ഓര്‍മയിലെ മഴത്തുള്ളി

ഭാനുമതി മേനോന്‍ No image


ചുട്ടുപൊള്ളുന്ന വേനലവസാനിച്ചു. അവധിക്കാലവും തീര്‍ന്നു. പുത്തനുടുപ്പും കുടയും പഠന സാമഗ്രികളുമായി കുട്ടികള്‍ സ്‌കൂളിലേക്ക് പോവാന്‍ തുടങ്ങുന്നു. രണ്ടു മാസക്കാലം തുള്ളിക്കളിച്ചു തീര്‍ത്ത കുട്ടികള്‍ ഇനി പഠനം ഗൗരവമായി എടുക്കണം. അവധിക്കാല വിശേഷങ്ങള്‍ പങ്കുവെക്കണം. പുതിയ കൂട്ടുകാര്‍ എത്തുന്നുവെങ്കില്‍ അവരെ പരിചയപ്പെടണം. പുതിയ ക്ലാസില്‍ അവനവന്റെ സ്ഥാനമുറപ്പിക്കണം.
കുട്ടികള്‍ ആഹ്ലാദപൂര്‍വ്വം യാത്രയാവുന്നു. അവര്‍ക്ക് അകമ്പടിയായി കാറ്റും മഴയുമുണ്ട്. വീറോടും വാശിയോടും കൂടി എത്തുന്ന മഴ കുട്ടികളെ നനയിച്ചേ അടങ്ങൂ. അവധിക്കാലത്ത് കുളിച്ചും വിയര്‍ത്തും തണല്‍മരച്ചുവട്ടിലിരുന്നതും ക്ഷീണം മാറ്റി വീണ്ടും കളിക്കാനോടുന്നതും കുട്ടികള്‍ മറന്നു. നന്നായി നനച്ച മഴയെ അവര്‍ വഴക്കു പറയാന്‍ തുടങ്ങി. ചിലരാവട്ടെ എല്ലാം മറന്ന് മഴവെള്ളത്തില്‍ തുള്ളിച്ചാടി.
ഇന്ന് മിക്ക കുട്ടികള്‍ക്കും മഴ വലിയ പ്രശ്‌നമല്ല. വീട്ടുപടിക്കലെത്തുന്ന വണ്ടിയില്‍ കയറിക്കഴിഞ്ഞാല്‍ സ്‌കൂള്‍ മുറ്റം വരെ നനയേണ്ടതില്ല. പണ്ടു കാലത്ത് നീണ്ടു നില്‍ക്കുന്ന മഴയായിരുന്നു. വാഴയിലയും ചേമ്പിലയും ചൂടി സ്‌കൂളിലേക്കോടുന്ന കുട്ടികള്‍. ചിലര്‍ക്ക് ഓലക്കുടയായിരിക്കും. പിന്നെപിന്നെ ശീലക്കുടയായി. ഇപ്പോഴാവട്ടെ ക്യാപ്‌സ്യൂള്‍ പോലുള്ള പോപ്പിക്കുടയും കുപ്പിക്കുടയും ഒക്കെയായി. ഇടവഴിയും പാടശേഖരങ്ങളും പുഴയും തോടും കടന്ന് കിലോമീറ്ററോളം നടന്നാണ് പഴയകാലത്ത് സ്‌കൂളിലേക്ക് കുട്ടികള്‍ പോയിരുന്നത്.
ഇന്ന് ബാഗിന് ചെലവാകുന്ന രൂപയുണ്ടെങ്കില്‍ അന്ന് പുസ്തകമടക്കം ഒരു കുട്ടിക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങാമായിരുന്നു. അലൂമിനിയത്തിന്റെയും പിച്ചളയുടെയും തൂക്കുപാത്രങ്ങളിലായിരുന്നു ഉച്ച ഭക്ഷണം കൊണ്ടുപോയിരുന്നത്. തുണിസഞ്ചികളില്‍ പുസ്തകവും.
