പരീക്ഷാ പേടി വേണ്ടേ വേണ്ട

ഖമര്‍ സുബൈര്‍ No image

പുതിയ വിദ്യാഭ്യാസ സമീപനങ്ങള്‍ പരീക്ഷാ പിരിമുറുക്കം ഏറെ കുറച്ചിട്ടുണ്ട്. മാര്‍ക്കിന് വേണ്ടി ഗ്രേഡുകള്‍ വന്നതും റാങ്കുകള്‍ ഒഴിവാക്കിയതും പരീക്ഷാ പേടിയില്‍ കുറവു വരുത്തിയിട്ടുണ്ട്. എങ്കിലും പരീക്ഷക്കാലം ഇപ്പോഴും രക്ഷിതാക്കളിലും കുട്ടികളിലും ഒരുതരം അങ്കലാപ്പ് സൃഷ്ടിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പ്രത്യേകിച്ചും എസ്.എസ്. എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികളില്‍. എല്ലാ വിഷയങ്ങള്‍ക്കും എ. പ്ലസ് ഗ്രേഡ് കിട്ടാതിരിക്കുമോ എന്നതാണിപ്പോള്‍ അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക. പരീക്ഷക്കാലം രക്ഷിതാക്കളും ലീവെടുത്ത് കുട്ടികളെ സഹായിക്കാനൊരുങ്ങുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല.
പരീക്ഷ കുട്ടികളുടെ വിലയിരുത്തലിലെ ഒരു ഘട്ടം മാത്രമാണ് എന്ന് നാമറിയണം. തുടര്‍ച്ചയായ മൂല്യനിര്‍ണയ രീതിയാണ് ഇന്ന് നിലവിലുള്ളത്. ക്ലാസ്സ് ആരംഭിക്കുന്നത് മുതല്‍ കുട്ടികളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരന്തരമായി വിലയിരുത്തുന്നുണ്ട്. സ്‌കൂളിലെ കുട്ടികളുടെ ഹാജര്‍ നില, സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പഠനപ്രവര്‍ത്തനങ്ങളിലെ പ്രാഗത്ഭ്യം എന്നിവ പരിഗണിച്ച് അവര്‍ക്ക് അധ്യാപകര്‍ സ്‌കോറുകള്‍ നല്‍കിയിട്ടുണ്ടാവും. അവരുടെ ഉയര്‍ന്ന ഗ്രേഡുകള്‍ക്ക് ബാധകമാകുമെന്നതിനാല്‍ പൊതുപരീക്ഷക്കു മുമ്പ് ക്ലാസ്സ് അധ്യാപകരെ സന്ദര്‍ശിച്ച്, അവര്‍ക്ക് ലഭിച്ച സ്‌കോറുകള്‍ മനസ്സിലാക്കുന്നത്, പരീക്ഷകളുടെ തയ്യാറെടുപ്പിന് സഹായകമാവും.



കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്


ജീവിതത്തില്‍ എത്രയോ പരീക്ഷകള്‍ കഴിഞ്ഞവരാണ് നാം. നിങ്ങള്‍ എഴുതിയിട്ടുള്ള പരീക്ഷകളെക്കുറിച്ച് ആലോചിച്ചുനോക്കൂ... ഇത്രയേറെ പരീക്ഷകള്‍ എഴുതി ക്കഴിഞ്ഞ നാം, അനുഭവത്തിലൂടെ തന്നെ പരീക്ഷയെ നേരിടേണ്ടതെങ്ങനെയെന്ന ധാരണ രൂപീകരിച്ചിട്ടുണ്ടാവും.
