എന്നെ ഞാനാക്കിയ എന്റെ കലാലയം

തസ്‌നീം ഷൗക്കത്തലി (സെന്റ്: ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി) No image

കുമളി, കോട്ടയം NH-220-ല്‍ ഹൈറേഞ്ചിന്റെ കവാടത്തില്‍ സ്ഥിതിചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജാണ് എന്റെ കാമ്പസ്. മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഹൈറേഞ്ചിന്റെ അങ്ങേതലക്കല്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം ശ്വസിച്ച് നടക്കുന്ന വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ സര്‍ഗാത്മകതയും ഭാവിജീവിതവും കരുപ്പിടിപ്പിക്കാന്‍ ഈ കാമ്പസ് എന്നും മുതല്‍കൂട്ടായിരുന്നു. കേട്ടു തഴമ്പിച്ച യുവത്വത്തിന്റെ വിപ്ലവവും വീര്യവും നെഞ്ചേറ്റുവാന്‍ ഇവിടേക്ക് ഓടിയെത്തിയാല്‍ അതൊന്നും കിട്ടണമെന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സമാധാനപരമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത് ഒരു പ്രാവശ്യം മാത്രം, എന്നാല്‍ അതിലുപരിയായി നമുക്ക് കിട്ടേണ്ടതെല്ലാം ഇവിടെ നിന്ന് കിട്ടും.
തിരുവിതാംകൂറിന്റെ തെക്ക് നിന്നുള്ള കുട്ടികള്‍ പഠനത്തിനായി പല നാടുകളിലും ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ക്ക് തോന്നിയ ആശയമാണ് ഈ കോളേജിന്റെ പിറവി. അന്ന് പ്രീഡിഗ്രി തലം മുതല്‍ ബിരുദം വരെയായിരുന്നു. ഇന്നത് ബിരുദവും ബിരുദാനന്തരബിരുദവുമായി മാറിയിരിക്കുന്നു. കാമ്പസിലെ ആദ്യാനുഭവം നഴ്‌സറി സ്‌കൂളാണെന്ന് തോന്നിപ്പിക്കും മട്ടില്‍ പ്രിന്‍സിപ്പാള്‍ ഞങ്ങളോട് സംസാരിച്ചതാണ്, ആയിരം നിയമങ്ങളും നിര്‍ദേശങ്ങളും. പരിചയപ്പെടലിന്റെ തിരക്കിനിടയില്‍ സീനിയേഴ്‌സ് പറഞ്ഞത് ഇതെല്ലാം വാചകക്കസര്‍ത്ത് മാത്രമാണ്, ഒന്നും കര്‍മത്തില്‍ കാണില്ല എന്നായിരുന്നു.
കെമിസ്ട്രി ഐഛിക വിഷയമായെടുത്ത് കാമ്പസില്‍ കാലുകുത്തുമ്പോള്‍ എന്റെ യൊപ്പം നാല് ബാല്യകാല സുഹൃത്തുക്കളുമുണ്ടായിരുന്നു. അന്ന് നല്ലൊരു ഗേറ്റുപോലുമില്ലാതിരുന്ന കാമ്പസ് ഇന്ന് കാലത്തിനനുസരിച്ച് കോലവും മാറ്റിയിരിക്കുന്നു. എഴുപതുകളിലെ കാമ്പസില്‍ നിന്ന് ഭക്ഷ്യക്ഷാമത്തിനെതിരെ സമരം ഉയര്‍ന്നുവന്നെങ്കില്‍ ഇവിടെ സമരം നടക്കുന്നത് എതിര്‍ ചേരിക്കാര്‍ തങ്ങളുടെ കൊടിമരം നശിപ്പിക്കുമ്പോഴാണ്. അങ്ങനെയിരിക്കെയാണ് കോളേജിന് മുന്നിലെ മരം മുറിച്ച് ഒരു ഗേറ്റ് പണിതത്. അതും മറ്റൊരു സമരത്തിന് നിമിത്തമായിക്കിട്ടി. രാഷ്ട്രീയത്തിന്റെ സാന്നിധ്യം ഒരു തരത്തിലുള്ള വികാസത്തിനും കാരണമായിട്ടില്ല.
ഓണവും ക്രിസ്മസും മറ്റ് കേരളീയ ആഘോഷങ്ങളുമൊക്കെ കുട്ടികള്‍ക്ക് ഉല്‍സവം തീര്‍ത്തുതരും. ഒരിക്കല്‍ ഓണം റമദാനില്‍ വരുന്നത് മൂലം പായസം നോമ്പ് തുടങ്ങും മുമ്പ് തയ്യാറാക്കി മാതൃക കാട്ടിത്തന്നത് നല്ലൊരോര്‍മയാണ്. കലാലയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഞാനും എന്റെ സുഹൃത്ത് ചിത്രയും ഒരു അപകടത്തിലൂടെ കോളേജില്‍ അറിയപ്പെട്ടു. തിരക്കുള്ള ദേശീയപാതയില്‍ അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് ബൈക്കിന് മുന്നില്‍ വീണായിരുന്നു അത്. ചോരയൊലിക്കുന്ന അവളുടെ മുഖവും ഒടിഞ്ഞ അണപ്പല്ലും ഇന്നും എന്നെ നൊമ്പരപ്പെടുത്താറുണ്ട്.
