ചാരസുന്ദരി

റഹ്മാന്‍ മുന്നൂര് No image

കാഴ്ച പതിനാറ്’
അര്‍ധരാത്രി. സലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടാരത്തിന്’മുമ്പിലെത്തിയ ദകൂയിയെ പാറാവുകാരന്‍ തടഞ്ഞു നിര്‍ത്തി. അയാളുടെ ആ നടപടി അവള്‍ക്ക് ദഹിച്ചില്ല. അല്‍പമൊരു അധികാരഭാവത്തോടെ അവള്‍.
ദകൂയി: എന്നെ തടയരുത്. അമീര്‍ സലാഹുദ്ദീന്റെ ക്ഷണപ്രകാരമാണ് ഞാന്‍ വന്നിട്ടുള്ളത്.
പാറാവുകാരന്‍: അമീര്‍ ക്ഷണിച്ചു എന്നതിന് എന്ത് തെളിവാണ് നിന്റെ കൈവശമുള്ളത്?
ദകൂയി: അദ്ദേഹത്തോട് തന്നെ ചോദിക്കൂ. ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം പറയട്ടെ.
പാറാവുകാരന്‍: നിന്നെപ്പോലുള്ള നര്‍ത്തകിമാരെയും തേവിടിശ്ശികളെയും പാതിരാത്രികളില്‍ പള്ളിയറകളിലേക്ക് വിളിക്കുന്ന അമീറുമാരുണ്ടാകും. പക്ഷേ അമീര്‍ സലാഹുദ്ദീന്‍ അത്തരക്കാരനല്ല. നിനക്ക് ആളെ തെറ്റിപ്പോയി. ദയവായി മടങ്ങിപ്പോകണം.
ദകൂയി: ഞാന്‍ മടങ്ങിപ്പോയേക്കാം. പക്ഷേ, പിന്നീട് അതേപറ്റി അമീര്‍ ചോദിച്ചാല്‍ താങ്കള്‍ മറുപടി പറയേണ്ടിവരും.
പാറാവുകാരന്‍: ഭീഷണിയാണോ?
ദകൂയി: എന്ന് തന്നെ കരുതിക്കോളൂ.
പാറാവുകാരന് കോപം വന്നു. അയാള്‍ വാള്‍ ഊരി. ദകൂയിക്ക് ഒട്ടും കൂസലില്ല.
പാറാവുകാരന്‍: മര്യാദക്ക് തിരിച്ചു പോകുന്നതാണ് നല്ലത്.
ശബ്ദം കേട്ടുകൊണ്ട് അലിയ്യുബ്നു സുഫ്യാന്‍ പുറത്തിറങ്ങി വരുന്നു. അദ്ദേഹത്തെ കണ്ട് പാറാവുകാരന്‍ വാള്‍ ഉറയിലേക്ക് താഴ്ത്തി, ഭവ്യതയോടെ മാറിനിന്നു. അലിയ്യുബ്നു സുഫ്യാന്‍ പാറാവുകാരനെയും ദകൂയിയെയും മാറിമാറി നോക്കി.
അ.സു: എന്താണ് പ്രശ്നം?
പാറാവുകാരന്‍: ഇവള്‍ക്ക് അമീര്‍ സലാഹുദ്ദീന്റെ കൂടാരത്തില്‍ പ്രവേശിക്കണമെന്ന്. ഇപ്പോള്‍ സാധ്യമല്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാതെ ബഹളം കൂട്ടുകയാണ്. പിടിച്ച് ബന്ധിക്കട്ടെയോ?
ദകൂയി അലിയ്യുബ്നു സുഫ്യാനെ നോക്കി പാറാവുകാരന്‍ കാണാതെ കണ്ണിറുക്കി. പിന്നെ മുഖത്ത് ഏറെ വിനയവും ഭവ്യതയും വരുത്തി.
ദകൂയി: അമീര്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. താങ്കള്‍ക്കറിയാതിരിക്കില്ല. ദയവ് ചെയ്ത് എന്നെ കടത്തിവിടാന്‍ ഇയാളോട് പറയൂ.
അലിയ്യുബ്നു സുഫ്യാന്‍ ഗൌരവം സ്ഫുരിക്കുന്ന കണ്ണുകളോടെ അല്‍പനേരം അവളുടെ മുഖത്തേക്ക് നോക്കിനിന്ന ശേഷം കനത്ത ശബ്ദത്തില്‍ പാറാവുകാരനോട്,
'കടത്തി വിട്ടേക്കൂ.'