പരീക്ഷക്ക് മുമ്പ്
1. പരീക്ഷയെ വളരെ സ്വാഭാവികമായി നേരിടാന്‍ കഴിയണം. നമ്മുടെ ദിനചര്യയില്‍ പരീക്ഷാ കാലത്ത് വലിയ മാറ്റങ്ങള്‍ വരുത്താതിരിക്കുകയാണ് നല്ലത്. സമയത്ത് ഭക്ഷണം കഴിക്കുകയും സമയത്ത് ഉറങ്ങുകയും സാധാരണപോലെ നേരത്തെ ഉണരുകയും വേണം. രാത്രി ഏറെ സമയം വായിച്ച് ശീലമില്ലാത്തവര്‍, പരീക്ഷാ കാലത്ത് വൈകിയുറങ്ങുന്നത് തലവേദനക്കും ശാരീരികാസ്വാസ്ഥ്യത്തിനും കാരണമാകും. അത് വിലപ്പെട്ട സമയ നഷ്ടത്തിനും കാരണമായേക്കാം.
2. മുഴുവന്‍ പേടിയും പുറത്ത് കളയുക. മനസ്സിനെ സ്വതന്ത്രമാക്കുക. എനിക്ക് നന്നായി പരീക്ഷയെഴുതാനാകുമെന്ന് മനസ്സിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുക (Autosuggetion).
3. ഒരു ടൈംടേബിള്‍ തയ്യാറാക്കുക. പരീക്ഷക്ക് അവസാന മിനുക്ക് പണികള്‍ നടത്താനുള്ള കുറഞ്ഞ സമയമേ നമ്മുടെ പക്കലുള്ളൂ. അതിനാല്‍ സമയം നഷ്ടപ്പെടുത്തുകയേ അരുത്. പക്ഷേ ആവശ്യത്തിന് വിശ്രമവും വിനോദവുമൊക്കെ വേണമെന്നത് മറക്കരുത്.
4. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. അവ നേരത്തെ തന്നെ പഠിച്ച് തീര്‍ക്കുന്നത് ആവശ്യമായ സംശയ പൂര്‍ത്തീകരണത്തിന് അവസരം നല്‍കും. ഓരോ വിഷയങ്ങള്‍ക്കും ആവശ്യമായ ഇടവേളയും നല്‍കാം.
5. ഏത് സമയമാണ് പഠനത്തിന് അനുയോജ്യമെന്നത് വ്യക്തി കേന്ദ്രീകൃതമാണ്. നേരത്തെ ഉറങ്ങുകയും കഴിയുന്നത്ര നേരത്തെ എഴുന്നേറ്റ് പഠിക്കുകയും ചെയ്യുന്നതാണ് നല്ലത്. ശീലമില്ലെങ്കില്‍, പരീക്ഷാ കാലത്ത് മാത്രം അത് പരീക്ഷിക്കാന്‍ നില്‍ക്കേണ്ട.
6. കൂടുതല്‍ ആശ്വാസം തോന്നുന്ന സമയവും സ്ഥലവും പഠിക്കാന്‍ തെരഞ്ഞെടുക്കുക. ശബ്ദം കൊണ്ട് ശല്യം ചെയ്യാത്ത, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന സ്ഥലം. വെളിച്ചവും വായുവും ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥലമായിരിക്കണം വായനക്ക് തെരഞ്ഞെടുക്കേണ്ടത്. വാതിലും ജനലുകളും അടച്ചിട്ട മുറിയിലിരുന്ന് വായിക്കുന്നത് ഒഴിവാക്കുക. അവിടെ ഓക്‌സിജന്റെ കുറവ് അനുഭവപ്പെടും.
7. കിടക്കയിലോ കസേരയിലോ കിടന്നുകൊണ്ട് വായിക്കരുത്. സുഷുമ്‌നാ നാഡി നേരെ നില്‍ക്കുന്ന രൂപത്തില്‍ നിവര്‍ന്നിരുന്ന് വായിക്കുക.
8. പഠനത്തിനാവശ്യമായ സാമഗ്രികള്‍- പേന, പെന്‍സില്‍, നോട്ടു കുറിക്കാന്‍ പേപ്പര്‍, ഡിക്ഷ്‌നറി തുടങ്ങിയവയെല്ലാം വായന തുടങ്ങുന്നതിന് മുമ്പ് സമീപത്ത് ക്രമീകരിച്ച് വെക്കുക. ഓരോന്നും അന്വേഷിച്ച് പോകുന്നത് സമയനഷ്ടമുണ്ടാകും.
