ശാസ്ത്രലോകത്തെ സ്ത്രീ സാന്നിധ്യം

അബ്ദുല്ല പേരാമ്പ്ര No image

ഇരുപതാം നൂറ്റാണ്ട് സ്ത്രീമുന്നേറ്റങ്ങളുടെ കാലഘട്ടമായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ പോലും തങ്ങളുടെ ശക്തമായ സാന്നിധ്യങ്ങള്‍ അറിയിക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞു. ഇന്ന് ബഹിരാകാശ ഗവേഷണങ്ങളിലും അവര്‍ അടിപതറാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ശാസ്ത്രമേഖലയില്‍ ഉണ്ടാക്കിയ സംഭാവനകളെ മാനിച്ച് നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതില്‍ സ്ത്രീകളുടെ പേരുകളും കുറവല്ലായിരുന്നു. എന്നാല്‍ ഇത്തരം മുന്നേറ്റങ്ങളെ അതിന്റെ പ്രാധാന്യത്തോടെ പൊതുമാധ്യമത്തില്‍ അവതരിപ്പിക്കുന്നതില്‍ എന്തുകൊണ്ടോ നമ്മുടെ മാധ്യമങ്ങള്‍ വേണ്ടത്ര ഊന്നല്‍ കൊടുക്കുന്നില്ല എന്നതാണ് സത്യം. അതിന് ചരിത്രത്തില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മേരിക്യൂറി എന്ന ശാസ്ത്രജ്ഞക്ക് ദൃശ്യമാധ്യമങ്ങളും മറ്റും നല്‍കിയ പ്രാധാന്യവും പ്രസക്തിയും പില്‍ക്കാലത്ത് ലോകശ്രദ്ധയാര്‍ജിച്ച ഒരു ശാസ്ത്രജ്ഞക്കും അതിന്റെ പൂര്‍ണമായ അര്‍ഥത്തിലും മാനത്തിലും ലഭിച്ചില്ല എന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. 1964-ല്‍ രസതന്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച ഡൊറോത്തി ഹൊഡ്ജക്കിനെ എത്ര മലയാളികള്‍ക്ക് അറിയാം? മാരിയ ജ്യോഫെര്‍ട്ട് മായര്‍ എന്ന ശാസ്ത്രജ്ഞയേയും അറിയുന്നവര്‍ ചുരുക്കം. 1963-ല്‍ ഭൗതിക ശാസ്ത്ര രംഗത്തെ മികവിനായിരുന്നു ഇവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്. മേരി ക്യൂറിക്കു ശേഷം വന്ന ഏറ്റവും പ്രബലമായ ശാസ്ത്രജ്ഞയായിരുന്നു ഇവരെന്ന കാര്യം മറക്കരുത്. എന്നിട്ടും ലോകം അവരെ ജനസമക്ഷം അവതരിപ്പിക്കുന്നതില്‍ കാര്യമായ ഔല്‍സുക്യം കാണിച്ചില്ല.
ഒരു പുരുഷാധിപത്യ സമൂഹത്തില്‍ നിന്ന് ജീനിയസ്സുകളായ വനിതാ സയന്റിസ്റ്റുകള്‍ക്ക് ഇത്തരം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കില്‍ മറ്റു തുറകളില്‍ ശ്രദ്ധേയമായ കഴിവുകള്‍ കാണിക്കുന്ന സ്ത്രീകളെക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ പക്ഷപാതിത്വ മനോഭാവത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. അമേരിക്കയില്‍ പോലും ഈ 'തൊട്ടുകൂടായ്മ' സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. അമേരിക്കയിലെ ആദ്യത്തെ മെഡിക്കല്‍ സയന്റിസ്റ്റായ ഗെറ്റി കോറി ഒരു ഉദാഹരണമാണ്. ഗ്ലൈക്കോജനിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് പഠന-ഗവേഷണം നടത്തി നൊബേല്‍ സമ്മാനം വാങ്ങിയ ആ സ്ത്രീ അവഗണനയുടെ കൈപ്പുനീരിനെക്കുറിച്ച് പില്‍കാലത്ത് എഴുതിയിട്ടുണ്ട്. ഇതേ ദുരന്താനുഭവം ഇറ്റാലിയന്‍ ന്യൂറോളജിസ്റ്റായ ലെവി മൊണ്ടാല്‍സിനിയക്കും പറയാനുണ്ടായിരുന്നു. 1986-ല്‍ മെഡിസിന്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച സ്ത്രീയായിരുന്നു അവര്‍. മനുഷ്യനിലെ ഞരമ്പുകളുടെ പ്രവര്‍ത്തനവും, വളര്‍ച്ചയും സംബന്ധിച്ച കണ്ടെത്തലുകള്‍ക്കായിരുന്നു ഇവര്‍ക്ക് പുരസ്‌കാരം. എന്നാല്‍ ഈ പുരസ്‌കാര ലബ്ധിയെ വേണ്ട രീതിയില്‍ കൊണ്ടാടപ്പെടാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല എന്നത് അവര്‍ അക്കാലത്തു തന്നെ പരാതിപ്പെട്ടു. തന്റെ സമകാലികരായ പുരുഷ ശാസ്ത്രജ്ഞന്മാര്‍ക്ക് ലഭിച്ച വാര്‍ത്താ പ്രാധാന്യത്തിന്റെ ചെറിയൊരു അംശം പോലും നല്‍കാന്‍ മടിച്ച ലോകത്തെ ആ ശാസ്ജ്ഞ അവജ്ഞയോടെ വീക്ഷിച്ചിട്ടുണ്ട്.
