ചാരസുന്ദരി

റഹ്മാന്‍ മുന്നൂര് No image

കാഴ്ച ഇരുപത്തി ഒന്ന്
സലാഹുദ്ദീന്‍ അയ്യൂബിയുടെ ഓഫീസ്.സലാഹുദ്ദീന്റെ ഉത്തരവ് പ്രകാരം അമീര്‍ നാജി സുഡാനി സൈന്യത്തിന്റെ വിശദ റിപ്പോര്‍ട്ടുമായി വന്നിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവുമെല്ലാം വളരെ സൗഹാര്‍ദപൂര്‍ണമാണ്. നേരത്തെ കണ്ട അസംതൃപ്തിയുടെയും അരിശത്തിന്റെയും ലാഞ്ചനകളൊന്നും മുഖത്ത് കാണാനില്ല. ഈ ഭാവമാറ്റത്തില്‍ സലാഹുദ്ദീന് നേരിയ വിസ്മയവും സംശയവും ഇല്ലാതില്ല. നാജി പട്ടുസഞ്ചിയില്‍ പൊതിഞ്ഞ് കൊണ്ടുവന്ന കടലാസ് കെട്ട് സലാഹുദ്ദീന്റെ മുന്നില്‍ വെച്ചു.
നാജി: സുഡാനി സൈന്യത്തെ സംബന്ധിച്ച മുഴുവന്‍ കണക്കുകളും വിവരങ്ങളും ഇതിലുണ്ട്.
സലാഹുദ്ദീന്‍ സഞ്ചി തുറന്ന് കടലാസുകള്‍ പുറത്തെടുത്ത് മറിച്ചുനോക്കി.
സ.അ: പറഞ്ഞതിലും നേരത്തേ ജോലി പൂര്‍ത്തിയാക്കിയല്ലേ? സന്തോഷമുണ്ട്. എന്താണ് താങ്കളുടെ തീരുമാനം?
നാജി: താങ്കള്‍ കല്‍പിക്കുന്ന പോലെ. അനുസരണയും വിശ്വസ്തതയുമുള്ള ഒരു കീഴുദ്യോഗസ്ഥനായി ഞാന്‍ താങ്കളുടെ കൂടെയുണ്ടാവും, എന്നും. സുഡാനി സൈന്യത്തിന്റെ ലയനം നടക്കട്ടെ. എന്റെ പൂര്‍ണമായ സഹകരണം താങ്കള്‍ക്ക് പ്രതീക്ഷിക്കാം.
സ.അ: റിപ്പോര്‍ട്ട് വായിച്ചു നോക്കട്ടെ. അതിന് ശേഷം ലയനം അറിയിക്കാം.
നാജി: ശരി, അമീര്‍. പിന്നെ.. ഇന്നലെ ഞാനല്‍പം വികാരപ്പെട്ടു സംസാരിച്ചു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അങ്ങനെ സംഭവിച്ചു പോയതാണ്. എന്നോട് ക്ഷമിക്കണം.
സ.അ: ഓ, അത് സാരമില്ല.
നാജി: നന്ദി, അമീര്‍. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
നാജി സലാഹുദ്ദീനോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. അല്പം കഴിഞ്ഞ് അലിയ്യുബ്‌നു സുഫ്‌യാന്‍ അവിടേക്ക് വന്നു. നാജിയുടെ റിപ്പോര്‍ട്ട് സലാഹുദ്ദീന്‍ അദ്ദേഹത്തെ കാണിച്ചു.
സ.അ: സുഡാനി സൈന്യത്തെ സംബന്ധിച്ച നാജിയുടെ റിപ്പോര്‍ട്ട്. അദ്ദേഹം ഇപ്പോള്‍ ഇവിടെനിന്ന് ഇറങ്ങിയതേയുള്ളൂ.
അ.സു. നാജി എന്ത് പറഞ്ഞു?
സ.അ: സുഡാനി സൈന്യത്തിന്റെ ലയനത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. വളരെ സന്തോഷത്തിലും ഉല്‍സാഹത്തിലുമായിരുന്നു. എന്തോ മനംമാറ്റം വന്ന പോലെ.
അ.സു: എങ്കില്‍ നാം സംശയിക്കേണ്ടിയിരിക്കുന്നു. ഞാന്‍ മനസ്സിലാക്കിയേടത്തേളം സൈനികലയനം അയാള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവുകയില്ല. മാത്രമല്ല, സുഡാനി സൈന്യത്തില്‍ നല്ല അസംതൃപ്തി ഉണ്ടെന്നാണ് നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ആരോ ബോധപൂര്‍വം അവരില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. നാജിക്ക് അതില്‍ പങ്കുണ്ടെന്നാണ് നമ്മുടെ പ്രാഥമിക നിഗമനം.