9. ആവശ്യത്തിന് കുടിവെള്ളം വായന മുറിയില്‍ ഒരുക്കിവെക്കാന്‍ മറക്കരുത്.
10. സമവാക്യങ്ങളും, ചിത്രങ്ങളും, പ്രധാന പോയന്റുകളും വളരെ ചുരുക്കത്തില്‍ നോട്ടു കുറിക്കുക. മുഴുവന്‍ പേജുകളും ആവര്‍ത്തിച്ചു വായിക്കാതെ കുറഞ്ഞ സമയം കൊണ്ട് റിവിഷന്‍ പൂര്‍ത്തിയാക്കാന്‍ ഈ കുറിപ്പുകള്‍ സഹായിക്കും.
11. നന്നായി ഉറങ്ങുക. പ്രത്യേകിച്ചും പരീക്ഷക്ക് തൊട്ടു മുമ്പുള്ള രാത്രി. ഏറ്റവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് പരീക്ഷയില്‍ കാര്യമായ മെച്ചമുണ്ടാക്കും.
12. മനഃപാഠരീതി ഇപ്പോഴുള്ള കുട്ടികള്‍ സ്വീകരിക്കാറില്ല. പരീക്ഷാ ചോദ്യത്തിന്റെ മാതൃകകള്‍ മനസ്സിലാക്കി തയ്യാറെടുപ്പ് നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
13. സാധാരണ പോലെ ഭക്ഷണം കഴിക്കുക. കൂടുതല്‍ ഫാറ്റി ആസിഡുകള്‍ ഉള്ളവ- ഉരുളകിഴങ്ങ്, മരച്ചീനി, എണ്ണയില്‍ പൊരിച്ചവ- ഒഴിവാക്കുന്നതാണ് നല്ലത്. പാല്‍, തൈര്, തേന്‍ എന്നിവയാകാം. സ്റ്റഡീ ലീവ് കാലത്തും പരീക്ഷാ ദിവസവും ഭക്ഷണം കഴിക്കാതിരിക്കുന്നത് നല്ലതല്ല.


പരീക്ഷാ ഹാളില്‍

1. ചോദ്യപേപ്പര്‍ കിട്ടിയാല്‍ അവയുടെ മുകളിലുള്ള നിര്‍ദേശങ്ങള്‍ മുഴുവനും ശ്രദ്ധിച്ച് വായിക്കുക.
2. ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ എണ്ണം, വിവിധ സെക്ഷനുകളിലുള്ള മാര്‍ക്കിന്റെ വിതരണം, അനുവദിച്ചിരിക്കുന്ന സമയം എന്നിവയെ സംബന്ധിച്ച് വ്യക്തമായ ധാരണ വേണം.
3. ചോദ്യത്തില്‍ നിന്ന് ഏത് തരത്തിലുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ഉത്തരമെഴുതണം. ചില ചോദ്യങ്ങള്‍ പാഠഭാഗം എങ്ങനെ നിങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നും എങ്ങനെ നിങ്ങള്‍ അത് ഉപയോഗിക്കുന്നുവെന്നും പരിശോധിക്കാനുള്ളതായിരിക്കും.
4. ഓരോ ചോദ്യത്തിനും ഉള്ള സമയം, മാര്‍ക്ക് എന്നിവ ഉത്തരമെഴുതുമ്പോള്‍ പരിഗണിക്കണം. ആവശ്യപ്പെടുന്നതിലധികം എഴുതി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.
5. അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ ഉത്തരമെഴുതിത്തീര്‍ക്കാന്‍ ശ്രദ്ധിക്കണം.
6. നിങ്ങളുടെ ഉത്തരകടലാസ് പരിശോധകനില്‍ നല്ല അഭിപ്രായം ഉണ്ടാക്കുന്ന രീതിയില്‍ വൃത്തിയിലും ക്രമത്തിലും ആയിരിക്കണം ഉത്തരമെഴുതേണ്ടത്. നന്നായി അറിയുന്നവ ആദ്യത്തില്‍ എഴുതാന്‍ ശ്രദ്ധിക്കണം.
