ഒട്ടും മുന്‍പരിചയമില്ലാത്ത നടവഴിയിലൂടെ നമ്മള്‍ നടക്കുകയാണ്

ഹന്ന സിത്താര വാഹിദ് No image

ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്. അല്ലെങ്കിലും നമ്മളാരെങ്കിലും ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നോ? രാജ്യം പൊടുന്നനെ ലോക്ക് ഡൗണിലായിപ്പോവുകയായിരുന്നു.
 ഒന്നിനും സമയമില്ലെന്ന് നെട്ടോട്ടമോടിയിരുന്നവരൊക്കെ സമയമൊട്ടും നീങ്ങുന്നില്ലല്ലോ എന്ന് പരിഭവം പറയാന്‍ തുടങ്ങി. ചുമ്മാ വീട്ടിലിരിക്കുന്നവരെ കളിയാക്കിയിരുന്നവരൊക്കെ വീട്ടിലിരിക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സമ്മതിക്കാന്‍ തുടങ്ങി. തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാന്‍ പോയവരൊക്കെ പോലീസിന്റെ കൈയില്‍ നിന്ന് നല്ല അടിയും തൊഴിയും വാങ്ങിവന്നു. പുറത്താരെങ്കിലും ഇറങ്ങി നടക്കുന്നുണ്ടോ എന്നന്വേഷിക്കാനും കുറേപേര്‍ നിരത്തിലിറങ്ങി. അവരെയും പോലീസ് ഓടിച്ചു. മറ്റൊരു ജില്ലയായതിന്റെ പേരില്‍ തൊട്ടടുത്ത കുടുംബവീട്ടില്‍ പോലും ചിലര്‍ക്ക് പോകാന്‍ പറ്റാതായി. മുടി വെട്ടാന്‍ പറ്റാതെ വീട്ടുകാര്‍ തന്നെ ബാര്‍ബര്‍മാരായി. ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ നന്നായി പ്രയാസപ്പെട്ടു. വീട്ടില്‍ വല്ലപ്പോഴും കയറി വരുന്ന അഛനെയും അമ്മയെയുമൊക്കെ മുഴുനേരവും വീട്ടില്‍ കിട്ടിയ സന്തോഷം ചില മക്കള്‍ക്ക്. കുക്കിംഗ് പരീക്ഷണത്തിലായി ചിലര്‍. ചക്ക കൊണ്ടും മാങ്ങ കൊണ്ടും ഉണ്ടാക്കിയ വിഭവങ്ങള്‍ക്ക് കണക്കില്ല. 
അതിനെല്ലാം പുറമെ ഗള്‍ഫിലും മറ്റു വിദേശങ്ങളിലുമുള്ള മക്കളെയും ബന്ധുക്കളെയുമൊക്കെ ആലോചിച്ച് വീര്‍പ്പുമുട്ടുന്ന ഒരുപാട് വീടകങ്ങളും ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍, മറ്റു ജില്ലകളില്‍നിന്ന് വരാന്‍ ഒക്കാതെ പ്രയാസപ്പെട്ടവര്‍. വിസിറ്റിംഗ് വിസക്ക് പോയി മറ്റു രാജ്യങ്ങളില്‍ ലോക്കായവര്‍. സിനിമാ ഷൂട്ട് ചെയ്യാന്‍ പോയി പിന്നീട് തിരികെ വരാന്‍ ഒക്കാതെ വേറെ രാജ്യങ്ങളില്‍ കുടുങ്ങിയ സിനിമ താരങ്ങള്‍...
