ഹറമില്‍ ഒരു നോമ്പും പെരുന്നാളും

അസ്‌മ ചൊക്ലി No image

നേരത്തെ ഉറങ്ങാന്‍ കിടക്കുന്ന സ്വഭാവമാണ്‌. ഉറക്കം വരാന്‍ തുടങ്ങിയതേയുള്ളൂ, അപ്പോഴാണ്‌ പേരമകന്റെ ഫോണ്‍. ഈ വരുന്ന റമദാനില്‍ എനിക്ക്‌ ഉംറക്ക്‌ പോകണമെന്നുണ്ട്‌, ഉമ്മാമാക്കും ആഗ്രഹമുണ്ടെന്നു പറഞ്ഞിരുന്നല്ലോ. എങ്കില്‍ ഇപ്പോഴായിരിക്കും നന്നാവുക. വിനയസ്വരത്തിലുള്ള വാക്കുകള്‍. മാനസികമായി തയ്യാറെടുപ്പില്ലാതിരുന്നതിനാല്‍ പെട്ടന്നുത്തരം പറയാന്‍ കഴിഞ്ഞില്ല. എന്റെ മറുപടി അനുകൂലമല്ലെന്ന്‌ തോന്നിയതിനാലാവാം അവന്‍ ഫോണ്‍ വെച്ചു.
പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസ്സ്‌ നാല്‍പത്‌ കൊല്ലത്തോളം പിറകോട്ട്‌ പോയി.
കല്യാണം കഴിഞ്ഞു നാലഞ്ചു വര്‍ഷമേ ആയിരുന്നുള്ളൂ. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ദീനീബോധമുള്ളവരായിരുന്നു. കൊല്ലത്തില്‍ ഒന്നിലധികം പേര്‍ കുടുംബത്തില്‍ നിന്നും ഹജ്ജിന്‌ പോകും. ഭര്‍ത്താവും പോയി വന്നതാണ്‌. ആ കൊല്ലം മൂത്തപെങ്ങളും ഭര്‍ത്താവും മകനും പോകാന്‍ ഒരുങ്ങിയിരുന്നു. കൂടെ പ്രായമുള്ള മൂത്തുമ്മാക്കും പോകണമെന്ന്‌. ഞാനും കൂടിയുണ്ടായാല്‍ ഒരു താങ്ങായിരുന്നു എന്നവര്‍. അന്നൊക്കെ ഗര്‍ഭ കാലങ്ങളിലാണ്‌ സ്‌ത്രീകള്‍ അധികവും ഹജ്ജിന്‌ പോവുക. എനിക്ക്‌ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭമായിരുന്നു. അതൊരു ചാന്‍സായി. ഇപ്പോഴത്തെ പോലെ പ്ലെയിന്‍ സര്‍വീസ്‌ അന്നില്ല. ആകാശ യാത്ര ഒരു പേടിസ്വപ്‌നം പോലെ. അങ്ങനെ ബോംബെ ഹജ്ജ്‌ കമ്മിറ്റി വഴി `സീപോര്‍ട്ടില്‍' ഞങ്ങള്‍ അപേക്ഷ അയച്ചു.
