ലയ്യിന

നിഅ്‌മത്ത്‌ അല്‍ ഹിജ്ജി No image

``മാഡം, കര്‍ഫ്യൂ സമയത്ത്‌ പുറത്തിറങ്ങുന്നത്‌ നിയമലംഘനമാണ്‌.'' അയാള്‍ ഉമ്മു അഹ്‌മദിനോട്‌ പറഞ്ഞു. അയാളുടെ കണ്ണുകള്‍ അപ്പോള്‍ അവരുടെ ഇരുപത്‌ വയസ്സുകാരിയായ മകള്‍ ലയ്യിനയുടെ ദേഹത്തായിരുന്നു. ആ നോട്ടത്തില്‍ വൃത്തികെട്ടൊരു ദാഹം പ്രകടമായിരുന്നു. അയാള്‍ വീണ്ടും ഉമ്മു അഹ്‌മദിനോടായി പറഞ്ഞു. ``പറിഞ്ഞില്ലേ കര്‍ഫ്യൂ സമയത്ത്‌ പുറത്തിറങ്ങാന്‍ പാടില്ലെന്ന്‌, വേഗം വീട്ടിലേക്ക്‌ മടങ്ങിപ്പോകൂ.''
``ഈ ഏരിയയില്‍ കര്‍ഫ്യൂ ഉള്ളതായി നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നില്ലല്ലോ.'' ഉമ്മു അഹ്‌മദ്‌ പറഞ്ഞു.
''ഞാന്‍ പറഞ്ഞില്ലേ പുറത്തിറങ്ങാന്‍ പറ്റില്ലെന്ന്‌. മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക്‌ മടങ്ങൂ.'' അയാള്‍ ആക്രോശിച്ചു.
ഉമ്മു അഹ്‌മദ്‌ പെട്ടെന്ന്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പരമാവധി വേഗത്തില്‍ സ്ഥലം വിടാന്‍ അവര്‍ ആഗ്രഹിച്ചു. തന്റെ യൗവനയുക്തയായ മകള്‍ ലയ്യിനയുടെ കാര്യത്തിലായിരുന്നു അവര്‍ക്ക്‌ കൂടുതല്‍ ഭയം.
ഈ യുദ്ധങ്ങളും സംഘര്‍ഷങ്ങളുമെല്ലാം നിലനില്‍പിന്‌ വേണ്ടിയാണോ? ഉമ്മു അഹ്‌മദിന്റെ മനസ്സില്‍ ഒരു ചോദ്യമുണര്‍ന്നു. അവര്‍ അഭിഭാഷകന്റെ ഓഫീസിലേക്ക്‌ പോകുന്ന റോഡിലേക്ക്‌ പ്രവേശിച്ചു. ഈ അഭിഭാഷകന്റെ ബുദ്ധിശക്തിയേയും ആത്മാര്‍ഥതയെയും കുറിച്ച്‌ നിരവധിയാളുകള്‍ പ്രശംസിക്കുന്നത്‌ അവര്‍ കേട്ടിരുന്നു. അയാള്‍ മിലിറ്ററി സര്‍വീസിലാണ്‌്‌. പട്ടാളകോടതിയിലും ഉയര്‍ന്ന തലങ്ങളിലും വലിയ സ്വാധീനമുള്ള ആളാണത്രെ.
ഓരോ ചിന്തയില്‍ മുഴുകിക്കൊണ്ട്‌ ഉമ്മു അഹ്‌മദ്‌ നടന്നു. ലയ്യിന തോളില്‍ പിടിച്ചു കുലുക്കിയപ്പോഴാണ്‌ അഭിഭാഷകന്റെ ഓഫീസിനു മുമ്പിലെത്തിയത്‌ അവര്‍ അറിഞ്ഞത്‌. മകളുടെ കയ്യില്‍ തൂങ്ങിക്കൊണ്ട്‌ അവര്‍ കോണിപ്പടികള്‍ കയറി. ഒരുപാട്‌ പടികള്‍ ഉണ്ട്‌. എണ്ണിനോക്കാന്‍ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. ക്ഷീണം തോന്നി അവര്‍ നിന്നു. ശ്വാസം നേരേയാക്കി. ദേഷ്യം കൊണ്ട്‌ അവരുടെ നാവില്‍ നിന്നും ചീത്ത വാക്കുകള്‍ പുറപ്പെട്ടു. ``ഹറാം പിറന്നവര്‍, ശപ്‌തര്‍. നശിച്ചു പോകട്ടെ എല്ലാവരും. കരന്റും വെള്ളവും കട്ടുചെയ്‌തു. പുതിയ നികുതികള്‍ ചുമത്തി. ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനും വിലക്ക്‌.. നിത്യവും കര്‍ഫ്യൂ. ബന്ദ്‌. ഞങ്ങളെ തീര്‍ത്തും നശിപ്പിച്ചേ അവരടങ്ങൂ. നമ്മെ യാതൊന്നും ചിന്തിക്കാനും, യാതൊന്നും പ്രവര്‍ത്തിക്കാനും പറ്റാത്ത പരുവത്തിലാക്കാനാണ്‌ അവരാഗ്രഹിക്കുന്നത്‌.''
