ആദര്‍ശത്തിന്റെ അഭിമാന സാക്ഷ്യം

സി.ടി സുഹൈബ് No image

''അവര്‍ പറയുന്നു, ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യതയുള്ളവരെ പുറത്താക്കുക തന്നെ ചെയ്യും. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ മനസ്സിലാക്കുന്നില്ല'' (63:08).
ഖലീഫ ഉമര്‍ബ്നുല്‍ ഖത്വാബ്(റ) ഫലസ്ത്വീന്‍ പ്രദേശം ക്രൈസ്തവരില്‍നിന്നും ഏറ്റുവാങ്ങാനായി അവരുടെ താല്‍പര്യപ്രകാരം അങ്ങോട്ട് യാത്ര തിരിച്ചു. സാധാരണ യാത്രകളില്‍ അണിയുന്ന വസ്ത്രമണിഞ്ഞ് സാധാരണ ഉപയോഗിക്കാറുള്ള ഒട്ടകപ്പുറത്തായിരുന്നു അവിടെ എത്തിയത്. സൈന്യാധിപനായ അബൂഉബൈദത്തുല്‍ ജറാഹ് (റ)വിന് അദ്ദേഹം കുറച്ചുകൂടി മുന്തിയ വസ്ത്രം ധരിക്കുമായിരുന്നു എന്നൊരു തോന്നലുണ്ടായിരുന്നു. അവിടെ എത്താന്‍ നേരം ഒരു അരുവി മുറിച്ച് കടക്കാനുണ്ടായിരുന്നു. അന്നേരം ഉമര്‍(റ) ഒട്ടകപ്പുറത്ത് നിന്നിറങ്ങി ധരിച്ചിരുന്ന കാലുറ ഊരി കക്ഷത്തില്‍ വെച്ച് ഒട്ടകത്തിന്റെ മൂക്ക് കയറും പിടിച്ച് അരുവി മുറിച്ച് കടക്കാന്‍ തുടങ്ങി. ക്രിസ്ത്യാനികളായ ഫലസ്ത്വീന്‍ നിവാസികള്‍ അത് കണ്ടു കൊണ്ടിരിക്കുകയാണ്. അന്നേരം അബൂഉബൈദ (റ) അദ്ദേഹത്തോട് പറഞ്ഞു അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ വലിയ ഭരണാധികാരിയാണ്. അങ്ങിങ്ങനെ സാധാരണക്കാരെ പോലെ പെരുമാറിയാല്‍ മറ്റുള്ള സമുദായത്തിലെയും സാമ്രാജ്യത്തിലെയും ആളുകള്‍ താങ്കളോട് എങ്ങനെ ആദരവ് പുലര്‍ത്തും? അബൂഉബൈദയുടെ സംസാരം കേട്ട് ഉമര്‍(റ) പറഞ്ഞു 'ഇസ്‌ലാമിനെ കൊണ്ട് ഇസ്സത്ത് (അഭിമാനം) നല്‍കപ്പെട്ട ഒരു ജനതയാണ് നമ്മള്‍. ഇസ്‌ലാമിലല്ലാതെ മറ്റെന്തിലെങ്കിലും അഭിമാനം കണ്ടെത്താന്‍ നോക്കിയാല്‍ അല്ലാഹു നമ്മളെ നിന്ദിക്കുക തന്നെ ചെയ്യും.
അഭിമാനവും അന്തസുമുള്ളവരാകുക എന്നതാണ് ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടു പോക്കില്‍ പ്രധാനപ്പെട്ടൊരു ഘടകം. അത് ആത്മവിശ്വാസവും ഊര്‍ജവും നല്‍കും. മറ്റുള്ളവരില്‍ മതിപ്പും ആകര്‍ഷണവും വര്‍ധിപ്പിക്കും.
ഇന്ത്യയിലെ മുസ്‌ലിം സമൂഹം കടന്നു പോയിക്കൊണ്ടിരിക്കുന്ന തികച്ചും പ്രതികൂലമായ സാഹചര്യങ്ങള്‍ വലിയ തോതിലുള്ള അരക്ഷിതാവസ്ഥയും നിരാശയും പലരിലും സൃഷ്ടിക്കുന്നുണ്ട്. അപകര്‍ഷതാബോധത്തിലേക്ക് വഴിമാറിപ്പോകാന്‍ ധാരാളം സാധ്യതകളുണ്ട്. തങ്ങളുടെ ആശയങ്ങളിലും സ്വത്വത്തിലും അഭിമാനമില്ലാത്ത ഒരു ജനതക്ക് അതിജീവനം ഒരിക്കലും സാധ്യമാവില്ല തന്നെ.
