മണ്‍സൂണ്‍ കാലത്തെ ആരോഗ്യ വിചാരം

ഡോ: പി.സി സുമേഷ് (ബി.എച്ച്. എം.എസ്, എം.ഡി) No image

രു മഴക്കാലം കൂടി വരവായി, പ്രകൃതിയും, വൃക്ഷലതാദികളും പക്ഷിമൃഗാദികളുമെല്ലാം ആര്‍ത്തുല്ലസിക്കുന്ന മണ്‍സൂണ്‍ കാലം. പക്ഷേ മനുഷ്യര്‍ക്കുമാത്രം സന്തോഷിക്കാന്‍ വകയില്ല, കാരണം അടുത്ത കുറെ വര്‍ഷങ്ങളായി ഓരോ മണ്‍സൂണ്‍ കാലത്തും പുതിയ കുറേ രോഗങ്ങള്‍, ഒരുപാട് ആളുകള്‍ മരണപ്പെടുന്നു. ചിലര്‍ക്ക് തീരാവ്യാധികളും. ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. രോഗപ്രതിരോധത്തിലും ആരോഗ്യ പരിപാലനത്തിലും മുന്‍പന്തിയില്‍ എന്ന് നടിക്കുന്ന കേരളത്തില്‍ തന്നെയാണ് ഇതെന്നതും വിരോധാഭാസമാണ്.
മണ്‍സൂണ്‍ കാലത്ത് സാധാരണയായി കാണപ്പെടുന്ന അസുഖങ്ങള്‍ ഇന്‍ഫ്‌ളുവന്‍സ (വൈറല്‍ പനി), ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം, ചര്‍ദി തുടങ്ങിയവയാണ്. ഇതില്‍ എലിപ്പനി ഒഴിച്ച് ബാക്കിയെല്ലാ രോഗങ്ങളും തന്നെ വൈറല്‍ രോഗങ്ങളാണ്. ഇത്തരം രോഗങ്ങള്‍ കൂടുതലായി കണ്ടുവരാന്‍ കാരണം പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാമാറ്റമാണ്. ഇതുകൊണ്ട് ചിലരുടെ ശരീരത്തിന്റ പ്രതിരോധശേഷിയില്‍ ഗണ്യമായ കുറവ് വരും. അങ്ങനെയുള്ളവരില്‍ സ്ഥിരമായി സമ്പര്‍ക്കത്തിലിരിക്കുന്ന വൈറസും ബാക്ടീരിയയും ഒക്കെ രോഗകാരണമായി മാറുന്നു. യഥാര്‍ഥത്തില്‍ രോഗകാരണം രോഗാണു മാത്രമല്ല. രോഗപ്രതിരോധ ശേഷിയുടെ കുറവ് കൂടിയാണ്. അതുകൊണ്ട് തന്നെയാണ് ഒരേ ബാക്ടീരിയയുമായോ വൈറസുമായോ സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാവര്‍ക്കും രോഗം വരാത്തതും.
വൈറസുകൊണ്ടുണ്ടാകുന്ന എല്ലാതരം പനിയും ശരിയായ രീതിയിലുള്ള ഭക്ഷണ പാനീയ നിയന്ത്രണവും വിശ്രമവും കൊണ്ട് തനിയെ മാറ്റാവുന്നതേയുള്ളൂ. രോഗം മാറുന്നത് വരെ കിടക്കയില്‍ തന്നെ വിശ്രമിക്കാനാണ് ഔഷധ വിജ്ഞാനീയം ആവശ്യപ്പെടുന്നത്. ഏതാണ്ട് പത്തുവര്‍ഷം മുമ്പുവരെ പനി വന്നാല്‍ ചുക്കുകാപ്പി കുടിച്ചും തുളസിയില ഇട്ട വെള്ളം ആവി പിടിപ്പിച്ചും മൂടിപ്പുതച്ച് നാലഞ്ച് ദിവസം കിടന്ന് പനി മാറ്റാറുണ്ടായിരുന്നു. ഇന്ന് മരുന്ന് കമ്പനികളുടെ അനാരോഗ്യകരമായ മത്സരം മൂലം അവര്‍ ഡോക്ടര്‍മാര്‍ക്ക് ടി.വിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും കാറും ഭാര്യമാര്‍ക്ക് പട്ടു സാരിയും റിസോര്‍ട്ടുകളും ഫ്‌ളാറ്റുകളും യൂറോപ്യന്‍ പാക്കേജുമൊക്കെ കൊടുത്ത് അനാവശ്യമായി മരുന്നെഴുതിക്കാന്‍ തുടങ്ങിയതു മുതലാണ് ഇത്രയധികം മരണങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്. ഇതുതന്നെയാണ് കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ക്കും കേരളത്തിലെ എഫ്.സി.