വെള്ളം ആരോഗ്യത്തിനും ആയുസ്സിനും

വിനോദ്കുമാര്‍ എം.ജി (സീനിയര്‍ കെമിസ്റ്റ്, കേരള വാട്ടര്‍ അതോറിറ്റി) No image

ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു കാരണമായി ശാസ്ത്രം പറയുന്നത് രണ്ട് അടിസ്ഥാന കാര്യങ്ങളാണ്. പ്രാണവായുവിന്റെയും ജലത്തിന്റെയും സാന്നിധ്യം. ഓക്‌സിജനുള്ള അന്തരീക്ഷവും ജലവും ജീവന്‍ ഉയിര്‍ക്കൊള്ളാനും അത് അനുസ്യൂതം തുടരാനും കാര്യവും കാരണവുമായി മാറുന്നു. മറ്റൊരര്‍ഥത്തില്‍, ജഗദീശ്വരന്‍ ഇത് രണ്ടും കലവറയില്ലാതെ നല്‍കുന്നതിനാല്‍, പ്രപഞ്ചത്തില്‍ ഭൂമിയെന്ന ഗ്രഹവും അതിലെ ജീവികളും അഹങ്കരിച്ചുല്ലസിക്കുന്നു.
ഭൂമി ഒരു ജല ഗ്രഹമാണ്. ഈ ഗ്രഹത്തിലെ പ്രധാന ഭാഗങ്ങള്‍ സമുദ്രങ്ങളാണ്. കര കുറച്ചു മാത്രം. പക്ഷേ ''വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലല്ലോ'' എന്ന കവിവാക്യം പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ആകെയുള്ള ജലത്തില്‍ 97 ശതമാനവും ഉപ്പുള്ള സമുദ്രജലമാണ്. രണ്ട് ശതമാനം ധ്രുവപ്രദേശങ്ങളില്‍ ഐസും. അങ്ങനെയാകുമ്പോള്‍ 99 ശതമാനം ജലവും കുടിവെള്ളമായി ഉപയോഗിക്കാന്‍ എളുപ്പത്തില്‍ സാധ്യമല്ല. ശേഷിക്കുന്ന ഒരു ശതമാനം വെള്ളമാണ് നദികളും കുളങ്ങളും കിണറുകളും കൂടി സംഭാവന ചെയ്യുന്നത്. അതിനാല്‍ ജലസംരക്ഷണം നമ്മുടെ ജീവനുതുല്യമായി കാണേണ്ട മനുഷ്യധര്‍മമാണ്.
രസതന്ത്ര ഭാഷയില്‍ H2O ആണ് ജലം. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നുണ്ടായ ദ്രാവകം. ഹൈഡ്രജന്‍ അയോണുകളും (H+) ഹൈഡ്രോക്‌സൈഡ് (OH_) അയോണുകളും ചേര്‍ന്നാണ് ജല തന്മാത്ര രൂപപ്പെടുന്നത്. നിറമില്ലാത്ത, ഗന്ധമില്ലാത്ത, രുചി പറയാന്‍ അറിയാത്ത ജലത്തിന്റെ കൂടുതല്‍ നല്ല പദം 'വെള്ളം' എന്നാണ്. ജലം ഒട്ടനവധി പദാര്‍ഥങ്ങളെ ലയിപ്പിക്കുന്നതിനാല്‍ അത് സര്‍വലായകമാണ്. (ഉദാ: ഉപ്പ്, പഞ്ചസാര, ഇരുമ്പ്...) ലയിക്കാത്ത പലതിനെയും ഇവന്‍ കൂടെ കൊണ്ടുനടക്കുകയും ചെയ്യും. (ഉദാ: മണ്ണ്, പൊടി, ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കള്‍) ഈ സവിശേഷത തന്നെയാണ് അതിന്റെ ഗുണവും ദോഷവും.
