ചാരസുന്ദരി

റഹ്മാന്‍ മുന്നൂര്‌ No image

കാഴ്ച ഇരുപത്തിനാല്
സലാഹുദ്ദീന്റെ വസതിക്കു മുമ്പിലെത്തിയ ഭടന്മാര്‍ ദകൂയിയെ തറയില്‍ കിടത്തി. പാറാവുകാരന്‍ ഓടിച്ചെന്ന് സലാഹുദ്ദീനോട് വിവരം പറഞ്ഞു. സലാഹുദ്ദീന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ കണ്ട് ഞെട്ടി:
സ.അ: ദകൂയി!
ദകൂയി ദയനീയമായ ഒരു ഞരക്കത്തോടെ
ദകൂയി: സലാഹുദ്ദീന്‍!
സ.അ: എന്തുപറ്റി ദകൂയി? (ഭടനോട്) വേഗം വൈദ്യനെ വിളിച്ചു കൊണ്ടുവരൂ.
സലാഹുദ്ദീന്‍ ദകൂയിയുടെ അരികില്‍ മുട്ടുകുത്തിയിരുന്ന് സ്വന്തം തലപ്പാവ് അഴിച്ചെടുത്ത് അവളുടെ രക്തം വാരുന്ന വയര്‍ അമര്‍ത്തി കെട്ടി. അവളുടെ ശിരസ്സ് സ്വന്തം മടിയില്‍ എടുത്ത് വെച്ച് അവളുടെ വായില്‍ വെള്ളം ഒഴിച്ചു കൊടുത്തു.
സ.അ: ദകൂയീ, പറയൂ, ആരാണ് നിന്നെ അപകടപ്പെടുത്തിയത്?
സലാഹുദ്ദീന്‍ ഒഴിച്ചുകൊടുത്ത വെള്ളം ദകൂയി ആര്‍ത്തിയോടെ കുടിച്ചു. വേദന കൊണ്ട് അവള്‍ പുളയുന്നുണ്ട് അപ്പോഴും. വാക്കുകള്‍ക്ക് വേണ്ടി അവള്‍ വല്ലാതെ പ്രയാസപ്പെട്ടു.
ദകൂയി: രണ്ട് പേര്‍.. ഓടിപ്പോയിട്ടുണ്ട്..വടക്ക് കിഴക്ക് ..ഭാഗത്തേക്ക്..അവരെ പിടിക്കണം ..ഉടനെ..ആപത്ത് ..വലിയ ആപത്ത് വരാന്‍ പോകുന്നു.. അവരുടെ കൈയില്‍ കത്തുണ്ട്..നാജിയുടെ..കത്ത്. കുരിശ് പടത്തലവന്. സലാഹുദ്ദീന്‍, വേഗം ഭടന്മാരെ അയക്കൂ.. അവരെ ..പിടിക്കണം ..കത്ത്.. പിടിച്ചെടുക്കണം..
വൈദ്യന്‍ പാഞ്ഞെത്തി. അയാള്‍ സലാഹുദ്ദീന്റെ തൊട്ടരികിലായി ഇരുന്ന് ദകൂയിയുടെ മുറിവ് പരിശോധിക്കുകയാണ്. അപ്പോഴേക്കും അലിയ്യുബ്‌നു സുഫ്‌യാനും എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന് പിറകിലായി ആമിറുബ്‌നു സാലിഹും മറ്റു പടത്തലവന്മാരും സ്ഥലത്തെത്തി. എല്ലാവരും ഉത്കണ്ഠയോടെ ചുറ്റും കൂടിനിന്ന് നോക്കി നില്‍ക്കുകയാണ്.
സ.അ: അലി സുഫ്‌യാന്‍, കുരിശ് പടത്തലവനുള്ള നാജിയുടെ രഹസ്യ സന്ദേശവുമായി രണ്ട് ഭടന്മാര്‍ പോയിട്ടുണ്ടെന്നാണ് ദകൂയി പറയുന്നത്.
