നൊബേല്‍ കിരീടം ചൂടിയ മഹിളകള്‍

വി.പി.എ അസീസ്‌ / സദറുദ്ദീന്‍ No image

കലുഷമായ ലോകത്തെ മാറ്റിപ്പണിയുന്നതില്‍ സ്‌ത്രീകള്‍ വഹിക്കുന്ന പങ്ക്‌ ആഗോള സമൂഹത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ മൂന്നു സ്‌ത്രീകള്‍ക്ക്‌ നല്‍കിക്കൊണ്ട്‌ അടിച്ചമര്‍ത്തപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രതീക്ഷയോടെ മുന്നേറാനുള്ള പ്രചോദനവും ആവേശവും നല്‍കിയിരിക്കുകയാണ്‌ നൊബേല്‍ പുരസ്‌കാര സമിതി.
അലി അബ്‌ദുല്ലാ എന്ന ഏകാധിപതിയുടെ അടിച്ചമര്‍ത്തലിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച്‌ സമരപാതയില്‍ മുന്നേറുന്ന യമനിലെ മാധ്യമ പ്രവര്‍ത്തകയും ഇസ്‌ലാമിസ്റ്റ്‌ സംഘടനയുടെ അമരക്കാരിയുമായ തവക്കുല്‍ കര്‍മാന്‍, ലൈബീരിയയില്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച്‌ സമാധാനം സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ച അലന്‍ ജോണ്‍സണ്‍ സര്‍ലീഫ്‌(72) അതേ നാട്ടുകാരിയായ ലൈമ ബോവി(39) എന്നീ മൂന്ന്‌ സ്‌ത്രീകളാണ്‌ നൊബേലിലൂടെ സമാദരിക്കപ്പെട്ടത്‌.
നൊബേല്‍ പുരസ്‌കാരം അറബ്‌ രാഷ്‌ട്രങ്ങളെ പതിവായി തഴയുന്നത്‌ പോലെ ആഫ്രിക്കന്‍ രാജ്യങ്ങളെയും മിക്കപ്പോഴും മാറ്റി നിര്‍ത്തുന്നു. ഇത്തവണ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലെ രണ്ട്‌ വനിതകള്‍ക്ക്‌ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട്‌ അവാര്‍ഡ്‌ സമിതി പ്രായശ്ചിത്തം ചെയ്‌തിരിക്കുന്നു. നിലവിലെ ലൈബീരിയന്‍ പ്രസിഡന്റായ ഹെലന്‍ ജോണ്‍സണ്‍ സര്‍ലീഫ്‌ ആണ്‌ അവരിലൊരാള്‍. ലൈബീരിയയിലെ ആദ്യ വനിതാ പ്രസിഡന്റാണവര്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുമ്പൊന്നും ഒരു വനിത പ്രസിഡന്റ്‌ പദവിയില്‍ അവരോധിക്കപ്പെട്ടിട്ടില്ല എന്ന ചരിത്രയാഥാര്‍ഥ്യം ഇവിടെ ഓര്‍മിക്കുക. 2005ലെ ഇലക്ഷനിലാണ്‌ എലന്‍ രാഷ്ട സാരഥിയായി തെരഞ്ഞെടുക്കപ്പെട്ടത്‌.
15വര്‍ഷക്കാലം ലൈബീരിയ ആഭ്യന്തര സംഘട്ടനത്തിന്റെ പിടിയിലായിരുന്നു. ചാള്‍സ്‌ ടെയ്‌ലര്‍ എന്ന യുദ്ധപ്രഭുവിന്റെ നേതൃത്വത്തില്‍ സൈന്യവും കൂലിപ്പട്ടാളക്കാരും ചേര്‍ന്ന്‌ അഴിച്ചുവിട്ട അക്രമ പേക്കൂത്തുകളില്‍ രാജ്യം മൃതപ്രായമായി. ശത്രുക്കളുടെ ഹൃദയങ്ങള്‍ കടിച്ചുകീറിയ ടെയ്‌ലറുടെ പട്ടാളം 1997ല്‍ അയാളെ പ്രസിഡന്റായി വാഴിക്കുകയും ചെയ്‌തു. 1997ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ്‌ ടെയ്‌ലര്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചത്‌. ഈ അങ്കത്തില്‍ മറുപക്ഷത്ത്‌ സ്ഥാനാര്‍ഥിയായി എലന്‍ ജോണ്‍സണ്‍ അഹിംസാ മന്ത്രവുമായി ധീരയായി നിലയുറപ്പിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അതികായനായ ചാള്‍സ്‌ ടെയ്‌ലറെ വെല്ലുവിളിച്ചതിന്റെ പേരില്‍ അവരുടെ കീര്‍ത്തി ലൈബീരിയയില്‍ നിന്ന്‌ പുറംലോകത്തേക്ക്‌ വരെ പടര്‍ന്നു. ജനങ്ങള്‍ അവര്‍ക്ക്‌ `ഉരുക്കുവനിത' എന്ന പേര്‌ നല്‍കി. എലനെ 2005ലെ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി അധികാരത്തിലേറി. ജനങ്ങള്‍ വന്‍ ഭൂരിപക്ഷം നല്‍കി അധികാരത്തില്‍ അവരോധിച്ചു. രണ്ടു വര്‍ഷം മുമ്പ്‌ തന്നെ ടെയ്‌ലര്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരുന്നു.
