അറബ്‌ വസന്ത കാലത്ത്‌ ഇസ്രായേലിന്റ വേവലാതികള്‍

താജ്‌ ആലുവ No image

തുനീഷ്യയിലെ പ്രഥമ തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ ശേഷം ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയ `അന്നഹ്‌ദ' പാര്‍ട്ടി പ്രസിഡണ്ട്‌ റാശിദ്‌ ഗനൂഷിയുമായി ദോഹയില്‍ വെച്ച്‌ സംവദിക്കാന്‍ അവസരം ലഭിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കുഴപ്പങ്ങളുണ്ടായ സിദ്‌ ബൂസിദ്‌ പട്ടണത്തിലെ സംഭവങ്ങള്‍ക്ക്‌ പിന്നിലാരാണെന്ന ചോദ്യത്തിന്‌ ഇസ്രായേലിന്റെ കരങ്ങളാകാനാണ്‌ സാധ്യതയെന്നായിരുന്നു മറുപടി. അറബ്‌ ലോകത്തെ ഏത്‌ ഇലയനക്കത്തിന്‌ പിന്നിലും ജൂതകരങ്ങളുടെ അദൃശ്യ സാന്നിധ്യം കണ്ടെത്തുന്ന `കോണ്‍സ്‌പിറസി' തിയറിക്ക്‌ പകരം കൃത്യമായ വിവരങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതായിരുന്നു ആ ഉത്തരം. പക്ഷേ എന്തിന്‌ ഇസ്രായേല്‍ അത്‌ ചെയ്യണമെന്ന അന്വേഷണത്തിന്‌ കൂടുതല്‍ വ്യക്തതയുള്ള ഉത്തരം ലഭിക്കണമെങ്കില്‍ കുറച്ചുകൂടി പിന്നോട്ട്‌ സഞ്ചരിക്കണം.
രണ്ടുമാസം മുമ്പാണ്‌ സംഭവം. കൃത്യമായി പറഞ്ഞാല്‍ സെപ്‌തംബര്‍ ആദ്യവാരത്തില്‍. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ജനാധിപത്യാനുകൂലികളുടെ പ്രകടനത്തിന്റെ അന്ന്‌ ഇസ്രായേല്‍ തങ്ങളുടെ ജോര്‍ദാന്‍ അംബാസിഡറെ തിരിച്ചുവിളിച്ചു. പ്രകടനത്തിന്‌ സംഭവിക്കാന്‍ സാധ്യതയുള്ള കുഴപ്പങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായിരുന്നു അത്‌.
എന്നാല്‍ ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ആശങ്കാകുലമായ ഒരു ദിനമായി അത്‌ പരിണമിച്ചു. ഈ അടുത്തകാലം വരെ തങ്ങള്‍ക്ക്‌ ഏറ്റവും പ്രിയങ്കരമായിരുന്ന മൂന്ന്‌ തലസ്ഥാനങ്ങളില്‍ അന്നേ ദിവസം ഇസ്രായേലീ നയതന്ത്രജ്ഞരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. കെയ്‌റോ, അങ്കാറ, അമ്മാന്‍ എന്നീ നഗരങ്ങളായിരുന്നു അത്‌. ഈജിപ്‌തില്‍ പ്രകടനക്കാര്‍ ഇസ്രായേലി എംബസി കയ്യേറിയതിനാലും മുഴുവന്‍ സ്റ്റാഫിനെ തിരിച്ചുവിളിച്ചതിനാലും തുര്‍ക്കിയില്‍ നിന്നു ഗസ്സയിലേക്കുള്ള സഹായക്ക പ്പലായ മാവി മര്‍മറ ആക്രമിച്ച്‌ ഒമ്പത്‌ പേരെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ആ രാജ്യം ഇസ്രായേല്‍ അംബാസിഡറെ മടക്കി അയച്ചത്‌ മൂലവുമാണ്‌ യാദൃശ്ചികമെങ്കിലും അങ്ങനെ സംഭവിച്ചത്‌. പക്ഷേ, ജറൂസലേമില്‍ അത്‌ വന്‍ ചര്‍ച്ചാവിഷയമായി. നെതന്യാഹു സര്‍ക്കാറിന്റെ പിടിപ്പു കേടായാണ്‌ മുഴുവന്‍ പത്രമാധ്യമങ്ങളും അതിനെ വിലയിരുത്തിയത്‌. പ്രതിപക്ഷവും സര്‍ക്കാറിനെ അടിക്കാനുള്ള വടിയായി അതിനെ ഉപയോഗപ്പെടുത്തി.
