പാഴാക്കാനുള്ളതല്ല മഴവെള്ളം

അല്ലൂര്‍ റംല No image

പ്രകൃതിദത്തമായ ജലസമ്പത്തിനുടമകളായിരുന്നു മലയാളികള്‍. ഏത് കാലത്തും എല്ലാ കാലാവസ്ഥയിലും സമൃദ്ധമായി വെള്ളം ഒഴുകിയിരുന്ന 44 നദികളും അരുവികളും തോടുകളും കുളങ്ങളും കായലുമെല്ലാം നമുക്ക് നല്‍കിയ ജലസമൃദ്ധി നമ്മുടെ ആസൂത്രണമില്ലാത്ത പ്രവൃത്തികള്‍ കാരണം ഇന്ന് വന്‍ ഭീഷണി നേരിടുകയാണ്. പുഴ കൈയേറ്റം, മണലൂറ്റല്‍, പ്രകൃതിദത്തമായ സ്രോതസ്സുകള്‍ വ്യാപകമായി നികത്തല്‍, മലയിടിക്കല്‍, വയല്‍ നികത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ താല്‍കാലിക ലാഭങ്ങള്‍ക്ക് ഉപകരിക്കുമെങ്കിലും ഒരു ഫാക്ടറിയിലും ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത ശുദ്ധജല സമ്പത്തിനും അവയുടെ ഭൂഗര്‍ഭശേഖരത്തിനും വന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. ഭൂഗര്‍ഭജലത്തിന്റെ അമിത ചൂഷണം നേരത്തെ കണ്ടറിഞ്ഞ് നേരിടാന്‍ വേണ്ട നടപടികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. നിത്യജീവിതത്തില്‍ നാം ഉപയോഗത്തിന് അധികവും ആശ്രയിക്കുന്നത് ഭൂഗര്‍ഭജലത്തെയാണ്. ഭൂഗര്‍ഭജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. കുഴല്‍കിണറുകളാണിവിടെ വില്ലന്‍ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ കുറവിനും മലിനീകരണത്തിനും കാരണം കുഴല്‍ കിണറുകളാണെന്ന് ബന്ധപ്പെട്ട പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യാതൊരു നിയന്ത്രണവുമില്ലാതെ കുഴല്‍കിണര്‍ നിര്‍മിക്കാന്‍ പറ്റുന്ന അവസ്ഥയാണിന്ന്. ഈ സാഹചര്യത്തില്‍ വര്‍ഷപാതം വഴി നമുക്ക് ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് അനുയോജ്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരു ചതുരശ്ര കിലോമീറ്ററില്‍ ശരാശരി നൂറോളം കിണറുകളുള്ള കേരളത്തില്‍ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മുഴുവന്‍ ഭൂഗര്‍ഭജലത്തെ എല്ലാ കാലത്തും ആശ്രയിക്കാന്‍ കഴിയും എന്ന ധാരണ പുലര്‍ത്തേണ്ടതില്ല. കാലവര്‍ഷം വഴി നമുക്ക് ലഭിക്കുന്ന മഴവെള്ളത്തിന്റെ നല്ലൊരു പങ്ക് ഒഴുകി കടലില്‍ പതിക്കുകയാണ്.
കേരളത്തിലെ ഭൂപ്രകൃതിയുടെ കിടപ്പനുസരിച്ച് മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശങ്ങളിലും ജലസമ്പത്തിന്റെ ലഭ്യതയില്‍ വൈരുദ്ധ്യങ്ങള്‍ കാണാം. അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം മഴവെള്ളം ഭൂമിയില്‍ ഊര്‍ന്നിറങ്ങുന്നതിന് തടസ്സം സംഭവിക്കുന്നു. ഏത് വേനലിലും രൂക്ഷമായ ജലക്ഷാമം നമ്മെ തേടിയെത്താന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവോടെ പാഴായിപോകുന്ന മഴവെള്ളത്തിന്റെ ചെറിയൊരുഭാഗം സംഭരിച്ചുവെക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വര്‍ഷംപ്രതി 3000 മില്ലീലിറ്റര്‍ ജലം നമുക്ക് മഴ വഴി ലഭിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. 1000 ചതുരശ്ര അടി വിസ്താരമുള്ള ഒരു വീടിന്റെ മേല്‍കൂരയില്‍ പതിക്കുന്ന മഴവെള്ളത്തിന്റെ കുറച്ചുഭാഗം ഒരു സംഭരണി നിര്‍മിച്ച് സംഭരിച്ച് വെച്ചാല്‍ ചെറിയ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. നമുക്ക് ലഭിക്കുന്ന വെള്ളത്തിന്റെ നല്ലൊരു ഭാഗം കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്നതിനാല്‍ ഓരോ കൃഷിക്കും ആവശ്യമുള്ള വെള്ളത്തിന്റെ അനുപാതം മനസ്സിലാക്കി ഉപയോഗിക്കാന്‍ ശ്രമിക്കണം. സംഭരണികള്‍ നിര്‍മിച്ച് ജലസംരക്ഷണത്തിന് തയ്യാറാകുന്ന വ്യക്തികള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സഹായവും പൊതുസമൂഹത്തില്‍ നിന്നും അധികൃതരില്‍ നിന്നും ലഭ്യമാക്കണം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top