മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകുന്നതിന് മുമ്പ്

താജ് ആലുവ No image

ഈ ശീര്‍ഷകത്തിന് മുല്ലപ്പെരിയാര്‍ വിഷയവുമായി സാമ്യമുണ്ടായിപ്പോയതിന് ആദ്യമേ മാപ്പ്. നമ്മുടെ തലച്ചോറില്‍ ഈയൊരു വിഷയം ഇങ്ങനെ സജീവമാക്കി നിര്‍ത്തുന്നതില്‍ തല്‍പ്പര കക്ഷികള്‍ക്കുള്ള സങ്കുചിത താല്‍പര്യങ്ങളെ തല്‍ക്കാലം അതിന്റെ പാട്ടിന് വിടാം. ഇവിടെപ്പറയുന്നത് മറ്റൊരു മലവെള്ളത്തെക്കുറിച്ചാണ്. അതിന്റെ ശക്തിയെക്കുറിച്ച് വളരെ കുറച്ച് പേര്‍ മാത്രമാണ് ബോധവാന്‍മാരെന്നത് എത്ര സങ്കടകരം.
സോഷ്യല്‍ മീഡിയയെകുറിച്ച് ഇന്ന് കേള്‍ക്കാത്തവര്‍ ചുരുങ്ങും. ഫേസ്ബുക്ക് എന്ന ഒരൊറ്റ സെറ്റില്‍ മാത്രം 80 കോടി ജനങ്ങള്‍ കൂട്ടുകാരെ/കൂട്ടുകാരികളെ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്. മറ്റൊരര്‍ഥത്തില്‍ ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ എറ്റവും വലിയ രാജ്യമായ ഫേസ്ബുക്കിലെ ഓരോ അംഗത്തിനും ശരാശരി 130 കൂട്ടുകാര്‍ വീതം ഉണ്ടുപോലും! അറബ് വസന്തത്തിലും ഒക്യുപ്പൈ വാള്‍സ്ട്രീറ്റിലും ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ നീക്കം ചെയ്യുന്നതിനുള്ള പ്രക്ഷോഭത്തിലും ഫേസ്ബുക്കിനുള്ള പങ്കിനെ വിലമതിച്ചുകൊണ്ട് പറയട്ടെ, വിപ്ലവത്തിനുള്ള ആഹ്വാനങ്ങളേക്കാള്‍ ഇവിടെ മുഴങ്ങുന്നതിലധികവും അതിരുകളില്ലാത്ത സൗഹൃദത്തിനുള്ള ക്ഷണങ്ങള്‍ തന്നെയാണ്. ഒരു പിന്തിരിപ്പന്‍ മൂരാച്ചിയെന്ന പേര് നിങ്ങള്‍ക്ക് വീഴാതിരിക്കണമെങ്കില്‍ ഫേസ്ബുക്കില്‍ ഒരു മുഖത്തിന് പിന്നില്‍ നിങ്ങള്‍ മറഞ്ഞിരുന്നേ പറ്റൂ. അവിടെ നിങ്ങളുടെ സ്റ്റാറ്റസ് 'അപ്‌ഡേറ്റ്' ചെയ്തുകൊണ്ടും ആരുടെയെങ്കിലും സ്റ്റാറ്റസിനെ 'ലൈക്ക്' ചെയ്യുകയും അവരുടെ ക്രിയേറ്റീവ് വര്‍ക്കുകള്‍ ആര്‍ക്കെങ്കിലുമൊക്കെ ഷെയര്‍ ചെയ്യുകയും ചെയ്ത് ജീവിതകാലം കഴിച്ചുകൂട്ടാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അതിനിടയില്‍ വന്നുപെടുന്ന കപടസൗഹൃദത്തിന് നേരെ പ്രതികരിച്ചുപോയാല്‍ പലപ്പോഴും അതിന്റെ അനന്തരഫലം ഏറ്റെടുക്കാനും നിങ്ങള്‍ തന്നെ തയ്യാറാകേണ്ടി വരും. അങ്ങനെ അടുത്തുള്ളവനോട് ചീറ്റികൊണ്ട് ദൂരെയുള്ളവരോട് ചാറ്റാനും അയലത്തുള്ളവനെ വെറുത്തുകൊണ്ട് അകലത്തുള്ളവനോട് സൗഹൃദം കൂടാനുമാണ് ആധുനിക മനുഷ്യന്റെ വിധി.
