സ്ത്രീവിഭവ ശേഷിയും സാമൂഹ്യ പുരോഗതിയും

അബ്ദുല്‍ ബാരി കടിയങ്ങാട് No image

അധ്വാനത്തിലൂടെ ലഭ്യമാകുന്ന ആത്മവിശ്വാസവും മാനസിക സംതൃപ്തിയും സുരക്ഷിതത്വബോധവും അവര്‍ണനീയമാണ്. തൊഴിലില്ലായ്മ മനുഷ്യരില്‍ മാനസിക സംഘര്‍ഷത്തിനും അരക്ഷിത ബോധത്തിനും വഴിയൊരുക്കും. തൊഴിലാളികളുടെ വിയര്‍പ്പുകണങ്ങളില്‍ നിന്നാണ് നാഗരികതകള്‍ ഉയിരെടുക്കുന്നത്. അധ്വാനത്തിലൂടെ ഉല്‍പാദനം വര്‍ധിക്കുന്നു. ഉല്‍പാദനത്തിന്റെ വര്‍ധനവ് രാഷ്ട്രത്തിന്റെയും വ്യക്തിയുടെയും സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുന്നു.
ഇസ്ലാമിക വീക്ഷണത്തില്‍ അധ്വാനം ഇബാദത്താണ്. ഉപജീവനത്തിന് സാധ്യമായ എല്ലാ ജോലികളും സ്വീകരിക്കാം. ഉന്നതമായ സ്വാശ്രയത്തബോധമാണ് ഇസ്ലാം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത്. പ്രവാചകന്‍ പഠിപ്പിച്ചു: "സ്വകരങ്ങളുടെ അധ്വാനം മൂലമുള്ള ഉപജീവനമാണ് ഏറ്റവും ഉത്തമമായ ആഹാരം. ദാവൂദ് നബി(അ) സ്വകരങ്ങള്‍ കൊണ്ട് തൊഴിലെടുത്ത് ജീവിക്കുന്നവരായിരുന്നു.'' (ബുഖാരി) മറ്റുള്ളവരെ സദാ ആശ്രയിക്കുന്ന യാചനയും നിരാശ്രയത്വവും ഇസ്ലാം നിരുല്‍സാഹപ്പെടുത്തുന്നു. തനിക്കോ സമൂഹത്തിനോ ഉപകാരപ്രദമായ ഒരു തൊഴിലും ഒരു വിശ്വാസി അവഗണിക്കാന്‍ പാടില്ല. ചില ജോലിക്ക് മാഹാത്മ്യം കൂടുതലുണ്ടെന്നും മറ്റ് ചിലത് അധമത്വവുമെന്ന ചിന്ത നമ്മുടെ കപടബോധത്തില്‍ നിന്നുണ്ടായതാണ്.
അനുവദനീയമായ മാര്‍ഗത്തിലൂടെ സ്വന്തത്തിന്റെയും കുടുംബത്തിന്റെയും ജീവിതായോധനത്തിന് ഇറങ്ങുന്നതിനെ അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദിനോട് ഖുര്‍ആന്‍ ചേര്‍ത്ത് പറഞ്ഞതായും കാണാം. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ഥതയും പൂര്‍ണതയും പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നാണ് ഇസ്ലാമികാഹ്വാനം.
ഇസ്ലാമിക സമൂഹത്തിന്റെ പാതിയാണ് സ്ത്രീ. സമൂഹത്തിന്റെ ക്രിയാത്മക പ്രക്രിയയില്‍ പുരുഷനെപോലെ സ്ത്രീയും പങ്കുവഹിക്കേണ്ടതുണ്ട്. സ്വാശ്രയത്വവും സാമ്പത്തിക സുരക്ഷിതത്വവും കൈവരിക്കാന്‍ അവനെപോലെ അവള്‍ക്കും അവകാശമുണ്ട്.
