ദൈവ സൂത്രത്തിലെ സൂത്രക്കാര്‍

ഷംസീര്‍ No image

വതരണത്തിലെ ലാളിത്യംകൊണ്ടും പ്രമേയത്തിന്റെ ഉള്‍ക്കരുത്ത് കൊണ്ടും സംസ്ഥാന ചില്‍ഡ്രന്‍സ്  ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് മുപ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള 'ദൈവസൂത്രം' എന്ന ഷോര്‍ട്ട് ഫിലിം.
കാസര്‍കോഡ് ജില്ലയിലെ പിലിക്കോട് എന്ന ഗ്രാമത്തിലുള്ള കുട്ടികളാണ് ഈ കൊച്ചു ചിത്രം തയാറാക്കിയത്. പിലിക്കോട് ശ്രീ കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് അംഗങ്ങള്‍ക്ക് ഒരു പഞ്ചദിന ക്യാമ്പില്‍ വെച്ചാണ് ഇത്തരമൊരു ആശയം ജനിച്ചത്.
ജീവിതത്തില്‍ ഇതേവരെ നേരെ ചൊവ്വെ കാമറ പിടിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ സംവിധായികയും ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുമായ നിബിഷക്ക് പുതിയ അനുഭവത്തെ കുറിച്ച് ഒത്തിരി പറയാനുണ്ട്: ''നാടകരംഗത്ത്  മികച്ച പാരമ്പര്യമുള്ള നാടാണ് എന്റേത്. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ ആദ്യാനുഭവമാണ്. തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും ഈ രംഗത്ത് ഞങ്ങളുടെ വഴികാട്ടിയും ഗുരുവുമായ പ്രമുഖ നാടകകൃത്ത് അനില്‍ സാറിന്റെ പ്രേരണയും പ്രോത്സാഹനവും കരുത്ത് പകര്‍ന്നു.''
അന്‍പതിനായിരത്തോളം രൂപ ചെലവഴിച്ച് ഏഴ് ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഇതിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമെല്ലാം കുട്ടികളാണ്. ചിത്രത്തിന് വേണ്ടി പണം ചെലവഴിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിസ്മയം കലര്‍ന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ ഗവണ്‍മെന്റ് നടപ്പിലാക്കിയ ഹരിതയോരം പദ്ധതിയിലൂടെയും എന്‍.എസ്.എസ് അംഗങ്ങള്‍ കൃഷി ചെയ്ത വാഴ, കിഴങ്ങ്, പച്ചക്കറികള്‍ എന്നിവയുടെ വില്‍പനയിലൂടെയും പരസ്യം, സംഭാവന എന്നിവ സ്വീകരിച്ചതിലൂടെയുമാണ് പണം കണ്ടെത്തിയത്. എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ കൃഷിയും സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളും ഈ സ്‌കൂളില്‍ സജീവമാണ്. സമ്മാനമായി കിട്ടിയ ഒരുലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ ഫിലിം ക്ലബ്ബ് രൂപീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ സിനിമയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ നയന പി.വി. പറഞ്ഞു. പ്രിന്‍സിപ്പാള്‍ ചന്ദ്രമോഹനന്‍ സാറിന്റെയും എന്‍.എസ്.എസ് ഓഫീസര്‍ മനോജ്കുമാറിന്റെയും മാനേജ്‌മെന്റിന്റെയും പ്രോത്സാഹനവും പ്രേരണയും എപ്പോഴുമുണ്ട്. കുട്ടികളില്‍ നിന്ന് എന്തുകൊണ്ടാണ് പുതിയ കാലത്ത് കൂടുതല്‍ സര്‍ഗാത്മകമായ സംഭാവനകള്‍ ലഭിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ മികച്ച അഭിനയം കാഴ്ചവെച്ച രഞ്ജിഷ പറയുന്നതിങ്ങനെ: ''ആളുകള്‍ കൂടുതല്‍ സ്വാര്‍ഥരായിക്കൊണ്ടിരിക്കുന്നു. ഇത് കുട്ടികളെയും ബാധിക്കുന്നുണ്ട്. ഇതിനൊരു പ്രതികരണം കൂടിയാണ് ദൈവസൂത്രം.''
മനുഷ്യന്‍ പ്രകൃതിയോടും പരിസ്ഥിതിയോടും കാണിക്കുന്ന ക്രൂര വിനോദങ്ങളെ പിഞ്ചു മനസ്സില്‍ നിന്നുയരുന്ന പ്രതിഷേധ ശബ്ദങ്ങളിലൂടെ പ്രതിരോധിക്കാനാണ് ഈ ചിത്രം ശ്രമിക്കുന്നത്.  ഗ്രാമസൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു 'പോതിക്കുന്ന്'. അവിടെ തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. ഒരുദിവസം ആ കുന്ന് ഇടിച്ചു നിരപ്പാക്കി അവിടെ അമ്പലം പണിയാന്‍ നാട്ടിലെ വികസന കമ്മറ്റി തീരുമാനിക്കുന്നു. ഒരുകാലത്ത് വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളിയ തമ്പാച്ചിയെന്ന വയോവൃദ്ധന്‍ ഇതറിഞ്ഞ് പോതി മലയിലെത്തി. അവിടെ വെച്ച് തെയ്യവുമായി സംഭാഷണം നടത്തുന്നു. തെയ്യം ഇവിടെ ദൈവത്തിന്റെ പ്രതീകമാണ്. മനുഷ്യനിലനില്‍പ്പിന്റെ ആധാരമായ പ്രകൃതിയെ നശിപ്പിച്ച് അവിടെ ആരാധനാലയം പണിയുന്നതിലെ വൈരുധ്യത്തെ ഈ ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു.
തമ്പാച്ചി എന്ന പഴയ വെളിച്ചപ്പാടിന്റെ വൃദ്ധവേഷം അത്യുജ്വലമായി അവതരിപ്പിച്ച പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥി ദിനകര്‍ ലാല്‍ തന്നെയായിരുന്നു സംസ്ഥാന തലത്തിലെ മികച്ച നടന്‍. ദിനകര്‍ എന്ന കൊച്ചു പയ്യന്റെ അഭിനയമേന്മ ഈ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു. സ്വന്തം ശരീരത്തിലേക്ക് വാര്‍ധക്യസഹജമായ ഭാവങ്ങള്‍ കൃത്യമായി സന്നിവേശിപ്പിക്കുന്നതില്‍ ദിനകര്‍ ലാല്‍ വിജയിച്ചിട്ടുണ്ട്.
മികച്ച സെറ്റിനുള്ള അവാര്‍ഡും ഈ ചിത്രമാണ് കരസ്ഥമാക്കിയത്. 30 മിനുട്ട് കൊണ്ട് ഉള്‍ക്കാമ്പുള്ള പ്രമേയം ലളിതമായി അവതരിപ്പിച്ചു എന്നത് തന്നെയാണ് ഇതിന്റെ വിജയം. പ്രകൃതിയുടെ അന്തകനായ ജെ.സി.ബി യന്ത്രവും ഇതിലെ കഥാപാത്രമാണ്. പോതി മലയിലേക്ക് ഓടുന്ന തമ്പാച്ചിയെ വഴിയില്‍ വെച്ച് ജെ.സി.ബി പിന്തുടരുന്ന രംഗമുണ്ട് ഇതില്‍. അതിന്റെ കൂര്‍ത്ത ദംഷ്ട്രങ്ങളുള്ള കൈ തമ്പാച്ചിയുടെ നേരെ ആഴ്ന്നിറങ്ങാന്‍ പോകുന്നത് പ്രതീകാത്മകമായി ചിത്രീകരിക്കുന്നുണ്ട്. ജെ.സി.ബിയുടെ ശബ്ദം പശ്ചാത്തലത്തില്‍ അലകളുയര്‍ത്തുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും, നഷ്ടപ്പെട്ടുപോകുന്ന പ്രകൃതിയുടെ പച്ചപ്പിനെക്കുറിച്ചും ഈ കുട്ടികള്‍ക്കുള്ള ആശങ്ക ആത്മാര്‍ഥമാണ്. നഗരം ഗ്രാമങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് തികച്ചും ഗ്രാമീണരായ ഈ കുട്ടികള്‍ക്ക് വരും കാലത്തെകുറിച്ച് ആകുലതകളുണ്ട്. പോതിമല തകര്‍ത്ത് അമ്പലം പണിയാന്‍ പോകുന്നു എന്ന് ദൈവമായ തെയ്യം ആശങ്കപ്പെട്ടപ്പോള്‍ 'നല്ല കാര്യല്ലെ, വല്യ കാര്യല്ലെ' എന്ന് പറയുന്ന തമ്പാച്ചിപോലും എങ്ങനെയാണ് നമ്മുടെ ആദര്‍ശവും മസ്തിഷ്‌കവും ആഗോളീകരണ നയങ്ങള്‍ക്ക് നാം പോലുമറിയാതെ അടിമപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണമാണ്.
സ്വീകരണങ്ങളും അനുമോദനങ്ങളുമായി നിമിഷയും കൂട്ടരും തിരക്കിലാണ്. എന്നാല്‍ പഠനപ്രവര്‍ത്തനങ്ങളെ അതൊട്ടും ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. 'പുതിയ പ്രൊജക്ടുകളെ കുറിച്ച് ആലോചിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ പ്രമേയമാക്കി സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ ഇപ്പോഴില്ല.' നിബിഷ പറഞ്ഞു. ലെനിന്‍ ഇരുപതാം നൂറ്റാണ്ടിന്റെ കലയെന്ന് വിശേഷിപ്പിച്ച സിനിമയുടെ പുതിയ അര്‍ഥതലങ്ങള്‍ തേടിയുള്ള യാത്രയിലാണ് ഈ കുട്ടികള്‍. ഒപ്പം പരിസ്ഥിതി നശീകരണത്തിന് എതിരായ സന്ധിയില്ലാ സമരത്തിലും. ഒരുപക്ഷേ ഇവരായിരിക്കാം കാലം ഭാവിയിലേക്ക് കരുതിവെച്ച പ്രതിഭകള്‍.                               |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top