പെണ്ണൊരുമ്പെട്ടാല്‍

ടി. ജുവിന്‍ No image

ഴിഞ്ഞ വര്‍ഷത്തെ, അതായത് 2011-നെ എടുത്ത് സൂക്ഷ്മമായി പരിശോധിക്കുക. ഇന്ത്യയുടെ ആകാശത്ത് തിളങ്ങിനില്‍ക്കുന്നത് മിക്കവാറും സ്ത്രീകളാണ്. അഴിമതിക്കഥയും അഴിമതിവിരുദ്ധ കഥയുമൊക്കെ അവരില്ലാതെ ആഘോഷിക്കാനാവില്ല. അധികാരം പിടിച്ചുപറ്റുന്നതിലുപരി, ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധയൂന്നുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. അവളുടെ തീരുമാനങ്ങള്‍ സൂക്ഷ്മവും കൃത്യവുമായിരിക്കും. ഇനി അഴിമതി നടത്തിയാലോ അതിലും ആണുങ്ങളെ വെല്ലുന്ന പ്രകടനമായിരിക്കും അവരുടേത്. എങ്കിലും അവരുടെ കഴിവുകളെക്കാള്‍ വീഴ്ചകളെ ഉയര്‍ത്തിപ്പിടിക്കാനായിരിക്കും സമൂഹത്തിന് താല്‍പര്യം. വനിതാ രാഷ്ട്രപതിയും നാല് വനിതാ മുഖ്യമന്ത്രിമാരുമുള്ള ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.
അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ ശക്തി പ്രാപിച്ച 2011-ല്‍ ഏറെ കേട്ട പേരാണ് കിരണ്‍ ബേദിയുടേത്. പ്രഥമ ഐ.പി.എസ് ഉദ്യോഗസ്ഥ, മഗ്‌സാസെ അവാര്‍ഡ് ജേതാവ് എന്ന പട്ടമൊക്കെയുണ്ടെങ്കിലും വിമാനയാത്രക്കൂലിയില്‍ വെട്ടിപ്പ് നടത്തിയ സ്ത്രീയെന്ന പേരില്‍ ഇവരെ ചിത്രീകരിച്ച് അഴിമതി വിരുദ്ധ സമരത്തിന്റെ മുനയൊടിക്കാനാണ് സര്‍ക്കാര്‍ പോലും ശ്രമിച്ചത്.
1949 ജൂണ്‍ ഒന്‍പതിന് അമൃത്‌സറിലാണ് കിരണിന്റെ ജനനം. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്വര്‍ണപ്പതക്കങ്ങള്‍ നേടിയാണ് ഓരോ ക്ലാസും പിന്നിട്ടത്. ദേശീയ ജൂനിയര്‍ സീനിയര്‍ ടെന്നീസ് ചാംപ്യനായിരുന്നു. പൊലീസാകുന്നതിനു മുന്‍പ് രണ്ടു വര്‍ഷത്തോളം അമൃത്‌സറിലെ ഖല്‍സ വനിത കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായിരുന്നു. അമൃത്‌സറില്‍ മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ പുനരധിവാസ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയറായ ബ്രിജ് ബേദിയാണ് ഭര്‍ത്താവ്. 1972 ജൂലൈയില്‍ പൊലീസില്‍ ചേര്‍ന്നു. മൗണ്ട് അബുവിലെ പൊലീസ് പരിശീലനത്തിലും പുരുഷന്മാരായ സഹപ്രവര്‍ത്തകരെ പിന്നിലാക്കി. 1979-ല്‍ രാഷ്ട്രപതി‘ഭവനു നേരെ വാളും മറ്റു മാരകായുധങ്ങളുമായി പാഞ്ഞടുത്ത കലാപകാരികളെ മുന്‍നിരയില്‍നിന്ന് അടിച്ചോടിച്ച് സീനിയര്‍ ഉദ്യോഗസ്ഥരില്‍ ഉത്തരവാദിത്വബോധം ജനിപ്പിച്ചത് രാജ്യശ്രദ്ധ പിടിച്ചുപറ്റി. കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ അടുത്തുള്ള റെസ്റ്റ് ഹൗസിലോ സ്വന്തം ജീപ്പിലോ ഇരുന്ന് ഉത്തരവിടുന്ന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ രീതിക്ക് ആദ്യമായി മാറ്റം വന്നു. സേനയില്‍ ചേര്‍ന്നതിന്റെ ആദ്യനാളുകളില്‍ പ്രധാനമന്ത്രി അടക്കമുള്ള വിശിഷ്ടാതിഥികള്‍ക്കു മുമ്പില്‍ കൂറ്റന്‍ വാളുമേന്തി സേനയെ നയിച്ച കിരണിനെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രാതലിന് ക്ഷണിച്ച് ആദരിച്ചു. എഷ്യാഡിനു മുന്നോടിയായി നഗരത്തിലെ ട്രാഫിക്കിന്റെ ചുമതലയിലിരിക്കുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചുമാറ്റി “'ക്രെയിന്‍ ബേദി'യെന്ന ചെല്ലപ്പേരും സ്വന്തമാക്കി. തുടര്‍ന്ന് ഗോവയിലേക്ക് സ്ഥലം മാറ്റം. ജനങ്ങളെയും എന്‍.സി.സി കേഡറ്റുകളെയും രംഗത്തിറക്കി ഗതാഗതം നിയന്ത്രിക്കാനാവുമെന്ന് അവിടെ നടത്തിയ പരീക്ഷണങ്ങളിലൂടെ കിരണ്‍ തെളിയിച്ചു. ഉപജാപക സംഘങ്ങള്‍ ഇവരെ ആദ്യം ദല്‍ഹിയിലേക്കും പിന്നീട് മിസോറാമിലേക്കും തട്ടി. മകള്‍ക്ക് ദല്‍ഹിയില്‍ എം.ബി.ബി.എസിനു പ്രവേശനം തേടിയത് വിവാദമായി. ഫയലുകളില്‍ നടപടിയെടുക്കാന്‍ താമസിക്കുന്നതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒറ്റ ദിവസം 6,000 ഫയലുകളില്‍ തീര്‍പ്പുണ്ടാക്കി ചരിത്രം സൃഷ്ടിച്ചു. ജോലിക്കിടെ എല്‍.എല്‍.ബി പാസായി.“'ലഹരി ഉപയോഗവും കുടുംബ പ്രശ്‌നങ്ങളു'മെന്ന വിഷയത്തില്‍ ദല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തിഹാര്‍ ജയില്‍ ഐ.ജിയായിരിക്കെ ചെയ്ത പ്രവര്‍ത്തനങ്ങളാണ് മഗ്‌സാസെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അന്തേവാസികളുടെ ഉന്നമനത്തിനാണ് ഇന്ത്യാവിഷന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. മയക്കുമരുന്നു നിയന്ത്രണ വിഭാഗത്തിന്റെ ചുമതലയിലിരിക്കെ നവജ്യോതിയെന്ന സംഘടന ആരംഭിച്ചു. 12,000 കൗമാരക്കാരെ ലഹരിമരുന്നില്‍നിന്നു രക്ഷിക്കാന്‍ “നവജ്യോതിക്ക് കഴിഞ്ഞു. പൊലീസ് മെഡലുകള്‍ ലഭിച്ചില്ലെങ്കിലും 1979-ല്‍ ധീരതക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചു. വിമന്‍ ഓഫ് ദ ഇയര്‍ (1980), ഏഷ്യ റീജ്യന്‍ അവാര്‍ഡ് ഫോര്‍ ഡ്രഗ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (1991), മഗ്‌സാസെ അവാര്‍ഡ് (1994), ഫാദര്‍ മാചിസ്‌മോ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് (1995), മദര്‍ തെരേസ മെമ്മോറിയല്‍ നാഷനല്‍ അവാര്‍ഡ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (2005) തുടങ്ങിയവയാണ് മറ്റു ബഹുമതികള്‍. പരാതി സ്വീകരിക്കാതെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ആട്ടിപ്പായിക്കുന്നവരെ സഹായിക്കാനായാണ് ഇന്ത്യാവിഷന്‍ ഫൗണ്ടേഷന്റെ കീഴില്‍ 'സേഫര്‍ ഇന്ത്യ ഡോട് കോം' എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്. ഇന്ത്യയില്‍ എവിടെനിന്നും പരാതികള്‍ സമര്‍പ്പിക്കാം. ഇനി പറയൂ, കിരണ്‍ബേദിയെ അഴിമതിക്കാരിയാക്കിയാല്‍ ആര്‍ക്കാണ് നേട്ടം?
