ഒരാള്‍ മദ്യപിച്ച് തുടങ്ങുമ്പോള്‍

എന്‍.പി ഹാഫിസ് മുഹമ്മദ് No image

ഒരു ഫോണ്‍കോള്‍. സ്ത്രീ ശബ്ദം. സ്വയം പരിചയപ്പെടുത്തി അവര്‍ പറയുന്നു; 'സാര്‍... ഞാനാകെ തകര്‍ന്നിരിക്കുന്നു. എനിക്ക് ജീവിക്കാനുള്ള മോഹമില്ലിനി...'
ഞാനവരോട് അവരെ വിഷമിപ്പിക്കുന്ന കാര്യം പറയാന്‍ ആവശ്യപ്പെട്ടു. അവര്‍ വിശദീകരിച്ചു; അവരുടെ ഏക മകന്‍, പതിനേഴു വയസ്സുകാരന്‍ ഇന്നലെ മദ്യപിച്ചിരിക്കുന്നു. പ്ളസ്ടു വിദ്യാര്‍ഥിയാണ്. ഇതാദ്യമായല്ല അവന്‍ മദ്യപിക്കുന്നതെന്ന് അവര്‍ കരുതുന്നു. ഭര്‍ത്താവ് വിദേശത്താണ്. മകന് വേണ്ടിയാണ് അവരുടെ ജീവിതം. മകന്റെ സര്‍വകാര്യങ്ങളും ശ്രദ്ധിക്കുന്ന അവര്‍ക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു അവന്റെ മദ്യപാനം.
അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: "ഞാനവനെ തല്ലി. കരഞ്ഞു. അവനും കരഞ്ഞു. ഇന്നലെ രണ്ടാളും ഉറങ്ങിയിട്ടില്ല സാര്‍... ഇനി... ഇനി ഞാന്‍ എന്താ ചെയ്യേണ്ടത്? എനിക്ക് അറിയില്ല സാര്‍...''
മദ്യപിക്കുന്നത് അപൂര്‍വ സംഭവമല്ല. മദ്യപിച്ച ഒരാളെ കാണാത്തവരായി അധികം പേരുണ്ടാവില്ല. പ്രിയപ്പെട്ടവര്‍ മദ്യപിച്ചതും കണ്ടവര്‍ ധാരാളം. പലര്‍ക്കും, മദ്യത്തിനോ മയക്കുമരുന്നിനോ കീഴ്പ്പെട്ട് എല്ലാം തകര്‍ന്നു തരിപ്പണമായ ഒരു വ്യക്തിയെ എങ്കിലും പരിചയവുമുണ്ടാകും. എന്നാല്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളും തീവ്രപ്രത്യാഘാതങ്ങളും അറിയുന്ന ഒരാള്‍ക്ക് തന്റെ പ്രിയപ്പെട്ട ഒരാള്‍ മദ്യപിച്ചത് കാണുമ്പോള്‍ സഹിക്കാന്‍ പറ്റില്ല. എന്താണ് ചെയ്യേണ്ടതെന്നുമറിയില്ല. മറ്റു പല കാര്യങ്ങളിലും എമ്പാടും അറിവുകളുള്ള പലര്‍ക്കും, വീട്ടില്‍ ഒരാള്‍ ആദ്യമായി മദ്യപിച്ചു കണ്ടാല്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന പ്രായോഗിക അറിവുകളില്ല. പലരും ചെയ്യുന്നത് അയാളോ അവനോ അവളോ കൂടുതല്‍ മദ്യപിക്കുന്നതിന് കാരണമായിത്തീരുകയാണ്.