``ഉമ്മാ, എവിടേക്കാണ്‌ പോകുന്നത്‌? ഇതാണ്‌ അഡ്വക്കറ്റ്‌ നസ്രി അബൂസിയാദിന്റെ ഓഫീസ്‌!'' ഉമ്മു അഹ്‌മദ്‌ ഓഫീസിലേക്ക്‌ കയറി. ചെറിയൊരു ഹാളാണ്‌ ആദ്യം. അവിടെ പലതരം പൂച്ചട്ടികള്‍ വെച്ചിട്ടുണ്ടായിരുന്നു. പൂക്കള്‍ കണ്ടപ്പോള്‍ അവരുടെ മനസ്സില്‍ പ്രതീക്ഷകള്‍ ഉണര്‍ന്നു. കാണാതായ മകനെ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന്‌ അവരുടെ മനസ്സ്‌ പറഞ്ഞു.
``ഉമ്മാ ഈ അഡ്വക്കറ്റ്‌ ഒരു ദേശാഭിമാന കവി കൂടിയാണ്‌.`` അവളുടെ വാക്കുകള്‍ കേള്‍ക്കാത്ത പോലെ അവര്‍ പറഞ്ഞു.
``മോളെ, ഇപ്പോള്‍ നമ്മുടെ ഊഴമാണ്‌. അകത്തേക്ക്‌ പോകാം.''
രണ്ടു പേരും റൂമിലേക്ക്‌ കയറി. അവരുടെ മുന്നില്‍ അന്തസ്സും ഗൗരവവും സ്‌ഫുരിക്കുന്ന ഒരു മുഖം. .നേര്‍ത്തൊരു പുഞ്ചിരി അയാളുടെ ചുണ്ടുകളില്‍ തിങ്ങിനിന്നിരുന്നു. അറിവിന്റെയും ബുദ്ധിയുടെയും ലക്ഷണങ്ങള്‍ ആ മുഖത്ത്‌ തെളിഞ്ഞു കാണപ്പെട്ടു.
``ഇരിക്കൂ... എന്തുണ്ട്‌ വിശേഷം?''
`` അയല്‍വാസി അബുല്‍ഫാരിസ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ വന്നത്‌.''
``അദ്ദേഹം എന്നോട്‌ പറഞ്ഞിരുന്നു, എങ്കിലും നിങ്ങളില്‍ നിന്ന്‌ നേരിട്ട്‌ തന്നെ എനിക്ക്‌ എല്ലാ കാര്യങ്ങളും കേള്‍ക്കണം!''
``കഴിഞ്ഞ ആഴ്‌ചയാണ്‌ മകന്‍ ഈസയെ അവര്‍ പിടിച്ചു കൊണ്ടു പോയത്‌. ഇത്‌ വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അവന്‍ എവിടെയാണ്‌, ഏത്‌ ജയിലിലാണ്‌, എന്താണവന്റെ അവസ്ഥ എന്നൊന്നും.''
``നിങ്ങള്‍ സമാധാനമായിരിക്കൂ. ഈസയെ കുറിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സാധ്യമാവുന്ന എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. പുറത്ത്‌ എന്റെ സെക്രട്ടറി അബൂ ദകിയ്യ്‌ ഇരിപ്പുണ്ട്‌. നിങ്ങളുടെ അഡ്രസ്സും ഫോണ്‍നമ്പറും അദ്ദേഹത്തെ ഏല്‍പ്പിക്കുക.''
``ഞങ്ങള്‍ എത്രയാണ്‌ ഫീസ്‌ നല്‍കേണ്ടത്‌?''
``അതൊക്കെ പിന്നീട്‌ ആവാം. ഈസയെ കണ്ടെത്തുകയാണ്‌ ഇപ്പോള്‍ പ്രധാനം.''
``പടച്ചോന്‍ നിങ്ങളുടെ ആയുസ്സ്‌ നീട്ടിത്തരട്ടെ.'' വക്കീല്‍ ഒന്നും മറുപടി പറഞ്ഞില്ല. ഒരു പുഞ്ചിരിയോട്‌ കൂടി ഉമ്മു അഹ്‌മദിനെ യാത്രയാക്കി. പുറത്ത്‌ മറ്റൊരു കക്ഷി കാത്തിരിക്കുന്നുണ്ടായിരുന്നു.
അവര്‍ താഴേക്കിറങ്ങി. വക്കീലിന്റെ വാക്കുകളും അദ്ദേഹത്തിന്റെ പുഞ്ചിരിയും അവരുടെ മനസ്സിന്‌ പ്രതീക്ഷയുടെ ചൂട്‌ പകര്‍ന്നു.
ഉമ്മയെ ബസ്റ്റാന്റ്‌ വരെ എത്തിച്ച ശേഷം ലയ്യിന അവരോട്‌ വിടപറഞ്ഞു. അവള്‍ക്ക്‌ പ്രഥമ ശൂശ്രൂഷാ പരിശീലനം ഉണ്ടായിരുന്നു. പുതിയ രീതിയിലും ശൈലിയിലുമുള്ള ഒരുപോരാട്ടത്തിന്‌ ചെറുപ്പക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്‌. പ്രഥമശുശ്രൂഷാ പരിശീലനവും ഈ പുതിയ പോരാട്ട ശൈലിയുടെ ഭാഗമായിരുന്നു. ഉമ്മ ലയ്യിനക്ക്‌ വേണ്ട്‌ി പ്രാര്‍ത്ഥിച്ചു: അവളുടെ സമര വികാരത്തെ അല്ലാഹു ശത്രുക്കളില്‍ നിന്നും മറച്ചു വെക്കുമാറാകട്ടെ.