ഇത് എന്തുകൊണ്ട് സംഭവിക്കുന്നു. എന്ന ചോദ്യത്തിന് ലിസെ മീത്തറെ പോലുള്ള യുവ ശാസ്ത്രജ്ഞകാരികള്‍ ഉത്തരം നല്‍കിയിട്ടുണ്ട്. ശാസ്ത്രലോകത്തെ നിയന്ത്രിക്കാനും, ഭരിക്കാനുമുള്ള അവകാശവും അധികാരവും പുരുഷന്മാര്‍ക്കാണെന്ന ധാരണ (തെറ്റിദ്ധാരണ) പല ശാസ്ത്രകാരന്മാരും ഈ നൂറ്റാണ്ടിലും വെച്ചു പുലര്‍ത്തുന്നതായി ആരോപിക്കുന്നു. ഉദ്യോഗസ്ഥ മേധാവിത്വ സ്വഭാവത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ കാഴ്ചപ്പാടെന്നാണ് അവരുടെ നിരീക്ഷണം. ശാസ്ത്രലോകത്ത് സ്ത്രീ ആയതുകൊണ്ട് മാത്രം അവഗണനയും അരക്ഷിതത്വവും അനുഭവിക്കുന്ന ധാരാളം സ്ത്രീ ശാസ്ത്രകാരികള്‍ ഇന്ന് ലോകത്തുണ്ടെന്ന് അവര്‍ പറയുന്നു. ഇത് അവരുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും അവമതിക്കാനും ഇടയാക്കുന്നതായി മീത്തര്‍ തുറന്നെഴുതിയിട്ടുണ്ട്. 1901-ല്‍ നൊബേല്‍ സയന്‍സ് സമ്മാനം ലഭിച്ചു കഴിഞ്ഞവരില്‍ ഇന്നേവരെയായി വെറും 16 സ്ത്രീ പ്രാതിനിധ്യം മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നത് നമുക്ക് ആശ്ചര്യത്തിന് വക നല്‍കുന്നതായി അവര്‍ പറഞ്ഞു.
നൊബേല്‍ അക്കാദമിക്ക് ചില വകതിരിവുകളും, വിവേചനങ്ങളും സമ്മാനം കൊടുക്കുന്നതിലും മറ്റും ഉണ്ടെന്നത് ഒരു വാര്‍ത്തയല്ലെങ്കിലും, സ്ത്രീ ശാസ്ത്രജ്ഞകള്‍ക്ക് സമ്മാനം കൊടുക്കുന്നതിലും അവര്‍ ഒട്ടും മുന്നോക്കമെല്ലന്ന് പറയാറുണ്ട്. ലിസെ മീറ്റ്‌നയുടെ (1878-1968) കഥ ഇവിടെ ഓര്‍ത്തുപോകുന്നു. ഒരു ഓസ്ട്രിയക്കാരിയായ സ്വീഡിഷ് ശാസ്ത്രജ്ഞയായിരുന്നു അവര്‍. ഐന്‍സ്റ്റീന്‍ 'നമ്മുടെ സ്വന്തം മേരിക്യൂറി' എന്ന് അവരെ വിശേഷിപ്പിച്ചിട്ടുണ്ട്. അത്രയും പ്രതിഭാസമ്പന്നയും, കഴിവുമുറ്റ ഒരു ശാസ്ത്രജ്ഞയുമായിരുന്നു മീറ്റ്‌നര്‍. എന്നിട്ടും ഓട്ടോഹാന്‍ എന്ന ശാസ്ത്രകാരനോടൊപ്പം ന്യൂക്ലിയര്‍ രംഗത്ത് നടത്തിയ പരീക്ഷണങ്ങളെ കാണാനോ, വേണ്ടവിധത്തില്‍ ആദരിക്കാനോ തയ്യാറായില്ല. അക്കൊല്ലത്തെ ശാസ്ത്ര നൊബേല്‍ സമ്മാന പ്രഖ്യാപനത്തില്‍ നിന്ന് വളരെ തന്ത്രപൂര്‍വ്വം ആ പ്രതിഭയെ പുറംതള്ളി. പില്‍ക്കാലങ്ങളില്‍ അവര്‍ക്ക് സമ്മാനം ലഭിക്കുകയുമുണ്ടായില്ല. ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്ന ധാരാളം ശാസ്ത്ര സ്ത്രീരത്‌നങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. ഒരു പക്ഷേ അവരുടെയെല്ലാം പേരുകള്‍ എഴുതുക എന്നതു തന്നെ സാഹസമാണ്. അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളിലും ചൈന പോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ഈ 'വേര്‍തിരിവ്' നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടനിലെ ജോസിലിന്‍ ബെല്‍ ബെര്‍ണല്‍ എന്ന യുവ ശാസ്ത്രജ്ഞയും, ചൈനയിലെ ചീന്‍ ഷിലുംങ്ങും രണ്ട് ഉദാഹരണങ്ങള്‍.