ദകൂയി: വടക്ക് കിഴക്ക് ഭാഗത്തേക്ക്... വ്യാപാരികളുടെ വേഷത്തില്‍... രണ്ട് കുതിരകളുണ്ട്. ഒന്ന് കറുപ്പ്. ഒന്ന് തവിട്ട് നിറം. സൂക്ഷിക്കണം..ആയുധങ്ങളുണ്ട്... അവരുടെ കൈയില്‍.
സ.അ: അലി സുഫ്‌യാന്‍, അവരെ പിന്തുടര്‍ന്ന് പിടികൂടണം. സമര്‍ഥരായ എട്ട് കുതിരപ്പടയാളികളെ തെരഞ്ഞെടുത്ത്് ഉടനെ അയക്കുക. അവര്‍ അധിക ദൂരം എത്തിക്കാണുകയില്ല. അവര്‍ രക്ഷപ്പെടാന്‍ ഇടയാവരുത്.
അ.സു: ശരി അമീര്‍.
സ.അ: അവരുടെ കൈയിലുള്ള കത്ത് അവര്‍ നശിപ്പിക്കുന്നതിന് മുമ്പ് കൈവശപ്പെടുത്തണം.
അ.സു: ശരി, ഞാനിതാ വരുന്നു.
അലിയ്യുബ്‌നു സുഫ്‌യാന്‍ ധൃതിയില്‍ സ്ഥലം വിട്ടു. വൈദ്യന്‍ ദകൂയിയുടെ മുറിവ് മരുന്ന് വെച്ച് കെട്ടുകയാണ്. ഉത്കണ്ഠാഭരിതമായ നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.
സ.അ: ദകൂയി, പറയൂ. ആരാണ് നിന്നെ കുത്തിയത്?
ദകൂയി: അറിയില്ല. ഞാന്‍ കണ്ടില്ല. ഇരുട്ടായിരുന്നു. കറുത്ത തുണി പുതച്ച ഒരു രൂപം. പെണ്ണാണ്.. അവിടെ വീണു കിടക്കുന്നുണ്ട്. മൂന്ന് കുത്ത്... ഞാന്‍ കൊടുത്തിട്ടുണ്ട്. മരിച്ചിട്ടുണ്ടാവും. അതുറപ്പാണ്.
ഉടനെ ആ സ്ത്രീയെ കണ്ടെത്തി കൊണ്ടു വരിന്‍, സലാഹുദ്ദീന്‍ തന്റെ അടുത്തു നിന്ന രണ്ട് ഭടന്മാരോട് കല്‍പിച്ചു. ഇരുവരും ദകൂയി സൂചിപ്പിച്ച സ്ഥലത്തേക്ക് ഓടി. വൈദ്യന്‍ ചില പച്ചമരുന്നുകള്‍ കലക്കി ദകൂയിയുടെ വായിലിറ്റിച്ചു.
വൈദ്യന്‍: ആഴമുള്ള മുറിവാണ്. രക്തം നിന്നാലെ എന്തെങ്കിലും പറയാന്‍ പറ്റൂ. അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.
അലിയ്യുബ്‌നു സുഫ്‌യാന്‍ ഒരു കുതിരപ്പുറത്ത് പാഞ്ഞെത്തി.
അ.സു: കുതിരപ്പടയാളികളെ അയച്ചിട്ടുണ്ട്. ദകൂയിക്ക് ആശ്വാസമുണ്ടോ?
സ.അ: പടച്ചവനോട് പ്രാര്‍ഥിക്കുക.