അധ്യാപികാ അധ്യാപകര്‍ സ്വന്തം മക്കളെപ്പോലെ കുട്ടികളെ കരുതിയിരുന്ന കാലമായിരുന്ന അത്. ഗുരുശിഷ്യ ബന്ധങ്ങള്‍ക്ക് കരുത്തും ആത്മാര്‍ഥതയുമുണ്ടായിരുന്നു.
ഇന്ന് ജീവിത സൗകര്യങ്ങള്‍ കൂടി. നാട്ടില്‍ വികസനം വന്നു. കാടുകള്‍ ചുരുങ്ങി. മഴ കുറഞ്ഞു. കുട്ടികള്‍ക്ക് പ്രകൃതിയില്‍ നിന്നും പാഠങ്ങളുള്‍ക്കൊള്ളാനുള്ള വാതിലുകള്‍ അടഞ്ഞു കഴിഞ്ഞെന്നും പറയുന്നതാവും ശരി. കാലത്തിനനുസരിച്ച് കോലവും മാറുന്നു.
അന്നു നട്ടുച്ച വെയിലില്‍ കശുമാവിന്‍ ചുവട്ടില്‍ എത്രയെത്ര ക്ലാസ്സുകളാണ് എടുത്തിരുന്നത്. ആ നിഴലില്‍ തമാശകള്‍ പറഞ്ഞും പരസ്പരം പാഠശാലയിലെ ചോദ്യങ്ങള്‍ ചോദിച്ചു പഠിച്ചും പ്രകൃതിയിലെ ജീവജാലകങ്ങളെയും വ്യതിയാനങ്ങളെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞും പിന്നിട്ട കാലഘട്ടം. പാറക്കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളം. വെള്ളത്തില്‍ ഒലിച്ചിറങ്ങി മിനുസം വന്ന ചെങ്കല്ലുകള്‍. കുരങ്ങന്മാര്‍ ആ കല്ലുപെറുക്കി പാറയില്‍ ഉരക്കും. കൈകൊണ്ട് വെള്ളം മുക്കിയൊഴിച്ച് വീണ്ടുമുരച്ച് ചാന്തുപോലെയാക്കും. എന്നിട്ടത് മുഖത്ത് പൂശി മറ്റൊരു കുഴിയിലെ നിശ്ചലമായ ജലത്തിലേക്ക് പാഞ്ഞു നോക്കി അവര്‍ ചന്തം ആസ്വദിക്കും. അങ്ങനെയങ്ങനെ എന്തെല്ലാം കാഴ്ചകള്‍. പലപ്പോഴും കുട്ടിക്കുരങ്ങന്മാര്‍ വന്ന് പുസ്തകവും പെന്‍സിലും തട്ടിയെടുത്ത് ഓടി മരത്തില്‍ കയറും. സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ടവര്‍ കുത്തി വരയും. പുസ്തകത്തിന്റെ പേജുമറിച്ച് മണത്തു നോക്കും. പിന്നെ നമ്മള്‍ കല്ലെടുത്തെറിഞ്ഞാല്‍ കല്ല് പിടിച്ച് നമ്മെ തിരിച്ചെറിയും. അല്ലെങ്കില്‍ നമ്മുടെ ബുക്കും സ്ലേറ്റും ഒക്കെ താഴേക്കെറിയും.
പറവകളുടെ പാട്ടും ബഹളവും ഓലക്കുടയിലും ചേമ്പിലക്കുടയിലും മഴവെള്ളം വീഴുന്ന ശബ്ദവും ഒക്കെ ആസ്വദിച്ച് കളിച്ചും ചിരിച്ചും പിന്നിട്ട കുട്ടിക്കാലം. ഇനിയൊരിക്കലും തിരിച്ചുവരാത്ത ബല്യകാലം. അന്നും ഇന്നും ഒരുപോലെ മഴയെ സ്‌നേഹിച്ച് കുഞ്ഞോര്‍മകളെ താലോലിച്ച് ഇന്നത്തെ കുഞ്ഞുങ്ങളില്‍ ഒരാളായി ഈ അമ്മൂമ്മയും.
|      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top