അടുത്തിടെ മാത്രം ആരംഭിച്ച ഈ പോരാട്ടം മുന്നോട്ട്‌ ചെല്ലുമ്പോള്‍ എന്തെന്ത്‌ ഭയാനകരൂപമാണ്‌ കൈക്കൊള്ളുകയെന്ന്‌ ആരറിയുന്നു?
ലയ്യിന പരിശീലന കേന്ദ്രത്തിലെത്തി. കാളിങ്ങ്‌ ബെല്ല്‌ അമര്‍ത്തിയെങ്കിലും മറുപടിയുണ്ടായില്ല. വൈദ്യുതി വിഛേദിക്കപ്പെട്ട കാര്യം അപ്പോളാണ്‌ അവള്‍ക്ക്‌ ഓര്‍മ വന്നത്‌. അവള്‍ വാതില്‍ ശക്തിയായി കുലുക്കി. അകത്ത്‌ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന സഹപാഠിനികള്‍ അതു കേള്‍ക്കുമെന്ന്‌ ആശിച്ചു. എന്നാല്‍ പരിശീലനം നടക്കുന്ന ഹാള്‍ വാതിലില്‍ നിന്നും ഏറെ അകലത്തായിരുന്നു. കുറെ നേരത്തിന്‌ ശേഷം സഹപാഠിനി ഐമാന്‍ വന്ന്‌ വാതില്‍ തുറന്നു. കോണിയിറങ്ങി കുറെ ദൂരം നടന്നിട്ടാണ്‌ അവള്‍ വന്നത്‌. വൈദ്യുതി ഉണ്ടായിരുന്നുവെങ്കില്‍ റൂമില്‍ നിന്നു തന്നെ സ്വിച്ച്‌ അമര്‍ത്തി വാതില്‍ തുറക്കാന്‍ കഴിയുമായിരുന്നു.
``ലയ്യിന എന്താണ്‌ താമസിച്ചത്‌? ഞങ്ങളുടെ സമയം കൂടി നീ പാഴാക്കിക്കളഞ്ഞു. നീ എത്തിയാലേ ക്ലാസ്‌ തുടങ്ങാന്‍ പറ്റൂ എന്ന്‌ ഡോക്ടര്‍ പറഞ്ഞു. നീ ഭാഗ്യവതിയാണ്‌''
അര്‍ഥം വച്ച ഒരു പുഞ്ചിരിയോട്‌ കൂടിയാണ്‌ അവളത്‌ പറഞ്ഞത്‌. മറ്റ്‌ ചിലത്‌ കൂടി അവള്‍ ലയ്യിനയോട്‌ പറയാനാഗ്രഹിച്ചിരുന്നുവെങ്കിലും പറയാതിരിക്കലാണ്‌ നന്മയെന്നോര്‍ത്ത്‌ മൗനം പാലിച്ചു.
ലയ്യിന ക്ലാസില്‍ കയറി.
``ഞാന്‍ മനപ്പൂര്‍വം വൈകിയതല്ല. ഉമ്മയോടൊപ്പം വക്കീലിന്റെ ഓഫീസില്‍ പോകേണ്ടി വന്നു. ഈസയുടെ വിവരം അന്വേഷിക്കാന്‍. തിങ്കളാഴ്‌ച രാത്രി പത്ത്‌ മണിക്കാണ്‌ ഇസ്രാഈല്‍ പട്ടാളക്കാര്‍ വീട്ടില്‍ ഇരച്ചു കയറിയത്‌. ഈസയെ കാണിച്ചു കൊടുക്കാന്‍ അവര്‍ ബാപ്പയോട്‌ പറഞ്ഞു. ബാപ്പ ഒന്നും പറഞ്ഞില്ല. ഈസയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അദ്ദേഹം ഈസയുടെ കട്ടിലിന്‌ അരികില്‍ വന്ന്‌ പറഞ്ഞു: ``മോനെ, ഈസാ, എഴുന്നേല്‍ക്ക്‌.''
അവന്‍ ഉറക്കം നടിച്ച്‌ അവിടെ തന്നെ കിടന്നു. പക്ഷേ അതുകൊണ്ട്‌ കാര്യമുണ്ടായില്ല. പട്ടാളക്കാര്‍ അപ്പോഴേക്കും അവന്റെ അടുത്ത്‌ എത്തിക്കഴിഞ്ഞിരുന്നു. വസ്‌ത്രം മാറാന്‍ അവര്‍ കല്‍പിച്ചു. ഈസ വസ്‌ത്രം മാറി. പട്ടാളക്കാരോട്‌ സംസാരിക്കാന്‍ ഞാന്‍ പല തവണ ശ്രമിച്ചു. അപ്പോഴെല്ലാം കൈകള്‍കൊണ്ട്‌ ആംഗ്യം കാണിച്ച്‌ ബാപ്പ തടഞ്ഞു. പട്ടാള ഓഫീസര്‍ വൃത്തികെട്ട കണ്ണുകൊണ്ട്‌ എന്നെ നോക്കിയ ശേഷം ഈസയെ താടിപിടിച്ചു വലിച്ചുകൊണ്ട്‌ പുറത്തിറങ്ങി.