ദകൂയി വേദനകൊണ്ട് ഞരങ്ങിക്കൊണ്ട്,
ദകൂയി: സലാഹുദ്ദീന്‍, അലി സുഫ്‌യാന്‍... എന്നോട് ക്ഷമിക്കണം. ഇത്രയേ.. എനിക്ക് ചെയ്യാനായുള്ളൂ... ഓ.. വല്ലാത്ത വേദന .. ഒരുപാട് നന്ദിയുണ്ട്... നിങ്ങളോട്. രണ്ട് പേരോടും.. നിങ്ങളാണ് എനിക്കെന്റെ അന്തസ്സ്... മനസ്സിലാക്കിത്തന്നത്... ഗതിയില്ലാഞ്ഞിട്ടാണ്... ഞാന്‍ നര്‍ത്തകിയായത്... അഛനേയും അമ്മയേയും പോറ്റാന്‍... അവര്‍ ദരിദ്രരാണ്.. രോഗികളും..എനിക്ക് നിങ്ങള്‍ തരാമെന്നേറ്റ സംഖ്യ അഛനും അമ്മക്കും എത്തിച്ചു കൊടുക്കണം. ഞാന്‍ മരിച്ചാല്‍.. എന്നെ ഇവിടെ ഖബറടക്കണം.. ഇവിടെ നിങ്ങളുടെ അടുത്ത്.. ഞാന്‍ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്... നിങ്ങളാണ് എന്റെ കണ്ണ് തുറപ്പിച്ചത്... വെള്ളം.. അല്‍പം വെള്ളം തരൂ..
സലാഹുദ്ദീന്‍ അവളുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നു. ദകൂയി വള്ളം കുടിച്ച്,
ദകൂയി: സലാഹുദ്ദീന്‍ പരിശുദ്ധനാണ്... മാലാഖയാണ്. ഒരുപാട് അമീറുമാരെ ..ഞാന്‍ കണ്ടിട്ടുണ്ട്. ഇത്ര പരിശുദ്ധനായ.. ഒരാളെ വേറെ.. കണ്ടിട്ടില്ല. അന്ന്.. നൃത്തം കഴിഞ്ഞ്.. സലാഹുദ്ദീന്റെ കൂടാരത്തില്‍ ഞാന്‍ പോയില്ലേ... അന്ന്, ഒരുപാട് ഉപദേശങ്ങള്‍.. എനിക്കു തന്നു. നേരം വെളുക്കുവോളം....ആ ഉപദേശങ്ങളാണ്.. എന്റെ.. കണ്ണ് തുറപ്പിച്ചത്. ഇവിടെ വന്നതില്‍ പിന്നെ... ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല, നാജി പല വട്ടം.. നിര്‍ബന്ധിച്ചിട്ടുണ്ട്. ഞാന്‍ വഴങ്ങിയിട്ടില്ല. ദുഷ്ടനാണയാള്‍. എന്നും രാത്രി... ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. എന്റെ തെറ്റുകള്‍ പൊറുത്തു തരാന്‍. ഞങ്ങളുടെ ദൈവങ്ങളോടല്ല. നിങ്ങളുടെ ദൈവത്തോട്... അവന്‍ എനിക്ക് പൊറുത്തു തരില്ലെ... ഇല്ലേ.. നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ അവന്‍... പൊറുത്തു തരുമായിരിക്കും... നിങ്ങള്‍.. എനിക്ക് വേണ്ടി.. പ്രാര്‍ഥിക്കില്ലേ... സലാഹുദ്ദീന്‍, പ്രാര്‍ഥിക്കില്ലേ എനിക്കു വേണ്ടി?
വളരെ പ്രയാസപ്പെട്ടു കൊണ്ടാണ് അവള്‍ അത്രയും പറഞ്ഞൊപ്പിച്ചത്. ആ വാക്കുകള്‍ അവിടെ കൂടി നിന്നവരെയെല്ലാം ഈറനണിയിച്ചു. സലാഹുദ്ദീന്‍ കൈകള്‍കൊണ്ട് കണ്ണുകള്‍ തുടച്ച്,
സ.അ: തീര്‍ച്ചയായും പ്രാര്‍ഥിക്കാം.