ഐ ഗോഡൗണില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്കും കോര്‍പറേഷനുകളിലെ തൂപ്പുതൊഴിലാളികള്‍ക്കും ഓടകളുടെ മുകളില്‍ കിടന്നുറങ്ങുന്ന നാടോടികള്‍ക്കുമൊന്നും എലിപ്പനിയും ഡെങ്കിപ്പനിയുമൊന്നും വരാത്തതിന്റെ കാരണവും. ഒരു ശരാശരി മലയാളിക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ അവരെക്കൊണ്ട് ഈ രീതിയിലൊന്നും ചിന്തിപ്പിക്കാന്‍ ഇന്നത്തെ ആരോഗ്യ ദല്ലാളന്മാര്‍ അനുവദിക്കുന്നില്ല. ഡോക്ടര്‍ എന്നാല്‍ അലോപ്പതി ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നാല്‍ അലോപ്പതി ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് വര്‍ക്കര്‍ എന്നാല്‍ അലോപ്പതി വര്‍ക്കര്‍ എന്ന രീതി മാറുന്നതുവരെ ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും.
ഒട്ടും പേടിക്കാനില്ലാത്ത രോഗങ്ങള്‍ ആളെക്കൊല്ലിയായി മാറുന്നതിന്റെ സത്യമിതാണ്. ഇത് മുതലെടുക്കാന്‍ നമ്മുടെ നാട്ടില്‍ ബഹുനില ചികിത്സാലയം ധാരാളമുണ്ട്. സമാധാനത്തോടെ വീട്ടില്‍ കുത്തിയിരിക്കുന്നവരെ പേടിപ്പിച്ച് പുറത്തുചാടിച്ചും ഹോസ്പിറ്റലുകളിലൊക്കെ നിറച്ചിരിക്കുന്ന ഉപകരണങ്ങളില്‍ കയറ്റിയിറക്കി പണം വീഴ്ത്താനുള്ള ഒരു തന്ത്രം ഇന്നത്തെ എല്ലാ ആരോഗ്യ പരിപാടികളിലും കാണാം. ടി.വിയിലും പത്രങ്ങളിലും മാസികകളിലുമൊക്കെ കാണുന്ന പ്രോഗ്രാമുകളും ലേഖനങ്ങളും ഭൂരിഭാഗവും ഇതുതന്നെയാണ്.
ഈ മണ്‍സൂണ്‍ കാലത്ത് പുതിയ കാഴ്ചപ്പാടോടെ രോഗങ്ങളെ സമീപിക്കാം.  മനുഷ്യരുണ്ടായതുമുതലുള്ള കൊതുകുകളും എലികളുമൊന്നുമല്ല നമ്മുടെ യഥാര്‍ഥ ശത്രുക്കള്‍. രോഗം വരാതെ നോക്കുന്നതാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് ഏത് കാലാവസ്ഥയിലും നല്ലതാണ്. ശുചിത്വമുള്ളിടത്തേ ശരിയായ ആരോഗ്യവും ഉണ്ടാകൂ. പരിസര ശുചിത്വം പോലെ തന്നെ വ്യക്തിശുചിത്വവും അത്യന്താപേക്ഷിതമാണ്. ഇതില്‍ ശരീരവും മനസ്സും ഉള്‍പ്പെടും. പരിസര ശുചീകരണംകൊണ്ട് രോഗാണുക്കള്‍ പെരുകാതെ തടയാനാവുമെങ്കില്‍ വ്യക്തിശുചിത്വം കൊണ്ട് രോഗപ്രതിരോധശേഷി കുറയുന്നതും തടയാനാവും.
ചികിത്സ തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറക്കുന്ന ഒരു മരുന്നുകളും കഴിക്കാന്‍ പാടില്ല. പ്രധാനമായും ആന്റിബയോട്ടിക്കുകളും സ്റ്റീറോയിഡുമെല്ലാം ഇത്തരത്തിലുള്ള മരുന്നുകളാണ്. ഹോമിയോപ്പതിയും ആയുര്‍വേദവും നാച്വറോപ്പതിയും പോലെയുള്ള മനുഷ്യന്റെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്ന ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കണം. നമുക്കവകാശപ്പെട്ട പരിചരണവും വിശ്രമവുമെന്ന സ്‌നേഹാംശത്തിന് പകരം നില്‍ക്കാന്‍ ഒരു മരുന്നിനും കഴിയുകയില്ല എന്ന സത്യം പെട്ടെന്ന് അസുഖം മാറ്റി കുട്ടികളെ സ്‌കൂളിലെത്തിക്കാനും ജോലിക്കുപോകാനും വെമ്പല്‍ കൊള്ളുന്നവര്‍ മറന്നുകൂടാ.
|


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top