ലഹരിപദാര്‍ഥം ഉപയോഗിക്കാതിരിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് അതിനെക്കുറിച്ച് ഇന്നൊരാള്‍ മനസ്സിലാക്കുക എന്നത്. മദ്യപാനത്തില്‍ പലവിധ ഘട്ടങ്ങളുണ്ട്. മദ്യപിക്കുന്നവരില്‍ പല വിഭാഗങ്ങളുണ്ട്. മദ്യപിച്ചിട്ടില്ലാത്തവരില്‍ മദ്യപിക്കാനാശയുള്ളവരില്‍ ഒരിക്കലും മദ്യപിക്കാത്തവരുമുണ്ട്. മദ്യപിക്കുന്നവരില്‍ ഇടക്ക് മദ്യപിക്കുന്നവരും മദ്യമേറെ കഴിക്കുന്നവരും മദ്യത്തിന് കീഴടങ്ങിയവരുമുണ്ട്. മദ്യപാനം ഉപേക്ഷിച്ചവരുമുണ്ട്. ഇവരെക്കുറിച്ചുള്ള അറിവുകള്‍ മറ്റൊരാളുടെ മദ്യപാനം നിര്‍ത്താനാശിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആവശ്യമാണെന്നതാണ് വസ്തുത.
ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ മദ്യപിച്ചവരും എപ്പോഴെങ്കിലും മദ്യപിക്കുന്നവരും മദ്യപാനം ഒരാഘോഷമാക്കിയവരും മദ്യത്തിന് കീഴ്പ്പെട്ടവരും അമിത മദ്യാസക്തിയാല്‍ സര്‍വം നഷ്ടപ്പെട്ടവരും പല വിഭാഗത്തില്‍ പെടുന്നവരാണ്. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്താലോ ചില പ്രത്യേക സാഹചര്യങ്ങളിലോ മദ്യപിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍. അവര്‍ മദ്യപിക്കാന്‍ ആശിക്കുന്നവരല്ല. ഒന്നോ രണ്ടോ തവണ കുടിച്ചതും ആഹ്ളാദകരമായ ഒരനുഭവമായിരിക്കാനുമിടയില്ല. പിന്നീട് മദ്യപിക്കാന്‍ കിട്ടിയ സാഹചര്യങ്ങള്‍ ഒഴിവാക്കിയവരുമായിരിക്കും ഇവര്‍.
ഇടക്ക് മദ്യപിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. ആഘോഷവേളകളിലും പ്രത്യേക ഒത്തുചേരലുകളിലും ഇവര്‍ കുടിക്കുന്നു. ഉത്സവാഘോഷ വേളകള്‍ സന്തോഷകരമാക്കാനാണിവരുടെ മദ്യപാനം. അധികപേരും കൂട്ടുചേര്‍ന്നാണ് മദ്യപിക്കുക. ജീവിതത്തില്‍ വിജയങ്ങളുണ്ടാകുമ്പോള്‍, നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ഇവര്‍ കുടിക്കുന്നു. മതപരമായ ആഘോഷ ദിനങ്ങളിലും വിവാഹം, യാത്രയയപ്പ് തുടങ്ങിയ വേളകളിലും ഇവര്‍ കുടിക്കുന്നു. മാസത്തില്‍ ഒന്നോ, ഏറിയാല്‍ രണ്ടോ തവണ ഇവര്‍ കുടിക്കുന്നു. അടുത്ത മദ്യപാനത്തിന് മറ്റൊരാഘോഷത്തിന് കാത്തിരിക്കുന്നു.