അനുകൂലമായ സാഹചര്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും അഭിമാനപൂര്‍വം മുന്നോട്ട് പോകാനുള്ള ധാരാളം ഘടകങ്ങള്‍ ഒരു വിശ്വാസിയിലുണ്ട്.
നമുക്കൊരു റബ്ബുണ്ട്. മുഴു പ്രപഞ്ചത്തിന്റെയും സൃഷ്ടാവും നിയന്താവുമായ പടച്ചോന്‍. സകലത്തിന്റെയും അധിപനും ഉടമസ്ഥനുമായ അല്ലാഹു. അവനറിയാതെ ഒരില പോലുമനങ്ങില്ല. ഈ ഭൂമിയില്‍ അവന്റെ തീരുമാനമില്ലാതെ ഒരു തുള്ളിവെള്ളം പൊഴിക്കില്ലൊരാകാശവും. അവന്റെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല ഒരധര്‍മിക്കും. അവന്റെ കാരുണ്യം കിട്ടാതെ പോകില്ല ഒരു സത്കര്‍മിക്കും. അവനിലുള്ള വിശ്വാസം നിര്‍ഭയത്വമേകും. അവന്‍ കൂടെയുണ്ടെന്ന ചിന്ത മതി അസ്വസ്ഥതകള്‍ വിട്ടൊഴിയും. അവന് എല്ലാത്തിനും കഴിവുണ്ടെന്ന ബോധ്യം പ്രതിസന്ധികളെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കും. അവന്റെ കല്‍പനയാല്‍ ആളിക്കത്തുന്ന തീ തണുത്തു പോയിട്ടുണ്ടല്ലോ. അവന്റെ ഇടപെടലിനാല്‍ കടല്‍ വഴിമാറിയിട്ടുണ്ടല്ലോ. അവന്റെ തീരുമാനത്താല്‍ ഭൂമി തകിടം മറിഞ്ഞിട്ടുണ്ടല്ലോ. അവന്റെ കാരുണ്യത്താല്‍ സകല ജീവജാലങ്ങളും ഊട്ടപ്പെടുന്നുണ്ടല്ലോ.
അല്ലാഹുവെക്കുറിച്ച ഈ ചിന്തകള്‍ ഏതൊരു ദൈവത്തിലാണോ നാം വിശ്വസിച്ചിട്ടുള്ളത് അവനെ കുറിച്ച വല്ലത്തൊരു അഭിമാനബോധം പകര്‍ന്ന് നല്‍കും.
നമ്മുടെ കൈയിലൊരാശയമുണ്ട്. ഇസ്‌ലാമെന്ന ദൈവിക ആശയം. മനുഷ്യനാരെന്നും എവിടെന്നും എവിടേക്കാണെന്നും പഠിപ്പിച്ച ദര്‍ശനം. ഈ ഭൂമിയില്‍ പുലരേണ്ട പകലിന്റെ വെളിച്ചവും രാവിന്റെ മനോഹാരിതയും എന്തെന്ന് പഠിപ്പിച്ച ആശയം. സകല അടിമത്തങ്ങളില്‍നിന്നും മനുഷ്യനെ വിമോചിപ്പിച്ച് അവന് അന്തസും അഭിമാനവും നല്‍കുന്ന ജീവിത പദ്ധതി. നീതിയും നന്മയുമാണതിന്റെ ഭാവം. ആകാശവും ഭൂമിയുമാണതിന്റെ ഇടം. ആത്മീയതയും സാമൂഹികതയുമാണതിന്റെ ചേര്‍ച്ച. മറ്റെല്ലാ ആശയങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും മുകളിലാണതിന്റെ തെളിച്ചം. എല്ലാത്തിനെയും അതിജയിക്കാനുള്ള കരുത്തും കാതലുമായ ദീനുല്‍ ഇസ്‌ലാം.
