പെട്ടിപ്പാലം ഒരു പെട്ടിക്കോളം വാര്‍ത്തയല്ല

മുഹ്‌സിന പി.എം No image

കേരളത്തിലെ മാലിന്യവിരുദ്ധ സമരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിഞ്ഞുവരുന്നത് ഞെളിയന്‍ പറമ്പ്, ബ്രഹ്മപുരം, ലാലൂര്‍, വിളപ്പില്‍ ശാല എന്നീ പ്രദേശങ്ങളാണ്. ഈ കൂട്ടത്തില്‍ ഇപ്പോള്‍ ഇതാ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത പെട്ടിപ്പാലമെന്ന പ്രദേശവും. ആവര്‍ത്തിച്ചു വരുന്ന മാലിന്യപ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ പെട്ടിപ്പാലത്തെ ഉള്‍പ്പെടുത്തി പ്രശ്‌നം നിസ്സാരവല്‍ക്കരിക്കാന്‍ മലയാളി ശ്രമിക്കുന്നുവെങ്കില്‍ അവന് തെറ്റി.
പ്രത്യക്ഷസമരത്തിനു മാത്രം ഇരുപത്തഞ്ച് വര്‍ഷത്തെ പഴക്കമുള്ള പെട്ടിപ്പാലം മാലിന്യ പ്രശ്‌നത്തിനെതിരെ പരോക്ഷമായി ആ നാട്ടുകാര്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി എന്ന് കേള്‍ക്കുമ്പോള്‍ ചിന്തിക്കുന്ന ഏതൊരാളും ഇതേക്കുറിച്ചറിയാന്‍ ആ വഴി ഒന്നു നടന്നുനോക്കും. അപ്പോള്‍ കാണാം; കായലും കടലും അതിരിടുന്ന മനോഹരമായ ഒരു പ്രദേശത്തെ എങ്ങനെയാണ് ഉത്തരവാദപ്പെട്ടവര്‍ മലിനമാക്കിയതെന്ന്. തലശ്ശേരി നഗരസഭക്കും ന്യൂമാഹി പഞ്ചായത്തിനും ഇടയിലാണ് ദേശീയ പാതയോരത്തെ പുന്നോല്‍- പെട്ടിപ്പാലം. ഈ തീരപ്രദേശത്ത് തലശ്ശേരി നഗരസഭ കൊണ്ടുവന്നു തള്ളുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറി പെട്ടിപ്പാലത്തെ, 'മൂക്കുപൊത്തിപാലം' എന്നാണ് അതിലെ കടന്നുപോകുന്നവര്‍ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം അക്ഷരംപ്രതി ശരിയാണെന്ന് അവിടം സന്ദര്‍ശിക്കുന്ന എതൊരാള്‍ക്കും ബോധ്യമാകും. ഒരു പ്രദേശത്ത് തിരമാല കണക്കെ വന്നടിയുന്ന മാലിന്യങ്ങള്‍ പ്രദേശത്തുകാരെ തീരാദുഃഖത്തിലാഴ്ത്തിയപ്പോള്‍, സ്വാഭാവിക പ്രതികരണത്തിലുപരി രാപകല്‍ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ പ്രതിരോധസമരം നടത്താന്‍ തുടങ്ങിയിട്ടുപോലും കുലുങ്ങാത്ത ഭരണകൂടവും, പരിഹാരം കണ്ടാലേ പിന്‍മാറുകയുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ മാതൃകാസമരം നടത്തുന്ന പെട്ടിപ്പാലം നിവാസികളും സാംസ്‌കാരിക കേരളത്തിലെ മനഃസാക്ഷിക്കു മുന്നില്‍ ഒരു പാട് ചോദ്യങ്ങള്‍ എറിയുന്നു.
എണ്‍പത് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്‌നത്തിനെതിരെ ഇരുപത്തഞ്ച് വര്‍ഷമായി പുന്നോലില്‍ നടക്കുന്ന നിരന്തരസമരത്തിന് ഇതുവരെ ശാശ്വതപരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.