7. കൂള്‍ ഓഫ് ടൈം ചോദ്യങ്ങളുടെ വായനക്കും ഉത്തരമെഴുത്തിന്റെ ആസൂത്രണത്തിനും പ്രയോജനപ്പെടുത്തണം.
8. ചോദ്യപേപ്പര്‍ കിട്ടുന്നതിന്റെ മുമ്പായി പ്രാര്‍ഥിക്കുന്നതും മുഖം അമര്‍ത്തി തുടക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ഉത്തരമെഴുതുമ്പോള്‍

1. അധ്യാപകന് നിങ്ങള്‍ എഴുതിയത് മുഴുവന്‍ വായിച്ച് നോക്കാന്‍ കഴിയണമെന്നില്ല. അവര്‍ ഉത്തരത്തിനായി നിങ്ങളുടെ പേപ്പര്‍ സ്‌കാന്‍ ചെയ്യുകയാവും ഉണ്ടാവുക. ഉത്തരത്തിലെ പ്രധാന പോയന്റുകള്‍ ചുരുക്കി എഴുതുകയും അവ വേഗം ശ്രദ്ധയില്‍പെടുന്ന രൂപത്തില്‍ അടിവര നല്‍കുകയും ചെയ്യുക.
2. കൈയക്ഷരം പ്രത്യേകം ശ്രദ്ധിക്കുക. നമുക്ക് വായിക്കാനല്ല, മറ്റൊരാള്‍ വായിച്ച് മാര്‍ക്കിടാനാണ് എന്ന കാര്യം മറന്നു പോകരുത്. വൃത്തിയിലും നന്നായും ഉത്തരങ്ങള്‍ സമര്‍പിക്കുന്നത് സ്‌കോര്‍ കൂട്ടാന്‍ സഹായിക്കും.
3. നന്നായി അറിയുന്ന ഉത്തരങ്ങള്‍ കൊണ്ട് തുടങ്ങിയാല്‍ സ്വഭാവികമായും അത്ര അറിയാത്ത അവസാന ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് കുറയാതിരിക്കും. ഓരോ ഉത്തരത്തിനുമൊടുവില്‍ ഒന്നോ രണ്ടോ വരികള്‍ വിടുന്നത് പിന്നീട് വിട്ടുപോയ പോയന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സൗകര്യമായിരിക്കും.
4. അനുവദിച്ച സമയത്തിനുള്ളില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ ശ്രമിക്കണം.
5. സിലബസ്സിന് പുറത്തുള്ള ചോദ്യങ്ങള്‍ക്ക് പൂര്‍ണമായും മാര്‍ക്ക് ലഭിക്കുന്നത് ഉത്തരമെഴുതാന്‍ ശ്രമിച്ചവര്‍ക്ക് മാത്രമായിരിക്കുമെന്ന് ഓര്‍ക്കുക.
6. ചോദ്യപേപ്പര്‍ പ്രയാസപ്പെടുത്തുന്നതാണെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. എല്ലാവര്‍ക്കും ഒരേ ചോദ്യപേപ്പറാണല്ലോ നല്‍കുന്നത്. നിങ്ങള്‍ ശ്രദ്ധയോടെ നന്നായി ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ മതി.
7. പരീക്ഷാസമയം തീരുന്നതിന് പത്ത് മിനുട്ട് മുമ്പ് എഴുതി പൂര്‍ത്തിയാക്കണം. അഡീഷണല്‍ പേപ്പറുകള്‍ ക്രമത്തില്‍ നമ്പറിട്ട് അടുക്കി കെട്ടുകയും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയെന്ന് ഉറപ്പുവരുത്തുകയും വേണം.
8. ഉത്തരത്തില്‍ ഏതെങ്കിലും പോയന്റ് വിട്ടുപോയതായി തോന്നുന്നുവെങ്കില്‍ അത് കൂട്ടി ചേര്‍ക്കുക.