ഒരു മാസത്തിനുള്ളില്‍ പാസ്‌പോര്‍ട്ടുകള്‍ വന്നു. കുടംബത്തെ ഉമ്മയെയും സഹോദരിമാരെയും ഏല്‍പ്പിച്ചു. ഞങ്ങള്‍ ആറ്‌ പേര്‍ ട്രെയിന്‍ ഫസ്റ്റ്‌ ക്ലാസ്‌ വഴി ബോബെയിലെത്തി. കപ്പലിന്‌ ചില അറ്റകുറ്റ പണികളുണ്ടായതിനാല്‍ ഒരാഴ്‌ചയോളം ബോബെയില്‍ താമസിക്കേണ്ടി വന്നു. അതുകൊണ്ട്‌ നഗരത്തിന്റെ പല ഭാഗങ്ങളും ചുറ്റിക്കാണാന്‍ ഴിഞ്ഞു
എല്ലാം ശരിയായപ്പോള്‍ എസ്‌.എസ്‌ മുഹമ്മദി- എന്ന വലിയ കപ്പല്‍ ഞങ്ങളെയും കൊണ്ട്‌ തുറമുഖത്ത്‌ നിന്ന്‌ ജിദ്ദയിലേക്ക്‌ പുറപ്പെട്ടു.വിസിലടിച്ചു കൊണ്ട്‌ കപ്പല്‍ പുറപ്പെടുമ്പോള്‍ ``മൂത്തമ്മാ- ഞാന്‍ കരയാനിക്കേ'' എന്ന്‌ `സീപോര്‍ട്ടില്‍' ഞങ്ങളെ യാത്രക്കയക്കാന്‍ വന്ന ഇളയ പെങ്ങളുടെ ഭര്‍ത്താവ്‌ പറയുമ്പോഴുണ്ടായിരുന്ന ഭാവം ഇന്നും ഓര്‍മയിലുണ്ട്‌. അദ്ദേഹത്തിന്റെ മക്കത്തുള്ള സഹോദരിയുടെ ഭര്‍ത്താവാണ്‌ ഞങ്ങളുടെ മുത്വവ്വഫ്‌- മേലെ നിലയില്‍ ഫസ്റ്റ്‌ക്ലാസുകള്‍. ഓരോ ഫസ്റ്റ്‌ക്ലാസിലും ഈരണ്ടു ബെഡ്ഡുകള്‍- താഴെ നിരനിരയായി ഡക്കുകള്‍. അതിന്‌ ചാര്‍ജ്‌ കുറവാണ്‌.ഹജ്ജ്‌ കപ്പലായതുകൊണ്ട്‌ മറ്റുള്ള യാത്രക്കാരൊന്നുമില്ല. അധികവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. മേലെ നിന്നും വരാന്തയില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ കപ്പലിന്റെ ഒഴുക്കു കാണാം. എല്ലാ സംവിധാനങ്ങളുമുള്ള വലിയ കിച്ചണ്‍- ജമാഅത്തായി നമസ്‌ക്കരിക്കാനുള്ള വിശാലമായ ഹാള്‍- വൃത്തിയും വെടിപ്പുമുള്ള ചെറിയ ബാത്‌റൂമുകള്‍- എല്ലാം കൂടി ചെറിയൊരു ലോകം. താഴെ നീലനിറത്തിലുള്ള തിരയടിക്കുന്ന കടല്‍. മേലെ മേഘാവൃതമായി മൂടിക്കെട്ടിയ ആകാശം. അങ്ങനെ കരകാണാതെ അഞ്ച്‌ രാത്രിയും പകലും. ആറാം ദിവസം `ഏഡന്‍' എന്ന ചെറിയ ദീപ്‌ ദൂരെ നിന്ന്‌ കാണാനായി. തോണികളിലായി കച്ചവടക്കാര്‍ പലതരത്തിലുള്ള വില്‍പന ചരക്കുകളുമായി കപ്പലിന്റെ ചുറ്റും വന്നു നിന്നു. പലരും താഴെ ഇറങ്ങിവന്ന്‌ സാധനങ്ങള്‍ വാങ്ങുന്നുണ്ടായിരുന്നു. വില പറഞ്ഞുറപ്പിച്ച ശേഷം കയറില്‍ പ്ലാസ്റ്റിക്ക്‌ കൊട്ട കെട്ടി വലിച്ചെടുക്കുകയാണ്‌ പതിവ്‌. ഒന്നു രണ്ടു മണിക്കൂര്‍ കപ്പല്‍ അവിടെ നിന്നു എന്നാണോര്‍മ. പിറ്റേന്ന്‌ പുലര്‍ച്ചെ ജിദ്ദ തുറമുഖത്ത്‌ നങ്കൂരമിട്ടു.