ദകൂയി: മതി...അത് കേട്ടാല്‍ മതി..ഹാവൂ.. വല്ലാത്ത വേദന... അലി സുഫ്‌യാന്‍ ..താങ്കള്‍ എവിടെയാണ്.. എനിക്ക് താങ്കളെ...കാണാന്‍ കഴിയുന്നില്ല. എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നു.
അ.സു: ഞാന്‍ ഇതാ നിന്റെ അടുത്ത് തന്നെയുണ്ട്..
ദകൂയി: ആ ..എനിക്ക് കാണാന്‍.. പറ്റുന്നില്ല...ഞാന്‍...ഞാന്‍...മരിച്ചാല്‍...നിങ്ങളുടെ ദൈവം... എന്നോട് പൊറുക്കില്ലേ നിങ്ങളുടെ... അല്ലാഹു.. അല്ലാഹു..
കഠിനമായ വേദനയില്‍ അവളൊന്ന് പുളഞ്ഞു. അതോടെ വാക്കുകള്‍ മുറിഞ്ഞു. ഒരു ഊര്‍ധശ്വാസത്തോടെ അവളുടെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞ് സലാഹുദ്ദീന്റെ മടിയിലേക്ക് വീണു. എല്ലാം പെട്ടെന്നവസാനിച്ചു. സലാഹുദ്ദീന്റെയും അലിയ്യുബ്‌നു സുഫ്‌യാന്റെയും കണ്ഠങ്ങളില്‍ നിന്ന് ''ഇന്നാലില്ലാഹി'' എന്ന പ്രാര്‍ഥനാമന്ത്രം ഒരുമിച്ചുയര്‍ന്നു.
കാഴ്ച ഇരുപത്തി അഞ്ച്്
പുറത്തെങ്ങോ പോയി ബംഗ്ലാവില്‍ തിരിച്ചെത്തിയ നാജി അത്യന്തം ക്ഷുഭിതനാണ്. കോപം നിയന്ത്രിക്കാനാവാതെ അയാള്‍ പരവതാനി ചവിട്ടി ഞെരിക്കുകയും മുറിയിലുള്ള സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തു. നാജിയെ എങ്ങനെ ശാന്തനാക്കാമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ് അദ്‌റൂഷ.്
നാജി: അകത്തെവിടെയുമില്ല. പുറത്ത് പോയത് കണ്ടവരുമില്ല. പിന്നെ എവിടെയാണവള്‍?
അദ്‌റൂഷ്: ഇനി സലാഹുദ്ദീന്റെ അടുത്ത് പോയിരിക്കുമോ?
നാജി: എന്തിന്? നമ്മള്‍ വരുന്നത് വരെ ഇവിടെത്തന്നെ നില്‍ക്കണമെന്ന് അവളോട് പറഞ്ഞതല്ലേ? നമ്മുടെ കല്‍പന ധിക്കരിച്ച് അവള്‍ സലാഹുദ്ദീന്റെ അടുത്ത് പോവുകയോ? എങ്കില്‍ എന്തിന്?
അദ്‌റൂഷ്: ഇതില്‍ എന്തോ ചതിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്?
നാജി: പാറാവുകാരനെ വിളിക്കൂ. അയാളറിയാതെ അവള്‍ക്ക് ഇവിടം വിട്ടു പോകാനാവില്ല.
അദ്‌റൂഷ് പുറത്തിറങ്ങി പാറാവുകാരനെ പിടിച്ച് അകത്തേക്ക് തള്ളി. അയാള്‍ ഭയവിഹ്വലനായി നാജിയുടെ മുമ്പില്‍ വന്നു നിന്നു. നാജി അയാളെ രൂക്ഷമായി നോക്കി
നാജി: പറയെടാ, അവളെവിടെ?
പാറാവുകാരന്‍: എനിക്കറിയില്ല.
അദ്‌റൂഷ്: കളവ് പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതണ്ട.
