ആനന്ദ കുടുംബം.

പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി No image

സൃഷ്ടികളില്‍ ചിലര്‍ക്ക് ചിലരുടെ മേല്‍ ചില ആജ്ഞാധികാരങ്ങള്‍ ഇസ്‌ലാം നിര്‍ണയിച്ചിട്ടുണ്ട്. അതൊക്കെ സൃഷ്ടി കര്‍ത്താവിന്റെ അനുവാദത്തിനും അവന്‍ വെച്ച വ്യവസ്ഥകള്‍ക്കും വിധേയമാണത്. ഇതില്‍ പെട്ടതാണ് പിതാവിന് സന്താനങ്ങളോടുള്ള ആജ്ഞാധികാരം. സന്താനങ്ങളെ അതിരറ്റ് സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ ആജ്ഞയില്‍ സ്വാഭാവികമായും മക്കളുടെ നന്മക്കും ക്ഷേമത്തിനുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരിക്കും നിറഞ്ഞുനില്‍ക്കുക. ഇങ്ങനെയാണെങ്കിലും മക്കളെ സംബോധന ചെയ്യുമ്പോള്‍ അധികാരത്തിന്റെ പരുക്കന്‍ ശൈലി പാടില്ല. പരിശുദ്ധ ഖുര്‍ആനിലെ മുപ്പത്തിയൊന്നാം അധ്യായം സൂറത്തു ലുഖ്മാനില്‍ ലുഖ്മാന്‍ (അ) പുത്രന് നല്‍കിയ ഉപദേശത്തിലൂടെ അത് അല്ലാഹു വിശദീകരിച്ചു തന്നിട്ടുണ്ട്. ഇതില്‍ മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രബോധനം ആരംഭിക്കേണ്ടത് സ്വന്തം ഭവനത്തില്‍ നിന്നാവണം. വീടും കുടുംബവുമൊന്നും ശ്രദ്ധിക്കാതെ സമൂഹത്തെ സംസ്‌കരിക്കാന്‍ ധൃതി കൂട്ടുന്നത് ശരിയല്ല.
ഉപദേശവും സംസ്‌കരണവും ഏതെങ്കിലും നല്ല കാര്യങ്ങള്‍ എപ്പോഴെങ്കിലും പറഞ്ഞുകൊണ്ടല്ല നടപ്പാക്കേണ്ടത്. മറിച്ച് കൃത്യമായ മുന്‍ഗണനാക്രമം പാലിക്കണം. ഖുര്‍ആനിന്റെ ദൃഷ്ടിയില്‍ കഠിന തിന്മയാണ് ശിര്‍ക്ക്. ശിര്‍ക്കിന് പല രൂപഭാവങ്ങളുമുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ഈ തിന്മ കടന്നുവരാവുന്നതാണ്. ചരിത്രത്തില്‍ കടന്നുപോയ പ്രവാചകന്‍മാര്‍ക്ക് അല്ലാഹു നല്‍കിയ സന്ദേശത്തിന്റെ ആകെ സാരം 'ശിര്‍ക്ക് പുലര്‍ത്തിയാല്‍ നിങ്ങളുടെ കര്‍മങ്ങള്‍ അഖിലവും പാഴായിപ്പോകും' (39:65) എന്നാണ്. അതിനാല്‍ ഈ ഭീകര തിന്മക്കെതിരെയുള്ള ഫലപ്രദമായ ബോധവല്‍ക്കരണമാണ് ഒരു പിതാവിന്റെ പ്രഥമവും പ്രധാനവുമായ ബാധ്യത.