9. ഒരു തരത്തിലുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കും മുതിരരുത്. നന്നായി പഠിച്ചവ കൂടി എഴുതാനാകാതെ വരും. അത് നിങ്ങളുടെ ഭാവിയെ അപകടപ്പെടുത്തുകയും ചെയ്യും.
10. രജിസ്റ്റര്‍ നമ്പരും മറ്റു വിവരങ്ങളും എഴുതിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടേ ഉത്തരക്കടലാസ് നല്‍കാവൂ.
രക്ഷിതാക്കളോട്
പരീക്ഷാകാലത്ത് പലപ്പോഴും രക്ഷിതാക്കളാണ് കൂടുതല്‍ സമ്മര്‍ദത്തിലകപ്പെടുന്നത് എന്ന് തോന്നാറുണ്ട്. കുട്ടികള്‍ പഠിക്കുന്നില്ല, തീരെ ശ്രദ്ധിക്കുന്നില്ല, എന്നവര്‍ നിരന്തരമായി പരാതി പറഞ്ഞുകൊണ്ടിരിക്കും. കേബിളും ഇന്റര്‍നെറ്റുമൊക്കെ ഒഴിവാക്കി നിരന്തരമായി പഠിക്കാന്‍ ആവശ്യപ്പെടുന്ന രക്ഷിതാക്കളുണ്ട്. പരീക്ഷാകാലമാവുമ്പോഴേക്കും പുസ്തകവുമെടുത്ത് പഠിപ്പിക്കാനൊരുമ്പെടുന്നവരുമുണ്ട്. നമ്മുടെ അമിതമായ ഇത്തരം ഇടപെടലുകള്‍ കുട്ടികളില്‍ സമ്മര്‍ദവും പരീക്ഷാ പേടിയും കൂട്ടുകയേയുള്ളൂ. തീര്‍ച്ചയായും പരീക്ഷക്ക് വേണ്ടി നമ്മളും ഒരുങ്ങേണ്ടതുണ്ട്.
1. സമയം കിട്ടുമ്പോഴൊക്കെ സ്‌കൂള്‍ സന്ദര്‍ശിച്ച് അധ്യാപകരില്‍ നിന്ന് കുട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കുക.
2. കുട്ടിയുമായി തുറന്നു സംസാരിക്കുക. കുട്ടി അനുഭവിക്കുന്ന ഏത് പ്രശ്‌നവും രക്ഷിതാക്കളുമായി പങ്ക് വെക്കാന്‍ അവസരമുണ്ടായാല്‍ കുട്ടികളില്‍ സുരക്ഷിതബോധമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. ഇത്തരം കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷയിലും മികവ് പ്രകടിപ്പിക്കാനാവും.
3. മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക. പകരം നിങ്ങളും അവരോടൊപ്പമുണ്ടെന്നും എന്ത് പ്രശ്‌നവും പരിഹരിക്കാവുന്നതേയുള്ളുവെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. അടുത്ത പരീക്ഷക്കുള്ള തയ്യാറെടുപ്പ് നിങ്ങളും അവരോടൊപ്പം ആരംഭിക്കുക.
4. സമയം കിട്ടുമ്പോഴൊക്കെ അവരോടൊപ്പം ഇരിക്കുകയും പഠനത്തിന് സഹായിക്കുകയും ചെയ്യുക.
5. പരീക്ഷ സമയത്ത് അമിതശ്രദ്ധ നല്‍കുന്ന രീതി കുട്ടികളില്‍ മാനസിക സമ്മര്‍ദം വളര്‍ത്തും. അപ്പോള്‍ മാത്രം രക്ഷിതാവിന്റെ ശ്രദ്ധ പഠനത്തിലുണ്ടാകുന്നത് ആശ്വാസമല്ല. അവരെ സഹായിക്കാന്‍ വേണ്ടിയാണ് നാമുള്ളതെന്ന ധാരണ വളര്‍ത്തണം.