ഓര്‍മകളില്‍ നിന്ന്‌ തിരിച്ചു വന്നപ്പോഴാണ്‌ റമദാനിലെ ഒരു ഉംറ, എന്റെ കൂടെ ഹജ്ജ്‌ ചെയ്‌ത ഫലമാണെന്ന്‌ റസൂല്‍ തിരുമേനി (സ) പറഞ്ഞ ഒരു ഹദീസ്‌ ഓര്‍മയില്‍ വന്നത്‌. പരിശുദ്ധ കഅ്‌ബാലയത്തിലെ, മദീനയിലെ ഖബറിടങ്ങളിലെ അനുഭവങ്ങള്‍ പങ്കിടാന്‍ ഒരവസരം കൂടി... കൂടെക്കൂടെ ചെറുമകന്‍ വിളിക്കുന്നു. ഒരു യെസ്‌ പറയാന്‍. ധൃതിയുള്ള എന്റെ ഇളയ മകന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ടത്രെ. പിന്നെ ഒരുക്കങ്ങളെല്ലാം പെട്ടെന്നായിരുന്നു. കോഴിക്കോട്ടുള്ള ഇസ്‌ലാഹി സര്‍വീസിന്റെ കീഴിലായിരുന്നു ഞങ്ങളുടെ യാത്ര. റമദാന്‍ അഞ്ചിന്‌ രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക്‌ പുറപ്പെട്ടു. പത്ത്‌ മണിക്ക്‌ ജിദ്ദയിലേക്കുള്ള പ്ലെയിന്‍ കയറ്റിയിട്ടു കൂടെയുള്ളവര്‍ തിരിച്ചു പോയി. ഞങ്ങള്‍ക്ക്‌ വേണ്ടി ബുക്ക്‌ ചെയ്‌ത ഹോട്ടല്‍ റൂമില്‍ കയറി അല്‍പം വിശ്രമിച്ച ശേഷം ഹറമിലേക്കു പുറപ്പെട്ടു. മുമ്പു കണ്ടതില്‍ നിന്നും എത്രയോ വ്യത്യസ്‌തമായി മനോഹരമായ പള്ളികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആ പരിശുദ്ധ ഗേഹം. സ്വര്‍ണലിപികളാല്‍ എഴുതിയ കറുത്ത തുണികൊണ്ട്‌ മൂടി ഒരു മാറ്റവുമില്ലാതെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ റബ്ബിനെ സ്‌തുതിച്ചു.
കണ്ണുകളില്‍ നിന്നും വെള്ളം ഒഴുക്കിക്കൊണ്ട്‌ കഅ്‌ബയെ ചുറ്റുന്ന പതിനായിരക്കണക്കിനാളുകളുടെ ഇടയിലൂടെ ഞങ്ങളും ത്വവാഫ്‌ ചെയ്‌തു. ഇബ്രാഹീം മഖാമിന്റെ പിന്‍ഭാഗത്തു നിന്ന്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചു. സഅ്‌യിനായി സ്വഫാ മര്‍വയുടെ മുകളിലെത്തിയപ്പോള്‍ വളരെയേറെ ത്യാഗം സഹിച്ച ഹാജറാ ബീവിയുടെ ചരിത്രം ഓര്‍മ വന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദാഹിച്ചു വലഞ്ഞ കുഞ്ഞിന്റെ ദാഹശമനത്തിനായി സഫയില്‍ നിന്നും മര്‍വയിലേക്ക്‌ ഏഴു പ്രാവശ്യം ഓടി ക്ഷീണിച്ച ഒരു മാതാവിന്റെ പ്രാര്‍ത്ഥന സ്വീകരിച്ച്‌ ലോകാവസാനം വരെ വറ്റാത്ത നീരുറവയായി ഒഴുകിയ സംസം- ആ കാല്‍പാടുകള്‍ പിന്തുടര്‍ന്ന്‌ ഓടുകയും നടക്കുകയും ചെയ്യുന്നു. ഒരു