മൂന്ന്‌ ഓഫീസര്‍മാരാണ്‌ ഉണ്ടായിരുന്നത്‌. രണ്ടു പോലീസുകാരും. ഒരാള്‍ സിവില്‍ ഡ്രസ്സിലായിരുന്നു. അയാള്‍ തന്റെ രൂപം ഞങ്ങളില്‍ നിന്ന്‌ മറച്ചു പിടിക്കാന്‍ ശ്രമിച്ചു. ഈസയെ കൂടാതെ അഞ്ച്‌ ചെറുപ്പക്കാരെ കൂടി അവര്‍ പിടികൂടിയിരുന്നു. ഒരാളുടെ മൂക്കില്‍ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. വസ്‌ത്രം രക്തം പുരണ്ട്‌ ചുവന്നിരുന്നു. മറ്റൊരുത്തനെ ഷ്യൂസ്‌ ഊരി മൃഗീയമായി ഭേദിക്കുന്നത്‌ കണ്ടു. എല്ലാവര്‍ക്കും നല്ല മര്‍ദ്ദനം ഏറ്റതിന്റെ ലക്ഷണങ്ങളുണ്ട്‌. ഈസയെ പിടിച്ചു കൊണ്ടു പോയ ശേഷം ദുഃഖം കൊണ്ട്‌ തളര്‍ന്നു പോയ ഉമ്മയുടെ മനസ്സില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ജ്വലിപ്പിക്കാന്‍ എങ്ങനെയാണ്‌ വക്കീലിന്‌ സാധിച്ചതെന്നത്‌ അത്ഭുതം തന്നെ'.
ഡോക്ടര്‍ ഖാലിദ്‌ അവളുടെ വിവരണം ആദ്യാവസാനം ശ്രദ്ധയോടെ കേട്ടു.
പെണ്‍കുട്ടികള്‍ക്ക്‌ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കുക, അപ്പപ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ ക്കുറിച്ചും അനുക്ഷണം മാറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ചുറ്റുപാടുകളെക്കുറിച്ചും അവരെ ബോധവല്‍ക്കരിക്കുക- ഇതായിരുന്നു ഡോക്ടര്‍ ഖാലിദിന്റെ ഡ്യൂട്ടി. രാജ്യത്തെക്കുറിച്ചും തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിചച്ചുമൊക്കെ സ്‌ത്രീകളും ബോധവതികളായിരിക്കേണ്ടതുണ്ടല്ലോ.
ധാരാളം പെണ്‍കുട്ടികള്‍ പ്രഥമശുശ്രൂഷാ പരിശീലനത്തിന്‌ വന്നിരുന്നു. അവര്‍ക്കെല്ലാം പരിശീലനം നല്‍കുന്നത്‌ ഡോക്ടര്‍ ഖാലിദ്‌ ഒറ്റക്കാണ്‌. ഇറ്റലിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം വിവരമുള്ള ചെറുപ്പക്കാരനാണ്‌.
ഡോക്ടര്‍ ഖാലിദിന്റെ ക്ലാസ്‌ കഴിഞ്ഞു. പെണ്‍കുട്ടികള്‍ അന്നത്തെ സംഭവങ്ങളെകുറിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. പെട്ടെന്നൊരു ശബ്ദം. തെരുവിലെവിടെയോ സ്‌ഫോടനം നടന്നിരിക്കുന്നു. പോലീസും പട്ടാളവും ഇപ്പോള്‍ കുതിച്ചെത്തുമെന്നുറപ്പാണ്‌. വീടുകളില്‍ റെയ്‌ഡ്‌ നടക്കും. റോഡുകള്‍ ബന്ദാകും. ``എല്ലാവരും ഉടനെ വീടുകളിലേക്ക്‌ പോവുക.'' ആരോ വിളിച്ചു പറഞ്ഞു. പെണ്‍കുട്ടികള്‍ ധൃതിപിടിച്ച്‌ പുറത്തിറങ്ങി. ലയ്യിന അല്‍പനേരം കൊണ്ട്‌ വീട്ടിലെത്തി. ഉമ്മ അവളെത്തേടി വഴിയില്‍ എത്തിയിരുന്നു. അവരുടെ മുഖത്ത്‌ ദേഷ്യം കലര്‍ന്ന പരിഭവം കണ്ട്‌ ലയ്യിന പറഞ്ഞു:
``ഞാന്‍ ചെറിയ കുട്ടിയാണോ ഉമ്മാ? എല്ലാ ഉമ്മമാരും നിങ്ങളെപ്പോലെ ഇങ്ങനെ ബേജാറായാല്‍ എങ്ങനെയാണ്‌ സ്വാതന്ത്ര്യം കൈവരിക്കാനാവുക? ഓരോ കാര്യത്തിനും അതിന്റെ വിലയുണ്ട്‌. നമ്മുടെ ഈ മണ്ണിനുമുണ്ട്‌ ഒരു വില. അതിന്റെ വില നമ്മള്‍ തന്നെ കൊടുക്കണം. നമ്മുടെ രക്തം കൊണ്ട്‌ തന്നെ അത്‌ ഒടുക്കണം. ഏറ്റവും വലിയ എന്റെ ആഗ്രഹം രക്തസാക്ഷികളുടെ സംഘത്തില്‍ ചേരണമെന്നാണ്‌ .''