തന്റെ ആസൂത്രണപാടവവും ബുദ്ധിസാമര്‍ഥ്യവും മൂലം കച്ചവടത്തില്‍ കഴിവ് തെളിയിച്ച് മികവിനുള്ള സാക്ഷ്യപത്രം (ത്വാഹിറ-പരിശുദ്ധ) നേടിയ മഹതിയായിരുന്നു പ്രവാചകന് കരുത്ത് പകര്‍ന്ന പ്രഥമ പത്നി ഖദീജ(റ). കച്ചവടത്തിലെ സത്യസന്ധതയാണ് പ്രവാചകനെ വിവാഹം ചെയ്യാന്‍ മഹതിയെ പ്രേരിപ്പിച്ച ഘടകം. അന്ന് മക്കയില്‍ നിലനിന്നിരുന്ന സാമ്പത്തിക ക്രമത്തെക്കുറിച്ച് ഖദീജ(റ)ക്കുള്ള പരിജ്ഞാനവും അവരുടെ ആസൂത്രണവുമായിരുന്നു സാമ്പത്തിക ഉപരോധത്തിലൂടെ പ്രവാചകനെ കീഴ്പ്പെടുത്താനുള്ള ശത്രുക്കളുടെ ഗൂഢപദ്ധതികള്‍ തകര്‍ന്നടിയാന്‍ കാരണം. സ്ത്രീകള്‍ക്ക് കുടുംബഭദ്രതയെ തകര്‍ക്കാത്തതും മാന്യവുമായ ജോലി ചെയ്യുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും അതിന്റെ ആവശ്യകതയെ ശരിവെക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: "അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ ചില അനുഗ്രഹങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. നിങ്ങളത് കൊതിക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ചുള്ള വിഹിതമുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിനൊത്ത വിഹിതവും. നിങ്ങള്‍ അല്ലാഹുവിനോട് അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.'' (അന്നിസാഅ്)
തിരക്കുകാരണം ആടിനെ വെള്ളം കുടിപ്പിക്കാന്‍ കഴിയാതെ മാറിനിന്ന യുവതികളോട് മൂസാ നബി നിങ്ങളുടെ പ്രശ്നമെന്താണെന്ന് ആരാഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഖുര്‍ആന്‍ വിശദീകരിക്കുന്നു: "അവരിരുവരും പറഞ്ഞു: "ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകും വരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ വൃദ്ധനാണ്.'' (ഖസസ്-23) ഇതില്‍ നിന്നും സ്ത്രീകള്‍ തൊഴിലെടുക്കുന്നതും അതിന്റെ ആവശ്യകതയും ബോധ്യപ്പെടുന്നു. അന്യരോടുള്ള മാന്യമായ പെരുമാറ്റത്തിന്റെ ധാര്‍മിക പാഠവും മനസ്സിലാക്കാനാവുന്നു.
സാമൂഹിക പുരോഗതിയിലും ഭാവിയുടെ നിര്‍മാണത്തിലും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലും വിശ്വാസികളും വിശ്വാസിനികളും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ഖുര്‍ആന്റെ പാഠം. സ്ത്രീകള്‍ക്ക് അവരുടെ സ്വത്തില്‍ നിന്ന് സ്വതന്ത്രമായി ചെലവഴിക്കാനുള്ള അവകാശവും അധികാരവും ഇസ്ലാം നല്‍കുന്നു.
തൊഴിലും വൈദഗ്ധ്യവും
ഏതൊരു ജോലിയും ക്രയാത്മകമായി നിര്‍വഹിക്കാന്‍ ആവശ്യമായ അറിവും വൈദഗ്ധ്യവും നേടിയെടുക്കണം. എല്ലാവരും ഏതെങ്കിലുമൊരു തൊഴില്‍ അഭ്യസിച്ചിരിക്കണെമെന്ന ഗാന്ധിജിയുടെ അഭിപ്രായത്തോട് ഒരിക്കല്‍ ഒരു അനുയായി ചോദിച്ചത് ബാങ്കറുടെ മകന്‍ എന്തിനാണ് നൂല്‍നൂല്‍പ് പഠിക്കുന്നത് എന്നായിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടി: "തൊഴില്‍ പഠിക്കുന്നതിലൂടെ അവന്‍ കൈവരിക്കുന്ന വൈദഗ്ധ്യം അവന്റെ ഭാവിയിലെ ബാങ്കിംഗ് പ്രവൃത്തി കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നാണ്.'' പ്രവാചകന്‍ ഓരോരുത്തരുടെയും അഭിരുചികള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. പ്രവാചക പാഠശാലയില്‍ നിന്ന് അറിവും പരിശീലനവും നേടിയ പ്രവാചക പത്നിമാരും സ്വഹാബി വനിതകളും വിവിധങ്ങളായ ജോലികളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചത് ഇതുമൂലമായിരുന്നു.
