വൈധവ്യത്തിനിത്ര കയ്പുണ്ടെന്നോര്‍ത്തിരുന്നില്ല

ഫസീന മുജീബ് മുണ്ടുമുഴി No image

രോഗത്തിന്റെ തീവ്രമായ വേദനയിലും ഇടക്കിടെ കണ്ണില്‍ വെള്ളം നിറച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു; ''മരണത്തെ എനിക്ക് ഭയമില്ല. മക്കളെക്കുറിച്ച് എനിക്ക് ബേജാറില്ല. നിന്റെ ജീവിതം എന്താകുമെന്നാണെന്റെ ഭയ''മെന്ന്. അപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നില്ല, വൈധവ്യത്തിനിത്ര കയ്പുണ്ടെന്ന്. ഐ.സി.യുവില്‍ അവസാന നിമിഷം ഒരു കൈകൊണ്ടെന്നെ നെഞ്ചിലേക്കമര്‍ത്തി മറുകൈയും തലയുമുയര്‍ത്തി ഉറക്കെ ശഹാദത്ത് കലിമ ചൊല്ലുമ്പോള്‍ നീ ബേജാറാവരുതെന്നും നിനക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെയെന്നും പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നു. മൂത്ത മകന് ഒമ്പതും രണ്ടാമത്തവള്‍ക്ക് ആറും മൂന്നാമത്തവന് നാലും വയസ്സുള്ളപ്പോള്‍, എന്റെ 26-ാം വയസ്സില്‍ ഞാനൊരു വിധവയായി. ഞാനിപ്പോള്‍ ചിറകൊടിഞ്ഞൊരു പക്ഷി. എപ്പോഴും മനസ്സില്‍ ഭര്‍ത്താവിന്റെ ഓര്‍മകള്‍ മാത്രം. ഉറക്കം വരാത്ത രാത്രികളില്‍ മരണത്തെ കുറിച്ചുള്ള ചിന്തകളും. ഈ ജീവിതത്തിനി ഒരര്‍ഥവുമില്ല. വായനയോടിഷ്ടമുള്ളതുകൊണ്ട് ഖുര്‍ആന്‍ പരിഭാഷ ഉറങ്ങാതെ വായിക്കാന്‍ തുടങ്ങി. അപ്പോള്‍ മനസ്സിനുണ്ടായ മാറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പിന്നെയെനിക്കൊരു വാശിയായി, ധൈര്യത്തോടെ മക്കളെ നോക്കണമെന്നും ഓരോ നിമിഷവും അല്ലാഹുവിനെ സൂക്ഷിച്ച് എനിക്കുമെന്റെ ഭര്‍ത്താവിന്റെ കൂടെ സ്വര്‍ഗത്തിലെത്തണമെന്നും. അതിനാല്‍ തന്നെ മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുമ്പോഴും ഇതിനെനിക്കുള്ള പ്രതിഫലം നാളെ പരലോകത്ത് നല്‍കണമെന്ന പ്രാര്‍ഥനയോടെ സന്തോഷവതിയായി എല്ലാം ചെയ്തു. എന്റെ ഇദ്ദാ വേഷത്തില്‍ തന്നെ മരണം വരെ ജീവിക്കാമെന്നുള്ള ഉറപ്പോടെ എല്ലാവരും ഉറങ്ങുന്ന സമയങ്ങളിലും ഞാന്‍ ഇബാദത്തില്‍ മുഴുകി. എനിക്ക് മുന്നില്‍ സ്വര്‍ഗം, എന്റെ ഭര്‍ത്താവ് എന്ന ചിന്തയോടുകൂടി. ഇദ്ദാ സമയത്ത് മൂത്ത മകന്‍ എന്നോട് ചോദിച്ചു: 'ഉമ്മച്ചിക്ക് ഉപ്പച്ചിയെ കല്യാണം കഴിക്കേണ്ടിയിരുന്നില്ലാന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ' എന്ന്. അവനെ കെട്ടിപ്പിടിച്ചു ഞാന്‍ പറഞ്ഞു 'ഉമ്മച്ചിയുടെ ഏറ്റവും വലിയ ഭാഗ്യമാണ് മോനെ നിന്റെ ഉപ്പച്ചി. 