ഉമ്മ മൗനം ദീക്ഷിച്ചു. ഒരു വശത്ത്‌ മകളോടുള്ള സ്‌നേഹം. മറുവശത്ത്‌ സ്വന്തം നാടിന്റെ വിളി. അവക്കിടയില്‍ അവരുടെ മനസ്സ്‌ ആന്തോളനം ചെയ്‌തു. ലയ്യിനയുടെ പിതാവ്‌ കിതച്ചുകൊണ്ട്‌ വാതില്‍ തള്ളിത്തുറന്ന്‌ അകത്തേക്ക്‌ കയറി. ``ഉപ്പാ എന്താണുണ്ടായത്‌. എന്താണ്‌ വല്ലാതെ ഭയപ്പെട്ടിരിക്കുന്നത്‌? എന്താ ഒന്നും മിണ്ടാത്തത്‌? ''
``ആരോ പട്ടാളത്തിന്റെ പട്രോളിങ്ങ്‌ വാഹനത്തിന്‌ നേരെ ബോബെറിഞ്ഞു. ബോംബ്‌ പൊട്ടിത്തെറിച്ചു. പട്ടാളക്കാരില്‍ ആരും രക്ഷപ്പെട്ടില്ല. സൈന്യം എല്ലാ സ്ഥലവും വളഞ്ഞിരിക്കുകയാണ്‌.''
``ഉപ്പാ ഞാന്‍ പോവുകയാണ്‌''
``എവിടെ?''
``കൂട്ടുകാരികള്‍ക്കൊപ്പം ചെറുപ്പക്കാര്‍ക്ക്‌ വെള്ളവും ഭക്ഷണവും കമ്പിളിയും ശേഖരിക്കാന്‍. മലമുകളിലെ ഗുഹകളില്‍ നമ്മുടെ പോരാളികളായ ചെറുപ്പക്കാര്‍ അഭയം തേടിയിട്ടുണ്ടാവും.''
``പോയ്‌ക്കോളൂ അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ. സൂക്ഷിക്കണം കേട്ടോ. പട്ടാളക്കാരുടെ കണ്ണില്‍ പെടരുത്‌. ഈസാ എവിടെയാണെന്ന്‌ ഇതുവരെയും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ഓര്‍ക്കണം.''
``ഉപ്പ വിഷമിക്കണ്ട. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചാണ്‌ ഞാന്‍ പോകുന്നത്‌. എനിക്ക്‌ വേണ്ടി പ്രാര്‍ഥിക്കുക. അസ്സലാമു അലൈക്കും''
ബാപ്പ ഒന്നും മിണ്ടിയില്ല. ഉമ്മയും ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ലയ്യിന ഒളിച്ചും പാത്തും നഗരത്തിനു പുറത്തെത്തി. മറ്റു പെണ്‍കുട്ടികളോടൊപ്പം ഭക്ഷണവും വസ്‌ത്രവും ശേഖരിക്കാന്‍ തുടങ്ങി.
``ഈ ഭക്ഷണവും വസ്‌ത്രങ്ങളും ഏതെങ്കിലും വിധത്തില്‍ പോരാളികള്‍ക്ക്‌ എത്തിക്കണം. അടിച്ചമര്‍ത്തല്‍ എത്രകാലം തുടരുമെന്ന്‌ അറിയില്ല. നമ്മുടെ ചെറുപ്പക്കാര്‍ വിഷപ്പും ദാഹവും സഹിക്കാന്‍ ഇടയാവരുത്‌. പന്ത്രണ്ട്‌ പട്ടാളക്കാരാണ്‌ ഇത്തവണ മരിച്ചത്‌. ശത്രുക്കളില്‍ പ്രതികാരാഗ്നി കത്തിജ്വലിക്കുന്നുണ്ടാവും.''
വഴിക്കുവെച്ച്‌ ലയ്യിനയുടെ സഹോദരന്‍ മുഹമ്മദിനെ അവര്‍ കണ്ടുമുട്ടി. അവന്റെ കൂടെ അവന്റെ ഏതാനും സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ ശേഖരിച്ച ഭക്ഷണവും വസ്‌ത്രങ്ങളും അവര്‍ ഏറ്റുവാങ്ങി. അവ പോരാളികള്‍ക്ക്‌ എത്തിച്ചുകൊടുക്കുന്ന ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റെടുത്തു. ലയ്യിന വീട്ടിലേക്ക്‌ മടങ്ങി. മറ്റു പെണ്‍കുട്ടികള്‍ അവരുടെ വീട്ടിലേക്കും.