നാജി: നിന്നെക്കൊണ്ട് ഞാന്‍ പറയിപ്പിക്കും.
ചാട്ടവാര്‍ എടുത്ത് പാറാവുകാരനെ അടിച്ചുകൊണ്ട്,
നാജി: മര്യാദക്ക് പറഞ്ഞോ.
പാറാവുകാരന്‍: സത്യമാണ്. എനിക്കറിയില്ല..
അത് കേട്ടുകൊണ്ട് സലാഹുദ്ദീന്‍ കടന്നുവന്നു. അവര്‍ അത് ശ്രദ്ധിച്ചിട്ടില്ല.
സ.അ: അയാളെ വിട്ടേക്കു.
നാജിയും അദ്‌റൂഷും ശബ്ദം കേട്ട് തിരിഞ്ഞു നേക്കി സലാഹുദ്ദീനെ കണ്ട് അമ്പരക്കുന്നു.
നാജി: അമീര്‍, താങ്കള്‍ ഇപ്പോള്‍!
സ.അ: എന്തിന് വന്നു എന്നല്ലെ? പറയാം. ആ പാവത്തെ എന്തിനാണ് ഉപദ്രവിക്കുന്നത്. ദകൂയിയെ അയാള്‍ കണ്ടിട്ടില്ല. അവള്‍ എന്റെ അടുത്താണുള്ളത്.
നാജി; താങ്കളുടെ അടുത്തോ?
സ.അ: അതെ, എന്റെ അടുത്ത് തന്നെ. അവള്‍ എല്ലാം പറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച്.
നാജി: ഞങ്ങളുടെ ഗൂഢാലോചനയോ? താങ്കള്‍ ഉദ്ദേശിച്ചത്?
സ.അ: ഇനി മറച്ചുവെച്ചിട്ട് കാര്യമില്ല. നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ എനിക്ക് ലഭിച്ചുകഴിഞ്ഞു.
നാജിയും അദ്‌റൂഷും സലാഹുദ്ദീന്റെ വാക്കുകള്‍ കേട്ട് അമ്പരന്നു. എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ പാടുപെട്ടു.
സലാഹുദ്ദീന്‍ കുപ്പായക്കീശയില്‍ നിന്ന് ഒരു കടലാസ് ചുരുള്‍ എടുത്ത് നിവര്‍ത്തി നാജിയെ കാണിച്ച്
സ.അ: ഇത് താങ്കളുടെ കൈയക്ഷരമല്ലെ?
നാജി: അതെ
സ.അ: ഇത് താങ്കളുടെ കൈയൊപ്പല്ലെ?
നാജി: അതെ
സ.അ: എങ്കില്‍ താങ്കള്‍ തന്നെ ഇത് വായിക്ക്.
നാജി വിറക്കുന്ന കൈകളോടെ കടലാസ് വാങ്ങിയെങ്കിലും അത് വായിക്കാനാവാതെ ഭയന്ന് നിന്നു. സലാഹുദ്ദീന്‍ അത് പിടിച്ചുവാങ്ങി.