സമാധാന പോരാളിയായ എലന്‍ പ്രസിഡന്റായതോടെ രാജ്യത്ത്‌ നിരവധി സാമൂഹിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി. മന്ത്രിസഭയില്‍ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‍കി. മണ്‍റോവിയ നഗരത്തില്‍ 1938ലാണ്‌ അവരുടെ ജനനം. 19961ല്‍ അമേരിക്കയില്‍ പോയി സാമ്പത്തിക ശാസ്‌ത്രത്തില്‍ ഉപരി പഠനം നടത്തി. തുടര്‍ന്ന്‌ ലോക ബാങ്ക്‌, സിറ്റി ബാങ്ക്‌ യു.എന്‍ വികസന സമിതി എന്നിവക്ക്‌ കീഴില്‍ സേവനം ചെയ്‌തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ്‌ 1970-80 കാലയളവില്‍ ലൈബീരിയയില്‍ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു.
ലൈബീരിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും സ്‌ത്രീപീഡനങ്ങളും അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു പ്രബല വനിത യാണ്‌ ലെയ്‌മാ ബോവി എന്ന 39കാരി. നൊബേല്‍ പുരസ്‌കാര വാര്‍ത്ത ന്യൂയോര്‍ക്ക്‌ സന്ദര്‍ശനവേളയിലാണ്‌ അവരെത്തേടിയെത്തിയത്‌. തീരെ പ്രതീക്ഷിക്കാത്ത ആ വാര്‍ത്ത കേട്ട്‌ താന്‍ നടുങ്ങിപ്പോയി എന്നായിരുന്നു ബോവി യുടെ ആദ്യ പ്രതികരണം.
ആഭ്യന്തര യുദ്ധകാലത്ത്‌ കൂലിപ്പട്ടാ ളവും യുദ്ധപ്രഭുക്കളും കൂത്താടുന്ന തിനിടയില്‍ നിരവധി സ്‌ത്രീകള്‍ ലൈബീരിയയില്‍ അപമാനിക്കപ്പെടുക യുണ്ടായി. സ്‌ത്രീകളുടെ മാനം കാക്കാന്‍ അവര്‍ വനിതകളെ അണിനിരത്തി തെരുവ്‌ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ആത്മാഭിമാനം വീണ്ടെടുത്ത്‌ ബോവി സ്‌ത്രീകളെ ശാക്തീകരിച്ചു. ആഭ്യന്തര യുദ്ധത്തിന്‌ അറുതി വന്നശേഷവും കര്‍മനിരതയായി. തെരഞ്ഞെടുപ്പു രീതികള്‍ സ്‌ത്രീകളെ അഭ്യസിപ്പി ക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കു വഹിച്ചു. വംശീയ വിഭാഗീയതകള്‍ക്കും മതഭേദങ്ങള്‍ക്കും അതീതമായി സ്‌ത്രീജന ങ്ങളെ സംഘടിപ്പിക്കുകയും അവരെ സമാധാനപരമായ പ്രക്ഷോഭ പാതയി ലേക്ക്‌ ആനയിക്കുകയും ചെയ്‌തുകൊ ണ്ടാണ്‌ ബോവി തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്‌. `വിമന്‍ പീസ്‌ ആന്റ്‌ സെക്യൂരിറ്റി നെറ്റ്‌വര്‍ക്ക്‌ ആഫ്രിക്ക' എന്ന സംഘടനയുടെ ഡയറക്ടറാണിപ്പോള്‍ അവര്‍. ചാള്‍സ്‌ ടെയ്‌ലര്‍ക്കുവേണ്ടി ആയുധമണിഞ്ഞ നിരവധി ബാല സൈനികരെ മുഖ്യധാരാ ജീവിതത്തിലേക്ക്‌ ആനയിക്കുകയും അവര്‍ക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കുകയും ചെയ്‌തു. ഉപവാസ സമരം, റാലി, സത്യഗ്രഹം