പുതിയ വീടിന്റെ പണി ഏതാണ്ട് കഴിയാറായപ്പോഴാണ്. അദ്ദേഹം എന്നെ വിട്ടു പിരിഞ്ഞത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനായി രണ്ടു പേരും നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം വൃഥാവിലായി. ഇദ്ദ കഴിഞ്ഞയുടനെ തന്നെ രണ്ടാളുടെയും മാതാപിതാക്കളുമായി നിറകണ്ണുകളോടെ വീട്ടിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ 'അല്ലാഹുവിന് ഇഷ്ടപ്പെടാത്തതൊന്നും ഈ വീട്ടിലും എന്റെ ജീവിതത്തിലുമുണ്ടാകരതേ'യെന്ന പ്രാര്‍ഥന മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ്. തുടക്കത്തില്‍ ആരെങ്കിലും പേടിക്കുണ്ടായിരുന്നത് പിന്നെ ഇല്ലാതായി. രാത്രിയിലെന്നും ജനാലയില്‍ തട്ടലും മുട്ടലും പതിവായി. രാത്രി സമാധാനമായൊന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. പകലാണെങ്കില്‍ മക്കളുടെ ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുമ്പോള്‍ ഭര്‍ത്താവില്ലാത്തവളാണെന്നുള്ള സഹതാപ നോട്ടം. സഹായത്തിനോടിയെത്താന്‍ ആളുകളുണ്ടാവും. പിന്നെ അതിന്റെ പേരില്‍ വിളിയായി. ജൗഹറ കുഞ്ഞുമുഹമ്മദ് കുന്നക്കാവ് എഴുതിയതുപോലെ വിധവയായ പെണ്ണ് ഒന്നു ചിരിച്ചാല്‍, നിറമുള്ള വസ്ത്രം ധരിച്ചാല്‍, സ്വന്തം മകനെ 
ഒപ്പം കണ്ടാല്‍ പോലും  മറ്റാരോ ആണെന്ന് കരുതി സംശയത്തോടെയുള്ള നോട്ടം. ഭര്‍ത്താവുള്ളവര്‍ക്ക് വിധവയുടെ വേദന മനസ്സിലാക്കാനാവില്ലല്ലോ. എല്ലാംകൊണ്ടും വിധവാജീവിതത്തോട് പൊരുത്തപ്പെട്ടു പോകാന്‍ ബുദ്ധിമുട്ടിയപ്പോള്‍ രാത്രികളില്‍ കരഞ്ഞുകൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്തിട്ടുണ്ട്, റബ്ബേ എനിക്ക് ഒരു ഇണ ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. എനിക്ക് മറ്റൊരാളെ ഉള്‍ക്കൊള്ളാന്‍ കഴിയണേ എന്ന് മനസ്സുരുകി ദുആ ചെയ്തിട്ടുണ്ട്. 
മാസങ്ങള്‍ പലതും കഴിഞ്ഞുപോയി. അങ്ങനെയാണ് നാട്ടിലെ തന്നെ വിവാഹം കഴിക്കാത്ത എന്നേക്കാള്‍ ഒരു വയസ്സ് താഴെയുള്ള ഒരു യുവാവ് എന്നെയും മക്കളെയും സംരക്ഷിക്കാമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത്. എനിക്കത് വിശ്വാസിക്കാനായില്ല. അങ്ങനെ ആരും ചിന്തിക്കില്ലല്ലോ. അത് നടന്നാല്‍ തന്നെ ദുര്‍വ്യാഖ്യാനം കണ്ടെത്താനും ആളുകള്‍ ഉത്സാഹം കാട്ടും. കല്യാണം കഴിക്കാത്ത ആള്‍, മൂന്നു മക്കളുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നത് ഒരു കുടുംബത്തിനും ഉള്‍ക്കൊള്ളാനാവില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബം തീവ്രമായി എതിര്‍ത്തു. പക്ഷേ അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഉമ്മയുടെ തൃപ്തിയില്ലാത്ത വിവാഹം ചിന്തിക്കാനും കഴിയില്ല. പക്ഷേ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു അല്ലാഹുവിന് ഇഷ്ടപ്പെട്ടത് ചെയ്യുമ്പോള്‍ അല്ലാഹു അതെല്ലാം നേരെയാക്കുമെന്ന്. അങ്ങനെ കല്യാണം കഴിഞ്ഞു. കൂടെ നിന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രം. എന്റെ ഉള്ളില്‍ തീ ആയിരുന്നു, എന്റെ ഭര്‍ത്താവിന് നഷ്ടപ്പെട്ട കുടുംബം നല്ലപോലെ തിരിച്ചുവരണമെന്ന് ഞാനാഗ്രഹിച്ചു.  വിചാരിക്കാത്ത പലതും ചുറ്റുപാടില്‍നിന്ന് കേട്ടു. നാട്ടുകാരെന്നെ പച്ചക്ക് കത്തിച്ചിരുന്നെങ്കില്‍ അതായിരുന്നു നല്ലതെന്നു കരുതി. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് സതിയായിരുന്നു എന്ന്് പോലും ചിന്തിച്ചു. മക്കളുടെ പൂര്‍ണ സമ്മതത്തോടെയും സന്തോഷത്തോടെയും കൂടിയാണിത് നടന്നത്. പക്ഷേ മക്കള്‍ക്ക് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് പറഞ്ഞുണ്ടാക്കി. ഈ വിവാഹം കഴിഞ്ഞത് നന്നായെന്ന് മക്കള്‍ ഇന്നും പറയുന്നു. കാരണം അവര്‍ക്കൊരുപ്പയായി അദ്ദേഹം എല്ലാറ്റിനും കൂടെയുണ്ടെന്നതു തന്നെ. കുറച്ചു കഴിഞ്ഞതും ഞാന്‍ ഗര്‍ഭിണിയായി. ഞാന്‍ അള്ളാഹുവിനോട് ദുആ ചെയ്തു, 'എനിക്ക് ഇതില്‍ രണ്ടു കുട്ടികളെ നല്‍കണ'മെന്ന്. സ്‌കാനിംഗ് കഴിഞ്ഞു റിപ്പോര്‍ട്ടില്‍ ഒരു കുട്ടി തന്നെയാണ്. അഞ്ചാം മാസം ഹൃദയമിടിപ്പ് നോക്കി  അതിലും ഒരാളുടേത് മാത്രമേ അറിഞ്ഞിട്ടുള്ളൂ. അവസാന സ്‌കാനിങ്ങില്‍ ഇരട്ടകളാണെന്ന് പറയുമ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് കണക്കില്ലായിരുന്നു. പണ്ടേ എന്റെ ആഗ്രഹമായിരുന്നു ഇരട്ട മക്കള്‍. വേദനിക്കുന്നവരുടെ പ്രാര്‍ഥനക്ക് ഉത്തരം പെട്ടെന്ന് കിട്ടുമെന്ന സത്യം ഞാനപ്പോള്‍ ഓര്‍ത്തു. പിന്നെ എന്റെ പ്രധാന ദുആകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും വേദനിപ്പിച്ചവരോടും വെറുക്കാതെ പുഞ്ചിരിച്ചുകൊണ്ട് അഭിമുഖീകരിക്കാന്‍ കഴിയണേ എന്നായിരുന്നു. പ്രസവവേദന കഠിനമായപ്പോഴും എന്റെ മനസ്സില്‍ ആ ഉമ്മയുടെ മുഖമായിരുന്നു. അവരുടെ തൃപ്തി ഉണ്ടാവണേ എന്നൊരു പ്രാര്‍ഥനയായിരുന്നു. മാഷാ അള്ളാ, രണ്ട് ആണ്‍മക്കള്‍. 
മാസങ്ങള്‍ കഴിഞ്ഞുപോയി. ഭര്‍തൃവീട്ടുകാര്‍ക്ക് കുട്ടികളെ കാണാന്‍ ആഗ്രഹം. അങ്ങനെ ആദ്യമായി അവരുടെ വീട്ടില്‍ ചെന്നു. ഭര്‍ത്താവ് മുമ്പേ ഇടക്കിടക്ക് പോകാറുണ്ടായിരുന്നു. ഇന്നിപ്പോള്‍ എല്ലാ കുടുംബങ്ങളും നല്ല സന്തോഷത്തിലാണ്. എന്റെ മൂത്ത മക്കളോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹവും പരിഗണനയും കാണുമ്പോള്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കാറുണ്ട്. മക്കളും നല്ല സന്തോഷത്തിലാണ്. അള്ളാഹു എന്നും ഇതുപോലെ നിലനിര്‍ത്തട്ടെ എന്ന പ്രാര്‍ഥനയേയുള്ളൂ. അധിക വിധവകള്‍ക്കും പറയാനുള്ളത് ഭര്‍ത്താവ് മരിച്ചതോടുകൂടി ഭര്‍തൃകുടുംബക്കാരുമായി ഒരു ബന്ധവുമില്ലെന്നാണ്. വീഴ്ചകള്‍ ഇരു ഭാഗത്തുനിന്നും ഉണ്ടാവാം. നമ്മള്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍ എത്ര അകല്‍ച്ച ഉണ്ടെങ്കിലും അവരോടടുത്ത് പോകും. എന്നോട് പലരും ചോദിക്കാറുണ്ട്, 'നീയെങ്ങനെ രണ്ടു കുടുംബത്തോടും ഒരുപോലെ ബന്ധം പുലര്‍ത്തുന്നു. ഞങ്ങള്‍ ഒന്നുതന്നെ  നല്ലനിലയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണ്' എന്ന്. 'പോരായ്മകള്‍ കണ്ടില്ലെന്ന് നടിച്ച് കുടുംബ ബന്ധങ്ങള്‍ നല്ല രൂപത്തിലാവാന്‍ ദുആ ചെയ്യുക' എന്നാണ് പറയാനുള്ളത്. അല്ലാഹു എല്ലാം നല്ല രൂപത്തിലാക്കും. മരിച്ച മകന്റെ അല്ലെങ്കില്‍ സഹോദരന്റെ മക്കളെ വളര്‍ത്തേണ്ടത് അവളുടെ മാത്രം ബാധ്യതയല്ല. അത് ഞങ്ങളുടെ കൂടി കടമയാണെന്നും എല്ലാം സഹിച്ച് ഇവളിത് നല്ല രൂപത്തില്‍ ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി ആ പരിഗണനയും സ്‌നേഹവും വിധവയായവളോട് ഭര്‍തൃവീട്ടുകാര്‍ കാണിക്കണം. ഇസ്്‌ലാം വളരെയധികം പ്രാധാന്യം വിധവയുടെ ജീവിതത്തിനു കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞില്ലെങ്കിലും അവളെ കണ്ണീരൊഴുക്കാതെ നോക്കണമെന്നാണ് ഈ സമൂഹത്തോട് എനിക്ക് പറയാനുള്ളത്.  

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top