വീട്ടിലെത്തിയ ലയ്യിന ഉമ്മ കരഞ്ഞിരിക്കുന്നതാണ്‌ കണ്ടത്‌. അത്‌ ഈസാക്ക്‌ വേണ്ടിയുള്ള കരച്ചിലായിരുന്നില്ല. മുസ്‌തഫാ എന്ന മറ്റൊരു മകനു വേണ്ടിയുള്ളതായിരുന്നു. അവന്റെ തുടയില്‍ പോലീസിന്റെ ബുള്ളറ്റ്‌ തുളഞ്ഞിറങ്ങിയിരുന്നു. പോലീസ്‌ അവനെ ഓടിച്ചു വെടിവെക്കുകയായിരുന്നു.
``നീ പുറത്ത്‌ പോയ സമയത്ത്‌ അവരെല്ലാവരും കൂടി മുസ്‌തഫയെ താങ്ങിയെടുത്ത്‌ കൊണ്ടുവന്നു. രക്തം നില്‍ക്കാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌.''
``ഡോക്ടറെ വിളിച്ചില്ലേ ഉമ്മാ?''
``എങ്ങനെയാണ്‌ ഡോക്ടറെ വിളിക്കുക? പുറത്ത്‌ അടിച്ചമര്‍ത്തല്‍ തുടരുകയാണ്‌. നമ്മുടെ അടുത്തുള്ള ഡോക്ടര്‍ മുഖ്‌താറും വീട്ടിലില്ല. ബോംബു പൊട്ടിയ ഉടനെ പട്ടാളക്കാര്‍ വന്ന്‌ അദ്ദേഹത്തെ കൂട്ടിക്കൊണ്ട്‌ പോയി.''
ലയ്യിന ചിന്താകുഴപ്പത്തിലായി. എന്ത്‌ ചെയ്യും? സഹോദരന്റെ രക്തം വാര്‍ന്നുകൊണ്ടിരിക്കുകയാണ്‌. അത്‌ നോക്കാന്‍ പോലും അവള്‍ക്ക്‌ ആവതില്ല. ഒരുപാട്‌ രക്തം പോയിട്ടുണ്ടാവും. ദൂരെ എവിടെയെങ്കിലും പോയി ഡോക്ടറെ വിളിച്ചു കൊണ്ടുവരാനും പറ്റുകയില്ല. പെട്ടെന്ന്‌ എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ അവള്‍ ഉമ്മയോട്‌ പറഞ്ഞു.
``ഉമ്മാ ഉടനെ കുറച്ച്‌ വെള്ളം ചൂടാക്കിത്തരൂ.'' ഉമ്മ വെള്ളം ചൂടാക്കാനായി അടുക്കളയിലേക്ക്‌ പോയി. ഉമ്മ ചൂടുവെള്ളവുമായി വന്നപ്പോള്‍ അവിടെ കൂടി നിന്നിരുന്നവരോടെല്ലാം തിരിച്ചു പോകാന്‍ ലയ്യിന അഭ്യര്‍ത്ഥിച്ചു. മുസ്‌തഫക്ക്‌ പരിക്കേറ്റ വിവരം പുറത്താരും അറിയരുതെന്ന്‌ അവരെ പ്രത്യേകം ഉണര്‍ത്തുകയും ചെയ്‌തു. പിന്നെ അവള്‍ മുസ്‌തഫയെ താങ്ങി കട്ടിലില്‍ കിടത്തി. അവന്റെ രക്തം പുരണ്ട വസ്‌ത്രം എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കാന്‍ അനിയത്തി നാദിയയോട്‌ ആവശ്യപ്പെട്ടു. പട്ടാളക്കാര്‍ കടന്നു വന്നാല്‍ മുസ്‌തഫക്ക്‌ പരിക്കേറ്റ വിവരം അവര്‍ മനസ്സിലാക്കരുത്‌.
``നാദിയാ, ഞാന്‍ മുസ്‌തഫയുടെ ശരീരത്തില്‍ നിന്ന്‌ വെടിയുണ്ട പുറത്തെടുക്കുകയാണ്‌. നീ എന്നെ സഹായിക്കണം. തലയിണകൊണ്ട്‌ മുസ്‌തഫയുടെ മുഖം അമര്‍ത്തിപ്പിടിക്കണം. വേദനകൊണ്ട്‌ നിലവിളിച്ചാലും ശബ്ദം പുറത്തേക്ക്‌ വരാന്‍ പാടില്ല.'' നാദിയക്ക്‌ നിര്‍ദ്ദേശം കൊടുത്ത്‌ അവള്‍ ബാഗ്‌ തുറന്നു.
ഇന്‍തിഫാദ തുടങ്ങുന്നതിന്‌ മുമ്പ്‌ ആ ബേഗില്‍ ചോക്ലേറ്റും സുഗന്ധദ്രവ്യങ്ങളും തരാതരം മേക്കപ്പ്‌ സാമഗ്രികളുമാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ അവ നിറയെ മുറിവുകള്‍ കെട്ടാനും ബോധം കെടുത്താനും മുറിവുണക്കാനുമൊക്കെയുള്ള വിവിധതരം ഉപകരണങ്ങളും മരുന്നുകളുമാണ്‌.