പെട്ടിപ്പാലം ആദ്യം കൊടിയേരി പഞ്ചായത്തിലായിരുന്നു. കൊടിയേരി തലശ്ശേരിയില്‍ ലയിച്ചതോടെ പുന്നോല്‍ ന്യൂമാഹി പഞ്ചായത്തിന്റെ കീഴിലായി. 1985-ല്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സമരം പക്ഷേ പാര്‍ട്ടിക്ക് അധികാരം കൈയില്‍ കിട്ടിയപ്പോള്‍ 1995-ഓടെ തീര്‍ത്തും ഉപേക്ഷിച്ച മട്ടായി. പിന്നീട് മറ്റെല്ലാ രാഷ്ട്രീയ കക്ഷികളെയും അമ്പരപ്പിച്ചു കൊണ്ട് ജനങ്ങള്‍തന്നെ ഇതിനെതിരെ രംഗത്ത് വന്നു. പൊതുജനാരോഗ്യ സംരക്ഷണസമിതി, മാലിന്യവിരുദ്ധ വിശാല സമിതി, പുന്നോല്‍ മാലിന്യവിരുദ്ധ സമിതി, പരിസര മലിനീകരണ വിരുദ്ധ സമിതി തുടങ്ങിയ പേരില്‍ ജനങ്ങള്‍ സംഘടിച്ചു. വ്യത്യസ്തങ്ങളായ സമാധാന സമരരീതികളിലൂടെ പ്രശ്‌നത്തിനു കാരണക്കാരായവരെ ഒറ്റപ്പെടുത്താനും, പരിഹാരം കാണാനും അവര്‍ ശ്രമിച്ചു. ആദ്യം അടുക്കള ബഹിഷ്‌കരിച്ചുകൊണ്ടാണ് പ്രദേശവാസികളായ സ്ത്രീകള്‍ രംഗത്തിറങ്ങിയത്. ഇതോടുകൂടി സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നും സമരത്തിന് പിന്തുണയും കിട്ടിത്തുടങ്ങി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി അനിശ്ചിതകാല സമരവുമായി പുന്നോല്‍- പെട്ടിപ്പാലം നിവാസികള്‍ ദേശീയ പാതയോരത്തെ കടല്‍തീരത്ത് അക്ഷീണ പ്രയത്‌നത്തിലാണ്.
പതിനാല് വര്‍ഷങ്ങളായി സമരരംഗത്തുള്ള പൊതുജനാരോഗ്യ സംരക്ഷണ സമിതി, ദേശീയ പാതയോരത്ത് സമരപ്പന്തല്‍ കെട്ടി സമരം നടത്താന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. മുമ്പ് 2000-ല്‍ ഇരുപത്തൊന്ന് ദിവസത്തെ സമരം ഇവര്‍ നടത്തിയിരുന്നു. അന്ന് നഗരസഭാ അധികൃതര്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടത്തുകയും കരാറുകള്‍ ഉണ്ടാക്കുകയും ചെയ്തു. പരിഹാരത്തിനായി സമരസമിതിയോട് ആറ് മാസത്തെ അവധി ചോദിച്ചു. പക്ഷേ ആറ് മാസം കഴിഞ്ഞപ്പോള്‍, ഉണ്ടാക്കിയ കരാറിന് പുല്ലുവിലപോലും കല്‍പ്പിച്ചില്ല. ഇതിന് മുമ്പും പിമ്പും എട്ട് പത്ത് കരാറുകള്‍ വേറെയുമുണ്ടാക്കിയിരുന്നു. എല്ലാം തഥൈവ!
