ആമിന ബിന്‍ത് വഹ്ബ്‌

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

പ്രവാചകന്‍ (സ)യുടെ മാതാവായ ആമിന ബീവിയുടെ പൂര്‍ണ നാമം ആമിന ബിന്‍ത് വഹബ് ഇബ്‌നു അബ്ദുമനാഫ് എന്നാണ്. നിര്‍ഭയ, പ്രശാന്ത എന്നാണ് ഈ പേരിനര്‍ഥം. ബുദ്ധികൂര്‍മതയിലും വാക്ചാതുരിയിലും മികച്ച് നിന്നിരുന്ന അവര്‍ യഥാര്‍ഥത്തില്‍ മദീനാ നിവാസിയായിരുന്നു. പിതൃവ്യന്‍ വുഹൈബ് ഇബ്‌നു അബ്ദുല്‍ മനാഫാണ് അവരെ വളര്‍ത്തിയത്. കൗമാരപ്രായത്തില്‍ അബ്ദുല്ല ഇബ്‌നു അബ്ദുല്‍ മുത്വലിബ് അവരെ വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യ ജീവിതം മാസങ്ങള്‍ മാത്രമാണ് നിലനിന്നത്. പ്രവാചകനെ ഗര്‍ഭം ചുമന്ന സന്ദര്‍ഭത്തില്‍ അബ്ദുല്ല കച്ചവടാവശ്യാര്‍ഥം ഗസ്സയിലേക്ക് യാത്രയായി. മടങ്ങിവരുന്ന വഴിയില്‍ മദീനയില്‍ വെച്ച് രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. അബ്ദുല്ലയുടെ മരണ ശേഷമാണ് ആമിന പ്രവാചകനെ പ്രസവിച്ചത്.
പ്രവാചകനെ ഗര്‍ഭം ചുമന്നപ്പോള്‍ തനിക്ക് സാധാരണ സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുള്ള ക്ലേശമോ പ്രസവനൊമ്പരമോ ഉണ്ടായിരുന്നില്ലെന്ന് ആമിന അനുസ്മരിക്കുന്നുണ്ട്. ആര്‍ത്തവം നിലച്ചത് മാത്രമേ മഹതി അറിഞ്ഞിരുന്നുള്ളൂ. മാസംതോറും പല സ്വപ്നങ്ങള്‍ കാണുക പതിവായിരുന്നു. ലോകത്തിന്റെ നേതാവിനെയാണ് നീ ഗര്‍ഭം ചുമന്നിരിക്കുന്നതെന്ന് അശരീരി കേള്‍ക്കുകയും പ്രകാശ ഗോളങ്ങള്‍ പ്രകടമാവുകയും അതിലൂടെ സിറിയയിലേയും മറ്റും ചക്രവര്‍ത്തിമാരുടെ കോട്ടകൊത്തളങ്ങള്‍ ദൃശ്യമാവുകയും ചെയ്തിരുന്നുവത്രെ. കുഞ്ഞിന് മുഹമ്മദ് (വാഴ്ത്തപ്പെട്ടവന്‍) എന്ന് നാമകരണം ചെയ്യണമെന്ന നിര്‍ദേശവും സ്വപ്നത്തിലൂടെ ലഭിച്ചിരുന്നു.
മൂന്ന് നാള്‍ മാത്രമാണ് ആമിന കുഞ്ഞിനെ മുലയൂട്ടിയത്. പിന്നീട് അറബികളുടെ നാട്ടാചാരപ്രകാരം ബനൂസഅദ് ഗോത്രക്കാരിയായ ഹലീമ ബീവിയെ ഏല്‍പിക്കുകയായിരുന്നു. ഭാഷാശുദ്ധിയും ഗ്രാമീണജീവിതത്തിന്റെ പരിശുദ്ധിയും പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആറ് വയസ്സ് വരെ പ്രവാചകന്‍ ഹലീമയോടൊപ്പം ഹവാസിന്‍ ഗോത്രത്തില്‍ കഴിച്ചുകൂട്ടി.
മക്കയില്‍ നിന്ന് വര്‍ഷം തോറും ആമിന മദീനയില്‍ പോകാറുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഖബര്‍ സന്ദര്‍ശിക്കുക, അമ്മാവന്മാരുടെ (ബനൂ അദിയ്യ് ഇബ്‌നു നജാര്‍) വീട് സന്ദര്‍ശിക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുവരികയും ചെയ്യുമായിരുന്നു. ഇങ്ങനെ നജ്ജാര്‍ ഗോത്രത്തില്‍ താമസിച്ച് തിരച്ച് വരുന്ന വഴി അവര്‍ക്ക് രോഗം ബാധിക്കുകയും വൈകാതെ മരണപ്പെടുകയും ചെയ്തു. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ''അബവാഅ്'' എന്ന സ്ഥലത്ത് മറമാടുകയും ചെയ്തു. അന്ന് പ്രവാചകന് ആറ് വയസ്സായിരുന്നു പ്രായം. ഹിജ്‌റയുടെ 45 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ആമിനയെ അനുഗമിച്ചിരുന്ന ഉമ്മുഐമന്‍ എന്ന ഒരടിമ സ്ത്രീയാണ് പ്രവാചകനെ മക്കയില്‍ കൊണ്ടെത്തിച്ചത്.