തനിക്ക് ന്യായമായ ശാസനാധികാരം ഉണ്ടെങ്കില്‍ പോലും മക്കളോട് സംസാരിക്കുമ്പോള്‍ മൃദുലവും ഹൃദ്യവുമായ ഭാഷ ഉപയോഗിക്കണം. വത്സല പുത്രാ (യാബുനയ്യ) എന്നാണ് ലുഖ്മാന്‍ (അ) ആവര്‍ത്തിച്ച് പ്രയോഗിച്ച ശൈലി. ഇബ്രാഹീം നബി (അ) മകനെ സംബോധന ചെയ്തതും അപ്രകാരം തന്നെ. ചരിത്രം കണ്ട ഏറ്റവും വലിയ ധിക്കാരിയും നിഷേധിയുമായ പുത്രനാണ് നൂഹ് നബി(അ)യുടെ പുത്രന്‍. നൂഹ് നബി പ്രസ്തുത പുത്രനെ സംബോധന ചെയ്തതും സ്‌നേഹോഷ്മളമായ ശൈലിയില്‍ തന്നെ (11: 42). എന്നിരിക്കെ മക്കളെ മോശം പദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതും സംബോധന ചെയ്യുന്നതും ശരിയല്ലെന്ന് വ്യക്തം.
മക്കളോട് വളരെ സുപ്രധാന കാര്യങ്ങള്‍ പറയുമ്പോള്‍ പോലും കര്‍ക്കശ ശൈലി ഉപയോഗിക്കുന്നതിന് ഒരു ന്യായവുമില്ല. സ്വപുത്രനെ ബലിയറുക്കണമെന്ന് സ്വപ്നം വഴി അല്ലാഹു ഇബ്രാഹീം നബിക്ക് കല്‍പന നല്‍കിയപ്പോള്‍ ജനനേതാവായ ഇബ്രാഹീം (അ) സ്വഗൃഹത്തില്‍ നടത്തിയ കൂടിയാലോചനാ യോഗത്തിന്റെ ചിത്രം 37-ാം അധ്യായത്തില്‍ പറയുന്നതിങ്ങനെ: ''വത്സലപുത്രാ! ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്നദര്‍ശനം (ദൈവിക സന്ദേശം) ഉണ്ടായിരിക്കുന്നു. മോനെന്ത് പറയുന്നു...?'' (37:102) എത്രയേറെ മനോഹരമാണ് ഇബ്രാഹീം (അ)ന്റെ നടപ്പാക്കല്‍ രീതി. മറിച്ചൊരു നിലപാടിന് ഒട്ടും പഴുതില്ലാത്ത സംഗതിയാണ്; രാജാധിരാജനായ അല്ലാഹുവിന്റെ കല്‍പനയാണ്; എന്നിട്ടും ഇബ്രാഹീം നബി(അ) മകന്റെ അഭിപ്രായമാരാഞ്ഞും മകനെ വിശ്വാസത്തിലെടുത്തും മൃദുലമായ ഭാഷയില്‍ വിഷയമവതരിപ്പിച്ചതില്‍ മഹത്തായ മാതൃകയുണ്ട്. ഇങ്ങനെയുള്ള ഇബ്രാഹീമീ ശൈലിയുടെ പ്രതികരണം അനുസരണയുള്ള ഇസ്മാഈലീ പ്രകൃതമായിരിക്കുമെന്നതും ഉറപ്പാണ്. ഇങ്ങനെ പിതാവും പുത്രനും സംസാരിക്കുമ്പോള്‍ കുടുംബിനിയായ ഹാജറ ചാരത്തുണ്ടായിരിക്കുമെന്ന് ന്യായമായും സങ്കല്‍പിക്കാവുന്നതാണ്. ഗാര്‍ഹിക മേഖലയിലെ കൂടിയാലോചനാ സംസ്‌കാരത്തിനും ഇത് തെളിവാണ്. രാജ്യഭരണം നന്നായി നടത്താന്‍ ശൂറ (കൂടിയാലോചന) ഫലപ്രദമായി നടക്കണമെന്നത് ഖുര്‍ആനിന്റെ കല്‍പനയാണ്. ഇതേ ശൂറ തന്നെ കുടുംബരംഗത്തും വേണമെന്നതും വിശുദ്ധ ഖുര്‍ആന്‍ (2:233) വിശകലനം ചെയ്താല്‍ ഗ്രഹിക്കാവുന്നതാണ്. മുലയൂട്ടലുള്‍പ്പെടെ എല്ലാ കാര്യങ്ങളും കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിക്കൊണ്ടാവുമ്പോള്‍ കുടുംബം എന്നത് ഒരു ആനന്ദകരമായ അനുഭവമായി തീരുമെന്നതുറപ്പാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top