ജീവിതായോധനത്തിനാവശ്യമായ നിരവധി തൊഴില്‍ സംരംഭങ്ങളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടതും പ്രതിഫലാര്‍ഹവുമായ ജോലിയാണ് അധ്യാപനം, ഗ്രന്ഥരചന തുടങ്ങിയ വിജ്ഞാന വിനിമയരംഗങ്ങള്‍. ഇസ്ലാമിക ചരിത്രത്തില്‍ തിളങ്ങി നിന്ന നിരവധി മഹിളാരത്നങ്ങളാല്‍ സമ്പന്നമാണ് ഈ മേഖല. വൈജ്ഞാനിക വിധികള്‍ കൊണ്ട് ചരിത്രം തീര്‍ത്ത ഉമ്മുമുഅ്മിനീന്‍ ആഇശ, ഒരായുസ്സ് മുഴുവന്‍ പഠനഗവേഷണങ്ങള്‍ക്കായ് നീക്കിവെച്ച് 40ഓളം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത് വിശുദ്ധഖുര്‍ആന് സാഹിതീയ ആവിഷ്കാരം നല്‍കിയ ആഇശ അബ്ദുറഹ്മാന്‍ ബിന്‍ത് ശാത്വിഅ്, തടവറകള്‍ക്കിടയില്‍ നിന്ന് ഖുര്‍ആന്റെ പ്രാസ്ഥാനിക വായന സുന്ദരമായി ആവിഷ്കരിച്ച സൈനബുല്‍ ഗസ്സാലി തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
ഇബ്നുല്‍ ജൌസിയുടെ കണക്ക് പ്രകാരം ഹദീസ് റിപ്പോര്‍ട്ടര്‍മാരില്‍ 216- പേര്‍ സഹാബി വനിതകളാണ്. ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് വിജ്ഞാന വിനിമയ രംഗങ്ങളില്‍ സ്ത്രീകള്‍ക്ക് വ്യക്തിമുദ്ര പതിപ്പിക്കാനുള്ള അപാരസാധ്യതകള്‍ തുറന്നുകിടക്കുന്നുണ്ടെന്നാണ്.
യുദ്ധവേളകളിലെ ശുശ്രൂഷ സധൈര്യം ഏറ്റെടുത്തിരുന്ന നസീബാ ബിന്‍ത്് കഅ്ബിന്റെ മാതൃക ഉദാത്തമാണ്. ഉമറിന്റെ കാലത്ത് അങ്ങാടിയുടെ ധാര്‍മിക നിലവാരം കാത്ത് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടത് അബ്ദുല്ല അബീശംസിന്റെ മകളായ ശിഫയെയാണ്.
ആധുനിക സാങ്കേതിക വിദ്യ ജോലിയുടെ അനന്തസാധ്യതകളാണ് സ്ത്രീകള്‍ക്ക് മുമ്പില്‍ തുറന്നുവെച്ചിട്ടുള്ളത്. ഗൃഹജോലികളും സന്താന പരിപാലനവും നടത്തുന്നതോടൊപ്പം ഒഴിവ് സമയങ്ങളില്‍ ക്രിയാത്മകമായ നിരവധി ജോലികളിലേര്‍പ്പെടാന്‍ സ്ത്രീകള്‍ക്ക് കഴിയും. ഹ്രസ്വകാല പരിശീലനം കൊണ്ട് തന്നെ നേടിയെടുക്കാവുന്ന ജോലികളിലൂടെ അലസതയും ജഢത്വവും കൈവെടിഞ്ഞ് നവോന്മേഷവും ചലനാത്മകതയും കൈവരിക്കാനാവും.
കൃഷി, ടൈലറിംഗ്, മറ്റ് കൈത്തൊഴിലുകള്‍ തുടങ്ങി അമിത ഭാരമില്ലാത്തതും കുടുംബ ഭദ്രതക്ക് കോട്ടം വരുത്താത്തതുമായ നിരവധി തൊഴില്‍ മേഖലകളുണ്ട്. മൈക്രോ ഫിനാന്‍സിന്റെ അനല്‍പമായ സാധ്യതകളെയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കുടുംബ ശ്രീ പോലുള്ള ചെറുകിട സ്ത്രീ സംരഭങ്ങള്‍ ആസൂത്രിതമായി നടപ്പില്‍ വരുത്തുകയാണെങ്കില്‍ സാമൂഹിക വളര്‍ച്ചയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കും. ഭര്‍ത്താക്കന്മാരുടെ പിന്തുണയും സഹകരണവുമുണ്ടെങ്കില്‍ നഷ്ടപ്പെട്ടുപോകുന്ന വിഭവശേഷി വ്യക്തികളുടെയും രാഷ്ട്രത്തിന്റെയും ക്രിയാത്മകമായ പുരോഗതിക്കായി വിനിയോഗിക്കാന്‍ സ്ത്രീക്ക് കഴിയും. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top