കിരണിന് കൂട്ടായി അരുന്ധതി റോയിയുണ്ട്. അഭിപ്രായങ്ങള്‍ക്ക് രാജ്യമെമ്പാടും പൊന്നുംവിലയുള്ള സുന്ദരിക്കുട്ടി. ജനമുന്നേറ്റങ്ങള്‍ തൊട്ടറിഞ്ഞ് അലയുന്ന സഞ്ചാരി. പക്ഷേ, നമ്മുടെ ഇഷ്ടത്തിന് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ പണിയാകും. അതിന് ചട്ടുകമാകാന്‍ അരുന്ധതിയെ കിട്ടുകയുമില്ല. കാശ്മീരികളെ അവരുടെ സൗകര്യത്തിന് ജീവിക്കാന്‍ വിട്ടേക്കൂ എന്ന് പറഞ്ഞതിന് എന്തൊക്കെ പുകിലാണുണ്ടായത്! സ്വന്തം അഭിപ്രായം പറയാന്‍ ബുക്കര്‍ പ്രൈസ് നേടിയ ഈ സാഹിത്യകാരി ആരെയും ഭയക്കുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പുള്ള സ്ത്രീകള്‍ക്കേ സ്വന്തം ജീവിതം എങ്ങനെയാവണമെന്നു തീരുമാനിക്കാന്‍ കഴിയൂ എന്നതാണ് അരുന്ധതിയുടെ നിലപാട്. നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാപട്കറുടെ പേരിനൊപ്പം ഒരുപാട് നാള്‍ അരുന്ധതിയുടെ പേരും കേട്ടിരുന്നു. അതേക്കുറിച്ച് അവരുടേതായി പുറത്തുവന്ന അഭിപ്രായം ഇങ്ങനെയാണ്: ''ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായ ചോദ്യമുന്നയിച്ച പ്രക്ഷോഭമായിരുന്നു നര്‍മദ ബച്ചാവോ ആന്ദോളന്‍. പക്ഷേ ഇപ്പോള്‍ അത് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല. എന്തുകൊണ്ട് ദിശമാറിപ്പോകുന്നുവെന്ന ചോദ്യം നര്‍മദ ബച്ചാവോ ആന്ദോളന്‍ സ്വയം ചോദിക്കണം. ഇപ്പോള്‍ ഗവണ്‍മെന്റ് അവരെ ചെക്ക്‌മേറ്റ് ആക്കിയിരിക്കുകയാണ്. ഗവണ്‍മെന്റിന്റെ കളികളില്‍പെട്ട് അവര്‍ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നുവേണം കരുതാന്‍.'' ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന പോരാട്ടം ന്യായീകരിക്കാനും അവര്‍ മടിക്കുന്നില്ല. അതിന് കാരണം അവര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''എല്ലാവരും പൊരുതുകയാണ്. പൊരുതുന്ന രീതികള്‍ വ്യത്യസ്തമാണെന്നു മാത്രം. അവരുടെ രീതികളോടു വേണമെങ്കില്‍ വിയോജിക്കാം. പക്ഷേ, അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്''. കോടതിയലക്ഷ്യക്കേസില്‍ ഒരു ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞിട്ട് പുറത്തിറങ്ങിയ അവര്‍ പറഞ്ഞു: ''കൂട്ട നരഹത്യ ചെയ്തവരും അഴിമതിക്കാരും പുറത്തു വിലസുമ്പോള്‍, താരതമ്യേന ചെറിയ കുറ്റം ചെയ്തവരും അല്ലാത്തവരും