മാറ്റവുമില്ലാതെ ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. ബാങ്ക്‌ കൊടുക്കുന്നതുവരെ ഹറമില്‍ ഇരുന്നു. ഇഷ്ടം പോലെ ഈത്തപ്പഴവുമായി ഓടിനടക്കുന്ന സുഡാനി സ്‌ത്രീകള്‍. നൂറുകണക്കിന്‌ പൈപ്പുകളിലൂടെ ഒഴുകിയെത്തുന്ന ശീതീകരിച്ച സംസം. നോമ്പു തുറന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരനുഭൂതി. മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ ശേഷം റൂമിലേക്ക്‌ തിരിച്ചു പോന്നു. നോമ്പു തുറക്കാനുള്ള പത്തിരിയും കോഴിയും പഴങ്ങളുമൊക്കെ മേശമേല്‍ അടച്ചുവെച്ചിരിക്കുന്നു. ഒരാഴ്‌ച കഴിഞ്ഞു ഞങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ അമീറിനോടൊപ്പം ബസ്സ്‌ മാര്‍ഗം മദീനയിലേക്ക്‌ പോയി. റമദാനായതുകൊണ്ട്‌ റൗളാ ശരീഫില്‍ പ്രത്യേകിച്ചും കര്‍ശനമായ നിയന്ത്രണമായിരുന്നു. ദൂരെ നിന്നു സലാം പറഞ്ഞ്‌ തിരിച്ചു പോരേണ്ടി വന്നു. മദീനയില്‍ മൂന്ന്‌ ദിവസം താമസിച്ചു.
വരുന്ന വഴിയില്‍ കൂഫാ പള്ളിയില്‍ ഇറങ്ങി അവിടെ നിന്നും രണ്ടു റക്‌അത്ത്‌ നമസ്‌ക്കരിച്ചു. അടുത്തു തന്നെയുള്ള ഉഹ്‌ദിലും പോയി.
നബി (സ)യും ശത്രുക്കളും തമ്മിലുണ്ടാക്കിയ ഹുദൈബിയ സന്ധിയെപറ്റി അമീര്‍ വിവരിച്ചു തന്നു.
ഉഹ്‌ദ്‌ രക്തസാക്ഷികളുടെ ഖബറുകള്‍ കെട്ടിപ്പൊക്കാതെ അവിടവിടെയായി പാറക്കല്ലുകള്‍ കൊണ്ട്‌ അടയാളപ്പെടുത്തിയിരിക്കുന്നു. ഹിറാ ഗുഹ സ്ഥിതിചെയ്യുന്ന ജബലുന്നൂറിന്റെ അടിവാരത്തിലെത്തിയപ്പോള്‍, പരിശുദ്ധ ഖുര്‍ആന്റെ ആദ്യ വചനങ്ങള്‍ അവിടെ നിന്നും അലയടിക്കുന്നതു പോലെ തോന്നി.
അല്ലാഹുവിന്റെ കല്‍പനപ്രകാരം നബി (സ)യും, അബൂബക്കര്‍ സിദ്ദീഖും (റ) മക്കത്ത്‌ നിന്ന്‌ മദീനയിലേക്ക്‌ ഹിജ്‌റ പുറപ്പെട്ട വിവരം മണത്തറിഞ്ഞ ശത്രുക്കള്‍ പിന്‍തുടര്‍ന്നപ്പോള്‍ ഒളിച്ചു താമസിച്ച സൗര്‍ ഗുഹയുടെ അടുത്തെത്തിയപ്പോഴും വല്ലാത്തൊരനുഭവമായിരുന്നു. നോമ്പും ക്ഷീണവും കാരണം എവിടെയും കയറിയിറങ്ങാന്‍ കഴിഞ്ഞില്ല. ഇംഗ്ലീഷിലുള്ള വിവരണങ്ങളടങ്ങിയ ചെറിയ പുസ്‌തകങ്ങളും മലയുടെ ഉള്‍ഭാഗത്തെ ഫോട്ടോകളും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്‌.
