നാവിനെ സൂക്ഷിക്കുക

ഇല്‍യാസ് മൌലവി No image

അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹമാണ് സംസാരശേഷി. അതില്ലാത്തവര്‍ തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കാന്‍ പെടുന്ന ബുദ്ധിമുട്ടും അത് ഗ്രഹിച്ചെടുക്കാന്‍ മറ്റുള്ളവര്‍ക്കുള്ള പ്രയാസവും ശ്രദ്ധിച്ചാല്‍ ഈ അനുഗ്രഹം എത്രമാത്രം അപാരമാണെന്ന് മനസ്സിലാക്കാം. ഇത്രയും മഹത്തായ അനുഗ്രഹം ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇഹലോകത്തും പരലോകത്തും വമ്പിച്ച പ്രത്യാഘാതമാണ് ഉണ്ടാവുക. നല്ല സംസാരം എത്രയോ പേരെ നാശത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. എത്രയോ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ട്. എത്രയോ കുറ്റവാളികളെയാണ് ഖേദിച്ചുമടങ്ങാന്‍ പ്രേരിപ്പിച്ചത,് എത്ര ദുര്‍മാര്‍ഗികളെയാണ് സന്മാര്‍ഗികളാക്കിയത്. എത്ര ദമ്പതികളെയാണ് ഐശ്വര്യ ജീവിതത്തിലേക്ക് നയിച്ചത്. എത്ര ചെറിയവരെയാണ് വലുതാക്കിയത്. എത്ര നിരാശരെയാണ് ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരാക്കിയത്. എത്രയോ യുദ്ധങ്ങളും കലഹങ്ങളുമാണ് അത് അവസാനിപ്പിച്ചത്. എത്ര ലഹളകളാണ് പൊട്ടിപ്പുറപ്പെടാതെയിരുന്നത്. അതുകൊണ്ടാണ് നബി തിരുമേനി (സ) പറഞ്ഞത്: "തീര്‍ച്ചയായും ഒരാള്‍ അല്ലാഹുവിന് ഇഷ്ടമുള്ള എന്തെങ്കിലും പറയുമ്പോള്‍ അതുവഴിയുണ്ടാകുന്ന വമ്പിച്ച സദ്ഫലങ്ങളെ പറ്റി അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷേ, അല്ലാഹുവിന്റെ തൃപ്തിയുണ്ട് എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. അതുവഴി അവന്റെ പദവി അല്ലാഹു ഉയര്‍ത്തുന്നതാണ്.''
നേരെ തിരിച്ചുനോക്കിയാല്‍ കാണാവുന്ന യാഥാര്‍ഥ്യം മറ്റൊന്നാണ്. ചീത്ത സംസാരം എത്ര ബന്ധങ്ങളാണ് ശിഥിലമാക്കിയത്, എത്ര നല്ല മനുഷ്യരെയാണ് മോശമാക്കിക്കളഞ്ഞത്, എത്ര ഭാര്യാഭര്‍ത്താകന്മാരെയാണ് പിണക്കിയത്, എത്ര കുടുംബങ്ങളെയാണ് ശിഥിലമാക്കിയത്, എത്ര ഹൃദയങ്ങളെയാണ് വേദനിപ്പിച്ചിട്ടുള്ളത്, എത്ര സന്താനങ്ങളെയാണ് ശത്രുക്കളാക്കിയത്? എത്ര നിരപരാധികളെയാണ് കുറ്റവാളികളാക്കിയത്, എത്ര മിത്രങ്ങളെയാണ് ശത്രുക്കളാക്കിയത്? അതുകൊണ്ടു തന്നെയാണ് നബി തിരുമേനി പറഞ്ഞത:് പടച്ചവന് പൊരുത്തക്കേടുണ്ടാക്കുന്ന എന്തെങ്കിലും ഒരാള്‍ പറയും. അതുണ്ടാക്കുന്ന പൊല്ലാപ്പുകളെ പറ്റി വല്ലാതെ ഗൌനിക്കാതെയായിരിക്കും അതു പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ അക്കാരണം കൊണ്ട് അവന്‍ എഴുപതാണ്ട് നരകത്തില്‍ കിടക്കേണ്ടി വരും.'' മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: "ഒരടിമയുടെ ഈമാന്‍ ശരിയാവുകയില്ല; അവന്റെ ഹൃദയം ശരിയാവുന്നത് വരെ. ഹൃദയമാകട്ടെ അവന്റെ നാവ് ശരിയാകുന്നത് വരെ ശരിയാവുകയില്ല.'' നല്ലത് മാത്രം സംസാരിക്കുന്നതാണ് ഒരാളുടെ നാവെങ്കില്‍ അതിനര്‍ഥം അയാളുടെ ഹൃദയം ശുദ്ധമെന്നാണ്. അവന്റെ ഈമാന്‍ യാഥാര്‍ഥമാകുന്നതിന്റെ തെളിവാണത്.
