കൃഷിയും ആരോഗ്യവും

ഭാനുമതി മേനോന്‍ No image

ആറു നാട്ടില്‍ നൂറു ഭാഷ എന്നൊരു ചൊല്ലുണ്ടല്ലോ. ഭാഷ ഒന്നാണെങ്കിലും പ്രയോഗിക്കുന്ന ശൈലിയില്‍ വ്യത്യാസമുണ്ടാകാം. മുതിരയെന്നും, കാണമെന്നും, കൊള്ളെന്നും പല ഭാഷയില്‍ അറിയപ്പെടുന്നത് ഒരേ ധാന്യം തന്നെയാണ്. കുതിരയുടെ പ്രധാനഭക്ഷണമായ മുതിരക്ക് ഇംഗ്ലീഷില്‍ 'ഹോഴ്‌സ് ഗ്രാം' എന്നാണ് പേര്.
കേരളത്തില്‍ എല്ലായിടത്തും, തമിഴ്‌നാട്ടില്‍ വിപുലമായും മുതിര കൃഷിചെയ്തുവരുന്നു. മകരക്കൊയ്ത്ത് കഴിഞ്ഞ പാടത്തും വെറും പറമ്പിലും വെള്ളം കെട്ടിനില്‍ക്കാത്ത ഞാറ്റടികളിലും മുതിര കൃഷി ചെയ്യാം. ഓരോ ചാലുഴുത് വെണ്ണീരും ചാണകപ്പൊടിയും തൂവി വിത്തെറിഞ്ഞാല്‍ മതിയാകും. ചാറ്റുമഴക്കോ, മഞ്ഞിനോ മുളക്കുന്ന മുതിരച്ചെടിക്ക് കടുത്ത വേനലിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. കുറ്റിച്ചെടിയായി വളരും. ഇളം മഞ്ഞ പൂക്കള്‍ കുലകുലയായി ഉണ്ടാവും. അധികമൊന്നും പൊഴിഞ്ഞു പോകാതെ കായ്കള്‍ പിടിക്കും. കായ് ഉണങ്ങി പൊട്ടിത്തെറിക്കുന്നതിന് മുമ്പായി ചെടികള്‍ വേരോടെ പിഴുതെടുക്കണം. കൂട്ടിയിട്ട് ഉണക്കി വടികൊണ്ടടിച്ച് കൊഴിച്ച് പാറ്റിയെടുക്കണം. തമിഴ്‌നാട്ടില്‍ കാളകളെ നടത്തിച്ചാണ് മുതിര വേര്‍തിരിക്കുന്നത്.
ഉഷ്ണമാണ് മുതിരക്കുള്ളത്. ദഹനരസം പുളിപ്പായിരിക്കും. പലഹാരങ്ങള്‍, കഞ്ഞി, കറി എന്നിവയുണ്ടാക്കി കഴിക്കാവുന്നതാണ്.
ചികിത്സാ രീതി
¨ 60 ഗ്രാം മുതിര കഷായം വെച്ച് ആറ് ഔണ്‍സ് എള്ളെണ്ണ ചേര്‍ത്ത് കാച്ചിയെടുക്കുന്ന തൈലം വാതം, തണുപ്പ്, തരിപ്പ് എന്നിവക്ക്, പുറമെ തലോടിയാല്‍ നല്ല ഫലം ഉറപ്പാണ്.
¨ സ്ത്രീകള്‍ക്ക് പ്രസവ ശേഷം ഗര്‍ഭാശയ ശുദ്ധി വരുത്താനും വെള്ളപോക്ക് രോഗമുള്ളവര്‍ക്കും മുതിരക്കഷായം നല്ല മരുന്നാണ്. ഒരിടങ്ങഴി വെള്ളത്തില്‍ 60 ഗ്രാം മുതിരയിട്ട് വേവിച്ച് കുറുക്കി ഒരു നാഴിയാക്കി രണ്ടു നേരം സേവിക്കണം.
¨ പ്രമേഹം, വയറുവീര്‍പ്പ്, മൂത്രക്കല്ല് എന്നീ രോഗങ്ങള്‍ക്ക് അനുചിതമാകുന്നു മുതിര. മൂത്രത്തെ വര്‍ധിപ്പിക്കുകയും തടിച്ചവരെ മെലിയിക്കുകയും ചെയ്യും.
¨ അമിത വണ്ണമുള്ളവര്‍ക്ക് വയര്‍ നിറയെ കഴിക്കാവുന്ന ഒരു ധാന്യമാണ് മുതിര. ശരീരം മെലിയണമെന്ന ഉദ്ദേശ്യത്തോടെ ഏതു മരുന്നു ശീലിച്ചാലും അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ട്. മുതിര കഴിച്ചാല്‍ ക്ഷീണമുണ്ടാവില്ലെന്ന് മാത്രമല്ല ആരോഗ്യം വര്‍ധിക്കുകയും ചെയ്യും.