പല പല അനുഭവങ്ങളാണ് ലോക്ക്ഡൗണ്‍ കാലം പലര്‍ക്കും നല്‍കിയത്. കുറേ നാളുകള്‍ക്കു ശേഷം വീട്ടിലിരിക്കാന്‍ അവസരം കിട്ടിയവര്‍ ചെടി നട്ടും പച്ചക്കറികള്‍ മുളപ്പിച്ചും മരം നട്ടും പണ്ടു കാലത്തെ കലാവിരുതുകള്‍ പുറത്തെടുത്തും ദിവസങ്ങള്‍ ക്രിയാത്മകമാക്കി. ചിലര്‍ മുടങ്ങിപ്പോയ പുസ്തകവായനയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ചിലര്‍ സിനിമ കണ്ടും വെബ് സീരീസുകള്‍ കണ്ടു തീര്‍ത്തും നടന്നു. ഗെയിം കളിച്ച് സമയം തള്ളിനീക്കിയവരും നിരവധി. ലുഡോയില്‍ വെട്ടിയതിന് കത്തിയോങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യൂട്യൂബ് ചാനലുകള്‍ തുടങ്ങി പരീക്ഷണ വീഡിയോകള്‍ അപ്‌ലോഡ് ചെയ്തവരും നിരവധി. ഓരോരുത്തരുടെയും അനുഭവങ്ങള്‍ വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു.
ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ മകനെ കൊണ്ടുവരാന്‍ ഒരു ഉമ്മ സഞ്ചരിച്ചത് 1400 കിലോമീറ്ററാണ്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ടുപോയ മകനെ കൊണ്ടുവരാന്‍ തെലങ്കാനയില്‍നിന്നും സ്‌കൂട്ടറില്‍ യാത്ര തിരിക്കുകയായിരുന്നു റസിയ ബീഗം. സുഹൃത്തിനെ യാത്രയയക്കാനാണ് മാര്‍ച്ച് 12 ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. പിന്നീട് അവിടെ കുടുങ്ങി. മൂത്ത മകനെ പറഞ്ഞയച്ചാല്‍ റൈഡിംഗിന് പോവുകയാണെന്ന് കരുതി പോലീസ് പിടിച്ചാലോ എന്ന് ഭയന്ന് റസിയ സ്വയം ഇറങ്ങുകയായിരുന്നു. നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് റസിയാ ബീഗം. ഭക്ഷണത്തിനായി കുറേ റൊട്ടികളും കൈയില്‍ വെച്ച് രണ്ടും കല്‍പിച്ച് ഇറങ്ങുകയായിരുന്നു. 
ലോക്ക് ഡൗണ്‍ കാലത്ത് ഏറെ പ്രയാസത്തിലായവരായിരുന്നു ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കിയിരുന്ന അവര്‍ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതത്തിന് പെട്ടെന്ന് ഷട്ടര്‍ വീണപോലെയാണ് അനുഭവപ്പെട്ടത്. വീട്ടുകാരെ നോക്കാനോ പരിപാലിക്കാനോ സാധിക്കുന്നില്ലല്ലോ എന്ന പരിഭവം കൊണ്ട് ഉത്തര്‍പ്രദേശിലെ ഭാനുപ്രകാശ് ഗുപ്ത എന്നൊരാള്‍ ആത്മഹത്യ ചെയ്ത സംഭവം പത്രങ്ങളിലൂടെ നമ്മളറിഞ്ഞു.
മാറ്റിവെക്കേണ്ടി വന്ന ഒരുപാട് വിവാഹങ്ങളുടെ കാലം കൂടിയായിരുന്നു ഈ ലോക്ക് ഡൗണ്‍ കാലം. ഒറ്റപ്രസവത്തില്‍ ജനിച്ച അഞ്ചു പേരുടെ വിവാഹം ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച സംഭവം ഉണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടു കടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളുടെ വിശേഷങ്ങള്‍ മലയാളികള്‍ കേള്‍ക്കുന്നത് ആദ്യമല്ല. അവരുടെ ജനനവും പഠനവും എല്ലാം ഒന്നിച്ചായിരുന്നു. നാലു പെണ്‍മക്കളും ഒരാണും. അവരുടെ കല്യാണവും ഒന്നിച്ച് പ്ലാന്‍ ചെയ്തതായിരുന്നു. എന്നാല്‍ വരന്മാര്‍ മറ്റു രാജ്യങ്ങളില്‍ ആയതിനാല്‍ വരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
കുറേ വിവാഹങ്ങള്‍ വളരെ ലളിതമായി നടക്കുകയും ചെയ്തു. അതിനെ പറ്റി ഒരുപാട് ട്രോളുകളും ഇറങ്ങിയിരുന്നു. ഒരാള്‍ കടയില്‍ പോയി രണ്ട് കിലോ ബിരിയാണിയരി വാങ്ങുമ്പോള്‍ എന്താടാ ഇന്ന് വിരുന്നുകാരുണ്ടോ എന്ന് കുശലം ചോദിക്കുന്ന കടയിലെ ആളോട് ഇന്നെന്റെ കല്യാണമാണ് ബ്രോ എന്ന് പറയുന്ന തമാശകള്‍ വല്ലാതെ പ്രചരിച്ചിരുന്നു.