സകല ജീവജാലങ്ങളുടെയും എല്ലാ അവയവങ്ങളുടെയും നിര്‍ണായക ശതമാനം ജലമാണ്. മനുഷ്യന്റെ കാര്യമെടുത്താല്‍ രക്തത്തില്‍ തൊണ്ണൂറ് ശതമാനവും മാംസത്തില്‍ എഴുപത് ശതമാനവും ജലമാണ്. തലച്ചോറ് പോലും ജലമടങ്ങിയ ഒരു കുഴമ്പാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിലെ വിവിധ അവയവങ്ങളില്‍ ആവശ്യത്തിന് എത്തിക്കുക, വിസര്‍ജ്യങ്ങള്‍ പുറം തള്ളുക തുടങ്ങിയ ജീവന്റെ പ്രവര്‍ത്തനങ്ങള്‍ ജലമെന്ന മാധ്യമത്തിലൂടെയാണ് നടക്കുന്നത്. ഇതിനു പുറമെ ചിന്തകളും ബുദ്ധിയും ചലിപ്പിക്കുന്ന ന്യൂറോ പ്രവര്‍ത്തനങ്ങളും ശരീരത്തിലെ ജലത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ജീവന്‍ നിലര്‍ത്താന്‍ കൊണ്ടുനടക്കുന്ന ഇതേ ജലം ആവശ്യമായ അളവില്‍ ഇല്ലെങ്കിലോ മലിനമായാലോ ശരീരം പ്രവര്‍ത്തനം നിര്‍ത്തുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യുന്നു.
ജലം മലിനമാകുകയെന്നു വെച്ചാല്‍ ജലത്തില്‍ ഉണ്ടാകാവുന്ന ഘടകങ്ങള്‍ അനുവദനീയ പരിധിയിലും കൂടുതല്‍ ഉണ്ടാവുകയെന്നാണര്‍ഥം. ലോകാരോഗ്യ സംഘടനകളും മറ്റും കുടിവെള്ളത്തിലുണ്ടാവുന്ന പ്രധാന ഭൗതിക, രാസ, ജൈവ ഘടകങ്ങളുടെ അളവ് നിര്‍ണയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാന്‍ന്റേര്‍ഡ് കോഡ് (I.S Code) കുടിവെള്ളത്തിന്റെ ഗുണനിലവാരം ഒരു പട്ടികയായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഓരോ പ്രദേശത്തിനുമനുസരിച്ച് ഇരുപത് മുതല്‍ രണ്ടായിരം വരെ പദാര്‍ഥങ്ങളും സൂക്ഷ്മാണുക്കളും വെള്ളത്തിലുണ്ടാവുമെന്നാണ് കണക്ക്. അതില്‍ പ്രധാനപ്പെട്ടവ മാത്രമാണ് ഗുണനിലവാര പട്ടികയില്‍ കാണുക. ഒരു രസകരമായ വസ്തുത പൂര്‍ണ്ണമായും ശുദ്ധജലം നമുക്കിഷ്ടമെല്ലന്നതാണ്. പല ഘടകങ്ങളും ആവശ്യത്തിനു ലയിച്ചു ചേര്‍ന്ന് പാകപ്പെട്ട വെള്ളമാണ് മനുഷ്യന്‍ ഇഷ്ടപ്പെടുന്നത്. മഴവെള്ളം അങ്ങനെത്തന്നെ ഉപയോഗിക്കുന്നതിലും നമുക്കിഷ്ടം അത് മണ്ണിലേക്ക് ഇറങ്ങി കിണറില്‍ നിന്ന് ശേഖരിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ വെള്ളത്തിലെ ഘടകങ്ങള്‍ ഒരു പരിധിക്കുള്ളിലാണെങ്കില്‍ നല്ലതും പരിധി കഴിഞ്ഞാല്‍ മാലിന്യവുമായി കാണണം. ആരോഗ്യവും സുസ്ഥിരജീവിതവും നിലനിര്‍ത്തണമെങ്കില്‍ കുടിവെള്ളം ശുദ്ധമായി (ധാതുക്കള്‍ അനുവദനീയമായ പരിധിയില്‍ നിര്‍ത്തി) നിലനിര്‍ത്തുകയെന്നതാണ് നമ്മുടെ ധര്‍മം.