അകത്തു കഴിയേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ ജയിലിലേക്കാള്‍ ക്രിമിനലുകള്‍ പുറത്തുണ്ട്. ജനാധിപത്യത്തിന്റെ അപചയമാണിത്.'' ആര്‍ക്കിടെക്ചര്‍ പഠിച്ചിട്ടുള്ള, സാഹിത്യകാരിയായ, എയ്‌റോബിക് ഡാന്‍സ് ട്രെയിനറായി ജോലി നോക്കിയിട്ടുള്ള ഈ ഒറിജിനല്‍ ആക്ടിവിസ്റ്റിനെ ജയിലിലടച്ചില്ലെങ്കില്‍ മനഃസമാധാനം വരാത്തത് ആര്‍ക്കായിരിക്കുമെന്ന് ആലോചിക്കൂ.
കിരണും അരുന്ധതിയുമൊക്കെ വ്യവസ്ഥിതിയോട് കലഹിക്കാന്‍ കച്ചകെട്ടിയവരാണെങ്കില്‍ പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലാതെ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ പൊതുരംഗത്ത് വന്ന വനിതകളാണ് മീരാകുമാറും സോണിയാഗാന്ധിയുമൊക്കെ. പിന്നീട് പ്രധാനമന്ത്രിയുടെ മരുമകളും പ്രധാനമന്ത്രിയുടെ ഭാര്യയുമൊക്കെയായിരുന്നെങ്കിലും രണ്ട് പതിറ്റാണ്ട് മുമ്പ് വിധിയുടെ മുന്നില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി പകച്ചുനിന്ന ഒരു സാധാരണ വീട്ടമ്മ മാത്രമായിരുന്നു സോണിയ. പിന്നീട് ഇവര്‍ ഫോബ്‌സ് മാസിക തയാറാക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോഴും അവിശ്വാസപ്രമേയം കൊണ്ടു വന്നപ്പോഴും പതറാതെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ സോണിയക്ക് കഴിഞ്ഞു.
സ്ത്രീകളുടെ ശക്തി അവര്‍ തന്നെ തിരിച്ചറിഞ്ഞാല്‍ മാത്രമേ സമൂഹത്തില്‍ പുരോഗതി നേടാന്‍ കഴിയൂ എന്നാണ് ലോക്‌സഭയുടെ പ്രഥമ വനിതാ സ്പീക്കര്‍ മീരാകുമാറിന്റെ വിശ്വാസം. എത്ര മികവ് പ്രകടിപ്പിച്ചാലും സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കാത്ത അവസ്ഥ സമൂഹത്തിലുണ്ടെന്ന് പറയാന്‍ അവര്‍ക്ക് മടിയില്ല. ഉപപ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ജഗ്ജീവന്റാമിന്റെ മകള്‍ ഐ.എഫ്.എസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 1984-ല്‍ എട്ടാം ലോക്‌സഭയിലേക്ക് കന്നിജയം. 1996, 98, 2004 വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിച്ചു. മികച്ച പരിഗണന കിട്ടിയിട്ടും കോണ്‍ഗ്രസിന്റെ ദലിത് നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാന്‍ അവര്‍ മടിച്ചില്ല. 2002-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ സ്വീകാര്യതക്ക് ഒട്ടും കുറവുണ്ടായുമില്ല.