പക്ഷേ മൂന്നാംകിട രാഷ്‌ട്രീയക്കളിക്കപ്പുറം മാനങ്ങളുള്ളതാണ്‌ വിഷയം എന്നത്‌ ജൂതരാഷ്‌ട്രത്തിന്‌ നന്നായറിയാം. കഴിഞ്ഞൊരു വര്‍ഷത്തിനുള്ളില്‍ അറബ്‌ ലോകത്തുണ്ടായ രാഷ്‌ട്രീയമാ റ്റങ്ങള്‍ ഒരു സുനാമിയായി തങ്ങളുടെനേര്‍ക്ക്‌ ഇരച്ചുവരുന്നതായി അവര്‍ കാണുന്നു. അമേരിക്കയുടെ സഹായം സ്വീകരിക്കുകയും അവരുടെ വിരട്ടലുകള്‍ സഹിക്കുകയും ചെയ്‌തുകൊണ്ട്‌ തങ്ങളെ നിലക്കു നിര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ച പലരും `വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍' എന്ന വസ്‌തുതയും ഇസ്രായേല്‍ നന്നായി ഉള്‍ക്കൊണ്ടിരിക്കുന്നു. ഷണ്ഡന്മാരായി അവരെ നിലനിര്‍ത്തിയിരുന്നത്‌ മൂലമായിരുന്നു അവരുടെ ആധിപത്യം തങ്ങളുടെ കൈകളില്‍ സുരക്ഷിതമായിരുന്നത്‌. എന്നാല്‍ പൊടുന്നനെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌ ജൂതരാഷ്‌ട്രത്തെ ഞെട്ടിക്കുക തന്നെ ചെയ്‌തു. അതിന്റെ ഏറ്റവും വലിയ നിദര്‍ശനമായിരുന്നു ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്ര സഭയുടെ പൊതുസമ്മേളനം.
സമ്മേളനത്തെ അഭിസംബോധനചെയ്യാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി സദസ്സില്‍ കണ്ട ചില മുഖങ്ങള്‍ അദ്ദേഹത്തിന്‌ തീരെ പരിചയമില്ലാത്തതും അവിടെ ഉണ്ടാകുമെന്ന്‌ അദ്ദേഹം സ്വപ്‌നത്തില്‍ പോലൂം പ്രതീക്ഷിക്കാത്തതുമായിരുന്നു. പക്ഷേ അതിനേക്കാളേറെ അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയത്‌ താന്‍ കാണണമെന്ന്‌ ആഗ്രഹിച്ച ചില മുഖങ്ങളുടെ അസാന്നിധ്യമായിരുന്നു. അവരില്‍ ഏറ്റവും പ്രധാനി ഈജിപ്‌തിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഹുസ്‌നി മുബാറക്‌ തന്നെ. അയാളിപ്പോള്‍ ഈജിപ്‌തില്‍ കേട്ടുകേള്‍വിയില്ലാത്ത വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നു. (ഒരുവര്‍ഷം മുമ്പുവരെ അവിടെ പ്രസിഡണ്ടിന്റെ ആരോഗ്യത്തെക്കുറിച്ച്‌ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.) അവിടം ഭരിച്ചുകൊണ്ടിരിക്കുന്ന താല്‍ക്കാലിക സൈന്യമാവട്ടെ ജൂതരാഷ്‌ട്രത്തില്‍ നിന്നും എല്ലാ അര്‍ഥത്തിലും അകലം പാലിക്കുകയും രണ്ട്‌ രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിട്ടുള്ള സന്ധിയെ എതിര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക്‌ അനുവാദം നല്‍കുകയും ചെയ്‌തിരിക്കുന്നു.