അവസാനമായി വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബലുറഹ്‌മയുടെ താഴ്‌വരയിലെത്തിയപ്പോള്‍ മനസ്സ്‌ വിതുമ്പുകയായിരുന്നു. കുറച്ച്‌ നേരം അവിടെ ചെലവഴിച്ചു. മടക്കയാത്രയില്‍ അറഫയും മിനയും ചുറ്റിക്കണ്ടു. മക്കത്തെ അതിര്‍ത്തിയില്‍ കുറച്ച്‌ സ്ഥലം കാലിയായിക്കിടക്കുന്നു. ജാഹിലിയ്യാ കാലത്ത്‌ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയത്‌ അവിടെയായിരുന്നുവത്രെ.
ആയിരക്കണക്കിന്‌ റിയാല്‍ വില വന്നേക്കാവുന്ന സ്ഥലം ഇന്നും കാലിയായിക്കിടക്കുന്നു. ആ പെണ്‍കുഞ്ഞുങ്ങളുടെ ചിലമ്പിച്ച നേര്‍ത്ത കരച്ചില്‍ അവിടെ നിന്നും കേള്‍ക്കുന്നുണ്ടോ? വെറുതെ അങ്ങനെ തോന്നി. ഓരോ സ്ഥലത്തെത്തുമ്പോഴും കാര്യങ്ങള്‍ വിശദമായി പറഞ്ഞു മനസ്സിലാക്കിത്തന്ന ഞങ്ങളുടെ അമീറിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.
തിരിച്ചു മക്കത്തെത്തിയത്‌ രാത്രി ഒരു മണിക്ക.്‌ ഖിയാമുല്ലൈല്‍ പത്ത്‌ റക്‌അത്ത്‌ കഴിഞ്ഞിരിക്കുന്നു. ഇമാമിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന- വിതുമ്പിക്കൊണ്ട്‌ ആമീന്‍ പറയുന്ന ജനസമൂദ്രം.
തിക്കിലും തിരക്കിലും പെടാതിരിക്കാനായി മനുഷ്യച്ചങ്ങല തീര്‍ത്ത്‌ ജനങ്ങളെ പുറത്തേക്ക്‌ വിടുന്ന പോലീസുകാര്‍, സുരക്ഷാ ഗൈഡുകള്‍, തല്‍സമയം വൃത്തിയാക്കാന്‍ യൂണിഫോമിട്ട ആയിരക്കണക്കിന്‌ വളണ്ടിയര്‍മാര്‍, മേലെ എല്ലാം നിരീക്ഷിച്ചു പറക്കുന്ന ഹെലികോപ്‌റ്ററുകള്‍...
പെരുന്നാള്‍ രാവിലെ നമസ്‌കാരത്തിനും ഖുത്തുബക്കും ശേഷം റൂമില്‍ വന്നു മനഃശാന്തിയോടെ കുറച്ചു വിശ്രമിച്ചു. ഉച്ചഭക്ഷണം കൊണ്ടുവന്ന്‌ വാതിലില്‍ മുട്ടിയപ്പോഴാണ്‌ എഴുന്നേറ്റത്‌. റൂമിലുള്ളവര്‍ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നു. ഞങ്ങളൊരുമിച്ച്‌ ബിരിയാണിയും പായസവുമെല്ലാം കഴിച്ചു. ഒരു മാസത്തെ സുഹൃദ്‌ബന്ധം തീരാറായി- ഓരോരുത്തരും തങ്ങളില്‍ നിന്നും വല്ല അപമര്യാദയും വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന അപേക്ഷയുമായി പുണ്യ ഭൂമിയോട്‌ വിടപറയാന്‍ വേണ്ടി ഹറമിലെത്തി. ത്വവാഫ്‌ ചെയ്‌തു വിതുമ്പുന്ന മനസ്സുമായി ജീവിതത്തില്‍ ഒരിക്കല്‍ കൂടി വീണ്ടും കാണണമെന്ന പ്രാര്‍ത്ഥനയോടെ സലാം പറഞ്ഞു. പിറ്റേ ദിവസം രാവിലെ ജിദ്ദയിലേക്കുള്ള വാഹനം ഏര്‍പ്പാട്‌ ചെയ്‌തു.