ഇതില്‍നിന്ന് വിഭിന്നമാണ് പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിന്റെയും രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെയും ജീവിതം. ചെറുപ്രായത്തിലേ രാഷ്ട്രീയമാണ് തങ്ങളുടെ തട്ടകമെന്ന് ഇരുവരും തിരിച്ചറിഞ്ഞിരുന്നു. കോളേജ് സുന്ദരിയും ടേബിള്‍ ടെന്നിസ് ചാംപ്യനും പഠനത്തില്‍ മിടുക്കിയുമായിരുന്ന പ്രതിഭക്ക് രണ്ട് കാര്യത്തില്‍ വലിയ വാശിയുണ്ടായിരുന്നു. സ്ത്രീധനം വാങ്ങുന്നയാളെ വരനായി സ്വീകരിക്കില്ലെന്നതായിരുന്നു ആദ്യത്തേത്. സ്ത്രീധനത്തിനായി അച്ഛന്‍ കരുതിവെച്ച പണം അവര്‍ ആദ്യ തെരഞ്ഞെടുപ്പു മത്സരത്തിന് ചെലവിട്ടു. 1962-ല്‍ മഹാരാഷ്ട്രയിലെ ജാല്‍ഗാവില്‍ നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മൂന്നുവര്‍ഷം കഴിഞ്ഞായിരുന്നു പ്രതിഭയുടെ വിവാഹം. രണ്ടാമത്തെ വാശിയിലും അവര്‍ വിജയിച്ചു. ഭര്‍ത്താവിന്റെ പേരിലെ ശെഖാവത് എന്ന വിശേഷണം അവര്‍ സ്വീകരിച്ചില്ല. രണ്ടാം തവണ നിയമസഭാംഗമായതു മുതല്‍ '85-ല്‍ നിയമസഭാംഗത്വം ഒഴിയുന്നതുവരെ കോണ്‍ഗ്രസ് മഹാരാഷ്ട്ര ഭരിച്ചപ്പോഴൊക്കെ മന്ത്രിയുമായിരുന്നു. അഞ്ച് ആങ്ങളമാര്‍ക്ക് ഒരേയൊരു പെങ്ങളായിരുന്നു പ്രതിഭ. ആണുങ്ങളുടെ അധീശലോകത്തോടുള്ള പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ബാലപാഠങ്ങള്‍ പ്രതിഭ ആദ്യം മനസ്സിലാക്കിയത് വീട്ടില്‍ നിന്നാവണം. പൂനെ സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്‌സിലും ഇകണോമിക്‌സിലും എം.എയും മുംബൈ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി.
ഇരുപത്തഞ്ചാം വയസ്സില്‍ ഹരിയാനാ സംസ്ഥാന മന്ത്രിയായി ചരിത്രം സൃഷ്ടിച്ചയാളാണ് സുഷമ സ്വരാജ്. ജയപരാജയങ്ങളുടെ അതുല്യ അനുഭവസമ്പത്ത് അവരെ കറകളഞ്ഞ രാഷ്ട്രീയക്കാരിയാക്കി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിളങ്ങിയ ശേഷം 1977- ല്‍ നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. ഹരിയാനയില്‍ ഒതുങ്ങിനില്‍ക്കാതെ കൃത്യസമയത്തുതന്നെ സുഷമ ദേശീയ നേതൃപരിവേഷം സ്വന്തമാക്കി. രണ്ടുതവണ സംസ്ഥാന മന്ത്രിയും ദല്‍ഹിയില്‍ മുഖ്യമന്ത്രിയും വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയുമാകാന്‍ അവര്‍ക്ക് സാധിച്ചു. തോല്‍ക്കുമെന്ന് ഉറപ്പായിട്ടും കര്‍ണാടകയിലെ ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ ’99-ല്‍ സോണിയാ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ അവര്‍ കാട്ടിയ ചങ്കൂറ്റം രാഷ്ട്രീയ നിരീക്ഷകരെപോലും അത്ഭുതപ്പെടുത്തി. സോണിയക്ക് എതിരാളി സുഷമയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തല മുണ്ഡനം ചെയ്ത് വെള്ളവസ്ത്രമണിഞ്ഞു ദുഃഖാചരണം നടത്തുമെന്ന സുഷമയുടെ വെല്ലുവിളി ഈ വിശ്വാസം ഉറപ്പിച്ചു. ഒടുവില്‍ അദ്വാനിയുടെ പിന്‍ഗാമിയായതോടെ ബി.ജെ.പി രണ്ടാം തലമുറ നേതാക്കള്‍ക്കിടയില്‍ ഒന്നാം നമ്പര്‍ പദവിയും സുഷമ സ്വന്തമാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പുരുഷകേസരിക്കും ഇത്ര കൃത്യതയോടെ രാഷ്ട്രീയ നീക്കം നടത്താനായിട്ടില്ല.