ചില യാഥാര്‍ഥ്യങ്ങളിലേക്ക് വരാം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം. മകന്‍ രാവും പകലും കമ്പ്യൂട്ടറിന് മുമ്പില്‍ ചെലവഴിക്കുന്നത് കണ്ട പിതാവ് അവന്‍ ആവശ്യപ്പെടുന്ന സി.ഡി.യും മറ്റും ധാരാളമായി വാങ്ങിക്കൊടുത്തു. മകന്റെ കമ്പ്യൂട്ടര്‍ വൈദഗ്ദ്യം തളിര്‍ക്കുന്നതും പൂവിടുന്നതും  സ്വപ്നം കണ്ട പിതാവിന് പക്ഷേ, അപ്രതീക്ഷിതമായി ലഭിച്ച ഒരു ഫോണ്‍കോളാണ് ഉണര്‍വായത്. പ്രിന്‍സിപ്പാള്‍ പിതാവിനെ സ്‌കൂളിലേക്ക് വരുത്തി സഹപാഠികള്‍ക്ക് അശ്ലീല സി.ഡികള്‍ 25 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന മകന്റെ വിക്രിയകളിലേക്ക് വിരല്‍ ചൂണ്ടി. സ്വയം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് പുറമെ നാടന്‍ വേര്‍ഷനുകള്‍ എത്തിക്കുന്നതിന് പ്രത്യേകം ഉറവിടങ്ങളും അവനുണ്ട്. വിപുലമായ നീലമാഫിയയുടെ നീളം കൂടിയ കണ്ണിയില്‍ മകനും ഭാഗഭാക്കാണെന്നറിഞ്ഞ പിതാവ് ഞെട്ടിപ്പോയി.
വേറൊരു സംഭവം. പ്ലസ് ടുവിന് പഠിക്കുന്ന മകള്‍ പഠനാവശ്യത്തിന് വീട്ടില്‍ നെറ്റ് കണക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്‌നേഹമുള്ള ഏതൊരു പിതാവും ചെയ്യുന്നത് പോലെ അയാളും ചെയ്തു. ആദ്യമാദ്യം ഒറ്റക്ക് കുറെ നേരം കമ്പ്യൂട്ടറിനു മുമ്പില്‍  ചെലവഴിച്ചിരുന്ന മകള്‍ പിന്നീട് കൂട്ടുകാരികളോടൊപ്പവും പതിവ് തുടര്‍ന്നു. ഒന്നിച്ചുള്ള പഠനം കൂടുതല്‍ ഗുണം ചെയ്യുമെന്ന പാരമ്പര്യപാഠത്തെ എന്തിന് സംശയിക്കണം. എന്നാല്‍ യാഥാര്‍ഥ്യം വാര്‍ത്തയായി പുറത്തുവന്നപ്പോള്‍ ആ പിതാവും ഞെട്ടിത്തരിച്ചു; തന്റെ പുന്നാരമോള്‍ ഓണ്‍ലൈന്‍ വ്യഭിചാരത്തിലെ കണ്ണിയായിരിക്കുന്നു.
അന്യന്റെ മക്കള്‍ ഇത്തരത്തില്‍ വ്യതിചലിക്കുന്നത് കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്വന്തം കുടുംബത്തില്‍ നിന്ന് ഇത്തരം വര്‍ത്തമാനങ്ങള്‍ കേള്‍ക്കുകയില്ലെന്ന് സമാധാനിച്ചിരുന്ന മാവിലായിക്കാരനൊ താങ്കള്‍. അതല്ല സമൂഹത്തെ ഒന്നടങ്കം കാര്‍ന്നു തിന്നുന്ന മഹാവ്യാളിയായി ഇലക്‌ട്രോണിക് മീഡിയ വേഷം മാറുമ്പോള്‍ ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കുകയാണോ. എന്തുതന്നെയായാലും തലമുറകളായി കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ കടലെടുത്ത് പോകുന്ന ഒരാസുര കാലത്ത് ജീവിക്കാന്‍ അസാമാന്യമായ ജാഗ്രത ആവശ്യമാണെന്നാണ് ഓരോ  സംഭവങ്ങളും നമ്മോട് വിളംബരം ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ അനുനിമിഷമുള്ള വളര്‍ച്ചയില്‍ അന്തംവിട്ട് നില്‍ക്കുന്ന പഴയതലമുറയും അതിവേഗം ഈ വളര്‍ച്ചയോട് ഇണങ്ങിച്ചേരുകയും അതിനെ നന്മ-തിന്മ വിവേചനമില്ലാതെ വാരിപ്പുണരുകയും ചെയ്യുന്ന പുതുതലമുറയും- ഇവര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വന്‍ വിടവാണ് ഇപ്പോള്‍ പരിശുദ്ധമായ കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതില്‍ കാര്യമായ സംഭാവന അര്‍പ്പിക്കുന്നത്.