അവള്‍ ഇതിന്‌ മുമ്പും പരിക്കു പറ്റിയവരെ ചികിത്സിച്ചിട്ടുണ്ട്‌. പക്ഷേ അതെല്ലാം ഡോക്ടര്‍ ഖാലിദിന്റെ മേല്‍നോട്ടത്തിലും കൂട്ടുകാരികളുടെ സഹായത്തോട്‌ കൂടിയുമായിരുന്നു. ഇന്ന്‌ ആദ്യമായാണവള്‍ ഒറ്റക്ക്‌ നഴ്‌സിങ്ങ്‌ നടത്തുന്നത്‌. അതും സ്വന്തം ഉടപ്പിറപ്പിന്റെ ശരീരത്തില്‍ നിന്ന്‌ വെടിയുണ്ട പുറത്തെടുക്കുക എന്ന സാഹസകൃത്യം.
മുറിയില്‍ ഇരുട്ടായിരുന്നു. വേദനകൊണ്ട്‌ ഏതാണ്ടൊരു അബോധാവസ്ഥയിലായിരുന്നു മുസ്‌തഫ. ചോര വാര്‍ന്ന്‌ വിളറിയ അവന്റെ ശരീരത്തിലേക്ക്‌ കത്തിയിറക്കിയപ്പോള്‍ അവളുടെ കൈകളൊന്ന്‌ വിറച്ചു. എങ്കിലും മനസ്സാന്നിധ്യം നഷ്ടപ്പെടാന്‍ അനുവദിക്കാതെ അവള്‍ തന്റെ കൃത്യം നിര്‍വ്വഹിച്ചു. ഉപ്പയും ഉമ്മയും നാദിയയുമല്ലാം ശ്വാസം അടക്കിപ്പിടിച്ച്‌ നില്‍ക്കുകയാണ്‌. ഭയവും ദുഃഖവും അവരെ തളര്‍ത്തിയിരുന്നു. ശസ്‌ത്രക്രിയയുടെ വിജയത്തിനായി അവര്‍ നിശബ്ദം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
``അല്‍ഹംദുലില്ലാഹ്‌.'' അല്ലാഹുവിനെ സ്‌തുതിച്ചുകൊണ്ട്‌ ലയ്യിന തലയുയര്‍ത്തി. രക്തത്തില്‍ കുതിര്‍ന്ന വെടിയുണ്ട കൈവെള്ളയില്‍ വെച്ച്‌ അവള്‍ അവര്‍ക്ക്‌ കാണിച്ചു കൊടുത്തു.
``ഇനി ഭയപ്പെടാനൊന്നുമില്ല.'' അവനെ സമാധാനിപ്പിച്ച്‌ കൊണ്ട്‌ അവള്‍ പറഞ്ഞു. പിന്നെ അതിവേഗം മരുന്ന്‌ പുരട്ടി മുറിവ്‌ വെച്ചു കെട്ടി. എല്ലാവരും ആശ്വാസത്തില്‍ നെടുവീര്‍പ്പിട്ടു. ശസ്‌ത്രക്രിയയുടെ വിജയത്തിന്‌ അവര്‍ അല്ലാഹുവിന്‌ നന്ദി പറഞ്ഞു.
പക്ഷേ, ആ സന്തോഷം ഏറെ നേരം നീണ്ടു നിന്നില്ല. ഒരു പറ്റം പട്ടാളക്കാര്‍ വീട്ടിലേക്ക്‌ ഇരച്ചു കയറി. പരിക്കേറ്റ ചെറുപ്പക്കാരനെ അന്വേഷിച്ചു വന്നവരാണവര്‍. പക്ഷേ, രക്തക്കറ പുരണ്ട വസ്‌ത്രങ്ങളൊന്നും വീട്ടില്‍ നിന്ന്‌ അവര്‍ക്ക്‌ ലഭിച്ചില്ല.
``ആരാണ്‌ പട്ടാളക്കാര്‍ക്ക്‌ നേരെ ബോംബെറിഞ്ഞത്‌?'' അവര്‍ ആക്രോശിച്ചു.
``ഞങ്ങള്‍ക്കറിയില്ല.'' ലയ്യിന ധൈര്യം വിടാതെ പറഞ്ഞു.
``അല്‍പം വെള്ളം തരൂ... കുടിക്കാന്‍'' പട്ടാളക്കാരിലൊരാള്‍ ലയ്യിനയോട്‌ കല്‍പിച്ചു.
``ലയ്യിന നിന്ന സ്ഥലത്തു നിന്ന്‌ അനങ്ങിയില്ല. ''
``കൊടുക്കൂ മോളേ.'' ഉമ്മ വിറയാര്‍ന്ന സ്വരത്തില്‍ അപേക്ഷിച്ചു. ലയ്യിന അകത്തു പോയി ഒരു ഗ്ലാസ്‌ വെള്ളവുമായി വന്നു. എന്നാല്‍ പട്ടാളക്കാരന്‍ ഗ്ലാസ്‌ പിടിക്കുന്നതിനു മുമ്പേ അവളത്‌ തറയിലിട്ടു.