മദ്യപിക്കുന്നത് ആഘോഷമാക്കിയവരാണ് മൂന്നാം വിഭാഗക്കാര്‍. മദ്യപിക്കുന്നത് സൂക്ഷ്മമായി ആസൂത്രണം ചെയ്യുകയും സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യുന്നിവര്‍. പലരും കൂട്ടുചേര്‍ന്ന് മദ്യപിക്കുന്നു. അപൂര്‍വമായി ചിലര്‍ ഒറ്റക്ക് മദ്യപിച്ച് ആഘോഷിക്കും. മദ്യപിക്കുമ്പോള്‍, ഇണങ്ങിയതെന്ന് അവര്‍ കരുതുന്ന ഭക്ഷണം കൂടെയുണ്ടാവും. ലോഡ്ജ് മുറികളിലോ ആരുടെയെങ്കിലും വീട്ടിലോ വെച്ചാണ് കുടി. കുടിക്കുകയും തമാശ പറയുകയും, പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഇവര്‍ മദ്യപാനം ഒരു വിശേഷപ്പെട്ട ചടങ്ങാക്കി മാറ്റുന്നു. ഇക്കൂട്ടരില്‍ ചിലരെങ്കിലും വൈകാതെ മദ്യപാനാസക്തിക്ക് കീഴടങ്ങുമെന്ന വസ്തുത ആരും അറിയുന്നില്ല.
ലഹരിപദാര്‍ഥത്തിന് കീഴ്പ്പെട്ടവരാണ് നാലാമത്തെ വിഭാഗം. നൂറില്‍ ഇരുപത് പേരെങ്കിലും മദ്യത്തിന് മുന്നില്‍ സര്‍വവും അടിയറവ് പറയുന്നു എന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിയുടെ പ്രത്യാഘാതങ്ങള്‍ ജീവിതം താറുമാറാക്കിയിരിക്കും. ജോലി നഷ്ടപ്പെടുക, അമിത മദ്യാസക്തനെന്ന് മുദ്ര കുത്തപ്പെടുക, കുടുംബവഴക്കുകള്‍ ഉണ്ടാവുക, ഭാര്യാ-ഭര്‍തൃ സംഘര്‍ഷം വിവാഹമോചനത്തില്‍ ചെന്ന് കലാശിക്കുക തുടങ്ങിയവ പലരുടെയും ജീവിതം തന്നെ തകര്‍ക്കുന്നു. മദ്യത്തിന് കീഴടങ്ങിയവരില്‍, സാമ്പത്തിക സ്ഥിതിയാലും കുടിക്കുന്ന രീതികളാലും മറ്റു പല കാരണങ്ങളാലും കുടുംബത്തിനപ്പുറം മറ്റാരേയും അറിയിക്കാതെ കുടിക്കുന്നവരുമുണ്ട്. അവര്‍ കുടി നിര്‍ത്തുന്നില്ല. നിര്‍ത്താന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും തുടങ്ങുന്നു. കുടി കാരണം സമൂഹത്തില്‍ പദവി നഷ്ടപ്പെട്ടവരും, സാമ്പത്തികമായി തകര്‍ന്നവരും, കുടുംബജീവിതം തന്നെ ശിഥിലമായവരുമാണ് മറ്റൊരു വിഭാഗം. ഇരു കൂട്ടരും ചികിത്സ നടത്തിയിട്ടുണ്ടാവും. പക്ഷേ, കുടിച്ചുകൊണ്ടേയിരിക്കുന്നു. കുടി നിര്‍ത്തുമ്പോള്‍ പലര്‍ക്കും കടുത്ത വിറയല്‍, തലവേദന, കൈകാല്‍ കടച്ചില്‍, വയറുവേദന, അമിതമായ കോപം, ഒന്നും ചെയ്യാന്‍ പറ്റായ്ക തുടങ്ങിയ പിന്‍മാറ്റ അസ്വാസ്ഥ്യങ്ങളുമുണ്ടാവും. വൈദ്യശാസ്ത്ര- മനഃശാസ്ത്ര ചികിത്സ വഴിയും ലഹരിപദാര്‍ഥത്തില്‍ നിന്ന് മുക്തരായിരിക്കുന്നവരുടെ കൂട്ടായ്മയിലെ പ്രവര്‍ത്തനത്താലും അമിത മദ്യാസക്തരില്‍ ചിലര്‍ മദ്യമുപേക്ഷിക്കുന്നു. എന്നാല്‍ മദ്യത്തിന് കീഴ്പ്പെട്ട ഈ രോഗികളില്‍ ഭൂരിപക്ഷവും അതില്‍ നിന്ന് രക്ഷപ്പെടുന്നില്ല എന്നതാണ് വസ്തുത. ലഹരിപദാര്‍ഥത്തോടുള്ള ആസക്തി ഒരു മനോരോഗമാണെന്നതും, അതില്‍ നിന്ന് ശാശ്വതമോചനം നേടുക എന്നത് എളുപ്പമല്ലെന്നതും പലര്‍ക്കുമറിയില്ല.