സംസാരത്തിന്റെ ഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ഇര കൂടുതലായും സ്ത്രീകളായിരിക്കുകയാണ്. സംസാര മര്യാദകളായി ഇസ്ലാം പഠിപ്പിച്ച ഒരുപാട് കാര്യങ്ങളുണ്ട്. സദാചാര രംഗം വല്ലാതെ വഷളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു സ്ത്രീ തന്റെ ധാര്‍മികനിഷ്ഠ സൂക്ഷിച്ച് ഉത്തമയായി ജീവിക്കുക എന്നത് ഒരു വലിയ ധര്‍മസമരം തന്നെയാണ്. ഓരോ ദിവസവും നാം കണ്ടും കേട്ടും വായിച്ചും കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ പലതും മഹാദുരന്തമായി അവസാനിക്കുമ്പോള്‍ അതിന്റെയെല്ലാം കാരണം അനാവശ്യ സംസാരംകൊണ്ട് തുടങ്ങിയതാണെന്ന് കാണാന്‍ കഴിയും. അല്ലാഹു പറയുന്നു: "നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അതുവഴി മനസ്സില്‍ രോഗമുള്ളവര്‍ കൊതിയൂറാന്‍ കാരണമാകും. പ്രത്യുത മാന്യമായ വാക്ക് മാത്രം പറയുക.'' (അഹ്സാബ്: 32) ആവശ്യത്തിന് ഏത് പുരുഷനോടും സംസാരിക്കുന്നതിന് വിരോധമില്ല. പക്ഷേ, അത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീയില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്ന ചിന്തപോലും പുരുഷന്റെ മനസ്സിലൂടെ കടന്നുപോകാന്‍ ഇടയാവാത്തതായിരിക്കണം അവളുടെ സ്വരവും ശൈലിയും. കേള്‍ക്കുന്നവരില്‍ ദുര്‍വിചാരമുണര്‍ത്തുകയും കൂടുതല്‍ മുന്നോട്ട് പോകാന്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്ന വിധം വാക്കുകള്‍ ശൃംഗാരമായിക്കൂടാ. അത് ദൈവഭയവും തിന്മ വര്‍ജിക്കണമെന്ന വിചാരവുമുള്ള സ്ത്രീകള്‍ക്ക് ഭൂഷണമല്ല. അത് ദുര്‍നടപടിക്കാരും പിഴച്ചവരുമായ സ്ത്രീകളുടെ സംസാരരീതിയാണ്. വിശ്വാസികളും ഭക്തകളുമായ സ്ത്രീകളുടേതല്ല.
ആര്‍ത്തട്ടഹസിക്കുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്. മനുഷ്യര്‍ എപ്പോഴും പതുക്കെയേ സംസാരിക്കാവൂ. "നീ ശബ്ദം താഴത്തുക. ശബ്ദങ്ങളില്‍ ഏറ്റവും അരോചകമായത് കഴുതയുടെ ശബ്ദമാണ്'' (ലുഖ്മാന്‍: 19). മനുഷ്യന്‍ എപ്പോഴും പതുക്കെയെ സംസാരിക്കാവൂ, ഒരിക്കലും ഉറക്കെ സംസാരിച്ചുകൂടാ എന്നതിന് ഇതിനര്‍ഥമില്ല. ശൈലിയും ഉയര്‍ച്ചയും താഴ്ചയും പൌരുഷവും സൌമ്യതയും ആവശ്യാനുസൃതം വ്യത്യസ്തമാകാവുന്നതാണ്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അന്യ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ വിശേഷിച്ചും വളരെ ശ്രദ്ധിച്ചു മാത്രമേ ശബ്ദമുയര്‍ത്തി സംസാരിക്കാവൂ.