ഇവരോട് പിടിച്ചുനില്‍ക്കാന്‍ കെല്‍പുള്ള വനിതാനേതാവ് മമതാബാനര്‍ജി മാത്രമായിരിക്കും. ലോകാവസാനം വരെ നിലനില്‍ക്കുമെന്ന് കരുതിയ ബംഗാളിലെ ചുവപ്പന്‍ ഭരണത്തെ തകര്‍ക്കാന്‍ ഈ സ്ത്രീയുടെ ഇച്ഛാശക്തി വേണ്ടിവന്നു. അധികാരത്തിലേറി രണ്ടു മാസത്തിനുള്ളില്‍ത്തന്നെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കഴിഞ്ഞതായി പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച സിംഗൂര്‍, ജംഗല്‍ മഹല്‍, ഡാര്‍ജിലിങ് വിഷയങ്ങള്‍ പരിഹരിച്ചതായും പ്രഖ്യാപനം വന്നു. ഒരു കൊല്ലത്തിനകം സര്‍ക്കാര്‍ മാറിയതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് അനുഭവപ്പെടുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അടിയേറ്റ പാമ്പിനെപ്പോലെ അവസരം കാത്തുനില്‍ക്കുന്ന ഇടതുപക്ഷം അതിന് അവരെ അനുവദിക്കുമോ എന്നാണ് അറിയേണ്ടത്. അധികാരത്തിലിരിക്കുമ്പോള്‍ ആഡംബരം വേണമെന്നില്ലെന്ന് കുറഞ്ഞപക്ഷം ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും കഴിഞ്ഞിട്ടുണ്ട് മമതക്ക്.
താരതമ്യേന മികച്ച ഇമേജ് കാത്തുസൂക്ഷിക്കുന്ന ഈ വനിതകളുടെ നേര്‍വിപരീതമാണ് മായാവതിയും ജയലളിതയും. പക, അഴിമതി, ധൂര്‍ത്ത് എന്നിവയൊക്കെ സ്ത്രീകള്‍ക്കും നന്നായി വഴങ്ങുമെന്നതിന്റെ തെളിവാണ് ഇരുവരും. ഈ രണ്ട്കൂട്ടരെയും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയാണ് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഒരേസമയം മാന്യയാണെന്നും അഴിമതിക്കാരിയാണെന്നും തോന്നിപ്പിക്കും ഷീല. നല്ല പ്രതിച്ഛായയും പെരുമാറ്റവും വഴി ദല്‍ഹിയില്‍ മൂന്നുവട്ടം മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞയാളാണ് ഇവര്‍. ബി.ജെ.പിയുടെ മേല്‍ക്കോയ്മ ദല്‍ഹിയില്‍ അവസാനിപ്പിച്ചതും ഈ കോണ്‍ഗ്രസുകാരിയാണ്. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം, വാത്സല്യപൂര്‍ണമായ പെരുമാറ്റം, അഴിമതി രഹിതമായ വിശ്വാസ്യത എന്നിവയാണ്് ഷീലാ ദീക്ഷിതിന്റെ ആയുധങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ ആയുധങ്ങള്‍ തുരുമ്പിച്ചു. ഗെയിംസ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ സാമ്പത്തിക ക്രമക്കേടും ധൂര്‍ത്തും അഴിമതിയും നടന്നുവെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്.
ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ ദളിത് വനിതയാണ് മായാവതി. 2007-ല്‍ നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ബി.എസ്.പി പാര്‍ട്ടിയുടെ വമ്പിച്ച വിജയത്തിന്റെ മുഖ്യശില്‍പിയാണ്. ഒരു ദളിത് നേതാവായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മായാവതി പിന്നീട് ബ്രാഹ്മണരുടെയും മറ്റ് ഉയര്‍ന്നജാതീയരുടെയും പിന്തുണ നേടി. മായാവതിയുടെ കക്ഷിയിലും നിയമസഭാംഗങ്ങളിലും ഒരു വലിയ പങ്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. താജ് കോറിഡോര്‍ പദ്ധതിയില്‍ മായാവതിയും സംഘവും 1500 കോടി രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. സംസ്ഥാനം മുഴുവന്‍ സ്വന്തം പ്രതിമ സ്ഥാപിക്കുന്നതുപോലുള്ള കലാപരിപാടികള്‍ വേറെയുമുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ഈ അഴിമതിക്കഥകള്‍ വിനയാകുമെന്നു വന്നതോടെ സമര്‍ഥമായ ഒരു നീക്കം അവര്‍ നടത്തി. യു.പി. വിഭജിച്ച് നാല് പ്രത്യേക സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചു. പശ്ചിംപ്രദേശ്, ബുന്ദേല്‍ഖണ്ഡ്, അവധ്പ്രദേശ്, പൂര്‍വാഞ്ചല്‍ എന്നിവ രൂപവത്കരിക്കാനാണ് നിര്‍ദേശം ഉയരുന്നത്. ഇതോടെ അഴിമതി വിഷയം വിട്ട് എല്ലാവരും അതിന് പിന്നാലെയായി.
തന്ത്രങ്ങളുടെയും തന്‍േറടത്തിന്റെയും കാര്യത്തില്‍ മായാവതിക്കൊപ്പം നില്‍ക്കും തമിഴ്‌നാട്ടില്‍ ജയലളിത. നൂറുകണക്കിന് ജോഡി ചെരുപ്പുകളും കോടികളുടെ സ്വര്‍ണാഭരണങ്ങളുമൊക്കെ വാങ്ങിക്കൂട്ടി രാജ്യത്തെ ഞെട്ടിച്ച ജയലളിത പകക്കാണ് പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നതെന്ന് തോന്നും. എം.ജി.ആറിന്റെ ശവമഞ്ചം വഹിച്ച വാഹനത്തില്‍ നിന്ന് വലിച്ചിറക്കപ്പെട്ട അവര്‍ പിന്നെ പിടിച്ചുകയറിയത് മുഖ്യമന്ത്രിയുടെ കസേരയിലേക്കാണ്. തന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി കരുണാനിധിയെ, പിന്നീട് അധികാരം കിട്ടിയപ്പോള്‍ വലിച്ചിഴച്ച് ലോക്കപ്പിലാക്കാന്‍ അവര്‍ മടിച്ചില്ല. അഴിമതിക്കേസുകള്‍ക്ക് വിചാരണ നേരിടുന്ന ജയലളിത കോടതിയുടെ ദയവ് യാചിക്കുന്നതിനൊപ്പം കരുണാനിധിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ നിരന്തരം കേസുകള്‍ ചാര്‍ജ് ചെയ്യാനും മടിക്കുന്നില്ല.