തുടങ്ങിയ അഹിംസാ മാര്‍ഗങ്ങളിലൂടെയാണ്‌ അവര്‍ ലൈബീരി യയില്‍ അക്രമികളെയും യുദ്ധപ്രഭുക്ക ളെയും നിലക്കു നിര്‍ത്തിയത്‌. സമൂഹ ത്തിന്റെയും രാഷ്ടത്തിന്റെയും പുനര്‍ നിര്‍മാണത്തില്‍ സ്‌ത്രീകള്‍ക്കുള്ള പങ്ക്‌ പുരുഷനോളം തന്നെയുണ്ട്‌ എന്ന വസ്‌തുത പ്രായോഗികമായി സാക്ഷാത്‌ കരിച്ച ഈ വനിതകള്‍ നൊബേല്‍ പുരസ്‌കാരത്തിലൂടെ മുഴുവന്‍ ലോകത്തി ന്റെയും അംഗീകാരമാണ്‌ സ്വന്തമാക്കി യിരിക്കുന്നത്‌.
|

തവക്കുല്‍ കര്‍മാന്‍

``വിജയം വരുന്നുണ്ട്‌
യമനികളെ, അല്ലാഹു നമ്മോടൊപ്പമുണ്ട്‌
ഇത്‌ ഭരണകൂടത്തില്‍
ഇടിമുഴക്കം സൃഷ്ടിക്കും
യമനികളുടെ രക്തത്തിന്‌
പകരമാണ്‌ ഈ നൊബേല്‍ സമ്മാനം...
ആയിരം പുരുഷന്മാര്‍ക്ക്‌ സമമാണീ വനിതാ രത്‌നം
സ്വാലിഹ്‌ നിനക്ക്‌ ഇത്‌ പോരേ
യാത്ര തുടരുക,
ഭണകൂടം ഏന്തൊക്കെ ക്രൂരതകള്‍ കാണിച്ചാലും
അല്ലാഹു താങ്കളെ സംരക്ഷിക്കും
ഫലം നല്‍കുന്ന മരത്തെയാണല്ലോ കല്ലെറിയുക.
***
നൊബേലിനു പിന്നിലെ രാഷ്‌ട്രീയ താല്‍പര്യങ്ങളും സാമ്രാജ്യത്വ അജണ്‌ഡകളും എന്തുതന്നെയായാലും ഈ ലോക സമ്മാനം 2011ല്‍ ചര്‍ച്ചാവിഷയമായത്‌ തവക്കുല്‍ കര്‍മാന്‍ എന്ന യമനീവനിതാ രത്‌നത്തിലൂടെ തന്നെയാണ്‌. അറബ്‌ ലോകത്തെ പുതിയ ജനാധിപത്യ പ്രക്ഷോഭകര്‍ പൊതുവിലും യമന്‍ ജനത പ്രത്യേകിച്ചും ആഹ്ലാദഭരിതമായതിന്റെ കാരണം സമാധാനത്തിന്റെ നൊബേല്‍ സമ്മാനം തവക്കുല്‍ കര്‍മാനെ തേടിയെത്തിയതു തന്നെ. ഭരണകൂട ജിഹ്വകളൊഴികെ യമനി മാധ്യമങ്ങളും അറബ്‌ പ്രസിദ്ധീകരണങ്ങളും വാര്‍ത്തക്ക്‌ വന്‍ പ്രാധാന്യം നല്‍കി. യമന്‍ ജനത ആവേശപൂര്‍വം തെരുവിലിറങ്ങിയും ഫെയ്‌സ്‌ബുക്കിലും ട്വിറ്ററിലും ബ്ലോഗുകളിലും തവക്കുലിനെ പ്രശംസകള്‍ കൊണ്ട്‌ പൊതിയുകയാണ്‌. അതില്‍ നിന്നുളള ചില വരികളാണ്‌ തുടക്കത്തില്‍ ഉദ്ധരിച്ചത്‌.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നെങ്കിലും ആറ്‌ വര്‍ഷം മുമ്പ്‌ യമനില്‍ തവക്കുല്‍ അറിയപ്പെടുന്ന വ്യക്തിത്വമേ അയിരുന്നില്ല. അറബ്‌ ലോകത്ത്‌ മൊട്ടിട്ട മുല്ലപ്പൂ വിപ്ലവത്തിന്‌ യമനില്‍ നേതൃത്വം നല്‍കുന്നവരിലൊരാളായതോടെയാണ്‌ തവക്കുല്‍ ശ്രദ്ധിക്കപ്പെടുന്നത്‌. 2009-2010 ല്‍ 80ലേറെ റാലികളാണ്‌ യമനില്‍ തവക്കുല്‍ നയിച്ചത്‌. പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴാകട്ടെ സ്വാതന്ത്ര്യചത്വരത്തിലെ സ്ഥിരം താമസക്കാരിയായി അവര്‍. ഇപ്പോഴിതാ സമാധാനത്തിന്റെ നൊബേല്‍ തവക്കുലിനെ തേടിയെത്തിയിരിക്കുന്നു.