അതങ്ങനെത്തന്നെ ആവണമെന്ന് മാധ്യമത്തമ്പുരാക്കന്‍മാര്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. അവരെ സംബന്ധിച്ചേടത്തോളം  സമൂഹത്തിന്റെ നന്മയോ-തിന്മയോ  കുടുംബബന്ധങ്ങളുടെ പവിത്രതയോ തലമുറകളുടെ  ഉന്നതിയോ പ്രശ്‌നമല്ലെന്ന് മാത്രമല്ല, പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആര്‍ത്തിപൂണ്ട കോര്‍പ്പറേറ്റ് സാമ്രാജ്യങ്ങളായി അവര്‍ മാറുകയും ചെയ്തിരിക്കുന്നു. അതാണ് ഈയിടെ റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ പ്ലസ് ചാനല്‍ ഇന്ത്യയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 'സച് കാ സാം നെ'(സത്യത്തോട് മുഖാമുഖം) എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് നാല് റൗണ്ട് പിന്നിട്ട് 25 ലക്ഷം നേടിയ ഒരാള്‍ തന്റെ കുടുംബബന്ധം തകര്‍ന്ന കഥ ഈയിടെ മാധ്യമങ്ങളുമായി പങ്കുവെക്കുകയുണ്ടായി. പരമാവധി ഒരു കോടി രൂപവരെ നേടാന്‍ അവസരമുള്ള ഈ മല്‍സരത്തില്‍ അത്രയും നേടണമെങ്കില്‍ തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് അതിന്റെ പരിപൂര്‍ണമായ അര്‍ഥത്തില്‍ ഇതില്‍ പങ്കെടുക്കുന്നവന് സമ്മതിച്ച് കൊടുക്കേണ്ടി വരും. കിടപ്പറ രഹസ്യങ്ങള്‍ വരെ ഇത്ര പച്ചയായി കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കിന് പ്രേക്ഷകരുടെയും മുന്നില്‍ സത്യത്തിന്റെ പേരില്‍ അനാവരണം ചെയ്യുന്ന ഈ അറുവഷളന്‍ ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചവര്‍ക്ക് കോടതി കൊടുത്ത മറുപടി, തങ്ങള്‍ സമൂഹത്തിന്റെയും സദാചാരത്തിന്റെയും കാവല്‍ക്കാരല്ലെന്നാണ്. മാത്രമല്ല, പരിപാടി ഇഷ്ടപ്പെടാത്തവര്‍ ടി.വി. ഓഫ് ചെയ്യലാണ് ഏറ്റവും നല്ലതെന്നും ഇമ്മാതിരി ഹരജികള്‍ നല്‍കി പൊതുതാല്‍പര്യഹരജിയെന്ന വ്യവസ്ഥയെ ചൂഷണം ചെയ്യരുതെന്നും കോടതി പറഞ്ഞുവെച്ചു. രാഷ്ട്രീയക്കാരാവട്ടെ, ഇതും ഒരവസരമെന്ന നിലക്ക് കപടനാടകം കളിച്ചുകൊണ്ടിരിക്കുന്നു. പാര്‍ലമെന്റില്‍ ചില ഒച്ചപ്പാടുകളൊക്കെ ഉണ്ടായപ്പോള്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പരിപാടിയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ ഏല്‍പിച്ചെങ്കിലും സ്റ്റാര്‍ പ്ലസിന് അനുകൂല വിധി തന്നെയാണ് അവസാനം ഉണ്ടായത്.