രോഗാണുക്കളും ജീവന്റെ ചെറു സ്പന്ദനങ്ങളായതിനാല്‍ അവയും സംക്രമിക്കുന്നത് വെള്ളത്തിലൂടെ തന്നെയാണ്. ബാക്ടീരിയ, വൈറസ്, അമീബ മുതലായവ ഉണ്ടാക്കുന്ന ഛര്‍ദ്യതിസാരം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ) എലിപ്പനി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത അസുഖങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കുടിവെള്ളത്തിലെ സൂക്ഷ്മാണുക്കളുടെ അളവ് 'O' ആയി I S Code നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ കേരളത്തിലാണെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങള്‍ അനുസരിച്ച് 90 ശതമാനം കിണറുകളിലും ബാക്ടീരിയകള്‍, മനുഷ്യന്റെ കുടലില്‍ കോളമാകൃതിയില്‍ കാണപ്പെടുന്ന കോളീഫോമുകള്‍ പ്രത്യേകിച്ച് 'ഇ- കോളി' അടങ്ങിയിരിക്കുന്നു. ഇതല്ലാതെ വിവിധ രാസമാലിന്യങ്ങള്‍ വേറെയും. വളം, കീടനാശിനി, സോപ്പ്, ടിറ്റര്‍ജന്റ് തുടങ്ങിയവ ചേര്‍ന്ന് കിണര്‍ വെള്ളം പലപ്പോഴും വിഷലിപ്തമാക്കുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കിണര്‍ സാന്ദ്രത ഉള്ള പ്രദേശമാണ് കേരളം. 3,20,0000 ജനങ്ങള്‍ക്ക് എതാണ്ട് എഴുപത് ലക്ഷം കിണറുകള്‍ ഉണ്ട്. അന്യനാട്ടുകാര്‍ പൊതുവെ ജല വിതരണ പദ്ധതികളെയും കുഴല്‍ കിണറുകളെയും കൂടുതല്‍ ആശ്രയിക്കുന്നു. അപ്പോള്‍ നമ്മുടെ കുടിവെള്ളം ശുദ്ധമാകണമെങ്കില്‍ കിണറുകള്‍ സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്.
കേരളത്തിലെ കിണര്‍ വെള്ളത്തിനുണ്ടാകുന്ന സാധാരണ ഗുണനിലവാര പ്രശ്‌നങ്ങള്‍ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. കണക്കുകളും മാധ്യമങ്ങളും പറയുന്നതുപോലെ നമ്മുടെ കുടിവെള്ളം മാറ്റാന്‍ പറ്റാത്തവിധം വിഷമയമായിട്ടില്ല. ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മാത്രം. കിണറുകളില്‍ ശേഖരിക്കപ്പെടുന്നത് ഭൂമിയുടെ അടിത്തട്ടില്‍ നിന്നും വരുന്ന ഭൂഗര്‍ഭ ജലമല്ല. മറിച്ച് മണ്ണിലൂടെ അരിച്ച് വരുന്ന മഴ വെള്ളമാണ്. അതിനാല്‍ രാസമാലിന്യങ്ങള്‍ താരതമ്യേന കുറവും ജൈവ മാലിന്യങ്ങള്‍ കൂടുതലുമാണ്. മാലിന്യങ്ങള്‍ കിണറുകളില്‍ നിന്നും എത്ര ദൂരത്തിലാക്കാന്‍ പറ്റുമോ അത്രയും ദൂരത്തേക്കു മാറ്റുക എന്നതാണ് ആദ്യ പടി. കക്കൂസ് ടാങ്കും കിണറുകളും തമ്മില്‍ 10-15 മീറ്റര്‍ മറ്റു സൗകര്യത്തിന് വേണ്ടി നിയമങ്ങളില്‍ എഴുതിവെച്ചതാണ്. വേണ്ടത്ര ശാസ്ത്രീയതയില്ല. മണ്ണിന്റെ പ്രത്യേകതകളും മറ്റുമനുസരിച്ച് അനുവദനീയമായ ദൂരം ക്രമീകരിക്കേണ്ടതാണ്. ഒരു മാലിന്യവും കിണറില്‍ വീഴാന്‍ അനുവദിച്ചുകൂടാ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top