അതും പറഞ്ഞ് അലിയ്യുബ്നു സുഫ്യാന്‍ പുറത്തേക്കിറങ്ങി തന്റെ കൂടാരത്തിലേക്ക് നടന്നു. ദകൂയി പാറാവുകാരനെ നോക്കി പരിഹാസപൂര്‍വം ഒന്ന് ചിരിച്ച ശേഷം അകത്ത് കയറി. ഒന്നും പിടികിട്ടാതെ പാറാവുകാരന്‍ വിസ്മയിച്ചു നില്‍ക്കുകയാണ്.
കാഴ്ച പതിനേഴ്
രാത്രിയുടെ അന്ത്യയാമം. അമീര്‍ നാജിയുടെ കൂടാരം. നാജിയും അദ്റൂശും ദകൂയിയെ കാത്തിരിക്കുകയാണ്. ഭയവും അസ്വസ്ഥതയും പ്രകടമാണ് അവരുടെ മുഖങ്ങളില്‍.
നാജി: ഛെ. നേരം പുലരാറായി. അവളവിടെ എന്തെടുക്കുകയാണ്?
അദ്റൂശ്: സലാഹുദ്ദീന്‍ വിടാത്തത് കൊണ്ടാവും. അവളെപ്പോലുള്ള ഒരു ഹൂറിയെ ഏത് പുരുഷനാണ് വിടാന്‍ തോന്നുക?
നാജി: അവള്‍ക്ക് വല്ല ആപത്തും സംഭവിച്ചിരിക്കുമോ എന്നാണ് എന്റെ ഭയം?
പുറത്ത് ആരുടെയോ കാല്‍പെരുമാറ്റം കേട്ട് അവര്‍ സംസാരം നിര്‍ത്തി ശ്രദ്ധിച്ചു. അപ്പോഴേക്കും ദകൂയി അവിടെ എത്തി. നിറഞ്ഞ പുഞ്ചിരി അവളുടെ മുഖത്ത്.
നാജി: ഓ, ഭയപ്പെടുത്തിക്കളഞ്ഞു.
ദകൂയി: സലാഹുദ്ദീന്റെ തൂക്കം സ്വര്‍ണം എടുത്തു വെച്ചോളു. അതല്ലേ എനിക്ക് നിശ്ചയിച്ച പ്രതിഫലം?
നാജി: അതിനുമുമ്പ്, എന്താണ് അവിടെ നടന്നതെന്ന് പറയൂ.
ദകൂയി: താങ്കളല്ലേ പറഞ്ഞത്, സലാഹുദ്ദീന്‍ പുലിയാണ്, കരിമ്പാറയാണ് എന്നൊക്കെ. വെറുതെ, ഒന്നുമല്ല. പച്ചമനുഷ്യന്‍. ഏത് പുരുഷനെയും പോലെ, ചോരയും നീരുമുള്ള പുരുഷന്‍. നിങ്ങളെപ്പോലെതന്നെ മോഹങ്ങളും വികാരങ്ങളും ഒക്കെയുള്ള പച്ച മനുഷ്യന്‍.
നാജി: അപ്പോള്‍ നിന്റെ ദൌത്യം വിജയിച്ചു എന്നര്‍ത്ഥം.
ദകൂയി: (നാണം കുണുങ്ങി) തീര്‍ച്ചയായും.
നാജി: നീയാണ് പെണ്ണ്
അയാള്‍ ആഹ്ളാദത്തോടെ ദകൂയിയെ ചേര്‍ത്തു പിടിച്ചു. ദകൂയി കുതറി മാറി.
ദകൂയി: ബാക്കിയെല്ലാം നാളെ. ഇപ്പോള്‍ എനിക്കൊന്നുറങ്ങണം.
അവള്‍ വാതില്‍ തുറന്ന് തന്റെ മുറിയിലേക്ക് പോയി.
കാഴ്ച പതിനെട്ട്
പ്രഭാതം. മരുഭൂമിയിലെ വിരുന്ന് കഴിഞ്ഞ് സലാഹുദ്ദീനും സംഘവും മടങ്ങുകയാണ്. കുതിരകളും ഒട്ടകങ്ങളുമെല്ലാമുള്ള യാത്രാസംഘത്തിന്റെ ഏറ്റവും മുന്നിലാണ് സലാഹുദ്ദീന്‍ സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ ഇടത്തും വലത്തുമായി രണ്ട് അംഗരക്ഷകര്‍. അല്‍പം പിറകിലായി മറ്റൊരു കുതിരയുടെ പുറത്ത് അലിയ്യുബ്നു സുഫ്യാന്‍. യാത്രക്കിടയില്‍ അദ്ദേഹം കുറച്ചുനേരം ഒറ്റക്കായ തക്കം നോക്കി ആമിറുബ്നു സാലിഹ് എന്ന പടത്തലവന്‍ മറ്റുള്ളവരെ മറികടന്ന് അദ്ദേത്തിന്റെ അടുത്തേക്ക് വന്നു.