ലോകപ്രസിദ്ധ സയന്‍സ് പ്രസിദ്ധീകരണമായ 'ന്യൂ സയന്റിസ്റ്റ്' ഈയിടെ പുറത്തിറക്കിയ ഒരു പതിപ്പില്‍ എക്കാലത്തെയും സ്ത്രീ സയന്റിസ്റ്റായി മേരികൂറിയെ സ്ഥാപിക്കുമ്പോള്‍, ലോകത്തെ സ്വധീനിച്ച 10 ശാസ്ത്രജ്ഞന്മാരില്‍ ഏറിയ പങ്കും സ്ത്രീ ശാസ്ത്രജ്ഞകളായി എണ്ണപ്പെട്ടിട്ടുണ്ട്. അതില്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞകളും (അഡാകിംങ്ങ്) മാത്തമാറ്റീഷുകളും (സഫീജര്‍മിന്‍) ഉള്‍പ്പെടുന്നുണ്ട്. ലോകത്തിലെ എണ്ണം പറഞ്ഞ സ്ത്രീ മാത്തമറ്റീഷ്യയായ ഫ്രീഡാ റോബിന്‍സിനെ (1893-1973) ലോകത്തിനെങ്ങനെങ്ങനെയാണ് എളുപ്പത്തില്‍ മറക്കാന്‍ കഴിയുക? സ്ത്രീ സമൂഹത്തോട് ശാസ്ത്രലോകത്തെ പുരുഷമേധാവിത്വം വെച്ചുപുലര്‍ത്തുന്ന ഉച്ചനീചത്വത്തെ തുടര്‍ന്ന് ശാസ്ത്രലോകത്തേക്ക് വരുന്ന സ്ത്രീ പ്രതിഭകളുടെ എണ്ണം നാള്‍ക്കുനാള്‍ കുഞ്ഞുകൊണ്ടു വന്നിരിക്കുന്നതായി പഠനങ്ങള്‍ വരുന്നു. പ്രൈമറി ക്ലാസുകളില്‍ നിന്നുപോലും ശാസ്ത്രത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുവരാനേ ഇത് ഇടയാക്കൂ എന്നാണ് പ്രമുഖര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ലിംഗവിവേചനം ഈ പുതുനൂറ്റാണ്ടിലും ഒട്ടും മറയില്ലാതെ രംഗം കയ്യടക്കുന്നത് ആ അര്‍ഥത്തില്‍ എതിര്‍പ്പെടേണ്ട ഒരു വസ്തുത തന്നെയാണ്.
എങ്കിലും, എല്ലാപ്രതിബന്ധങ്ങളെയും തൃണവല്‍ക്കരിച്ചുകൊണ്ട് ബഹിരാകാശത്തും, ജീവശാസ്ത്രമേഘലകളിലും തങ്ങളുടെ കാഴ്ചപ്പാടും, ആശയവും കൊണ്ട് സമ്പന്നമാക്കാന്‍ സ്ത്രീ ശാസ്ത്രജ്ഞകള്‍ക്കിന്ന് കഴിയുന്നുണ്ട്. പുരുഷനെക്കാള്‍ ബഹിരാകാശ ഗവേഷണങ്ങളില്‍ കൂടുതല്‍ തിളങ്ങാന്‍ കഴിയുക സ്ത്രീകള്‍ക്കാണെന്ന് കണ്ടെത്തിയ കാലമാണിത്. സ്ത്രീകളുടെ ശരീരപ്രകൃതിയും മറ്റും ഇതിന് യോജിക്കുന്നതാണത്രെ! ഉയരങ്ങളെ എത്തിപ്പിടിക്കാനുള്ള ശ്രമവും അധ്വാനവും മുന്‍ തലമുറ കാട്ടിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പാഠങ്ങളും പ്രചോദനങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ, അറിവിന്റെ പുതിയ ചക്രവാളങ്ങളെ തേടാന്‍ സ്ത്രീകള്‍ക്ക് കഴിയൂ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top