രണ്ട് തവണ മാറ്റിവെച്ച കല്യാണം കോവിഡിനെ തുടര്‍ന്ന് മൂന്നാമതും മാറ്റിവെക്കേണ്ടി വന്ന സംഭവങ്ങളും ഉണ്ടായി. കഴിഞ്ഞ രണ്ട് തവണയും പ്രളയങ്ങളെ തുടര്‍ന്നായിരുന്നു മാറ്റിവെക്കേണ്ടി വന്നത്.
ഭാര്യാവീട്ടില്‍ കുടുങ്ങിപ്പോയി മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവം വരെയുണ്ടായി. ലോക്ക് ഡൗണിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു ബിഹാറിലെ സൈനുല്‍ ആബിദിന്റെ കല്യാണം. പിന്നീട് ആബിദും കുടുംബവും ഭാര്യാവീട്ടില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വരനെയും വീട്ടുകാരെയും സല്‍ക്കരിച്ച് വധുവിന്റെ വീട്ടുകാരുടെ നടുവൊടിഞ്ഞത്രെ. ഇനിയും വധുവിന്റെ വീട്ടില്‍ കഴിയുന്നത് മാനക്കേടാണെന്നും തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സൈനുല്‍ ആബിദ് കത്തയക്കുകയായിരുന്നു.
പലയിടങ്ങളിലായി കുടുങ്ങിപ്പോയി വിഷാദത്തിലായിപ്പോയ അനവധി പേരുണ്ട്. അതുകൊണ്ടു തന്നെ ഒരുപാട് കൗണ്‍സലിംഗ് വിദഗ്ധര്‍ സൗജന്യമായി ഓണ്‍ലൈനായി കൗണ്‍സലിംഗ് ചെയ്യാനായി സന്നദ്ധരായി മുന്നോട്ടു വരികയുണ്ടായി.
ഇപ്പോഴും എല്ലാവരും കോവിഡ് ഭീതിയില്‍ തന്നെയാണ്. കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണില്‍ ഒരുപാട് ഇളവുകളും വന്നുകൊണ്ടിരിക്കുന്നു. അധിക കാലം വീട്ടിലിരിക്കാന്‍ കഴിയില്ലല്ലോ. മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ മുഖ്യ ഘടകമായിരിക്കുന്നു ഇന്നേരം. വൈവിധ്യങ്ങള്‍ നിറഞ്ഞ മാസ്‌കുകളാല്‍ സമ്പന്നമാണ് നിരത്തുകള്‍. മുഖം മറച്ചാല്‍ ഒരാളെ എങ്ങനെ തിരിച്ചറിയും, ക്രൈമുകള്‍ കൂടില്ലേ എന്നൊക്കെ നിഖാബിനെതിരെ ന്യായങ്ങള്‍ പറഞ്ഞവരൊക്കെ ഒന്നും മിണ്ടാന്‍ പറ്റാതെ ധര്‍മസങ്കടത്തില്‍ പെട്ട കാലം കൂടിയാണിത്. നമ്മുടെ ന്യായങ്ങളും തീര്‍പ്പുകളുമെല്ലാം ഇങ്ങനെ ഒറ്റ നിമിഷം കൊണ്ട് തകിടം മറിയാവുന്നതേയുള്ളൂ. ഇങ്ങനെ പലതായ കാര്യങ്ങള്‍ കൊണ്ട് ഒട്ടും മുന്‍പരിചയമില്ലാത്ത ഒരു നടവഴിയിലൂടെയാണിന്ന് നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top