ആമിറുബ്നു സാലിഹ്: അലി സുഫ്യാന്‍, ഒരു കാര്യം അറിയണമെന്നുണ്ടായിരുന്നു.
അ.സു: ചോദിച്ചോളൂ,
ആ.സാ: അവിവേകമാണെങ്കില്‍ മാപ്പാക്കണം.
അ.സു: ധൈര്യമായി ചോദിക്കൂ, ആമിര്‍ സാലിഹ്.
ആ.സാ: ഇന്നലെ രാത്രി നാജിയുടെ സൈന്യത്തിന് മദ്യം വിളമ്പിയത് ശരിയായോ?
അ.സു: വിരുന്നൊരുക്കിയതും മദ്യം വിളമ്പിയതും നമ്മളല്ല. നാജിയും അയാളുടെ സൈന്യവും തന്നെയാണ് എല്ലാം ചെയ്തത്.
ആ.സാ: പക്ഷേ മദ്യം വിളമ്പാന്‍ അമീര്‍ സലാഹുദ്ദീന്‍ അനുമതി നല്‍കിയില്ലേ?
അ.സു: നാജി സലാഹുദ്ദീനോട് സമ്മതം ചോദിച്ചതും സലാഹുദ്ദീന്‍ സമ്മതം നല്‍കിയതും ശരി തന്നെ. സുഡാനി സൈന്യത്തിന്റെ തനിരൂപം നേരിട്ടറിയാനുള്ള ഒരവസരം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു അതിന്റെ ഉദ്ദേശ്യം.
ആ.സാ: ഇന്നലെ അര്‍ധരാത്രി കഴിഞ്ഞ സമയത്ത് ആ നര്‍ത്തകി സലാഹുദ്ദീന്റെ കൂടാരത്തില്‍ പ്രവേശിച്ചതോ? അതിനെന്താണ് ന്യായം?
അ.സു: അലി സാലിഹ്, താങ്കള്‍ ഒരു മുതിര്‍ന്ന പടത്തലവനാണ് . പടത്തലവന്മാര്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളും പട്ടാളക്കാരുമായി പങ്കുവെക്കാന്‍ പറ്റാത്ത അവസരങ്ങളുണ്ടാവും എന്ന് താങ്കള്‍ക്കറിയാതിരിക്കില്ലല്ലോ. അക്കൂട്ടത്തിലൊന്നായി ഇതിനെയും മനസ്സിലാക്കുക. സമയമാകുമ്പോള്‍ എല്ലാ രഹസ്യങ്ങളും വെളിപ്പെടും. അത് വരെ ക്ഷമിച്ചിരിക്കുക.
കാഴ്ച പത്തൊമ്പത്
സലാഹുദ്ദീന്‍ അയ്യൂബിയുടെ ഓഫീസ്. സലാഹുദ്ദീന്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായി നാജി പതിവില്ലാതെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കയറിവന്നു. അയാളുടെ മുഖത്ത് ദുഃഖവും കോപവും പ്രകടമാണ്. സലാഹുദ്ദീന്‍ ജിജ്ഞാസാപൂര്‍വം,
സ.അ: ഓ നാജി, എന്താണ് ഈ നേരത്ത്. പതിവില്ലാതെ, വല്ല അത്യാവശ്യ കാര്യവും?
നാജി: സുഡാനി പട്ടാളത്തെ പുതിയ ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ലയിപ്പിക്കാനുള്ള ഉത്തരവ് താങ്കള്‍ തന്നെയാണോ തയ്യാറാക്കിയത്?
സ.അ: തീര്‍ച്ചയായും.
നാജി: പുതിയ സംവിധാനത്തില്‍ എനിക്കുള്ള സ്ഥാനത്തെപ്പറ്റി താങ്കള്‍ ചിന്തിക്കുകയുണ്ടായോ?
സലാഹുദ്ദീന്‍: തീര്‍ച്ചയായും. സൈനിക ആസ്ഥാനത്ത് താങ്കള്‍ക്ക് ജോലിയുണ്ടാവും. ഉത്തരവില്‍ അതും പറഞ്ഞിട്ടുണ്ട്.