ദമ്പതിമാരുടെ പിണക്കങ്ങള്‍ക്ക് പലപ്പോഴും മൂലഹേതു അനാവശ്യ സംസാരമായിരിക്കും. സംസാരാത്തില്‍ ദൈവിക ശാസനകള്‍ പാലിക്കാത്തവരിലൂടെയാണ് സമൂഹത്തില്‍ അനാശാസ്യതകള്‍ പെരുകുന്നത്. ഇമാം ഗസ്സാലി പറയുന്നു: "നാവ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളില്‍ ഒന്നാണ്, അവന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവത്തില്‍ പെട്ടതാണ്. അതിന്റെ വലിപ്പം ചെറുതാണ്. എന്നാല്‍ അതുകൊണ്ടുണ്ടാവുന്ന അപകടം വളരെ വലുതാണ്. ഇമാനും കുഫ്റും വ്യക്തമാകുന്നത് അതിലൂടെയാണ്. മനുഷ്യശരീരത്തിലെ ഏറ്റവും ധിക്കാരം കാണിക്കുന്ന ഒരവയവമാണത്. അതിനെ കെട്ടഴിച്ചുവിടാന്‍ യാതൊരു പ്രയാസവുമില്ല. ചലിപ്പിക്കുവാനും. മനുഷ്യന്‍ അതിന്റെ അപകടങ്ങളും പ്രത്യാഘാതങ്ങളും ലാഘവത്തോടെ കാണുന്നതിനാല്‍ അതിന്റെ ചതിക്കുഴികളും കെണികളും നിസ്സാരമാക്കി തള്ളുന്നു. അതാകട്ടെ മനുഷ്യനെ പിഴപ്പിക്കാനിരിക്കുന്ന പിശാചിന് ലഭിക്കുന്ന ഏറ്റവും വലിയ ഉപകരണമത്രെ. കടിഞ്ഞാണിടാതെ നാവിനെ ആരെങ്കിലും ഊരിവിട്ടാല്‍ പിശാച് അതിനെയും കൊണ്ട് സര്‍വയിടങ്ങളിലും മേയുന്നതാണ്. അങ്ങനെ അവനെ ആപത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ തള്ളിവിടുന്നു. ഒടുക്കം നരകത്തിലേക്കും. ജനങ്ങളെ കൂട്ടത്തോടെ നരകത്തിലേക്ക് കൂപ്പുകുത്തിക്കുന്നത് അവരുടെ നാവുകള്‍ കൊയ്യുന്നതല്ലാതെ മറ്റെന്തങ്കിലുമാണോ? നാവിന്റെ ആപത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ അതിനെ ശരീഅത്തിന്റെ കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിച്ചവന്‍ മാത്രമാണ്.അതിനാല്‍ ഇഹലോകത്തും പരലോകത്തും ഉപകാരമുള്ളതിലല്ലാതെ അതുപയോഗിക്കാവുന്നതല്ല. അതിനു കഴിയാത്ത വേളയില്‍ മൌനം ദീക്ഷിക്കുക. തിരുമേനി പറഞ്ഞു: "ആരെങ്കിലും മൌനം ദീക്ഷിച്ചാല്‍ അവന്‍ രക്ഷപ്പെട്ടു.'' (ഇഹ്യാ ഉലൂമുദ്ദീന്‍ 30-108)
തന്റെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ പോലും തര്‍ക്കിക്കാതിരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിലൊരു വീട് ഞാന്‍ ഗ്യാരണ്ടി നല്‍കുമെന്ന് നബി (സ) ഒരിക്കല്‍ പറയുകയുണ്ടായി. മറ്റൊരിക്കല്‍ തിരുമേനിയുടെ അടുത്തുവന്ന് ഒരാള്‍ പറഞ്ഞു: "എനിക്ക് മുറുകെ പിടിക്കാവുന്ന ഒരു ഗുണം ഉപദേശിച്ചാലും.'' അപ്പോള്‍ പ്രവാചകന്‍ "തന്റെ നാവിലേക്ക് ചൂണ്ടിക്കൊണ്ട് ഇതിനെ നിയന്ത്രിക്കുക എന്ന് പറയുകയുണ്ടായി.''
നാവുമായി ബന്ധപ്പെട്ട് ധാരാളം മഹദ് വചനങ്ങള്‍ കാണാന്‍ കഴിയും. ഉമര്‍ (റ) പറഞ്ഞു: "ആരുടെ സംസാരം അധികമായോ അവരുടെ അബന്ധങ്ങളും അധികമായിരിക്കും.''
നല്ല ഇഛാശക്തിയും ക്ഷമയും ഉള്ളവര്‍ക്ക് മാത്രമേ നാവിനെ നിയന്ത്രിക്കാനും അതുവഴി വിജയിക്കുവാനും സാധിക്കൂ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top