ആമിന മരണപ്പെടുമ്പോള്‍ മകനെ അഭിസംബോധന ചെയ്ത് ഒരു കവിത ആലപിച്ചതായി സീറകളില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. നീ ലോകപ്രശസ്തനാകണമെന്നും നിന്റെ പിതാമഹന്‍ ഇബ്രാഹീമിന്റെ പാത അനുധാവനം ചെയ്യണമെന്നും വിഗ്രഹാരാധന കൊടിയ പാപമാണെന്നുമൊക്കെയാണ് ആ കവിതയില്‍ ആമിന പുത്രനെ ഉപദേശിക്കുന്നത്.
പ്രവാചകന്റെ മാതാവും പിതാവും മുസ്‌ലിംകളായിരുന്നോ എന്നൊരു നിരര്‍ഥകമായ ചര്‍ച്ച ചില പണ്ഡിതന്മാര്‍ ഉന്നയിക്കാറുണ്ട്. അവരെ മരണാനന്തരം പുനര്‍ജീവിപ്പിച്ച് മുസ്‌ലിംകളാക്കിയിട്ടുണ്ടെന്ന് അവര്‍ വാദിക്കുന്നു. സ്വതന്ത്രമായ രചനകള്‍ നടത്തിയവരും കൂട്ടത്തിലുണ്ട്. അതിനെക്കുറിച്ച് മൗനം അവലംബിക്കുകയാണ് സൂക്ഷ്മതയും കരണീയവുമെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. പുനര്‍ജീവിപ്പിച്ച് മുസ്‌ലിംകളാക്കുകയാണെങ്കില്‍ ഇസ്മാഈല്‍ വരെ നീളുന്ന നബിയുടെ പൂര്‍വ മാതാപിതാക്കള്‍ക്കെല്ലാം അത് ബാധകമാകേണ്ടതല്ലേ. അവര്‍ എങ്ങനെയാണ് ജീവിച്ചതെന്ന ചോദ്യവും പ്രസക്തമാണല്ലോ.
മാതാവിന്റെ ഖബര്‍ സന്ദര്‍ശിക്കാനല്ലാതെ അവര്‍ക്ക് വേണ്ടി പാപമോചന പ്രാര്‍ഥന നടത്താന്‍ പ്രവാചകന് അനുമതി ലഭിച്ചിരുന്നില്ലെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. മക്ക വിജയത്തിന് ശേഷം പ്രവാചകന്‍ തന്റെ മാതാവിന്റെ ഖബര്‍ സന്ദര്‍ശിച്ചു. തദവസരം അദ്ദേഹം കരയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: ''അവര്‍ക്ക് വേണ്ടി പാപമോചന പ്രാര്‍ഥന നടത്താന്‍ ഞാന്‍ എന്റെ നാഥനോട് അനുവാദം ചോദിച്ചപ്പോള്‍ എനിക്ക് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് അവരുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചപ്പോള്‍ എനിക്ക് അനുവാദം ലഭിച്ചു.'' (മുസ്‌ലിം)
ഇബ്രാഹീം പ്രാവചകന്‍ തന്റെ പിതാവിന് വേണ്ടി പാപമോചന പ്രാര്‍ഥന നടത്താനൊരുങ്ങിയപ്പോള്‍ അദ്ദേഹത്തെ തടഞ്ഞ കാര്യം (ഖുര്‍ആന്‍: 9-133) ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. പ്രവാചകനും സത്യവിശ്വാസികളും തങ്ങളുടെ പൂര്‍വികരായ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തുന്നത് ആശാസ്യമല്ലെന്ന് ഉണര്‍ത്തിയ ശേഷമാണ് ഖുര്‍ആന്‍ ഇബ്രാഹീം നബിയുടെ പ്രസ്തുത സംഭവം ഉദ്ധരിക്കുന്നത്.
പ്രവാചകന്റെ ആഗമനത്തിന് മുമ്പ് മരണപ്പെട്ടവര്‍ നരകത്തിലാണെന്നോ ശിക്ഷക്ക് വിധേയരാണെന്നോ അതിനര്‍ഥമില്ല. ആമിനയുടെ കവിതയില്‍ നിന്ന് വ്യക്തമാകുന്ന പോലെ അവരില്‍ പലരും ശിര്‍ക്കിനെ അപലപിക്കുന്നവരായിരുന്നു. അതിനാല്‍ പ്രാര്‍ഥന ഒഴികെയുള്ള കാരുണ്യം, ദയ, ആദരവ്, ബഹുമാനം എന്നിവക്കെല്ലാം അവര്‍ തികച്ചും അര്‍ഹരുമാണ്. വിശ്വാസവും ശിര്‍ക്കും തമ്മിലുള്ള അതിരടയാളം സുപ്രധാനമായത് കൊണ്ടും പ്രാവാചകനെ മാതൃകയാക്കി ചിലരെങ്കിലും അപ്രകാരം പ്രാര്‍ഥിച്ചേക്കാമെന്നത് കൊണ്ടും ആ കവാടം പൂര്‍ണമായി അടച്ചുവെന്ന് മാത്രം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top