അതിനാല്‍തന്നെ സ്വതന്ത്രമായി നടക്കുന്ന അഭിപ്രായ സര്‍വേകളില്‍ ഇപ്പോള്‍ തെളിയുന്നത്‌. ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷം ഈജിപ്‌ഷ്യരും പിന്തുണക്കുന്നു എന്നാണ്‌. തന്നെയുമല്ല ജൂത രാഷ്‌ട്രത്തിന്‌ ഏറെ എതിരഭിപ്രായമുണ്ടായിരുന്ന ഈജിപ്‌ത്‌- ഫലസ്‌തീന്‍ അതിര്‍ത്തി തുറക്കുന്ന വിഷയത്തിലും പൊതുജനാഭിപ്രായം ഇസ്രായേലിനെതിരു തന്നെ. സൈനിക ഭരണകൂടം വാഗ്‌ദാനം ചെയ്‌തിട്ടുള്ള തെരഞ്ഞെടുപ്പ്‌ സ്വതന്ത്രമാണെങ്കില്‍ മുസ്‌ലിം ബ്രദര്‍ഹുഡ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഏതുതരം പ്രകടനമാണ്‌ കാഴ്‌ചവെക്കുന്നതെന്ന്‌ ഇസ്രായേല്‍ ആശങ്കയോടെയാണ്‌ ഉറ്റുനോക്കുന്നത്‌. പ്രത്യേകിച്ചും ഇസ്‌ലാമിസ്റ്റുകള്‍ `അന്നഹ്‌ദ'യെ അധികാരത്തിലെത്തിച്ചത്‌ കണക്കിലെടുത്താല്‍ ഈ ആശങ്കക്ക്‌ അടിസ്ഥാനമുണ്ടെന്ന്‌ കാണാം. അതോടൊപ്പം ഏത്‌ കക്ഷി അധികാരത്തില്‍ വന്നാലും പൊതുജനാഭിപ്രായം തങ്ങള്‍ക്കെതിരാവുക എന്ന ദുരന്തവും ഇസ്രായേല്‍ പ്രതീക്ഷിക്കുന്നു. സിറിയയിലിപ്പോള്‍ ബശാറുല്‍ അസദിനെതിരെ നടക്കുന്ന വിപ്ലവത്തില്‍ ഒരര്‍ത്ഥത്തില്‍ ഇസ്രായേലിന്‌ സന്തോഷമാണുള്ളതെങ്കിലും അവിടെയും ഭാവി എന്തായിത്തീരുമെന്ന ആശങ്ക അവരെ പിടികൂടിയിട്ടുണ്ട്‌. ഇസ്രായേലി ഭാഷ്യമനുസരിച്ച്‌ ഹമാസിനും ഹിസ്‌ബുല്ലക്കും പിന്തുണ കൊടുക്കുന്ന അസദിന്റെ നിലപാടിലുള്ള തിരിച്ചടിയായി വിപ്ലവത്തെ കാണുന്നതുപോലെ തന്നെ വിപ്ലവാനന്തരം എന്ത്‌ എന്നത്‌ ഒരു ചോദ്യചിഹ്നമായിത്തന്നെ നില്‍ക്കുന്നു.
ഇത്തരമൊരു ഗതികേടില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ ബശ്ശാറിനെ തന്നെ നിലനിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളും വേറൊരു ഭാഗത്ത്‌ ഇസ്രായേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്കയും ഇസ്രായേലും കടുത്ത ധര്‍മസങ്കടത്തിലാണ്‌ ചെന്നുപെട്ടതെന്ന്‌ മനസ്സിലാക്കാന്‍ ഇസ്രായേലീ പ്രധാനമന്ത്രി ഈയിടെ നടത്തിയ പ്രസ്‌താവന തന്നെ തെളിവാണ്‌. ഒരു ഡിപ്ലോമാറ്റിക്ക്‌ സുനാമി ഇസ്രായേലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണിതിന്റെ ചുരുക്കം.