സ.അ: ആ പെണ്‍കുട്ടിയുടെ വിവരമെന്താണ്?
അ.സു: അവളെക്കുറിച്ച് ഒരു വിവരവുമില്ല, നാജി അവളെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണ്, പുറത്തിറങ്ങാന്‍ അനുവദിക്കാതെ.~
സ.അ: സൈന്യത്തിന്റെ ലയനം ഉടനെ നടത്തണം. അവരില്‍ അസ്വസ്ഥത പടരും മുമ്പ് അവര്‍ നമ്മുടെ പൂര്‍ണ നിയന്ത്രണത്തിലാവണം. റിപ്പോര്‍ട്ട് കൈയില്‍ വെച്ചോളൂ. വിശദമായ പരിശോധനക്ക് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
അലിയ്യുബ്‌നു സുഫ്‌യാന്‍ നാജിയുടെ റിപ്പോര്‍ട്ട് വാങ്ങി പുറത്തേക്കിറങ്ങി
അ.സു: വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത് ഞാന്‍ ഉടനെ തിരിച്ചെത്താം.
കാഴ്ച ഇരുപത്തി രണ്ട്
പാതിരാത്രി. നാജിയുടെ കൊട്ടാരത്തിന്റെ ഒരു ഇടനാഴികയില്‍ അരണ്ട വെളിച്ചത്തില്‍ നാജിയുടെ രണ്ട് നര്‍ത്തകിമാരും വിളമ്പുകാരിയും രഹസ്യമായി എന്തോ ഗൗരവപ്പെട്ട കാര്യം ചര്‍ച്ച ചെയ്യുകയാണ്. വളരെ പതുക്കെയാണ് അവര്‍ സംസാരിക്കുന്നത്. ഇടനാഴികയുടെ രണ്ട് ഭാഗങ്ങളിലേക്കും ഇടക്കിടെ തിരിഞ്ഞുനോക്കുന്ന അവരുടെ മുഖങ്ങളില്‍ ഭയം ദൃശ്യമാണ്. വിളമ്പുകാരി വസ്ത്രത്തിന്റെ ഉള്ളില്‍നിന്ന് ഒരു കഠാര പുറത്തെടുത്ത് അവരെ കാണിച്ച ശേഷം അത് വസ്ത്രത്തിനുള്ളില്‍തന്നെ ഒളിപ്പിച്ചു വെക്കുന്നു. അല്പം കഴിഞ്ഞ് നര്‍ത്തകിമാരില്‍ ഒരാള്‍ ഒരു കിഴി സ്വര്‍ണനാണയങ്ങള്‍ വിളമ്പുകാരിയുടെ കൈയില്‍ കൊടുക്കുന്നു. അവള്‍ നാണയങ്ങള്‍ കൈയില്‍ വാരിയെടുത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നു. നര്‍ത്തകിയെ കെട്ടിപ്പിടിച്ച ശേഷം പിടിവിട്ട് എന്തോ പറഞ്ഞുറപ്പിച്ച പോലെ മൂന്നു പേരും പിരിഞ്ഞുപോകുന്നു.
കാഴ്ച ഇരുപത്തിമൂന്ന്
പാതിരാത്രി. കുതിരകളുടെ കുളമ്പടി ശബ്ദം കേട്ട് ദകൂയി ജാലകവാതില്‍ തുറന്ന് പുറത്തേക്ക് നോക്കി. ഇരുട്ടില്‍ രണ്ട് സവാരിക്കാര്‍ വന്നു നില്‍ക്കുന്നത് അവള്‍ കണ്ടു. മുഖം വ്യക്തമല്ല. അവര്‍ ആരെയോ കാത്ത് നില്ക്കുകയാണ്. അല്‍പ സമയത്തിനകം ഇരുട്ടില്‍ മറ്റൊരാള്‍ അവരുടെ അടുത്തേക്ക് വന്നു. അത് അദ്‌റൂശ് ആണെന്ന് അവള്‍ തിരിച്ചറിഞ്ഞു.
അദ്‌റൂശ്: വരൂ, നാജി അകത്തുണ്ട്.