യൂറോപ്യന്‍ അമേരിക്കന്‍ സവര്‍ണര്‍ക്കപ്പുറമുള്ളവര്‍ക്ക്‌ ഇത്തരമൊരംഗീകാരം ലഭിക്കുകയെന്നത്‌ ഏറെയൊന്നും പരിചിതമല്ല. ആഫ്രിക്കയിലെ കറുത്തവര്‍, വെള്ളക്കാരോടൊപ്പം സമ്മാനിതരാകുന്ന കാഴ്‌ചക്ക്‌ വര്‍ണ്ണ വിവേചനത്തിന്റെ ദുരനുഭവങ്ങള്‍ മുമ്പില്‍ വെച്ച്‌ ചിന്തിക്കുമ്പോള്‍ ചില സുഖങ്ങളൊക്കെയുണ്ട്‌. മറുവശവും ചൂണ്ടിക്കാട്ടാനുണ്ടാകാം. എലന്‍ ജോണ്‍സന്‍ സര്‍ലീഫിനും ലെയ്‌മ ബോവിനും ലഭിച്ചതിനേക്കാള്‍ തിളക്കമുണ്ട്‌ തവക്കുല്‍ കര്‍മാന്‌ ലഭിച്ച `സമാധാന'ത്തിന്റെ നൊബേലിന്‌. അറബ്‌ മുസ്‌ലിം വനിത എന്നതിലേറെ പര്‍ദ്ദ ധരിച്ച ഇസ്‌ലാമിസ്റ്റാണ്‌ തവക്കുല്‍. ഇഖ്‌വാനുല്‍ മുസ്‌ലിമിന്റെ യമനി പതിപ്പായ `അത്തജമ്മു ഉല്‍യമനി അല്‍ ഇസ്‌ലാമി' ഇസ്റ്റുകള്‍ക്ക്‌ മുഖ്യധാരയില്‍ ഇടം കിട്ടുന്നതിന്റെ സൂചനയായി ഇതിനെ വായിക്കുന്നവര്‍ ധാരാളമുണ്ട്‌. അറബ്‌ വനിതകള്‍ക്ക്‌ സമൂഹനിര്‍മാണത്തില്‍ പുരുഷന്മാരെക്കാള്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയുമെന്നതിന്റെ സൂചന കൂടിയാണിത്‌. സാമൂഹിക പ്രശ്‌നങ്ങളിലും രാഷ്‌ട്രീയ രംഗത്തും വിമോചന പോരാട്ടങ്ങളിലും ഇടപെടാനുള്ള കരുത്ത്‌ മുസ്‌ലിം സ്‌ത്രീകള്‍ക്കുണ്ടെന്ന്‌ തവക്കുല്‍ കര്‍മാന്‍ തെളിയിക്കുന്നു. അറബ്‌ രാജ്യങ്ങളില്‍ മാത്രമല്ല, ലോകമെങ്ങും ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്ക്‌ എല്ലാ ആശങ്കകള്‍ക്കുമിടയില്‍ തവക്കുല്‍ കര്‍മാന്‍ വലിയ പ്രതീക്ഷ തന്നെയാണ്‌ പകരുന്നത്‌.
 




 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top