നാജി: പറഞ്ഞിട്ടുണ്ട്. ഗുമസ്തപ്പണി. അമീര്‍, ദീര്‍ഘകാലം ഈജിപ്തിന്റെ പ്രധിരോധ സേനക്ക് നേതൃത്വം നല്‍കുന്ന പടത്തലവനാണ് ഞാന്‍. അമ്പതിനായിരം യോദ്ധാക്കളുള്ള സുഡാനി സൈന്യം എന്റെ കീഴിലാണ്. അങ്ങനെയുള്ള എന്നെയാണ് ഇപ്പോള്‍ വെറുമൊരു ഗുമസ്തപ്പണിക്കാരനാക്കി തരം താഴ്ത്തിയിരിക്കുന്നത്. അമീര്‍, എന്ത് കുറ്റത്തിനുള്ള ശിക്ഷയാണിത്? എന്തുതെറ്റാണ് ഞാന്‍ ചെയ്തത്?
സ.അ: താങ്കളുടെ പൂര്‍വകാല ചരിത്രമൊക്കെ ഞാനിപ്പോള്‍ വിവരിക്കേണ്ടതുണ്ടോ? സുഡാനി സൈന്യത്തിന്റെ തലപ്പത്തിരുന്ന് കൊണ്ട് താങ്കള്‍ അവരെ എന്താക്കിയെന്ന് വിരുന്നിന്റെ രാത്രി താങ്കള്‍ തന്നെ കാണിച്ചു തന്നതാണല്ലോ. മദ്യം കഴിക്കാത്ത, സ്ത്രീകളെ ബഹുമാനിക്കുന്ന അവരുടെ ചാരിത്യ്രം കാത്തു സൂക്ഷിക്കുന്ന, ഇസ്ലാമിനോട് കൂറും സ്നേഹവുമുള്ള ഒരു സൈന്യത്തെയാണ് എനിക്കാവശ്യം. സൈന്യത്തിന്റെ തലപ്പത്ത് താങ്കള്‍ ഇരിക്കുന്ന കാലത്തോളം അത് സാധ്യമാവുകയില്ല എന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്.
നാജി: ഇത് ഗൂഢാലോചനയാണ്. എന്നോട് ശത്രുതയുള്ള ചിലര്‍ പടത്തലവന്‍മാരുടെ കൂട്ടത്തിലുണ്ട്. അവരാരോ താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
സ.അ: എനിക്ക് തെറ്റിദ്ധാരണയൊന്നുമില്ല. എല്ലാം പഠിച്ചു മനസ്സിലാക്കിയിട്ട് തന്നെയാണ് എന്റെ തീരുമാനം. അതുകൊണ്ട് ഒരാഴ്ചത്തെ അവധി ഞാന്‍ തരുന്നു. അതിനകം സുഡാനി സൈന്യത്തെക്കുറിച്ച എല്ലാ കണക്കുകളും വിവരങ്ങളും തയ്യാറാക്കി എനിക്ക് തരണം. അതിനുശേഷം ഉത്തരവില്‍ പറഞ്ഞ പ്രകാരം സൈനിക ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കാം. അല്ലങ്കില്‍ രാജി വെച്ചൊഴിയാം. ഇപ്പോള്‍ പോയ്ക്കൊള്ളുക.
നാജി കോപം കടിച്ചമര്‍ത്തിക്കൊണ്ട് മുറിയില്‍ നിന്നിറങ്ങി.
കാഴ്ച ഇരുപത്
നാജി വര്‍ധിച്ച കോപത്തോടെ വാതില്‍ തള്ളിത്തുറന്ന് തന്റെ മുറിയില്‍ കയറി. വാള്‍ ഊരി കട്ടിലിലേക്ക് ഊക്കോടെ എറിഞ്ഞ ശേഷം ദകൂയിയുടെ വാതില്‍ ഉറക്കെ മുട്ടി വിളിച്ചു. വാതില്‍ തുറന്ന ദകൂയി കോപാക്രാന്തനായി നില്‍ക്കുന്ന നാജിയെ കണ്ട് അമ്പരന്നു. അവള്‍ പരിഭ്രമത്തോടെ നാജിയുടെ അടുത്തേക്കു ചെന്നു.
ദകൂയി: എന്താണ,് അമീര്‍? എന്തുപറ്റി? വല്ലാതെ കോപിച്ചിരിക്കുന്ന പോലെ.