നമുക്കൊരു നേതാവുണ്ട്. മുഹമ്മദ് മുസ്ത്വഫ(സ) ലോകത്തിന്റെ കാരുണ്യം. മാനവരാശിയുടെ വിമോചകന്‍. അല്ലാഹുവിന്റെ പ്രിയപ്പെട്ട തിരുദൂതര്‍. ജാഹിലിയ്യത്തിന്റെ ഇരുട്ടിനെ വകഞ്ഞ് മാറ്റി ദൈവിക വെളിച്ചം തെളിച്ച റസൂല്‍. ജനങ്ങളുടെ മുതുകിനെ ഞെരിച്ച ഭാരങ്ങള്‍ ഇറക്കിക്കൊടുത്ത, വരിഞ്ഞു മുറുക്കിയ അടിമത്തത്തിന്റെ ചങ്ങളക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ വിമോചകന്‍. കുഴിച്ച് മൂടപ്പെട്ടിരുന്ന പെണ്ണിന്റെ അസ്തിത്വത്തെയും അഭിമാനത്തെയും ആദരവിനെയും കുറിച്ച് ലോകത്തെ പഠിപ്പിച്ച നായകന്‍. കാരുണ്യമായിരുന്നു അവിടെ നിറഞ്ഞ് നിന്നത്. നീതിയായിരുന്നു നിലപാടുകളില്‍ ജ്വലിച്ചു കണ്ടത്. സ്നേഹമായിരുന്നു അവിടുന്ന് കവിഞ്ഞൊഴുകിയത്. സഹനമായിരുന്നു കരുത്തായിരുന്നത്. വിനയമായിരുന്നു സൗന്ദര്യമേകിയത്. ധൈര്യമായിരുന്നു മുന്നോട്ട് നയിച്ചത്. സകലര്‍ക്കും മാതൃകയായ നേതാവ്.
നമുക്കൊരു സന്മാര്‍ഗ ഗ്രന്ഥമുണ്ട്. ദൈവിക വചനമായ വിശുദ്ധ ഖുര്‍ആന്‍. മനുഷ്യ ബുദ്ധിയുടെ പരിമിതിയും യുക്തിയുടെ പോരായ്മയും മറികടക്കുന്ന ദൈവിക ആശയം. വഹ്‌യാണതിന്നാധാരം. മുഴു മനുഷ്യരുമാണതിന്റെ അഭിസംബോധിതര്‍. ഈ ലോകമവസാനിക്കും വരെയും തീരാത്തതാണതിന്റെ പ്രസക്തി. ഇഹപര ജീവിത വിജയത്തിനടിസ്ഥാനങ്ങള്‍ വരച്ചിടുന്ന അന്യൂനമായ ഗ്രന്ഥം. കാല-ദേശങ്ങളെ മറികടക്കുന്ന സത്യാസത്യ വിവേചന ഗ്രന്ഥം.
നമുക്കൊരു ചരിത്ര പാരമ്പര്യമുണ്ട്. അത് അന്യായമായ വെട്ടിപ്പിടുത്തങ്ങളുടെയല്ല. സ്ത്രീകളുടെയും കുട്ടികളുടെയും നിലക്കാത്ത നിലവിളികളുടെതല്ല. നൂറ്റാണ്ടുകളോളം ലോകത്തെ നയിച്ച മനോഹരവും കരുത്തുറ്റതുമായ ഒരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ചരിത്രമാണത്. ലോകത്തിന് വെളിച്ചവും പുരോഗതിയും നല്‍കിയ അറിവിന്റെ ഗോപുരങ്ങള്‍ പടുത്തുയര്‍ത്തിയ കഥ. പട്ടിണിയില്ലാത്ത വയറിന്റെയും ചോര്‍ച്ചയില്ലാത്ത വീടുകളുടെയും കഥ. ദുര്‍ബലരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ട കഥ. പെണ്ണിന് ആദരവും സുരക്ഷിതത്വവും കിട്ടിയ കഥ. ദീനും ദുന്‍യാവും ചേര്‍ന്ന് നിന്ന് മഹാചരിത്രം രചിച്ച കഥ. അഭിമാനകരമായൊരു ചരിത്ര പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് നമ്മള്‍.
പേടിയും അരക്ഷിതാവസ്ഥയും ശത്രുക്കളുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂ. കടുത്ത വെല്ലുവിളികള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ക്കിടയിലും സ്വന്തം ആദര്‍ശത്തിലും ആശയങ്ങളിലുമുള്ള അഭിമാന ബോധവും ഉള്‍ക്കാഴ്ചയും അതിന്റെ എതിരാളികളെ പ്രതിരോധത്തിലാക്കും. ആദര്‍ശ ബോധവും ആത്മവിശ്വാസവും ഭൗതികമായ കരുത്തും കൃത്യമായ പദ്ധതിയും അല്ലാഹുവിന്റെ സഹായവും ചേരുമ്പോള്‍ മറ്റെല്ലാത്തിനും മുകളില്‍ സ്വാധീനം നേടാന്‍ മുസ്‌ലിം സമൂഹത്തിനാകും.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top