ഒരു ഭാഗത്ത്‌ ജനാധിപത്യത്തെ പിന്തുണക്കാന്‍ നിര്‍ബന്ധിതരായ അവസ്ഥ. മറുഭാഗത്ത്‌ അതിന്‌ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നവരെക്കുറിച്ചുള്ള ആശങ്ക. എങ്കില്‍ പിന്നെ ഒരു അള്‍ജീരിയന്‍ മോഡല്‍ പയറ്റി നോക്കാമെന്നുവെച്ചാല്‍ അത്തരം അട്ടിമറിയുടെ എല്ലാ സാധ്യതകളും ഫേസ്‌ബുക്കും ട്വിറ്ററും അടച്ചുകളയുകയും ചെയ്‌തിരിക്കുന്നു. ഇരുരാജ്യങ്ങളുടെയും ആഭ്യന്തരരംഗമാകട്ടെ പല അര്‍ഥത്തിലും കലുഷിതവുമാണ.്‌ കുത്തകകള്‍ക്കും തൊഴിലില്ലായ്‌മക്കുമെതിരെ വര്‍ധിച്ചുവരുന്ന പ്രതിഷേധങ്ങള്‍ സ്വന്തത്തിലേക്ക്‌ തന്നെ ചുരുണ്ടുകൂടാന്‍ ഒബാമ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഇതുവരെ മറ്റു രാജ്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാവുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത പ്രസ്‌താവനകള്‍ ഇറക്കിയവര്‍ക്ക്‌ ഇപ്പോള്‍ നാവിറങ്ങിപ്പോയിരിക്കുന്നു. ന്യൂയോര്‍ക്കിലെയും വാഷിംഗ്‌ടണിലെയും പ്രതിഷേധങ്ങള്‍ അത്രക്ക്‌ പരിധിവിട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ അപ്പോസ്‌തലന്മാര്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ വേദമോതാന്‍ സ്വേഛാധിപത്യത്തില്‍ നിന്ന്‌ അടുത്തിടെ മാത്രം മുക്തരായവര്‍ കടന്നുവരുന്ന കാഴ്‌ച നയനാനന്ദകരം തന്നെ.
ഇവിടെയാണ്‌ ഇസ്രായേല്‍ പഴയ കലാപരിപാടികളെക്കുറിച്ച്‌ വീണ്ടും ആലോചിച്ചുറച്ച്‌ രംഗത്ത്‌ വരുന്നതെന്ന്‌ വേണം മനസ്സിലാക്കാന്‍. ഈജിപ്‌ഷ്യന്‍ വിപ്ലവത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ പ്രക്ഷോഭ സമയത്ത്‌ തഹ്‌രീര്‍ സ്‌ക്വയറില്‍ തോളോട്‌ തോള്‍ ചേര്‍ന്നുനിന്ന മുസ്‌ലിം- കോപ്‌റ്റിക്ക്‌ ക്രിസ്‌ത്യന്‍ കൂട്ടായ്‌മയെ തകര്‍ക്കുന്ന നടപടികളൊരുഭാഗത്ത്‌, നയതന്ത്രരംഗത്ത്‌ തുര്‍ക്കിയെ പാഠം പഠിപ്പിക്കാന്‍ വടക്കന്‍ ഇറാഖിലെ കുര്‍ദുകളെ ഇളക്കിവിട്ടുകൊണ്ട്‌ തുര്‍കി സൈന്യത്തെ പ്രകോപിപ്പിക്കുന്ന തന്ത്രങ്ങള്‍ വേറൊരു ഭാഗത്ത്‌. തുനീഷ്യയില്‍ പുതിയൊരു കലാപത്തിന്‌ വിത്തുവിതക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ.
ചുരുക്കിപ്പറഞ്ഞാല്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ സന്തതികള്‍ക്ക്‌ മുന്നോട്ട്‌ പോകണമെങ്കില്‍ കരുതലുകള്‍ ഏറെ വേണ്ടിവരും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top