അവര്‍ രണ്ട് പേരും അദ്‌റൂശിന് പിന്നാലെ നാജിയുടെ റൂമിലേക്ക് കയറിപ്പോയി. അസമയത്തുള്ള അവരുടെ വരവില്‍ എന്തോ രഹസ്യം ഒളിഞ്ഞിരിപ്പുള്ളതായി ദകൂയിക്ക് തോന്നി. അവള്‍ വേഗം തിരിച്ചു വന്ന് നാജിയുടെയും അവളുടെയും മുറികള്‍ക്കിടയിലുള്ള വാതിലില്‍ ചെവി വെച്ച് അവരുടെ സംസാരങ്ങള്‍ക്കായി കാതോര്‍ത്തു.
അപ്പുറത്ത് നിന്നുള്ള സംസാരങ്ങള്‍ അവ്യക്തമാണ്. ഒന്നും മനസ്സിലാവുന്നില്ല. കുറേ നേരം കഴിഞ്ഞപ്പോള്‍ നാജിയുടെ സ്വരം തെളിഞ്ഞു കേട്ടു.
നാജി: ജനവാസമില്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കണം യാത്ര. സംശയം മൂലം ആരെങ്കിലും പിടികൂടിയാല്‍ കൈവശമുള്ള കത്ത് നശിപ്പിച്ചു കളയണം. വല്ലവരും വഴി തടഞ്ഞാല്‍ അവരെ അപ്പോള്‍ അവിടെ വെച്ച് തന്നെ കഥ കഴിക്കണം. നാല് ദിവസമാണ് നിങ്ങളുടെ യാത്ര. കഴിയുന്നതും മൂന്ന് ദിവസം കൊണ്ട് തന്നെ എത്താന്‍ ശ്രമിക്കണം. കത്ത് അഗസ്തസ് രാജാവിന്റെ കയ്യില്‍ മാത്രമേ കൊടുക്കാവൂ. മറ്റാരുടെ കൈയിലും കൊടുക്കരുത്. ആയുധങ്ങളൊക്കെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടല്ലോ. വടക്ക് കിഴക്ക് ദിശ. അത് മറക്കരുത്. വടക്ക് കിഴക്ക്. ശരി, എന്നാല്‍ ഇറങ്ങിക്കോളൂ.
വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ വേഗം ജനലിന്റെ അടുത്തേക്ക് ചെന്നു. നാജിയും അദ്‌റൂശും രണ്ട് സവാരിക്കാരും കുതിരകളുടെ അടുത്തെത്തി. വിളക്കിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ അവള്‍ക്ക് അവരെ കൂടുതല്‍ വ്യക്തമായി കാണാം. കച്ചവടക്കാരുടെ വേഷത്തിലാണ് സവാരിക്കാര്‍ രണ്ട് പേരും. കുതിരകളില്‍ ഒന്ന് കറുപ്പും മറ്റേത് തവിട്ടുനിറവും. അവര്‍ യാത്ര പറഞ്ഞ് ഇരുളിലേക്ക് മറഞ്ഞു. കുതിരക്കുളമ്പടി അകന്നകന്ന് തീരെ കേള്‍ക്കാതായപ്പോള്‍ നാജിയും അദ്‌റൂശും മുറിയിലേക്ക് മടങ്ങി.
ദകൂയി ജാലകം അടച്ച് തിരികെ വന്ന് കട്ടിലില്‍ ഉറക്കം നടിച്ചു കിടന്നു.

കാഴ്ച ഇരുപത്തിനാല്

വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ചുള്ള നടുക്കുന്ന ചിന്തയുമായി ദകൂയി ഇരുട്ടിലൂടെ ധൃതിപ്പെട്ട് നടന്നു. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടക്കിടെ നാലുപാടും തിരിഞ്ഞു നോക്കുന്ന അവളുടെ മുഖത്ത് വല്ലാത്തൊരു പരിഭ്രമം നിഴലിക്കുന്നുണ്ട്.