കാശിന്റെ മഞ്ഞളിപ്പില്‍ ആര്‍ത്തിപൂണ്ടുപോയവരിലുമുണ്ട് വീരാംഗനമാര്‍. രാജ്യസഭാ എം.പിയും, ഡി.എം.കെ. നേതാവും, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ എം.കെ. കനിമൊഴിതന്നെ ഇതില്‍ പ്രമുഖ. 2ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ബി. റിയല്‍റ്റി എന്ന സ്ഥാപനത്തില്‍ നിന്ന് കലൈഞ്ജര്‍ ടി.വി. 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ജാമ്യാപേക്ഷ കോടതി തള്ളിയതിനാല്‍ കനിമൊഴിയെ റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലാക്കി. കഴിഞ്ഞ ദിവസമാണ് ഒരുവിധം പുറത്തിറങ്ങിയത്. അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകയും കവയിത്രിയുമായ കനിമൊഴിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നത് ന്യായമായ ചോദ്യമാണ്. കനിമൊഴിയെ രാഷ്ട്രീയ എതിരാളികള്‍ കുടുക്കിയതാണ് എന്നു കരുതാം.
കോര്‍പറേറ്റ് ദല്ലാള്‍ നീരാ റാഡിയയുടെയും പത്രപ്രവര്‍ത്തക ബര്‍ഖാ ദത്തിന്റെയും കാര്യം അങ്ങനെയല്ല. ചൂതാട്ടം, നിരോധിത സാമ്പത്തിക ഇടപാടുകള്‍, നികുതി അടക്കാതിരിക്കല്‍ എന്നിവ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആദായ നികുതി വിഭാഗം റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോള്‍ കിട്ടിയത് ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ കഥകളാണ്. ഒരു പ്രൊഫഷനല്‍ ലോബിയിസ്റ്റും, ടെലികോം മന്ത്രിയായിരുന്ന എ.രാജയുടെ പരിചയക്കാരിയുമാണ് നീരാറാഡിയ. ലക്ഷം കോടി കടക്കുന്ന അഴിമതിക്ക് മാത്രമല്ല, കേന്ദ്ര മന്ത്രിമാരെ നിര്‍ണയിക്കുന്നതില്‍ വരെ നീരാറാഡിയയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഒരു സ്ത്രീക്ക് ഇതിനുള്ള കരുത്തുണ്ടായി എന്നതോര്‍ത്ത് അഭിമാനിക്കാനുള്ള സാഹചര്യമല്ല നമുക്ക് മുന്നിലുള്ളതെന്ന് മാത്രം. 2009-ലെ തിരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാനാണ് ബര്‍ഖാ ദത്ത,് റാഡിയയുമായി ഇടപെട്ടത്. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് പക്ഷത്തായിരുന്നു ബര്‍ഖാ ദത്ത്. ഇത് സൗജന്യ സേവനമാണെന്ന് കരുതാന്‍ വയ്യ. മാധ്യമപ്രവര്‍ത്തകരുടെ ഇത്തരം ഇടപെടലാണ് 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്‌പെക്ട്രം അഴിമതി ഇത്രയും കാലം പുറംലോകം അറിയാതിരുന്നതിന് പിന്നിലെന്ന് കരുതുന്നവരുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ഒരുകാര്യത്തിലും പുരുഷനെക്കാള്‍ ഒട്ടും പിന്നിലല്ല സ്ത്രീകള്‍ എന്നതാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. മാത്രമല്ല സ്ത്രീകളുടെ ഇടപെടല്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യും. നിലവില്‍ മതം, സാഹിത്യം, കല, രാഷ്ട്രീയം ഇവയിലൊക്കെയുണ്ടായിട്ടുള്ള സിദ്ധാന്തങ്ങളൊക്കെ പുരുഷചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ്. അതായത് ലോകത്തിലെ പകുതി പേരുടെ ചിന്തകളും ആശയങ്ങളും മാത്രമാണിത്. ‘മറുപാതിയുടെ പറച്ചില്‍ ഒറ്റക്കും തെറ്റക്കുമുള്ള ദുര്‍ബല ശബ്ദങ്ങളായി ഒടുങ്ങിപ്പോകുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top