ഇതങ്ങ് വടക്കെ ഇന്ത്യയിലാണെങ്കില്‍ (വടക്കും തെക്കുമെന്ന അതിര്‍ത്തിക്ക് ഈ സ്വതന്ത്ര തരംഗ ദൈര്‍ഘ്യത്തില്‍ പ്രസക്തിയില്ലെങ്കിലും) ഇങ്ങു തെക്കും സംഗതികള്‍ അത്ര പന്തിയൊന്നുമല്ല. 'സച് കാ സാം നെ'യെ അനുകരിക്കുന്ന പരിപാടികള്‍ നമ്മുടെ ചില ചാനലുകളും തുടങ്ങിക്കഴിഞ്ഞു. കൂടാതെ മിക്ക ടെലിവിഷന്‍ ചാനലുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന സീരിയലുകളുടെയും കേന്ദ്ര ആശയം ഭാര്യാഭര്‍ത്താക്കന്‍മാരുടെ പരപുരുഷ-പരസ്ത്രീ ബന്ധങ്ങളാണെന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിനിടയില്‍ സകല മൂല്യവിചാരങ്ങളും ഒലിച്ചുപോകുന്നതിനെ ഭയത്തോട് കൂടി മാത്രമേ നോക്കിക്കാണാന്‍ സാധിക്കുന്നുള്ളൂ. ടോക് ഷോകളിലൂടെ ജനിച്ച്, സീരിയലുകളിലൂടെ വളര്‍ന്ന് റിയാലിറ്റി ഷോകളിലൂടെ പരിപൂര്‍ണത പ്രാപിക്കാന്‍ കാത്ത് നില്‍ക്കുന്ന ഈ സദാചാരത്തകര്‍ച്ച നമ്മുടെ കുടുംബബന്ധങ്ങളെ എത്രമാത്രം ബാധിക്കുമെന്നത് സമീപഭാവിയില്‍ തന്നെ ദര്‍ശിക്കാം. മനുഷ്യനുണ്ടായ കാലം മുതലുള്ളതാണ് സദാചാരഭ്രംശവുമെന്ന വാദമുന്നയിച്ചാണ് ഇത്തരം അധഃപതനത്തെ ന്യായീകരിക്കുന്നവര്‍ രംഗത്തെത്തുന്നത്. പക്ഷേ പണ്ടും ഇപ്പോഴും തമ്മിലുള്ള പ്രധാന വ്യത്യാസം സമൂഹത്തില്‍ ഇത്തരം അപഭ്രംശം രഹസ്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നതായിരുന്നു. മാത്രമല്ല അപൂര്‍വം ചിലര്‍ ഇങ്ങനെ വഴിതെറ്റുന്നത് ഒരു തിന്മയായി സമൂഹം കാണുകയും അവരെ കഴിയുന്നതും തിരുത്താനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാനും ശ്രമങ്ങള്‍ നടക്കുമായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ ഈ അപഭ്രംശങ്ങള്‍ തെറ്റായി മനസ്സിലാക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, അവയില്‍ ഏര്‍പെടാത്തവര്‍ എന്തോ കൊള്ളരുതാത്തവനായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ കൂടിയുണ്ട്. വരും തലമുറയെ ചെറുപ്രായം മുതല്‍ക്കേ വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ കൂടി നടന്നുകൊണ്ടിരിക്കുന്നു.