ഈയൊരു സാഹചര്യത്തിലാണ് പൊതുജനാരോഗ്യ സംരക്ഷണസമിതി ഈ വഞ്ചനകള്‍ക്ക് മറുപടിയെന്നോണം ശക്തമായ സമരമുറക്ക് തുടക്കം കുറിച്ചത്. പുന്നോല്‍ പ്രദേശത്തുകാരനായ പി.എം അബ്ദുന്നാസര്‍ ആണ് സമിതിയുടെ കണ്‍വീനര്‍. പുന്നോല്‍-പെട്ടിപ്പാലം നിവാസികള്‍ക്ക് ജീവനുള്ളേടത്തോളം കാലം തലശ്ശേരി നഗരസഭയുടെ കുപ്പത്തൊട്ടിയാകാന്‍ ഇവിടം വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം ആണയിട്ടു പറയുന്നു. 'മദേര്‍സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിംഗ്' എന്ന പേരില്‍ പ്രദേശത്തെ നൂറിലധികം സ്ത്രീകളും പൊതുജനാരോഗ്യ സംരക്ഷണ സമിതിയിലുണ്ട്. പുന്നോലുകാരിയായ ജബീന ഇര്‍ഷാദാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. പതിമൂന്ന് വര്‍ഷമായി തുടര്‍ച്ചയായി സമരം ചെയ്യുന്ന വൃദ്ധരായ സ്ത്രീകളും ഇവരിലുണ്ട്. ഇതിന്റെ പേരില്‍ മൂന്ന് തവണ അറസ്റ്റ് വരിച്ച എഴുപത് കഴിഞ്ഞ സഫിയയും ഐച്ചുവും എന്തും നേരിടാന്‍ തയ്യാറായി സമരം ചെയ്യാനെത്താറുണ്ട്. എഴുപതുകാരിയായ സൈനബത്ത സമരമുഖത്തെ ഝാന്‍സി റാണിയാണ്. വീഴ്ചയില്‍ ഒടിവു പറ്റിയ കൈ സര്‍ജറിയിലൂടെ മാത്രമേ ഭേദമാക്കാനാവൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ സമരം കഴിയട്ടെ എന്നായിരുന്നു മറുപടി! വര്‍ഷങ്ങളായി സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന അറുപത്തഞ്ചുകാരിയായ മട്ടൂരാന്‍ നാരായണിയമ്മ കൊടിയേരി ബാലകൃഷ്ണന്റെ മുമ്പില്‍ കരിങ്കൊടി വീശി തന്റെ രോഷം പ്രകടിപ്പിക്കാന്‍ ധൈര്യം കാട്ടിയവളാണ്. അങ്ങനെ ഒരുപാട് വീരാംഗനമാര്‍ ഇതിനുപിന്നിലുണ്ട്.
പരിസ്ഥിതി മലിനീകരണം കാരണം ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ക്ക് പരിഹാരം കാണുംവരെ അവരവിടെ ഉണ്ടാവും മാലിന്യ വണ്ടികളെ തുരത്തിയോടിക്കാന്‍. അതിരാവിലെ സ്ത്രീകളും പുരുഷന്മാരും സമരപന്തലിലെത്തും. സമരം തുടങ്ങിയ സമയത്ത് നഗരസഭയുടെ നാല് വണ്ടി മാലിന്യങ്ങള്‍ സമരക്കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി. മാലിന്യവണ്ടികള്‍ നാലുദിവസം ദേശീയപാതയുടെ ഇരുവശത്തുമായി കിടന്നു. ഇതേത്തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായപ്പോള്‍ പോലീസ് അത് തലശ്ശേരി ഗുണ്ടര്‍ട്ട് പാര്‍ക്കില്‍ കൊണ്ടിട്ടു. മൂന്ന് ദിവസം അതവിടെ കിടന്നു. പിന്നീട് അത് എന്ത് ചെയ്തു എന്ന് ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. സമരം ഭയന്ന് ഇപ്പോള്‍ ഇവിടെ മാലിന്യം കൊണ്ടിടാന്‍ അധികൃതര്‍ക്കാവുന്നില്ല. രാവും പകലും നാട്ടുകാര്‍ കാവല്‍ കിടക്കുകയാണ്.
ഒരു പ്രദേശത്ത് മാലിന്യം നിക്ഷേപിക്കണമെങ്കില്‍ 10 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് മാലിന്യത്തിനു മുകളില്‍ ചുവന്ന മണ്ണിട്ടുമൂടണം. പക്ഷേ, ഇതൊന്നും ഇവിടെ ഫലപ്രദമായി ചെയ്യാറില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, എട്ടോളം കടല്‍ഭിത്തികള്‍ തകര്‍ത്ത് കടലിലേക്കും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും അവിടെ കുന്നുകൂടിക്കിടക്കുന്നു. നഗരസഭാധികൃതര്‍ പലപ്പോഴും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനാല്‍ പുക സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ശ്വാസകോശരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, മന്ത്, ആസ്തമ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍കൊണ്ട് പുന്നോലുകാര്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. കുടിവെള്ളത്തില്‍ വന്‍ തോതില്‍ കോളിഫോം ബാക്ടീരിയകള്‍ ഉള്ളതായി പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, മുമ്പ് മാലിന്യത്തിന് മുകളില്‍ കൂടിയ അളവില്‍ ഡി.ഡി.റ്റി തളിച്ചതായും കണ്ടെത്തി. വിഷലിപ്തമാര്‍ന്ന മുലപ്പാല്‍ കൊടുക്കാന്‍ പോലും മടിക്കുകയാണ് അവിടുത്തെ അമ്മമാര്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 1999-ല്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇതിന്റെ ഭീകരത ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂ മാഹി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പെട്ടിപ്പാലത്തെ തദ്ദേശ ഭരണകൂടം പോലും ഇതേക്കുറിച്ച് എതിര്‍ത്തൊരഭിപ്രായം നഗരസഭാധികൃതരോട് മിണ്ടിയില്ല. ഇതിന്റെ പ്രധാന കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത് നഗരസഭ ഭരിക്കുന്നത് സ്വന്തം പാര്‍ട്ടിയായതിനാലാണെന്നതാണ്. ഒടുക്കം ജനരോഷം ഭയന്ന് മാലിന്യം നിക്ഷേപിക്കുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപം 'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്' എന്ന ബോര്‍ഡ് വെക്കാനും നഗരസഭക്ക് നോട്ടീസയക്കാനും പഞ്ചായത്ത് അധികൃതര്‍ തയ്യാറായി.