സ.അ: വേണ്ട, വായിക്കണമെന്നില്ല. താങ്കള്‍ എഴുതിയ കത്തിന്റെ ഉള്ളടക്കം താങ്കള്‍ക്ക് അറിയാതിരിക്കില്ലല്ലോ. കുരിശ് പടത്തലവന് ഈജിപ്തിനെ ആക്രമിക്കാനുള്ള ക്ഷണം. സുഡാനി പട്ടാളം കലാപം നടത്തി സഹായിച്ചു കൊള്ളാമെന്ന വാഗ്ദാനം. അങ്ങനെ വിദേശ ആക്രമണത്തിനും ആഭ്യന്തര കലാപത്തിനുമിടയില്‍ ഞെരിഞ്ഞ് സലാഹുദ്ദീന്‍ തകര്‍ന്ന് തരിപ്പണമാകുമെന്നുള്ള ദിവാസ്വപ്നം. പക്ഷേ, ദിവാസ്വപ്‌നങ്ങള്‍ ഇതാ ചീട്ടു കൊട്ടാരം കണക്കെ തകര്‍ന്നുകഴിഞ്ഞിരിക്കുന്നു. കുരിശ്പടത്തലവന് താങ്കള്‍ അയച്ച കത്ത് സലാഹുദ്ദീന്റെ കരങ്ങളില്‍ എത്തിപ്പെടുമെന്ന് തന്ത്രശാലിയായ അമീര്‍ നാജിക്ക് കണക്ക് കൂട്ടാന്‍ കഴിയാതെ പോയി. കത്ത് മാത്രമല്ല കത്തുമായി പോയവരും ഇപ്പോള്‍ സലാഹുദ്ദീന്റെ പിടിയിലാണ്. ഇപ്പോള്‍ എന്ത് പറയാനുണ്ട് അമീര്‍ നാജിക്ക്?
നാജിയും അദ്‌റൂഷും സ്തംഭിച്ചു നില്‍ക്കുമ്പോള്‍ അലിയ്യുബ്‌നു സുഫ്‌യാന്‍ ഒരു വ്യാപാരിയുടെ വേഷത്തില്‍ അവിടേക്ക് കയറി വരുന്നു. നാജിയും അദ്‌റൂഷും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല.
അ.സു: എന്നെ മനസ്സിലായില്ലേ?
നാജി വ്യാപാരിയെ സൂക്ഷിച്ച് നോക്കിയിട്ട്
നാജി: താങ്കള്‍..ദകൂയിയുടെ പിതാവ്..?
അ.സു: പിതാവല്ല. പക്ഷേ, മാസങ്ങള്‍ക്ക് മുമ്പ് ദകൂയി എന്ന നര്‍ത്തകിയെ ഇവിടെ കൊണ്ടുവന്നത് ഞാനായിരുന്നു.
നാജി: പിതാവെന്നാണല്ലോ അന്ന് പരിചയപ്പെടുത്തിയത്. ശരിക്കും ആരാണ് താങ്കള്‍?
അ.സു: മനസ്സിലായില്ല അല്ലേ? മനസ്സിലാക്കിത്ത രാം.
അലിയ്യുബ്‌നു സുഫ്‌യാന്‍ തന്റെ തലപ്പാവ് ഊരി ഒരു വശത്തേക്ക് എറിഞ്ഞു. പിന്നെ കൃത്രിമത്താടിയും മീശയും പറിച്ചു മാറ്റി. അത് കണ്ട് നാജി അമ്പരപ്പോടെ,
നാജി: അലിയ്യുബ്‌നു സുഫ്‌യാന്‍...!
അ.സു: അതെ ഞാന്‍ തന്നെ. ഞാനാണ് ദകൂയിയെ താങ്കള്‍ക്ക് കൊണ്ടുവന്ന് തന്നത്. താങ്കള്‍ സലാഹുദ്ദീനെതിരെ ഉപയോഗിച്ച ആ ചാരസുന്ദരി യഥാര്‍ഥത്തില്‍ സലാഹുദ്ദീന്റെ ചാരവനിതയായിരുന്നു. താങ്കളുടെ ഓരോ നീക്കങ്ങളും അവള്‍ അപ്പപ്പോള്‍ മനസ്സിലാക്കുന്നത് അറിയാനുള്ള ബുദ്ധി താങ്കള്‍ക്ക് ഇല്ലാതെ പോയി. താങ്കള്‍ ഒരു മുഴം എറിഞ്ഞപ്പോള്‍ ഞങ്ങള്‍ നാലു മുഴം നീട്ടി എറിഞ്ഞു. ഇതാ ദകൂയിയുടെ വിലയായി അന്ന് താങ്കള്‍ എനിക്ക് തന്ന പണക്കിഴി. പക്ഷേ, ഇത് കിട്ടിയിട്ട് ഇപ്പോള്‍ താങ്കള്‍ക്ക് കാര്യമൊന്നുമില്ല. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് താങ്കള്‍ ചെയ്തിരിക്കുന്നത്. അതിനുള്ള ശിക്ഷ താങ്കള്‍ ഏറ്റു വാങ്ങിയേ തീരൂ.