¨ വാതരോഗികള്‍ക്ക് മുതിരപ്പൊടികൊണ്ട് ഉഴിഞ്ഞാല്‍ സുഖം കിട്ടും. കൈകാലുകളുടെ വേദന, സ്വാധീനക്കുറവ്, നീര്, കടച്ചില്‍ എന്നിവയെ ശമിപ്പിക്കും. നാഴി മുതിരക്കഷായം ഉണ്ടാക്കി, മുതിര വറുത്തു പൊടിച്ച് കോട്ടന്‍ തുണിയില്‍ കിഴികെട്ടി മുതിരക്കഷായത്തില്‍ മുക്കി തടവുകയാണ് വേണ്ടത്.
¨ പ്ലീഹാ വീക്കം (കരള്‍ വീക്കം), മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്കും മുതിര നല്ലതാണ്. രക്താര്‍ബുദത്തിനും മുതിരപ്രയോഗം നല്ലതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സ്വല്‍പം മല്ലി, ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചത് വെളിച്ചെണ്ണയില്‍ കടുക് വറുത്ത ശേഷം മൂപ്പിച്ച് മുതിരക്കഷായം ഒഴിച്ച് തിളപ്പിച്ച് കഴിക്കുകയാണ് വേണ്ടത്.
¨ മൂത്രക്കല്ല് രോഗമുള്ളവര്‍ക്കും മുതിരപ്രയോഗം ഗുണം ചെയ്യും. മുതിരക്കഷായത്തില്‍ സമം മുള്ളങ്കിനീരും ചേര്‍ത്തു കഴിച്ചാല്‍ മൂത്രക്കല്ല് പൊടിഞ്ഞു പോകും. അസുഖം വരാതിരിക്കാനും ഈ ചികിത്സ വളരെ നല്ലതാണ്.
¨ പുകവലി ശീലമാക്കിയവര്‍ക്കുണ്ടാകുന്ന രോഗത്തിന് മുതിരക്കഷായം നല്ല പ്രതിവിധിയാണ്. അര്‍ശസ്സ് അഥവാ മൂലക്കുരു രോഗങ്ങള്‍ക്കും രണ്ടു നേരം ഈ കഷായം ഉപയോഗിക്കാം.
¨ ഗര്‍ഭോല്‍പാദന ശേഷി തടയുന്നതിന് ദിവസവും രാവിലെ മുതിര പുഴുങ്ങിക്കഴിച്ചാല്‍ മതിയാകും.
ശ്രദ്ധിക്കുക
മുതിരക്കഷായത്തിന്റെ കൂടെയോ മുതിരാഹാരത്തിന്റെ കൂടെയോ ഒരിക്കലും പാല്‍ കുടിക്കരുത്. ആയുര്‍വേദ വിധിയില്‍ ഇത് ആപത്താണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
വൈകുന്നേരം വരെ വയലില്‍ ജോലി ചെയ്തിരുന്നവര്‍ പിറ്റേന്ന് നവോന്മേഷത്തോട് കൂടി വീണ്ടും ജോലിക്കിറങ്ങിയിരുന്നതിന്റെ പിന്നിലും ഒരു മുതിരക്കഥയുണ്ട്. വൈകുന്നേരം കൂലി വാങ്ങി കടയില്‍ കയറി അരിയും ഉപ്പും മുളകും ഉള്ളിയും വാങ്ങുമ്പോള്‍ ഒരു പൊതി മുതിര കൂടി വാങ്ങാന്‍ അവര്‍ അമാന്തം കാണിച്ചിരുന്നില്ല. മുതിര വറുത്ത് പൊടിച്ച് വെള്ളത്തില്‍ കലക്കി ഉള്ളിയും മുളകും അരച്ചുകലക്കിയുണ്ടാക്കുന്ന ചാറിന് കാല്‍കടച്ചില്‍ മാറ്റാനും ആരോഗ്യം വീണ്ടെടുക്കാനും, ഉന്മേഷമുണ്ടാക്കുവാനും കഴിവുണ്ടെന്ന് പണ്ടുകാലത്തുള്ളവര്‍ക്ക് അറിയാമായിരുന്നു. ഉഴവുകാളകള്‍ക്ക് മുതിര കുതിര്‍ത്ത് കൊടുക്കുന്നതും ഇപ്രകാരം ഗുണങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top