കറുത്ത വസ്ത്രം കൊണ്ട് ദേഹം മൂടിപ്പുതച്ച ഒരു രൂപം അവളെ പിന്തുടരുന്നുണ്ട്. അപ്പോള്‍ അതും നടത്തം വേഗത്തിലാക്കി. അവള്‍ നടക്കുമ്പോള്‍ നടന്ന്, അവള്‍ ഓടുമ്പോള്‍ ഓടി, അവള്‍ നില്‍ക്കുമ്പോള്‍ നിന്ന്, അവള്‍ തിരിഞ്ഞുനോക്കുമ്പോള്‍് അടുത്തുള്ള മരത്തിന്റെയോ പൊന്തയുടെയോ പിന്നിലേക്ക് മറഞ്ഞ് അവളുടെ പിറകെത്തന്നെ ആ രൂപമുണ്ട്. കുറെ ദൂരം പിന്നിട്ട ്‌ശേഷമാണ് അത് ദകൂയിയുടെ കണ്ണില്‍പെടുന്നത്. അതോടെ അവളുടെ ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി. കാലുകള്‍ ഇടറി. അവള്‍ ഓട്ടത്തിന് വേഗത കൂട്ടി.
കുറച്ചു കഴിഞ്ഞപ്പേള്‍ ആ രൂപത്തെ കാണാതായി. അത് അവള്‍ക്ക് ആശ്വാസം പകരുന്നതിന് പകരം അവളുടെ ബേജാറ് ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന കഠാര അവള്‍ കൈയിലെടുത്തുപിടിച്ചു. പടത്തലവന്മാരുടെ വസതികള്‍ക്ക് പിറകിലൂടെയാണ് അവള്‍ ഓടിക്കൊണ്ടിരുന്നത്. പെട്ടെന്ന് പിറകില്‍ നിന്ന് ഒരു കൈ അവളെ പിടിച്ചു വലിച്ചു. തിരിഞ്ഞു നോക്കിയപ്പോഴേക്കും അവളുടെ അടിവയറ്റില്‍ ഒരു കഠാര തുളഞ്ഞിറങ്ങി. ഇരുട്ടില്‍ ആ കറുത്ത രൂപത്തെ അവള്‍ കണ്ടു. അതിന്റെ കൈ വീണ്ടും പൊങ്ങിയപ്പോള്‍ തന്റെ ഇടതു കൈകൊണ്ട് അവളതില്‍ കടന്നു പിടിച്ചു. പിന്നെ വലതു കൈയിലെ കഠാര അതിന്റെ വയറ്റിലേക്ക് ഊക്കോടെ കുത്തിയിറക്കി. അത് വലിച്ചൂരിയെടുത്ത് വീണ്ടും അവള്‍ കുത്തി. ഒരലര്‍ച്ചയോടെ ആ കറുത്ത രൂപം നിലംപതിച്ചു. അതൊരു സ്ത്രീയുടെ ശബ്ദമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. വീണു കിടക്കുന്ന അതിന്റെ മുതുകില്‍ കഠാര കുത്തിത്താഴ്ത്തിയശേഷം ദകൂയി മുന്നോട്ടു നീങ്ങി. പക്ഷെ,രക്തം വാര്‍ന്ന് തളര്‍ന്നു കഴിഞ്ഞിരുന്ന അവള്‍ ഏതാനും അടി മുന്നോട്ടു വെച്ചപ്പോഴേക്കും വീണുപോയി. പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവള്‍ ഉറക്കെ നിലവിളിച്ചു.
സലാഹുദ്ദീന്‍..അലി സുഫ്‌യാന്‍.. സലാഹുദ്ദീന്‍.. അലി... സുഫ്‌യാന്‍...
ശബ്ദം കേട്ട് രണ്ട് ഭടന്മാര്‍ പന്തവുമായി ഓടിയെത്തി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദകൂയിയെ കണ്ട് അവര്‍ അമ്പരന്നു.
ഭടന്മാര്‍: ആരാണ് നീ.. എന്താണ് സംഭവിച്ചത്?
ദകൂയി: എന്നെ സലാഹുദ്ദീന്റെ അടുത്തെത്തിക്കൂ. വേഗം. അവിടെ വെച്ച് പറയാം.. എല്ലാം.. എനിക്ക് സലാഹുദ്ദീനെ കാണണം.. മരിക്കുന്നതിന് മുമ്പ്. ഒരടിയന്തര കാര്യം അറിയിക്കണം. വേഗം കൊണ്ടുപോകൂ.. വേഗം.
ഭടന്മാരില്‍ ഒരാള്‍ ദകൂയിയെ താങ്ങിയെടുത്ത് തോളിലിട്ട് സലാഹുദ്ദീന്റെ വസതി ലക്ഷ്യമാക്കി ഓടി. മറ്റെയാള്‍ പന്തം മിന്നി വെളിച്ചം കാട്ടിക്കൊണ്ട് പിറകെയും.
(തുടരും)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top