സ.അ: ദകൂയിയെ താങ്കള്‍ക്ക് കാണണ്ടേ? എങ്കില്‍ ഞങ്ങളോടൊപ്പം വരിക. പക്ഷേ, ജീവനോടെ ഇനി അവളെ കാണാന്‍ കഴിയില്ല. മണിക്കൂറുകള്‍ക്ക് മുമ്പ് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു.
നാജി: അവള്‍ മരിച്ചോ? എങ്ങനെ?
സ.അ: താങ്കളെപ്പോലെ ഒറ്റുകാരിയും രാജ്യദ്രോഹിയും ആയിട്ടല്ല; ധീര രക്തസാക്ഷിയായിട്ടാണ് അവള്‍ മരിച്ചത്. താങ്കളുടെ അന്തഃപ്പുരത്തിലെ ഒരു വിളമ്പുകാരിയുടെ കുത്തേറ്റ്..
നാജി: വിളമ്പുകാരിയുടെ കുത്തേറ്റിട്ടോ? എനിക്കൊന്നും മനസ്സിലാകുന്നില്ല.
സ.അ: എല്ലാം മനസ്സിലാകാന്‍ പോകുന്നല്ലേ ഉള്ളൂ. രണ്ട് പേരും ആയുധങ്ങള്‍ അലി സുഫ്‌യാനെ ഏല്‍പിച്ചാട്ടെ.
നാജി പെട്ടെന്ന് ഉറയില്‍ നിന്ന് ഖഢ്ഗം ഊരി ഉയര്‍ത്തിപ്പിടിച്ചു. അതേ നിമിഷം തന്നെ അദ്‌റൂഷും വാളൂരി. സലാഹുദ്ദീന്‍ അക്ഷോഭ്യനായി...
സ.അ: വെറുതെ അവിവേകം കാണിക്കാതെ. കരുത്ത് ചോര്‍ന്ന ഈ ആയുധങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കിനി ഒരു പ്രയോജനവുമില്ല. അവ അലി സുഫ്‌യാനെ ഏല്‍പിക്കാനല്ലേ പറഞ്ഞത്. ഉം.. കൊടുക്കൂ.
അലിയ്യുബ്‌നു സുഫ്‌യാന്‍ അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചു വാങ്ങുന്നു. പ്രതിരോധം കൊണ്ട് ഇനി ഫലമില്ലെന്ന് മനസ്സിലാക്കിയ നാജിയും അദ്‌റൂഷും നിസ്സഹായതയോടെ അതിന് വഴങ്ങുന്നു. അലിയ്യുബ്‌നു സുഫ്‌യാന്റെ ആംഗ്യപ്രകാരം സലാഹുദ്ദീന്റെ രണ്ട് ഭടന്മാര്‍ കടന്നുവന്നു. അവര്‍ നാജിയുടെയും അദ്‌റൂഷിന്റെയും കരങ്ങള്‍ പിന്നിലേക്ക് വരിഞ്ഞുകെട്ടിയ ശേഷം പിടിച്ചിറക്കി കൊണ്ടുപോകുന്നു.
അവര്‍ക്കു പിറകെ സലാഹുദ്ദീനും അലിയ്യുബ്‌നു സുഫ്‌യാനും പുറത്തിറങ്ങി.
പന്തങ്ങളുടെ വെളിച്ചത്തില്‍ അവരങ്ങനെ അകന്നകന്നു പോകുന്നു.
(അടുത്ത ലക്കത്തില്‍ 'ഏഴ് പെണ്‍കുട്ടികള്‍')

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top