മദ്യപിച്ചു തുടങ്ങുന്ന ഒരാള്‍ താനൊരിക്കലും അതിന് കീഴ്പെടാനാശിക്കില്ല. തനിക്ക് നിയന്ത്രിച്ച് മദ്യപിക്കാനാവും എന്നുതന്നെയാണവരുടെ വിശ്വാസം. ആദ്യഘട്ടങ്ങളിലെല്ലാവരും ഇങ്ങനെ തന്നെ കുടിച്ചവരുമാണ്. ശാരീരീരികവും മാനസികവും അതിനപ്പുറം സാമൂഹികവുമായ കാരണങ്ങളാല്‍ മദ്യപിക്കുന്നവരില്‍ ഇരുപത് ശതമാനമെങ്കിലും അമിത മദ്യാസക്തി എന്ന രോഗത്തിന് കീഴ്പ്പെടുന്നു. മദ്യപിച്ച് തുടങ്ങുന്നവരില്‍ ആരാണ് അമിത മദ്യാസക്തരായിത്തീരുന്നത് എന്ന് പ്രവചിക്കുക എളുപ്പമല്ല താനും. അതുകൊണ്ടു തന്നെ മദ്യപിക്കുന്നത് പൂര്‍ണമായും ഉപേക്ഷിക്കുക എന്നല്ലാതെ മദ്യത്തില്‍ നിന്ന് എക്കാലവും വിട്ടുനില്‍ക്കാന്‍ മറ്റൊരു ഉപാധിയുമില്ല.
ലഹരിപദാര്‍ഥ വിധേയത്വത്തിലെത്തുന്നത് പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ്. ആദ്യ ഘട്ടത്തില്‍ കുടിക്കുന്നതിലെ ഇടവേളകള്‍ കുറയുന്നു. കൂടുതല്‍ മദ്യപിക്കണമെന്ന് തോന്നുന്നു. അടുത്ത മദ്യപാനം മനസ്സില്‍ ആസൂത്രണം ചെയ്തു തുടങ്ങുന്നു. മദ്യപിച്ചത് ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കുന്നു. മദ്യപിച്ചത് മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നത് സഹിക്കില്ല. ന്യായീകരണങ്ങള്‍ നിരത്തും. ഏതുകാലത്തും തനിക്ക് മദ്യം ഉപേക്ഷിക്കാനാവുമെന്ന് പറയുകയും ചെയ്യും. മദ്യപിക്കുന്ന സന്ദര്‍ഭങ്ങളുടെ ഇടവേളകള്‍ കുറയുന്നത് അവരെ സന്തോഷിപ്പിക്കും.
രണ്ടാംഘട്ടത്തില്‍ അവര്‍ക്ക് മദ്യത്തിന് മുന്നില്‍ നിയന്ത്രണം നഷ്ടമാകുന്നു. മദ്യപിക്കുന്നതിന് മറ്റുള്ളവരെ കുറ്റം പറയും. ലഹരിപദാര്‍ഥം ഉപയോഗിച്ചതു വഴിയുള്ള പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടും. അതൊളിപ്പിക്കാന്‍ ശ്രമിക്കും. ചിലര്‍ അക്രമാസക്തരാകും. ധനനഷ്ടം, മാനഹാനി, ജോലിപ്രശ്നങ്ങള്‍, കുടുബ കലഹങ്ങള്‍ എന്നിവ അനുഭവിച്ചറിയുന്നു. ചിലപ്പോള്‍ സ്വയം ഉപേക്ഷിക്കുകയോ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ ഉപേക്ഷിക്കുകയോ ചെയ്യുകയും വീണ്ടും ലഹരിപദാര്‍ഥം ഉപയോഗിക്കുകയും ചെയ്യുന്നു.
