പ്രവാചകവാത്സല്യം അടുത്തറിയാന്‍ ഒരു കൊച്ചു പുസ്തകം

വി.പി.എ No image

''സര്‍വ പ്രവാചകന്മാരിലും മതനേതാക്കന്മാരിലും ഏറ്റവുമധികം വിജയശ്രീലാളിതനായ പ്രവാചകനാകുന്നു മുഹമ്മദ.്'' വിഖ്യാത വിജ്ഞാനകോശമായ എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക തിരുനബിയെ ഈ വാക്യം കൊണ്ടാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി സകല മണ്ഡലങ്ങളിലും വിജയം വരിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അറേബ്യ മണലാരണ്യത്തില്‍ അജ്ഞതയുടെ ഇരുള്‍കയത്തില്‍ കഴിഞ്ഞ ഒരു സമൂഹത്തെ സംസ്‌കാരത്തിന്റെയും ജ്ഞാനത്തിന്റെയും പ്രകാശലോകത്തേക്ക് അദ്ദേഹം ആനയിച്ചു. അദ്ദേഹം സഞ്ചരിച്ച പാത ഇന്നും ലോകജനതക്ക് മാതൃകയായി പരിലസിക്കുന്നു. പ്രവാചക ജീവിതത്തിലെ ചില നിര്‍ണായക നിമിഷത്തിലേക്ക് വെളിച്ചം വീശുന്ന ഒരു കൊച്ചു കൃതി കോഴിക്കോട്ടെ 'അല്‍ അമീന്‍' ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. യുവ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇബ്രാഹീം ശംനാട് ആണ് 'പ്രവാചകനും കുട്ടികളുടെ ലോകവും' എന്ന ഈ കൃതിയുടെ രചന നിര്‍വഹിച്ചിട്ടുള്ളത്. ബാല-കൗമാര പ്രായക്കാര്‍ക്ക് അനായാസം ഗ്രഹിക്കാവുന്ന മനോഹര രചന എന്ന് ഒറ്റ വാക്യത്തില്‍ ഈ പുസ്തകത്തെ പരിചയപ്പെടുത്താം. 'ആലമുല്‍ അത്ഫാന്‍ ഔര്‍ റഹ്മത്തുന്‍ ലില്‍ആലമീന്‍' എന്ന കൃതി അവലംബമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഒരു അധ്യാപികയും ഒരു കൂട്ടം പഠിതാക്കളും ഒരു ക്ലാസ്മുറിയിലിരുന്ന് മുഹമ്മദ് നബിയുടെ ജീവിതകഥകളോര്‍മിച്ച് അവതരിപ്പിക്കുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ആഖ്യാന രീതി അവലംബിക്കുന്നതിനാല്‍ ഇതിലൂടെ ഓരോ അധ്യായവും മിഴിവോടെ വായനക്കാരുടെ ഹൃദയമുകുരത്തില്‍ തങ്ങിനില്‍ക്കാതിരിക്കില്ല. താല്‍ക്കാലിക പ്രതിഫലനത്തിന് പകരം ശാശ്വത മുദ്രയായി ഇതിലെ കഥകളും തിരുമൊഴികളും അനുവാചക മനസ്സുകളില്‍ ശേഷിക്കാതിരിക്കില്ല. ''കുട്ടികളെ നിങ്ങള്‍ ആദരിക്കുക; അവരില്‍ നിങ്ങള്‍ നല്ല ശീലം വളര്‍ത്തുക എന്ന പ്രവാചകമൊഴി സന്താനങ്ങളില്‍ സദ്ഗുണങ്ങള്‍ വളര്‍ത്താനാഗ്രഹിക്കുന്ന ഓരോ മാതാപിതാവിനും ദിനേന ഓര്‍മിക്കേണ്ട അധ്യാപനമാണ്. ഇത്തരം നിരവധി സാരോപദേശങ്ങളാല്‍ സമ്പുഷ്ടമാണ് ഈ കൃതി. കുട്ടികളെ അളവറ്റ വാത്സല്യത്തോടെ സ്‌നേഹിച്ചിരുന്ന അന്ത്യപ്രവാചകന്റെ സാര്‍ഥക ജീവിതത്തിലെ അനുകരിക്കപ്പെടേണ്ട മാതൃകകളാണ് ഓരോ അധ്യായം വഴിയും ഇതള്‍ വിടരുന്നത്. 'കുട്ടികളെ സ്‌നേഹിക്കുക. പാപികളല്ല കുട്ടികള്‍', കുട്ടികള്‍ക്ക് അനന്തരാവകാശം, അനാഥക്കുട്ടികള്‍ക്ക് രക്ഷയേകുക തുടങ്ങിയ അധ്യായങ്ങളുടെ ശീര്‍ഷകങ്ങള്‍ തന്നെ അവയില്‍ വിവരിക്കപ്പെടുന്ന ആശയങ്ങളുടെ ആഴത്തിലേക്കുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.
ലോകജനതക്ക് ഒട്ടനേകം കാരുണ്യവും അനുഗ്രഹവുമായ ജഗതീശന്‍ പാരിലേക്കയച്ച പുണ്യാത്മാവിന്റെ ജീവിതചിത്രണം ഭംഗിയായി നിര്‍വഹിച്ചുകൊണ്ട് രചയിതാവ് മൂല്യബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള യത്‌നങ്ങള്‍ക്ക് സുപ്രധാനമായ സംഭാവനയാണ് അര്‍പിച്ചിട്ടുള്ളത.് പ്രവാചക വാത്സല്യത്തിന്റെ മാധുര്യമനുഭവിക്കുന്ന ഈ പുസ്തകം ഓരോ കുഞ്ഞിനും സമ്മാനിക്കാന്‍ പുതുതലമുറയുടെ ഭാവിയില്‍ തല്‍പരരായ രക്ഷാകര്‍ത്താക്കള്‍ മനസ്സുവെക്കുന്നത് ഗുണകരമായിരിക്കും.
 




Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top