കെ.പി സല്‍വ

ഇത്ര റൊമാന്റിക്കാണോ പ്രസവം?

രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷമുള്ള ഒരു ഫോണ്‍ കോള്‍. കേരളത്തിന് പുറത്ത് പഠിക്കുന്ന സുഹൃത്താണ്. ''അല്ല നിങ്ങള്‍ നാലെണ്ണം പെറ്റതല്ലെ, ഈ പ്രസവം എന്നൊക്കെ പറഞ്ഞാല്‍ ഇത്ര റൊമാന്റിക്കാണോ?'' തെല്ലൊന്നമ്പരന്നു. ആ അനുഭൂതിയെ ഇതുവരെ റൊമാന്റിക് എന്ന് വിശ്വസിച്ചിരുന്നില്ല. കാവ്യാത്മകം, അതിവൈകാരികം എന്ന തലത്തിലൊക്കെ അതിനെ വല്ലാതെ പ്രതിഫലിപ്പിക്കുന്നുണ്ട്. ശരീരവും മനസ്സും ഇത്രയേറെ മുഴുകുന്ന മറ്റൊന്നും പെണ്ണിനുണ്ടാവില്ല. ദൈവ വിശ്വാസിയായ ഒരു സ്ത്രീ തന്റെ സ്രഷ്ടാവിനടുത്തേക്ക് ഏറ്റവും നീങ്ങി നില്‍ക്കുന്ന സമയവും അതായിരിക്കും. ഉദരത്തില്‍ ഒരു പൊട്ടു ജീവന്‍ തിരിച്ചറിയുന്നതു മുതല്‍ അതിനനുസരിച്ച് മാറുന്നു ശീലങ്ങളും പരിഗണനകളുമെല്ലാം. ഇഷ്ടങ്ങളും സൗകര്യങ്ങളും കുഞ്ഞിന്റെ നന്മയെ ചൊല്ലി മാറ്റിവെക്കുന്ന കാലം. ഊണിലും ഉറക്കിലും ആകാംക്ഷ നാള്‍ക്കുറികള്‍ വരക്കും. പിന്നെ മരണത്തിനും ജീവിതത്തിനുമിടയില്‍ സങ്കീര്‍ണതയേറിയ പിറവി. പാത്തുവെച്ചതെല്ലാം ചേര്‍ത്തുപിടിച്ചും ഉമ്മവെച്ചും തലോടിയും പകര്‍ന്നുനല്‍കുമ്പോള്‍ കുഞ്ഞിന്റെ വൈകാരികത കരുത്തുനേടുന്നു. അവരുടെ സാമീപ്യം നമ്മെ ഉത്തേജിപ്പിക്കുന്നു. പലപ്പോഴും ലഹരിയോളമെത്തുന്ന ഉത്തേജനം. ഇവിടെ നിന്നും അത്ര റൊമാന്റിക്കാണോ പ്രസവമെന്ന ന്യൂ ജനറേഷന്‍ ചോദ്യത്തിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു.
കഴിഞ്ഞ കാലങ്ങളിലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യാ വര്‍ധനവില്‍ ആനുപാതികമായി മുന്നില്‍ നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഈ കുറവ് ഇതര സമുദായങ്ങളെക്കാളും കൂടുതലുമാണ് (സി.ദാവൂദ് പ്രബോധനം 2011). പത്തും പതിനാലും പ്രസവിക്കുന്ന കാലമല്ലെന്നറിയാം. എങ്കിലും മുസ്‌ലിം സമുദായത്തിനകത്തും പല കാഴ്ചപ്പാടുകളും രീതികളും ഒഴുക്കിനൊത്ത് നീന്തുന്ന ഏര്‍പ്പാടല്ലെ എന്ന് മേല്‍പറഞ്ഞ ചോദ്യത്തിന്റെയും വസ്തുതകളുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുകയാണ്.