സമൂഹവും  വ്യവസ്ഥയും ഇങ്ങനെ അധാര്‍മികതക്ക് കൂട്ട് നില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ഇലക്‌ട്രോണിക് മീഡിയ മാത്രം അതില്‍നിന്ന് മാറിനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നത് മിതമായി പറഞ്ഞാല്‍ പരമാബദ്ധമാണ്. വ്യക്തികളും കുടുംബങ്ങളും ജാഗ്രത്താവുകയെന്നത് മാത്രമാണ് പ്രശ്‌നത്തിനുള്ള പരിഹാരം. താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ  നാശം തന്റെ കുടുംബത്തെയും തന്നെ തന്നെയും ബാധിക്കുമെന്നുള്ള ബോധ്യം ഒരോരുത്തര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നത് പോലെ ''നിങ്ങളില്‍ നിന്ന് അക്രമം പ്രവൃത്തിച്ചവരെ മാത്രം തെരഞ്ഞ് പിടിച്ച് ബാധിക്കാത്ത കുഴപ്പത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.'' ഒരു സമൂഹത്തിന്റെ നാശത്തിന് കാരണമായി പ്രവാചകന്‍ തിരുമേനി (സ) എണ്ണിയിട്ടുള്ളതും ആ സമൂഹത്തിലെ അക്രമികളുടെ കൈ പിടിക്കാന്‍ അവിടുത്തെ നന്മേഛുക്കള്‍ തയ്യാറാകാത്തതാണ് എന്ന് കാണാം. വ്യക്തികളെന്ന നിലക്ക് നാമോരോരുത്തരും ഈ വിഷയത്തില്‍ അവരവരുടെ പങ്ക് നിര്‍വഹിക്കാന്‍ തയ്യാറാകണം, നമുക്ക് സാധിക്കുന്ന രൂപത്തില്‍. കൈകൊണ്ടും നാവുകൊണ്ടും പറ്റിയില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഹൃദയം കൊണ്ട് വെറുക്കാനെങ്കിലും. അതാണല്ലോ വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ വശം.
മാതാപിതാക്കളും മുതിര്‍ന്നവരും ചെറിയ കുട്ടികള്‍ക്ക് മാതൃകയാവുകയെന്നതാണ് ഒന്നാമതായി ചെയ്യാനുള്ളത്. നാം പറയുന്നത് എത്രതന്നെ മധുരമുള്ളതായാലും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമായാല്‍ അതനുസരിക്കാന്‍ ആരെയും കിട്ടില്ലെന്നുള്ളത് അടിസ്ഥാന പാഠമാണ്. കുട്ടികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അവരുടെ അവസ്ഥകളെക്കുറിച്ച് വ്യക്തമായ ബോധ്യം മതാപിതാക്കള്‍ക്ക് വേണം. നമുക്കിന്ന് നഷ്ടമാകുന്നത് അതാണ്. പല മാതാപിതാക്കള്‍ക്കും,  പ്രത്യേകിച്ച് ഗള്‍ഫുകാരായവര്‍ക്ക്, മക്കളുടെ കൂട്ടുകെട്ടിനെ കുറിച്ചൊന്നും  ഒരറിവുമില്ല. ഈ അറിവില്ലായ്മ പലതരം ആപത്തുകളും വിളിച്ചുവരുത്തുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗം പരസ്യമായി നടത്താനും മാതാപിതാക്കള്‍ മക്കളെ പ്രേരിപ്പിക്കണം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറും സി.ഡി, ഡി.വി.ഡി പ്ലെയറുകളുമൊക്കെ എല്ലാവരും കാണുന്ന തരത്തില്‍ സ്ഥാപിക്കണം. ദുരുപയോഗം തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. ടെലിവിഷന്‍ കാണുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങളും ടൈം ടേബിളുകളും ആവിഷ്‌കരിക്കണം. എന്ത് കാണാം, എന്ത് കണ്ടുകൂടാ എന്നതിനെക്കുറിച്ച ബോധ്യം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കണം. അവര്‍ തന്നെ മുന്‍കൈയെടുത്ത് അത് പാലിക്കുന്ന ഒരവസ്ഥയില്‍ അവരെ എത്തിക്കണം. കൗമാരക്കാരായ കുട്ടികളുമായുള്ള ആശയവിനിമയത്തില്‍ വരുന്ന വിടവുകള്‍ നികത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവരോട് ഗുണകാംക്ഷയുള്ളവരാണ് തങ്ങളെന്നത് വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തികളിലൂടെയും അവരെ ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കണം. ബോധപൂര്‍വമായ ഇത്തരം ശ്രമങ്ങളിലൂടെ മാത്രമേ സ്വന്തം കുടുംബത്തിലെങ്കിലും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ദുഃസ്വാധീനത്തെ തടുത്ത് നിറുത്താല്‍ നമുക്കാവൂ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top