6. കുട്ടികള്‍ക്ക് ഭക്ഷണവും ഉറക്കവുമെല്ലാം സാധാരണപോലെ ക്രമീകരിച്ച് നല്‍കണം.
7. പരീക്ഷ കാലത്ത് നാം ടി.വിയിലും വിനോദ പരിപാടിയിലും മുഴുകുകയും കുട്ടികള്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് ഗുണകരമല്ല. അവര്‍ക്കു വേണ്ടിയുള്ള നിയന്ത്രണം രക്ഷിതാക്കള്‍ക്കും ബാധകമാകണം. പഠനത്തിനിടക്ക്, എല്ലാവര്‍ക്കും ഒരുമിച്ചുള്ള വിനോദത്തിന് അവസരമുണ്ടാക്കണം.
8. പരീക്ഷ ഹാളിലേക്ക് പുറപ്പെടുമ്പോള്‍ ഹാള്‍ടിക്കറ്റും പരീക്ഷാ ഉപകരണങ്ങളും അവര്‍ എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. സന്തോഷത്തോടെ അവരെ യാത്രയാക്കണം.
പരീക്ഷ കഴിഞ്ഞെത്തിയാല്‍
പലപ്പോഴും പരീക്ഷ കഴിഞ്ഞെത്തിയാല്‍ വീട്ടില്‍ മറ്റൊരു പരീക്ഷ കാത്തിരിക്കുന്നുണ്ടാവും. ചോദ്യപേപ്പറെടുത്ത് കുട്ടി എഴുതിയത് ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താനും എത്ര മാര്‍ക്ക് കിട്ടുമെന്ന് കണക്കു കൂട്ടാനും ശ്രമിക്കുന്ന ചില രക്ഷിതാക്കളെ കാണാം. ഇത് നമ്മള്‍ പ്രതീക്ഷിക്കുന്ന ഗുണമല്ല ഉണ്ടാക്കുക. പരീക്ഷ കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നോക്കുന്ന പ്രവണത ചില കുട്ടികളിലുണ്ട്. പരീക്ഷ മൊത്തത്തില്‍ ഒന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. അടുത്ത പരീക്ഷകളില്‍ ശ്രദ്ധിക്കേണ്ടത് എന്തെന്ന് മനസ്സിലാക്കുകയുമാകാം. സൂക്ഷ്മമായി അപഗ്രഥിക്കുന്നത് പരീക്ഷ മുഴുവന്‍ കഴിഞ്ഞിട്ടാവാം. തെറ്റിപ്പോകുകയോ മാര്‍ക്ക് കുറഞ്ഞു പോകുകയോ ചെയ്യുന്നതില്‍ ദുഃഖിക്കേണ്ടതില്ല. ദുഃഖിച്ചിട്ട് ഗുണവുമില്ല. ഇനിയുള്ള അവസരങ്ങള്‍ക്കായി ഒരുങ്ങുകയാണ് വേണ്ടത്.
kamarsubair@gmail.com

പരീക്ഷയില്ലാത്ത സ്‌കൂള്‍.


പരീക്ഷയുടെ അമിതമായ ഉത്കണ്ഠ ഒഴിവാക്കാന്‍ പരീക്ഷ തന്നെ ഒഴിവാക്കിയ നിരവധി സ്‌കൂളുകള്‍ ഇന്ന് കേരളത്തിലും സുലഭം. പരീക്ഷയില്ലെന്ന് കരുതി അവിടെ വിലയിരുത്തല്‍ നടക്കുന്നില്ലെന്ന് വിചാരിക്കരുത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഐ.സി.എസ്.ഇ സ്‌കൂള്‍ എന്ന ബഹുമതി നേടിയ പള്ളിക്കൂടത്തിന് 42 വര്‍ഷമായി നേതൃത്വം നല്‍കുന്ന മേരി റോയ് (അരുന്ധതി റോയിയുടെ അമ്മ) പറയുന്നു: ''ഒരു വര്‍ഷം മുഴുവന്‍ കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുന്ന അധ്യാപകര്‍ക്ക് അറിയില്ലേ, അവര്‍ വല്ലതും പഠിച്ചിട്ടുണ്ടോയെന്ന്. പിന്നെ എന്തിനാണ് കടലാസില്‍ എഴുതിപ്പിക്കുന്നത്. പരീക്ഷ വരുമ്പോള്‍ അറിയാതെ മത്സരവും താരതമ്യവും വരും. ചെറിയ പ്രായത്തില്‍ അത് കുട്ടികളുടെ മനസ്സിനെ ദോഷമായേ ബാധിക്കൂ.'' ഈ പള്ളിക്കൂടത്തില്‍ എട്ടാം ക്ലാസ്സുവരെ പരീക്ഷയില്ല.

പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍

പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ രക്ഷിതാക്കള്‍ക്കുണ്ടാകണം. അവരുടെ ഭക്ഷണത്തിന്റെ സമയക്രമം തെറ്റുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രഭാതം ഉന്‍മേഷഭരിതമാക്കാന്‍ സഹായിക്കുന്ന പ്രാതല്‍ വിഭവങ്ങള്‍ നല്‍കണം. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഫാസ്റ്റ് ഫുഡുകളും പാനീയങ്ങളും ഒഴിവാക്കണം. പരിചിതമല്ലാത്ത ഭക്ഷണ പരീക്ഷണങ്ങള്‍ പരീക്ഷാ കാലത്ത് ഒഴിവാക്കണം. അമിത ഭക്ഷണവും വേണ്ട. കഴിയുന്നതും വീട്ടില്‍ പാകം ചെയ്യുന്നവ തന്നെ നല്‍കാന്‍ ശ്രമിക്കണം. കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നത് കാരണം സമയമില്ലാത്തതിനാല്‍ ഹോട്ടലില്‍ നിന്ന് വിഭവസമൃദ്ധമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നവരുണ്ട്. അത്തരം രീതികള്‍ ഒഴിവാക്കുകയാണ് നല്ലത്.
സാധാരണപോലെ ഉറക്കത്തിനും വിനോദത്തിനും വ്യായാമത്തിനും പരീക്ഷാ കാലത്തും കുട്ടികളെ അനുവദിക്കണം. മുറിഞ്ഞു പോയ ഉറക്കം പരീക്ഷാ ഹാളില്‍ ക്ഷീണമായും തളര്‍ച്ചയായും പ്രതിഫലിക്കും. ഉറക്കം തൂങ്ങലുണ്ടാകും. കുട്ടികളുടെ ഓര്‍മശക്തിയേയും ചിന്താശേഷിയേയും അത് ബാധിക്കും.
കുട്ടികളില്‍ പരീക്ഷ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. അസ്വസ്ഥതയും ദേഷ്യവും തോന്നുക, തലവേദന, മനം പുരട്ടല്‍, സന്തോഷക്കുറവ്, ഊര്‍ജസ്വലതയില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും രക്ഷിതാക്കള്‍ വിദഗ്ധരുടെ സഹായം തേടണം. പരീക്ഷ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നതിന് കൗണ്‍സിലര്‍മാരുടെ സഹായം തേടാം.
രക്ഷിതാക്കള്‍ കുട്ടികളുമായി തുറന്നു സംസാരിക്കുകയും അവരെ സഹായിക്കാന്‍ ഞങ്ങള്‍ സദാസന്നദ്ധരാണെന്ന് ബോധ്യപ്പെടുത്തുകയും വേണം. പ്രയാസമുള്ള വിഷയങ്ങളില്‍ അധ്യാപകരുടെ സഹായം തേടാം. മറ്റു കുട്ടികളോടൊപ്പം ഒരുമിച്ചിരുന്ന് വായിക്കുന്നതിന് അവസരമൊരുക്കാം. കുറ്റപ്പെടുത്തലുകളും താരതമ്യപ്പെടുത്തലുകളും കഴിയുന്നത്ര ഒഴിവാക്കുക.



Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top