വീട്ടിലിരുന്നും വിദേശജോലി

സഫിയ അലി

 

ഭ്യസ്ഥവിദ്യരായ കുടുംബിനികള്‍ ഏറെയുള്ള നാടാണ് നമ്മുടെത്. വീട്ടുജോലിയും പുറംജോലിയും ഒന്നിച്ചു വഹിക്കുന്നവരും ഉള്ള അറിവും കഴിവും പൂട്ടിവെച്ച് മെയ്യനങ്ങാതെ അലസമായി സമയത്തെ കൊല്ലുന്നവരും ഒരുപാടുണ്ട്. ഇവര്‍ക്കിടയില്‍ തീര്‍ത്തും വ്യത്യസ്തയാണ് കോഴിക്കോട് ചേന്ദമംഗല്ലൂരില്‍ ജനിച്ച ഷിജിന. വീട്ടിലൊരു നെറ്റ് കണക്ഷനും ഒരു ഓണ്‍ലൈന്‍ ലേണിങ് സ്ഥാപനത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ സ്വയം വീട്ടിലിരുന്ന് മാന്യമായി ധനം സമ്പാദിക്കാമെന്നാണ് ഷിജിന സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നത്. രാവിലെ ഓഫീസിലേക്കോടുന്ന തിരക്കും ടെന്‍ഷനുമില്ല. അതിലുപരി വീട്ടിലിരുന്നുകൊണ്ട് കുഞ്ഞുങ്ങളുടെ പഠിത്തവും മറ്റുകാര്യങ്ങളും നന്നായി ശ്രദ്ധിക്കുകയും ചെയ്യാം.
ഇപ്പോള്‍ കൊച്ചിയിലാണ് താമസമെങ്കിലും ഷിജിന അമേരിക്കയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ മാത്‌സ് ട്യൂഷന്‍ ടീച്ചറാണ്. യു.എസ് സമയം വൈകിയിട്ട് 5.30 മുതല്‍ രാത്രി 9.30 വരെയാണ് ട്യൂഷന്‍ സമയം. അതായത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണി മുതല്‍ ആറുമണി വരെ. ആറുമണിക്ക് ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടു ജോലിക്കും കുട്ടികളെ സ്‌കൂളിലേക്കയക്കുന്ന തിരക്കുകള്‍ക്കുമായി ചെറിയൊരു ഇടവേള.
ഐ.ടി പ്രഫഷണലായ ഭര്‍ത്താവ് ഷഫീഖ് കൊച്ചിയില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്നും വീട്ടിലെത്തുന്നത് വരെയും ഭര്‍ത്താവ് ജോലിസ്ഥലത്ത് നിന്ന് തിരിച്ചെത്തുന്നത് വരെയും ഷിജിന വീട്ടില്‍ തനിച്ചാണ്. വീട്ടു ജോലിയെല്ലാം കഴിഞ്ഞാലും സമയം ഒരുപാട് ബാക്കിയാണ്. വെറുതെ പാഴായിപ്പോകുന്ന ഈ സമയം എന്തെങ്കിലും നല്ല കാര്യത്തിന് ഉപയോഗിച്ചു കൂടെ എന്ന് ആലോചിച്ചത് അപ്പോഴാണ്. വ്യത്യസ്തമായ തൊഴില്‍ മേഖല അന്വേഷിക്കുന്നതിനിടക്കാണ് ഓണ്‍ലൈന്‍ ട്യൂഷനെക്കുറിച്ച് ചിന്തിച്ചത്. ഉടനെ ഇന്റര്‍നെറ്റിലൂടെ വിഷദാംശങ്ങള്‍ കൂടുതലറിയാന്‍ ശ്രമിച്ചു. അതോടെ തന്റെ മേഖല ഇതാണെന്ന് ഷിജിന തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലെ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍ മുഖേനയാണ് ഷിജ്‌ന ജോലി ചെയ്യുന്നത്. സെക്ഷന്‍ മൊഡ്യൂള്‍ ചെയ്യുന്നതും ട്യൂട്ടറെടുക്കുന്ന ക്ലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതും അധ്യാപകരുടെ കഴിവിനനുസരിച്ച് ശമ്പളം തിട്ടപ്പെടുത്തുന്നതും ട്യൂഷന്‍ സെന്ററുകളാണ്. വിദേശ വിദ്യാര്‍ഥികളെ കണ്ടെത്തി അധ്യാപകരുടെ കൈകളിലെത്തിച്ചുകൊടുക്കുന്നതും