``തന്നെപ്പോലുള്ള പട്ടാളക്കാരെക്കാള്‍ ഈ വെള്ളം കുടിക്കാന്‍ ഞങ്ങളുടെ മണ്ണിനാണ്‌ അവകാശം.'' അവളുടെ സ്വരത്തില്‍ പുഛവും അമര്‍ഷവും നിറഞ്ഞിരുന്നു.
പട്ടാളക്കാരന്‍ കോപം കൊണ്ട്‌ ജ്വലിച്ചു. അയാള്‍ തോക്കുയര്‍ത്തി ലയ്യിനയുടെ നെഞ്ചിന്‌ ഒരിടി കൊടുത്തു. അവള്‍ മറിഞ്ഞു വീണു. പെട്ടെന്നു തന്നെ ചാടിയെഴുന്നേറ്റ്‌ അവള്‍ പട്ടാളക്കാരന്റെ മുഖത്തേക്ക്‌ ആഞ്ഞു തുപ്പി. ആ അപമാനം പട്ടാളക്കാരന്‌ സഹിക്കാനായില്ല. അയാള്‍ തോക്കിന്റെ കാഞ്ചി വലിച്ചു. വെടിയുണ്ട ലയ്യിനയുടെ നെഞ്ചു തുളച്ച്‌ പുറത്തു കടന്നു. അവള്‍ ഉമ്മയുടെ മാറിലേക്ക്‌ മറിഞ്ഞു വീണു. തൊട്ടുമുമ്പ്‌ ഗ്ലാസിലെ വെള്ളം വീണ്‌ നനഞ്ഞ തറയില്‍ അവളുടെ രക്തം തളം കെട്ടി നിന്നു.
പട്ടാളക്കാരെല്ലാം തിരിച്ചു പോയി. മുഖം മൂടി ധരിച്ച പോരാളികളുടെ ഒരു സംഘം അവിടേക്ക്‌ കയറി വന്നു. അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ബാനറില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. ``ലയ്യിന, സ്വര്‍ഗത്തിലേക്ക്‌ നിന്റെ പിറകിലായി ഞങ്ങളും വരുകയാണ്‌.''
അടുത്ത ദിവസം ഒരയല്‍ക്കാരന്‍ വന്നു വക്കീലിന്റെ ഫോണ്‍ കാള്‍ ഉണ്ടെന്നു പറഞ്ഞു. അതുകേട്ട ഉടനെ ഉമ്മ ചെന്ന്‌ ഫോണെടുത്തു. ``ഈസാ മൂന്നാം നമ്പര്‍ ജയിലിലുണ്ട്‌. ഒരു കൊല്ലത്തെ ശിക്ഷയാണ്‌. വീട്ടുകാര്‍ക്കെല്ലാം അവന്‍ സലാം പറഞ്ഞിട്ടുണ്ട്‌. ബാപ്പാക്കും ഉമ്മാക്കും എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും, പ്രത്യേകിച്ച്‌ ലയ്യിനക്കും.''
ഉമ്മു അഹ്‌മദ്‌ മറുപടി ഒന്നും പറഞ്ഞില്ല. ലയ്യിനയെക്കുറിച്ചും അവര്‍ ഒന്നും പറയുകയുണ്ടായില്ല. അവര്‍ തിരിച്ചു വന്ന്‌ ലയ്യിനയുടെ രക്തം തളംകെട്ടി നിന്നിരുന്ന സ്ഥലത്തെത്തി. അവിടെ മുന്തിരി വള്ളികള്‍ക്ക്‌ ചുറ്റുമായി ഇന്നലെ രക്തം തളം കെട്ടി നിന്ന സ്ഥലത്ത്‌ ചുവന്ന പൂക്കള്‍ വിരിഞ്ഞു നിന്നിരുന്നു. ലയ്യിനയുടെ രക്തമാണ്‌ ആ പൂക്കളില്‍ പടര്‍ന്നതെന്ന്‌ അവര്‍ക്ക്‌ തോന്നി.
ഇന്ന്‌ വീണ്ടും പ്രഥമശൂശ്രൂഷാ പരിശീലനമുണ്ടായിരുന്നു. ലയ്യിന ഒഴികെ എല്ലാവരും പരിശീലനത്തിന്‌ എത്തിയിരുന്നു. പെണ്‍കുട്ടികള്‍ ഡോക്ടര്‍ ഖാലിദിനോട്‌ ചോദിച്ചു: ``ഡോക്ടര്‍... ക്ലാസ്‌ തുടങ്ങുകയല്ലേ?''
``എല്ലാവരും എത്തിയോ?'' ഡോക്ടര്‍ ചോദിച്ചു.
അയാള്‍ രജിസ്റ്റര്‍ തുറന്ന്‌ പേരുകള്‍ വിളിക്കാന്‍ തുടങ്ങി. ഐമാന്‍, വഫാ, മൈസൂന്‍... എല്ലാവരും ഹാജര്‍ പറഞ്ഞു. ലയ്യിന ഒഴികെ....
ഡോക്ടറുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. കര്‍ച്ചീഫ്‌ എടുത്ത്‌ കണ്ണുകള്‍ തുടച്ച ശേഷം അദ്ദേഹം പറഞ്ഞു:
``ശരി.. തുടങ്ങാം.''
വിവ: ഹഫ്‌സ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top