കുറെ പ്രസവിച്ചതിന്റെയോ കുഞ്ഞുങ്ങളെ വളര്‍ത്തിയതിന്റെയോ പേരില്‍ മാതാക്കള്‍ ആദരിക്കപ്പെടുന്നില്ല, എവിടെയും (ഒക്കത്തെ കുഞ്ഞോ വീര്‍ത്ത വയറോ ബസ്സില്‍ കയറുന്നത് കണ്ടാന്‍ അകത്തിരിക്കുന്നവര്‍ക്കെല്ലാം അങ്കലാപ്പ്). സ്ത്രീകള്‍ കൂടുതലായി പൊതു ഇടങ്ങളിലേക്കിറങ്ങുന്ന ഇക്കാലത്ത് ഈ മനോഭാവം മാതൃത്വത്തെ നിരുത്സാഹപ്പെടുത്തും. കൂടുതല്‍ പ്രസവിക്കുക, കുടുംബം വലുതാവുക എന്നതൊന്നും നമ്മുടെ മുഖ്യ പരിഗണയില്‍ വരുന്നില്ല. കുട്ടികള്‍ നമുക്കുള്ളതാണ് അത് രണ്ടോ മൂന്നോ ഒക്കെ മതിയെന്നാണ് നമ്മുടെയും തീരുമാനം. കുടുംബാസൂത്രണ പദ്ധതികള്‍ ഉണ്ടാക്കിയെടുത്ത പൊതുബോധമാണിത്. ഇത് പക്ഷേ, ''എനിക്ക് ഗര്‍ഭകാലം വളരെ പ്രയാസമാണ്, പ്രസവിക്കാന്‍ എനിക്ക് പേടിയാണ്, കുട്ടികളെ വളര്‍ത്തല്‍ ഭയങ്കര 'റിസ്‌കി'യാണ്'' എന്നിങ്ങനെയാണ് പുറത്തുവരിക എന്നുമാത്രം.
ഗര്‍ഭം മുതല്‍ മക്കളെ വളര്‍ത്തുന്നതിന്റെ നല്ല പങ്കും സ്ത്രീകള്‍ ഒറ്റക്ക് ചെയ്യേണ്ടിവരുന്നത് കുട്ടികളുടെ എണ്ണക്കുറവില്‍ കലാശിക്കുന്നുണ്ട്. ഇണയുടേയോ പ്രിയപ്പെട്ടവരുടെയോ സാമീപ്യമില്ലാത്ത പ്രസവം മുതല്‍ കുഞ്ഞിന്റെ രോഗം, പരിചരണം, ഭക്ഷണം തുടങ്ങി എം.ടി.എകളായി മാറിയ പി.ടി.എകള്‍ വരെ സംവരണ മേഖലകളാക്കുന്നത് സ്ത്രീകളുടെ പ്രസവത്തെ പരിമിതപ്പെടുത്തുന്നുണ്ട്. ഏറിവരുന്ന വന്ധ്യതയും പ്രവാസ ജീവിതവും വളര്‍ച്ചാ നിരക്കിനെ കുറക്കുന്നുണ്ട്. (ബ്യൂട്ടിഫിക്കേഷന്‍ കാലത്തെ പെണ്‍കുട്ടികള്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവുമില്ലാതെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും പ്രാപ്തി കുറഞ്ഞവരാണെന്നാണ് നിരീക്ഷണം. ഒരു കുഞ്ഞിന് പോയിട്ട് തനിക്ക് വേണ്ട ചോരയും നീരും പോലുമില്ല. എന്നിട്ട് വേണ്ടേ ഒരുപാട് കുഞ്ഞുങ്ങള്‍.) ഗര്‍ഭജന്യമായ രോഗങ്ങള്‍, സിസേറിയനുകളോടെ സ്വീകരിക്കേണ്ടി വരുന്ന മുന്‍കരുതലുകള്‍, ഗര്‍ഭത്തോടനുബന്ധിച്ച ചെലവുകള്‍ എല്ലാം പുതുപിറവിയെ കുറക്കുന്നുണ്ട്. ഗര്‍ഭകാലത്തെ അല്‍പം ശ്രദ്ധയും പരിചരണവും (വയറിളക്കല്‍, എണ്ണ തേച്ചുകുളി, ഗര്‍ഭരക്ഷാ മരുന്നുകള്‍) പ്രസവ സംബന്ധമായ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അറുതിയാണ്. കുഞ്ഞു പിറന്നാല്‍ കുടുംബത്തിലുണ്ടാവുന്ന ജോലിഭാരം, അയല്‍ പെണ്‍ കുട്ടായ്മകള്‍ പരസ്പരം പങ്കുവെക്കുന്ന രീതി ഇനിയെങ്കിലും നാം തുടരേണ്ടിയിരിക്കുന്നു (ഒരു പവനോളം വരും തുക). അതുപോലെ തന്നെ പ്രസവിച്ചവളെ തടിപ്പിച്ച് തടി കേടാക്കുന്ന രീതി നിര്‍ത്തുകയും വേണം. സ്തനങ്ങളില്‍ മര്‍ദ്ദം വരുന്ന രൂപത്തില്‍ അടിവസ്ത്രം ധരിക്കുക, ധാരാളം വെള്ളവും ജലാംശം കൂടുതലടങ്ങിയ പച്ചക്കറി-പഴങ്ങളും ഉപയോഗിക്കുക തുടങ്ങിയ ലളിത മാര്‍ഗങ്ങളാണ് പാലുണ്ടാവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. വോട്ടവകാശം കിട്ടി ഇന്നത്തെ പൗരനായിക്കഴിഞ്ഞാലും കുട്ടിക്കാലം കഴിയുന്നത് പഠനകാലം കഴിയുന്നതോടെയാണ്. പെണ്‍കുട്ടികള്‍ക്ക് എതാണ്ട് ഇരുപതും ജോലി മാനദണ്ഡവുമാവുന്നതുകൊണ്ട് ആണ്‍കുട്ടികള്‍ക്ക് ചുരുങ്ങിയത് ഇരുപത്തിയഞ്ചും വയസ്സാണ് നമ്മുടെ നാട്ടില്‍ കല്യാണപ്രായം. ഇരുപത് വയസ്സായ പെണ്‍കുട്ടികള്‍ വിവാഹിതരാകുമ്പോള്‍ അവരോടൊപ്പമുള്ള ആണ്‍കുട്ടികള്‍ വിവാഹിതരാവാന്‍ വീണ്ടും അഞ്ചുവര്‍ഷം കഴിയുന്നത് പെണ്‍കുട്ടികളുടെ തെരഞ്ഞെടുപ്പിന്റെ വൃത്തം ചെറുതാക്കും. ഇത് മാര്‍ക്കറ്റില്ലാത്ത അവിവാഹിതരുടെയും എണ്ണം വലുതാക്കും. ജനന നിരക്ക് കുറയും. ഇരുപത് വയസ്സില്‍ വിവാഹിതനാകുന്ന ആണ്‍കുട്ടി മലയാളിയുടെ തമാശകളിലാണ് ഇടം പിടിക്കുന്നത്.
നമ്മുടെ അധ്യയന തൊഴില്‍ ഘടനങ്ങള്‍ സ്ത്രീ പ്രകൃതത്തെയും കുടുംബത്തെയും ഉള്‍ക്കൊള്ളുന്നില്ല. ശാസ്ത്ര ലാബുകളിലും മറ്റും നിറ വയറുകള്‍ ഇരിക്കാന്‍ ഒരു സ്റ്റൂളുപോലുമില്ലാതെ കഷ്ടപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പതിവുകാഴ്ചയാണ്. അവര്‍ക്ക് പഠനം കഴിയും വരെ ഗര്‍ഭം വേണ്ടെന്ന് വെക്കേണ്ടിവരുന്നു.
ഇതിനേക്കാള്‍ പ്രതികൂലാവസ്ഥയാണ് സ്ത്രീകളുടെ തൊഴില്‍ ഉണ്ടാക്കുന്നത്. കര്‍ഷക തൊഴിലാളിയായിരുന്ന സ്ത്രീക്ക് തൊഴിലും കുഞ്ഞുങ്ങളെ വളര്‍ത്തലും ഒരുപോലെ സാധിച്ചിരുന്നു. പിന്നീട് വന്ന വ്യവസായ ശാലകളോ കേന്ദ്രീകൃത തൊഴിലിടങ്ങളോ കുട്ടികളെ ഉള്‍ക്കൊള്ളുന്നവയായിരുന്നില്ല. വലിയ കര്‍ഷക കുടുംബങ്ങളില്‍ നിന്നും ചെറിയ സര്‍ക്കാര്‍ കുടുംബങ്ങളിലേക്ക് മാറിയപ്പോള്‍ മക്കളുടെ എണ്ണം ശരാശരി പത്തില്‍ നിന്നും രണ്ടിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലെ കത്തോലിക്കാ സമുദായം നേരിടുന്ന ജനസംഖ്യ ഭീഷണിയാണ്. മുസ്‌ലിം സമുദായത്തില്‍ ഇത് അത്ര തന്നെ ഇല്ല എന്നതും സ്ത്രീ തൊഴില്‍ പങ്കാളിത്തം മുസ്‌ലിംകള്‍ക്കിടയിലാണ് കുറവ് എന്നതും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. കുടുംബം പുലര്‍ത്താന്‍ തൊഴിലെടുക്കേണ്ടതില്ല എന്നത് (അതിനപ്പുറത്തുള്ള തൊഴില്‍ മാനങ്ങള്‍ വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്) മുസ്‌ലിം സ്ത്രീക്ക് അവളുടെ ദീന്‍ നല്‍കുന്ന ഒരു ഓപ്ഷനാണ്. എന്നാല്‍ ഓരോന്നിനെ അതിന്റെ തന്നെ രീതിശാസ്ത്രത്തിലൂടെ മനസ്സിലാക്കണമെന്ന് പറയുന്ന സ്വത്തവാദികള്‍ പോലും മുസ്‌ലിം സ്ത്രീയുടെ തൊഴില്‍ പങ്കാളിത്തത്തെ ആ നിലക്കല്ല അപഗ്രഥിക്കുന്നത് (ഷംസാദ് ഹുസൈന്‍, സംഘടിത, 2011, ന്യൂനപക്ഷത്തിനും ലിംഗ പദവിക്കുമിടയില്‍). ക്യാമ്പസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തട്ടമിട്ട പെണ്‍കുട്ടികളില്‍ അതിശയപ്പെടുന്നവര്‍ തൊഴിലിടങ്ങളില്‍ അവര്‍ അപ്രത്യക്ഷരാവുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നു (ബാബു പോള്‍ മാധ്യമം 2012). ഗര്‍ഭവും പ്രസവവും ശൈശവവും വാര്‍ധക്യവുമൊക്കെ ബാധ്യതയാവുന്ന പുതുലോക കുടുംബങ്ങള്‍ക്കും അതൊക്കെ സ്വാഭാവികമാവുന്ന മുസ്‌ലിം കുടുംബങ്ങള്‍ക്കും തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്. സ്ത്രീക്ക് ഗര്‍ഭം, പ്രസവം, കുഞ്ഞ് എന്നിവയൊക്കെ സാഫല്യമോ അനിവാര്യതയോ ആകസ്മി കതയോ ഒക്കെ ആവാം. അതിനപ്പുറത്ത് മുസ്‌ലിം സ്ത്രീക്ക് അത് ദൈവീക പ്രാതിനിധ്യം കൂടിയാണ്. അതുകൊണ്ട് തന്നെ മുസ്‌ലിം സ്ത്രീ ഒരു കുഞ്ഞിനെയല്ല കുഞ്ഞുങ്ങളെ ആഗ്രഹിച്ചു കൊണ്ടേയിരിക്കും. സ്ത്രീ സ്ത്രീയായിരിക്കുന്നതിന്റെ ഏറ്റവും വലിയ സാധ്യതയാണ് കുഞ്ഞ്. താന്‍ പിന്‍മാറിയാല്‍ മറ്റൊരാള്‍ക്കും സാധ്യമല്ലെന്ന് അവള്‍ക്കറിയാം. അവിടെയാണ് നൈരന്തര്യവും പ്രയത്‌നവും ആവശ്യമുള്ള സാമ്പത്തിക ബാധ്യതയില്‍ നിന്ന് അവള്‍ മുക്തയാവുന്നത്. ഈ മുക്തി നല്‍കുന്ന സ്വാസ്ഥ്യവും സമാധാനവും ഊട്ടുന്ന ബന്ധങ്ങളുടെ ഊഷ്മളത മുസ്‌ലിം കുടുംബങ്ങളില്‍ തിരിച്ചറിയാം. ഈ ആത്മീയതയെ ഉള്‍ക്കൊള്ളാതെ പുരുഷ കേന്ദ്രീകൃത തൊഴില്‍ ഘടനയിലേക്ക് മുസ്‌ലിം സ്ത്രീയെ ഫിറ്റ് ചെയ്യുന്നത് മധ്യവര്‍ഗ അനുകരണ ശീലത്തിന്റെ ഭാഗമാണ്. സ്‌ത്രൈണതയെ ഉള്‍ക്കൊള്ളുന്ന തൊഴിലിടങ്ങള്‍ക്ക് വേണ്ടിയാണ് നാം പ്രയത്‌നിക്കേണ്ടത്.
പ്ലെയിന്‍ ഗ്ലാസ്
ചുട്ടുപൊള്ളുന്ന കഠിനമായ മണല്‍ക്കാട്ടിലൂടെ മാതാവിനെ ചുമലിലേറ്റി ഘാതങ്ങള്‍ നടന്നത് അവര്‍ക്ക് നന്മചെയ്തതിന് സമമാകുമോ? ഒരു സ്വഹാബി നബി (സ) യോട് ചോദിച്ചു. നിന്റെ മാതാവ് നിന്നെ പ്രസവിക്കുമ്പോള്‍ ഞരങ്ങിയ ഒരു ഞരക്കത്തിന് പോലും അത് സമമാകുന്നില്ല എന്നായിരുന്നു മറുപടി. ഗര്‍ഭവും പ്രസവവും മുലയൂട്ടലും പെണ്ണിന് സ്വത്വസാക്ഷാത്ക്കാരമാവുക, അത് തന്നെ അവളുടെ ദൈവീക പ്രാതിനിധ്യമാവുക, അതിന് തന്നെ അവള്‍ ആദരിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുക- ഇത് തന്നെയല്ലെ അതിനെ റൊമാന്റിക് ആക്കുന്നത്.    
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top