പന്ത്രണ്ട് വര്‍ഷം മുമ്പത്തെ ഹൈക്കോടതി വിധിപ്രകാരം മാലിന്യം നിക്ഷേപിക്കുന്നത് പിടിക്കപ്പെട്ടാല്‍ 5000 രൂപ പിഴയും തടവു ശിക്ഷയും ലഭിക്കും. അങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടവരാണ് നഗരസഭാധികൃതര്‍. പുന്നോലില്‍ കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാനാണ് നഗരസഭാധികൃതര്‍ ശ്രമിക്കുന്നത്. 1993-ലെ ഹൈക്കോടതി വിധിപ്രകാരം തീരപ്രദേശത്ത് മാലിന്യം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അത് നീക്കം ചെയ്യണം. പെട്ടിപ്പാലം മാലിന്യവുമായി ബന്ധപ്പെട്ട് 2004-ല്‍ ഫയല്‍ ചെയ്ത കേസില്‍ 2006-ല്‍ വിധിവന്നത് തീരപ്രദേശമായതിനാല്‍ കേന്ദ്ര തീരദേശ നിയമപ്രകാരം മാലിന്യം നിക്ഷേപിക്കരുതെന്നും, മാലിന്യസംസ്‌കരണ പ്ലാന്റ് പോലും സ്ഥാപിക്കരുതെന്നുമാണ്. എന്നിരിക്കെ ഇവിടെ മാലിന്യം വലിച്ചെറിയാനും പരിഹാരമായി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനും തലശ്ശേരി നഗരസഭ നിര്‍ബന്ധം പിടിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആരോഗ്യത്തോടെ ജീവിക്കാനുള്ള പൗരാവകാശത്തിനു വേണ്ടി സമാധാന സമരത്തിലൂടെ നിയമാനുസൃതമായി അനുദിനം പ്രവര്‍ത്തിക്കുന്ന സമരക്കാരുടെ നേര്‍ക്ക് മാലിന്യം വിതറിയും തീവ്രവാദികളെന്നും ഭൂമാഫിയ യെന്നും മുദ്രകുത്തിയും സമരത്തെ ഇല്ലായ്മ ചെയ്യാന്‍ രഹസ്യമായും പരസ്യമായും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു.
എന്തൊക്കെയായാലും സമരത്തെ തകര്‍ത്തുകളയാന്‍ ഇവക്കൊന്നും കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പുന്നോല്‍- പെട്ടിപ്പാലം നിവാസികള്‍. ഒന്നാംഘട്ട സമരത്തിലൂടെ മാലിന്യം കൊണ്ടിടുന്നത് തടയാന്‍ പറ്റിയെങ്കില്‍ രണ്ടാംഘട്ട സമരത്തിലൂടെ നിലവിലെ മാലിന്യങ്ങള്‍ നഗരസഭാ അധികൃതരെ കൊണ്ടുതന്നെ ഘട്ടംഘട്ടമായി തിരിച്ചെടുപ്പിക്കുകയും ശേഷം നഗരസഭയെക്കൊണ്ട് ഔദ്യോഗികമായി മാലിന്യനിര്‍മാര്‍ജന പ്ലാന്റ് പുന്നോലില്‍ സ്ഥാപിക്കുകയില്ലെന്ന് പറയിപ്പിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞചെയ്ത് വരും തലമുറയോട് കാരുണ്യമിറ്റുന്ന മനസ്സുമായി ഇവരിവിടെ സമരം ചെയ്യുന്നത് വരും തലമുറയോട് നീതിചെയ്യാനാണ്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top