്യത്തെയും വിളിച്ചോതുന്നു. തൂവെള്ള നിറത്തില്‍ കണ്ടുവരുന്നത് വെള്ളുള്ളി എന്ന പേരിലും ചെറിയ രൂപത്തിലും ചുവന്ന നിറത്തിലുമുള്ളത് ചുവന്നുള്ളിയും വലിയ രൂപത്തിള്ളത് വലിയ ഉള്ളിയുമാണ്.
ഇന്ത്യയില്‍ അധികമായി ഉള്ളി കൃഷി ചെയ്യുന്നത് ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സ്റ്റേറ്റുകളിലാണ്. കേരളത്തില്‍ മറയൂരിലെ വട്ടവട എന്ന സ്ഥലത്തും കൃഷി ചെയ്തുവരുന്നു. ശക്തിയായ ഗന്ധമുള്ളതുകൊണ്ട് ഉഗ്രഗന്ധാ എന്ന പേരുമുണ്ട്.
വെളുത്തുള്ളി 30 മുതല്‍ 60 സെന്റീ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. പൂവ് വെളുത്ത നിറവും ഇലകള്‍ പച്ചയുമാണ്. ഇലകള്‍ മാംസളമായി പരന്നു വളരുന്നതും തണ്ടിന്റെ അഗ്രം പൂങ്കുലയായും രൂപാന്തരപ്പെടുന്നു.
സ്റ്റാര്‍ച്ച്, പഞ്ചസാര, ആല്‍ബുമിന്‍ എന്നിവയും, ചിലതരം വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. രുചിക്കും മണത്തിനും കാരണം അതിലടങ്ങിയിട്ടുള്ള ഡൈ സള്‍ഫൈഡാണ്. ആര്‍ത്തവ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാദരോഗങ്ങള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍, ചെവിവേദന, മൂത്രരോഗം, ദുര്‍മേദസ്സ്, പ്രമേഹം, വെള്ളപ്പാണ്ഡ്, ജ്വരം, അര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതില്‍ വെളുത്തുള്ളിക്ക് വലിയ കഴിവുണ്ട്.
വെളുത്തുള്ളി നീരും ഇഞ്ചിനീരും സമം ചേര്‍ത്ത് അതില്‍ സ്വല്‍പം തേനും ചേര്‍ത്ത് കഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന വയറുവേദനക്ക് ഗുണപ്രദമാണ്. അത് ഭക്ഷണത്തില്‍ ഉണ്ടാകുന്ന തകരാറുകളെ പെട്ടെന്നു മാറ്റി ദഹനക്രിയ വേഗത്തിലാക്കുന്നതാണ്. ശതകുപ്പാ, കായം, ചുക്ക് വറുത്തു പൊടിച്ചത് എന്നിവ വെള്ളുള്ളി നീരില്‍ അരച്ചു ഗുളികകളാക്കി ഉണക്കി സൂക്ഷിക്കുന്നത് വയറുവേദന, വയറുകാളിച്ച, എരിച്ചില്‍ പുളിച്ചു തികട്ടല്‍, ഏമ്പക്കം, തുടങ്ങിയ രോഗങ്ങള്‍ക്ക് വീട്ടില്‍ കരുതാവുന്ന പ്രഥമഔഷധമാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അഞ്ചോ ആറോ ചുള വെളുത്തുള്ളി കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ്സ് പാലും ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിച്ചു കഴിക്കുക. വെള്ളുള്ളി നീരും മുരിങ്ങയില നീരും ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും, വെള്ളുള്ളിയും മുരിങ്ങയിലയും കൂട്ടി അരച്ചു ചേര്‍ത്ത് പാലില്‍ കാച്ചി കുടിക്കുന്നതും അതിരക്തസമ്മര്‍ദം വരാതിരിക്കാന്‍ സഹായിക്കുന്നു. പാലിലെ പാട നീക്കുന്നത് നല്ലതാണ്. ശക്തിയായ വേദനക്ക് വെള്ളുള്ളിയും മുതിരയും എള്ളും കൂട്ടി അരച്ചിടുന്നതും വെള്ളുള്ളിയും മുരിങ്ങയിലയും എള്ളും കാഞ്ഞിര വള്ളിയും കൂട്ടി അരച്ചിടുന്നതും വളരെ ഫലപ്രദമാണ്. അതേപോലെ വെള്ളുള്ളി ചെറുതായി നുറുക്കി മുതിര വറുത്തു പൊടിച്ചതും ചേര്‍ത്ത് കിഴിയുണ്ടാക്കി ഉഴിയുന്നതും ഗുണപ്രദമാണ്.
വിഷബാധയേറ്റ് ബോധക്ഷയമുണ്ടായാല്‍ വെള്ളുള്ളി നീര് അരിച്ചെടുത്ത് നസ്യം ചെയ്യുന്നതും വെള്ളുള്ളിയും കുരുമുളകും ചവച്ച് ഊതുന്നതും ഉടനെ ചെയ്യാവുന്ന ചികിത്സയാണ്.
വെള്ളുള്ളിക്ക് രൂക്ഷ ഗന്ധവും ഗുണവുമുള്ളതുകൊണ്ട് അപസ്മാര രോഗത്തിനും ഫലപ്രദമാണ്. അപസ്മാര രോഗികളില്‍ ഉണ്ടാകുന്ന ചേഷ്ടകള്‍ക്ക് മുരിങ്ങയിലയും വയമ്പും വെള്ളുള്ളിയും കൂടി കൈകാല്‍ വെള്ളയില്‍ അരച്ചിടാവുന്നതാണ്.
വെളുത്തുള്ളി ഒന്നാന്തരം കീടനാശിനിയാണ്. വെളുത്തുള്ളി, മഞ്ഞള്‍, പുകയില കുമിള്‍ശത്രു ഇവ ചേര്‍ത്തുണ്ടാകുന്ന കഷായം, ചെടികള്‍ക്കുണ്ടാകുന്ന കുമിള്‍ രോഗങ്ങളെയും, കീടങ്ങള്‍ ഏറ്റുണ്ടാക്കുന്ന രോഗങ്ങളെയും ശമിപ്പിക്കും.
വെളുത്തുള്ളി വെളിച്ചണ്ണയിലിട്ട് കാച്ചിയുണ്ടാക്കുന്ന തൈലം വിരലുകള്‍ക്കിടയിലുണ്ടാകുന്ന ചൊറി, ചുണങ്ങ്, ചോറ്റുപുണ്ണ് എന്നുവക്കു പുരട്ടാന്‍ പറ്റുന്നതാണ്. ശക്തിയായ ചെവിവേദനക്ക് വെളുത്തുള്ളിയും വയമ്പും ചേര്‍ത്ത് കാച്ചി അരിച്ചെടുക്കുന്ന വെളിച്ചെണ്ണ തലയില്‍ തേക്കുന്നതും സുഖചൂടില്‍ ചെവിയില്‍ ഇറ്റിക്കുന്നതും വളരെ പ്രയോജനകരമാണ്. വെള്ളുള്ളി നാഭിയില്‍ അരച്ചിട്ടാല്‍ എളുപ്പത്തില്‍ മൂത്രം പുറത്തുപോകുന്നതുമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top