വിദ്യാര്‍ഥികളുമായും അധ്യാപകരുമായും ആശയവിനിമയം നടത്തുന്നതും അതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ക്രമീകരിച്ചുകൊടുക്കുന്നതുമെല്ലാം ഈ ട്യൂഷന്‍ സെന്ററുകളുടെ ചുമതലയാണ്. ആവശ്യമായ പഠനോപകരണങ്ങള്‍ നല്‍കുന്നതും ഇവര്‍ തന്നെ. പല സ്ഥാപനങ്ങളും അമേരിക്കയുള്‍പ്പെടെ പല വിദേശ രാജ്യങ്ങളുടെയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസമാറ്റങ്ങളെ കൃത്യമായി ഇവര്‍ അറിയേണ്ടതുണ്ട്. ഇംഗ്ലീഷ്, മാത്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത്.
ആശയവിനിമയം ചെയ്യാനുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും എടുക്കുന്ന വിഷയത്തിലെ ബിരുദവും ബിരുദാനന്തര ബിരുദവും, അധ്യാപക യോഗ്യതയായ ബി.എഡുമാണ് ഈ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് അടിസ്ഥാനമായി വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം. പ്രഗത്ഭയായ ടീച്ചര്‍ക്കേ ഈ മേഖലയില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ കഴിയൂ.
രാവിലെ തത്രപ്പെട്ട് ബസ്സിലെ തിക്കും തിരക്കും ഓടിക്കിതച്ച് ഓഫീസിലെത്താന്‍ കഴിയാത്തതിന്റെ ബേജാറുമൊന്നും ഈ ജോലിക്കില്ല. അതുകൊണ്ട് തന്നെ അഭ്യസ്ഥരായവര്‍ക്ക് ഏറ്റവും നല്ല നിലയില്‍ ഇണങ്ങുന്ന ജോലിയാണിതെന്ന് അവര്‍ ആണയിടുന്നു.
ആദ്യമൊക്കെ സമയത്തിന്റെ കാര്യത്തില്‍ ചെറിയൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. വെളുപ്പിന് മൂന്ന് മണിക്ക് എണീറ്റ് പഠിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പതിയെ അത് ശീലിച്ചു. ക്ലാസ്സും വീട്ടിലെ ജോലിയും കഴിഞ്ഞ് ബാക്കി സമയം എന്തിന് വേണ്ടിയും ഉപയോഗിക്കാം. ആത്മസംതൃപ്തിയും പണവും പുറത്ത് പോവാതെ വീട്ടിലിരുന്നു തന്നെ ലഭിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് പുറത്ത് പോയി ജോലിചെയ്ത് വിഷമിക്കുന്നതെന്തിനെന്ന് ഷിജിന ചോദിക്കുന്നു.
അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ നമ്മുടെ നാട്ടിലെയും വിദേശങ്ങളിലേയും കുട്ടികളെ പഠിപ്പിച്ച് നമുക്കും ഉന്നതിയിലെത്താം. പക്ഷേ, ജിജ്ഞാസയും അന്വേഷണത്വരയും കൈമുതലാക്കണമെന്നു മാത്രം. പുതു തലമുറക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനും പ്രാവര്‍ത്തികമാക്കാനും സാധിക്കുന്നുണ്ട്.
ഇപ്പോള്‍ സ്വന്തമായി ഗള്‍ഫ് ആസ്ഥാനമായി ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് ഷിജിന. അതിനുള്ള മാനസിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് നിറഞ്ഞ പ്രതീക്ഷയോടെയാണ് അവര്‍ പറയുന്നത്.
|


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top