നാജി: വേണ്ട, എന്നോടൊന്നും പറയേണ്ട, എനിക്കൊന്നും കേള്‍ക്കേണ്ട. വലിയ ഇന്ദ്രജാലക്കാരിയാണെന്നല്ലേ പറഞ്ഞിരുന്നത്. പുലിയെ പൂച്ചയാക്കുമെന്നൊക്കെ. എന്നിട്ടെന്താണുണ്ടായത്? സലാഹുദ്ദീനെ വല്ലതും ചെയ്യാന്‍ നിനക്ക് സാധിച്ചോ? എനിക്കെന്റെ സ്ഥാനവും മാനവും നഷ്ടപ്പെട്ടു. അമ്പതിനായിരം പടയാളികളുടെ തലവനായ എന്നെ വെറുമൊരു കണക്കപ്പിള്ളയാക്കിയില്ലേ സലാഹുദ്ദീന്‍. നീയാണ് എല്ലാറ്റിനും കാരണക്കാരി. നിന്നെ ഞാന്‍ വിശ്വസിച്ചു. പകരം നീയെന്നെ വഞ്ചിച്ചു.
ദകൂയി: താങ്കള്‍ വല്ലാതെ വികാരപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മനസ്സിനെ ശാന്തമാക്കി പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് വേണ്ടത്. വികാരപ്രകടനം കൊണ്ട് ഒരു കാര്യവും നേടാനാവുകയില്ല. താങ്കള്‍ ശാന്തനാവൂ. (മദ്യം കോപ്പയില്‍ ഒഴിച്ചു കൊടുത്തിട്ട്) ഇതാ, ഇത് കുടിക്കൂ.
നാജി മദ്യക്കോപ്പ വാങ്ങി ഒറ്റ വീര്‍പ്പില്‍ കുടിച്ചു തീര്‍ത്തു. എന്നിട്ട് ഒഴിഞ്ഞ കോപ്പ ശക്തിയോടെ നിലത്തേക്കെറിഞ്ഞു. അത് പല കഷ്ണങ്ങളായി ചിന്നിച്ചിതറി. അത് കണ്ടുകൊണ്ട് അദ്റൂശ് കയറിവന്നു.
നാജി: ഇതിന് പരിഹാരം ഞാന്‍ തന്നെ കണ്ടെത്തും.
അദ്റൂശ്: പരിഹാരമോ? എന്തിന്?
നാജി: സുഡാനി സൈന്യത്തെ പുതിയ ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ലയിപ്പിക്കാന്‍ സലാഹുദ്ദീന്റെ ഉത്തരവ്. എനിക്ക് സൈനിക ആസ്ഥാനത്ത് ഗുമസ്തപ്പണി, അവന്റെ വക ഔദാര്യം. എന്റെ കൈയും കാലും അരിഞ്ഞിടുകയാണ് അവന്റെ ലക്ഷ്യം. ഞാനത് അനുവദിക്കില്ല.
അദ്റൂശ്: അത് നടക്കാന്‍ പോകുന്നില്ല. സുഡാനി സൈന്യത്തിന് നമ്മോടാണ് ഇപ്പോഴും കൂറ്. സലാഹുദ്ദീന്റെ ഉത്തരവ് അവര്‍ അംഗീകരിക്കില്ല.
നാജി: അതെനിക്കറിയാം. നാജി ആരാണെന്നും സുഡാനി സൈന്യത്തിന്റെ ശക്തി എന്താണെന്നും സലാഹുദ്ദീന് കാണിച്ചു കൊടുക്കാന്‍ പോവുകയാണ് ഞാന്‍.
അദ്റൂശ്: താങ്കള്‍ ഉദ്ദേശിക്കുന്നത്?
നാജി: കലാപം. സൈനിക കലാപം.
ദകൂയി രണ്ട് കപ്പില്‍ മദ്യം പകര്‍ന്ന് നാജിക്കും അദ്റൂശിനും കൊടുക്കുന്നു. നാജി മദ്യം വലിച്ചു കുടിച്ച് ചുണ്ട് തുടച്ച്,
നാജി: ദകൂയി, നീ അകത്ത് പോയിരിക്ക്. ഞങ്ങള്‍ക്ക് സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ട്.
ദകൂയി വാതില്‍ തുറന്ന് തന്റെ മുറിയിലേക്ക് പോകുന്നു. നാജി ചെന്ന് വാതില്‍ സാക്ഷയിട്ടു.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top