സയന്‍സ് ബിരുദക്കാരായതുകൊണ്ട് ക്ലാസ്മുറിയില്‍ ചെലവഴിച്ചിരുന്ന അത്രതന്നെ സമയം ഞങ്ങള്‍ക്ക് ലാബിലും ചെലവഴിക്കാനുണ്ടായിരുന്നു. ഒരിക്കല്‍ ഫിസിക്‌സ് ലാബില്‍ ഇലക്ട്രിക് സാധനം പൊട്ടി ബ്ലിങ്കിയടിച്ചിരുന്ന സുഹൃത്ത്, ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ രൂക്ഷഗന്ധമടിച്ച് തലകറങ്ങിക്കിടന്ന ടിന്റു, ക്ലാസ് കട്ട് ചെയ്തത് റബ്ബര്‍ തോട്ടത്തില്‍ വെച്ച് പ്രിന്‍സിപ്പാള്‍ പിടിച്ച എബിന്‍, പോപ്പിന്‍സ് മിഠായികളുമായി ലാബില്‍ വരുന്ന ടോണി, എന്‍സൈക്ലോപീഡിയ പോലെയുള്ള നൂറ്റാണ്ട് പഴക്കമുള്ളതെന്ന് തോന്നിപ്പിക്കുന്ന ഡയറിയുമായി വരുന്ന ജോസ് സാര്‍, കെമിസ്ട്രി ഡേയില്‍ പുതിയ ആവിഷ്‌കാര രീതികളുമായി വരുന്ന വിനി ഇങ്ങനെ ഓര്‍മയിലെ എത്രയെത്ര സുന്ദര കഥാപാത്രങ്ങള്‍.
ഞങ്ങളുടെ കൂട്ടായ്മകള്‍ ഉച്ചയൂണിന് ശേഷമാണ്. ആ സമയം തലയില്‍ കുത്തിയിരിക്കുന്ന സ്ലൈഡിന്റെ പോയിന്റ് ഇളക്കിയത് മുതല്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ വരെ ചര്‍ച്ചക്ക് വരും.
വ്യക്തിജീവിതത്തെ രൂപപ്പെടുത്താന്‍ എന്നെ സഹായിച്ചത് വിശാലമായ ലൈബ്രറിയാണ്. അവിടെ വെച്ചാണ് സി. രാധാകൃഷ്ണന്റെ രചനകളില്‍ എനിക്ക് താല്‍പര്യം ജനിച്ചത്. പിന്നെ അദ്ദേഹത്തിന്റെ രചനകള്‍ എത്രവട്ടം വായിച്ചു എന്ന് നിശ്ചയമില്ല. എം.ടിയുടെ മഞ്ഞിലൂടെ മലയാളം ടീച്ചറായ ആലീസ് ഞങ്ങളെ ജീവിതത്തിന് വേണ്ടത് എല്ലാം പഠിപ്പിച്ചു. ആദ്യകാലങ്ങളില്‍ രാവിലെ ചെല്ലുമ്പോള്‍ ചുളുങ്ങാതെ കിട്ടുന്ന പത്രങ്ങള്‍ പിന്നീട് വായനക്കാരുടെ ആധിക്യം മൂലം കിട്ടാക്കനിയായി.
കോളേജിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് ഒരുപാട് പൂര്‍വവിദ്യാര്‍ഥികള്‍ കടന്നുപോയി. അവര്‍ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ വിരാജിക്കുന്നു. സുപ്രസിദ്ധ എഴുത്തുകാരി റോസ്‌മേരി, ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റായ വിജയകുമാര്‍, വക്കീലുമാര്‍, റിസര്‍ച്ച് ഗൈഡുകള്‍ അങ്ങനെ ആ നിര നീണ്ട് നില്‍ക്കുന്നു.
വിടപറയലിന്റെ മാര്‍ച്ച് മാസം കഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും അവര്‍ പൂത്തുനില്‍ക്കുന്ന വാഴമരച്ചോട്ടില്‍ ഒത്തുകൂടുന്നു. അതെ, ഞാനെന്റെ മൂന്ന് വര്‍ഷത്തെ കലാലയ ജീവിതത്തിന് ശേഷം വീണ്ടും ബിരുദാനന്തര ബിരുദത്തിനായി ഈ കലാലയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പഴയ കൂട്ടുകാര്‍ വേറെ പല കാമ്പസിലും ചേക്കേറിയെങ്കിലും അവരുടെ ഓര്‍മകളും മാറ്റത്തിന്റെ മണിമുഴക്കവുമായി ഈ കാമ്പസ് ഇനിയും പുതിയ കൂട്ടുകാരെ തേടി അവിടെ നില്‍ക്കും തീര്‍ച്ച.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top