മൂന്നാംഘട്ടത്തില്‍ മദ്യാസക്തരുടെ ജീവിതം താറുമാറാവുന്നു. നിരന്തരമായ ലഹരിപദാര്‍ഥ ദുരുപയോഗം ജീവിതത്തിന്റെ ഭാഗമായി മാറുന്നു. പലവിധേന ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. ജോലി നഷ്ടപ്പെടല്‍, ബന്ധങ്ങള്‍ തകരല്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കൂടി ഉണ്ടാകുന്നതോടെ അമിത മദ്യാസക്തിയുടെ ഒടുവിലത്തെ ഘട്ടം പൂര്‍ണമാകുന്നു. ജീവിതം തന്നെ ഒരു ദുരന്തമായി മാറുന്നു.
ആദ്യമായി ലഹരിപദാര്‍ഥമുപയോഗിക്കുന്ന ഒരാള്‍ അതിന് കീഴ്പ്പെടുമോ എന്നറിയാത്തതുകൊണ്ടു തന്നെ, അത് പാടെ ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. ഏറ്റവുമടുത്ത ഒരാള്‍, മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് മുഴുവനായും നിര്‍ത്തിക്കുവാനാണ് ശ്രമിക്കേണ്ടത്. പക്ഷേ, അതെങ്ങനെ സാധിക്കുമെന്നതാണ് പലര്‍ക്കുമറിയാത്തത്.
ഒരാളും തന്റെ കുടുംബാംഗമോ സുഹൃത്തോ മദ്യത്തിനോ മയക്കുമരുന്നിനോ കീഴ്പ്പെടാന്‍ ആശിക്കുന്നില്ല. എന്നാല്‍ അതില്ലാതാക്കാന്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കുമറിയുകയുമില്ല. കരഞ്ഞതുകൊണ്ടോ, ശിക്ഷിച്ചതുകൊണ്ടോ, ഭീക്ഷണിപ്പെടുത്തിയതുകൊണ്ടോ, ഒറ്റപ്പെടുത്തിയതുകൊണ്ടോ ഒരാള്‍ ലഹരിപദാര്‍ഥം ഉപേക്ഷിക്കില്ല. പലപ്പോഴും ഇതൊക്കെ കൂടുതല്‍ ദോഷകരമായിത്തീരുന്നു.
ശേഷക്രിയ
ഒരാള്‍ ലഹരിപദാര്‍ഥം ഉപയോഗിച്ച് തുടങ്ങുമ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ലഹരിപദാര്‍ഥം ഉപയോഗിച്ചതറിഞ്ഞാല്‍ അവഗണിക്കരുത്. രക്ഷിതാക്കള്‍ ഈ അറിവ് പങ്കുവെക്കണം. ഒന്നിച്ചിരുന്നു ലഹരിപദാര്‍ഥത്തിന്റെ വിധേയത്വ സാധ്യതകള്‍ ബോധ്യപ്പെടുത്തണം.
2. ലഹരിപദാര്‍ഥം ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഒരു കാരണവശാലും അതിനനുകൂലമായ നിലപാടെടുക്കരുത്. ഒളിപ്പിച്ചുവെക്കാന്‍ കൂട്ടുനില്‍ക്കരുത്.
3. ആദ്യമായി ലഹരിപദാര്‍ഥം ഉപയോഗിച്ചതറിഞ്ഞ് ഭീഷണിപ്പെടുത്തിയോ, ശിക്ഷിച്ചോ പ്രതികരിക്കരുത്. രക്ഷിതാക്കളോ പ്രിയപ്പെട്ടവരോ ലഹരിപദാര്‍ഥ ദുരുപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ക്ഷമയോടെയും വിശദമായും അറിയിക്കുക.
4. ലഹരിപദാര്‍ഥം ഉപയോഗിക്കുന്നവരുടെ കൂട്ടാളികളെ കുറിച്ച് മനസ്സിലാക്കുക. അവരുടെ രക്ഷിതാക്കളുമായി പ്രശ്നത്തെ കുറിച്ച് സൌഹൃദപൂര്‍വം സംസാരിക്കുക. ഒന്നിച്ച് പ്രവര്‍ത്തിക്കുക.
5. ലഹരി പദാര്‍ഥം ഉപയോഗിച്ച് തുടങ്ങുന്നവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. അവരെ മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും ഇതാവശ്യമാണ്.
6. ഒരിക്കലും എപ്പോഴെങ്കിലും മദ്യം ഉപയോഗിക്കാനോ, പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാനോ പറയരുത്. ഉപദേശിക്കരുത്. വീട്ടിലിരുന്ന് മദ്യപിക്കാനും പറയരുത്.
7. ലഹരിപദാര്‍ഥം ഒളിപ്പിച്ച് വെക്കാന്‍ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. അത് കൂടുതല്‍ വിശ്വാസക്കുറവിനും സംഘര്‍ഷത്തിനും കാരണമാകും. ഭീഷണികളും ഏറെ കാലം വിലപ്പോകില്ല.
8. കുട്ടികള്‍ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്താല്‍, കുടുംബാംഗങ്ങള്‍ അത് ചെയ്യുന്നവരാണെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. ആഘോഷവേളകളില്‍ വീട്ടില്‍ മദ്യപാനം ഒരിക്കലും അനുവദിക്കരുത്.
9. ലഹരിപദാര്‍ഥം ഉപയോഗിക്കുന്നതിന് മദ്യപാനത്തിന് ആദ്യമൊക്കെ ന്യായീകരണങ്ങളുണ്ടാകും. ജോലി കയറ്റം, സാമ്പത്തിക മെച്ചം, സാമൂഹികാംഗീകാരം തുടങ്ങിയവ ന്യായങ്ങളായി നിരത്തും. ഇതൊന്നും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്. മദ്യത്താല്‍ ഒരു നേട്ടവും വേണ്ട എന്ന് പറയുക.
ലഹരിപദാര്‍ഥ ദുരുപയോഗത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശദമായി മനസ്സിലാക്കേണ്ടതുണ്ട്, വായന, ചികിത്സകരുമായുള്ള സമ്പര്‍ക്കം എന്നിവ ആവശ്യമാണ്.
11. ഒരാള്‍ക്ക് ഒറ്റക്ക് മകന്റെയോ ഭര്‍ത്താവിന്റെയോ ലഹരിപദാര്‍ഥ ഉപയോഗത്തില്‍ നിന്ന് മാറ്റമുണ്ടാക്കാന്‍ പറ്റണമെന്നില്ല. അഛനമ്മമാര്‍ ഒന്നിച്ച് പ്രശ്നത്തെ അഭിമുഖീകരിക്കണം. ഇതൊരു കുടുംബ പ്രശ്നമായി തന്നെ കണക്കാക്കണം. പെരുമാറണം.
12. ഒരാള്‍ ലഹരിപദാര്‍ഥം ഇടക്കിടെ ഉപയോഗിക്കുന്നു എന്നറിഞ്ഞാല്‍ തങ്ങള്‍ക്ക് മാറ്റമുണ്ടാക്കാനാവുന്നില്ല എന്ന് തോന്നിയാല്‍, ചികിത്സകരുടെ സഹായം തേടേണ്ടതാണ്. പരിചയസമ്പന്നരായ കൌണ്‍സിലര്‍മാരുടെ സഹായം തേടുക.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top