രണ്ടാഴ്‌ചയോളം ബന്ധുക്കളുടെ കൂടെ ജിദ്ദയില്‍ കഴിഞ്ഞു. ഒരു രാത്രി പുറത്ത്‌ പോകാനിറങ്ങി റോഡു മുറിച്ചു കടക്കാന്‍ ഒരടി മുന്നോട്‌ വെച്ചതേ ഓര്‍മയുള്ളു... പിന്നെ ബോധം വന്നത്‌ ദുബായ്‌ അല്‍ഖാസിമി ഹോസ്‌പിറ്റലിലെ ബെഡില്‍ നിന്ന്‌. ചുറ്റും കലങ്ങിയ കണ്ണുകളുമായി ആരെല്ലാമോ. കുഞ്ഞുമോള്‍ അടുത്ത്‌ നിന്ന്‌ പറയുന്നു ``ഉപ്പൂ എന്തിനാണ്‌ ഓടിയത്‌ ഉപ്പൂനെ കാറ്‌ തട്ടിയില്ലേ'' എന്താണ്‌ സംഭവിച്ചതെന്ന്‌ പെട്ടെന്ന്‌ മനസ്സിലായില്ല. എന്തോ പറ്റിയിട്ടുണ്ട്‌. ഇടതുഭാഗം അനക്കാന്‍ കഴിയുന്നില്ല. കാല്‍മുട്ടിന്‌ മേലെ പ്ലാസ്റ്റര്‍. തോളെല്ലിന്‌ നല്ല വേദന. എനിക്കൊന്നും പറ്റിയിട്ടില്ലെന്ന്‌ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു നോക്കി- സ്‌നേഹമുള്ള ബന്ധുക്കളുടെയും മകന്റെയും ശുശ്രൂഷയില്‍ ഒരാഴ്‌ച- ഇളയ സഹോദരനുമുണ്ടവിടെ. അടുത്തിരുന്നു ഞാന്‍ കാണാതെ കരയുകയാണവന്റെ പതിവ്‌. പിന്നീടാണറിഞ്ഞത്‌ റോഡില്‍ വീണ്‌ പിടഞ്ഞ എന്നെ അവിടുത്തെ നിയമം നോക്കാതെ കാറിലെടുത്ത്‌ മടിയില്‍ കിടത്തി ആശുപത്രിയിലെത്തിച്ച മകന്റെ ആത്മധൈര്യം കൊണ്ടു മാത്രമാണ്‌ ഞാന്‍ രക്ഷപെട്ടെതെന്ന്‌. ആശുപത്രിയില്‍ നിന്നും ഡിസ്‌ചാജ്‌ ചെയ്‌തു രണ്ടു മൂന്ന്‌ ദിവസം വീല്‍ചെയറിലായിരുന്നു. അതേപോലെ എയര്‍പോര്‍ട്ടില്‍ നാട്ടിലേക്ക്‌. മകനും ഭാര്യയും കുട്ടികളും കൂടെ വന്നു. കോഴിക്കോട്‌ പ്ലെയിനിറങ്ങി. പണിക്കര്‍ ഡോക്ടറുടെ ചികിത്സയില്‍ നഴ്‌സിംഗ്‌ ഹോമില്‍ രണ്ടാഴ്‌ച. ഡിസ്‌ചാര്‍ജ്‌ ചെയ്‌തുവന്നിട്ട്‌ മകളുടെ വീട്ടില്‍ വീല്‍ചെയറില്‍ രണ്ടുമാസം; ആരുടെയെല്ലാമോ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകൊണ്ടായിരിക്കും മറ്റു പ്രയാസങ്ങളില്ലാതെ നാട്ടിലെത്തിയത്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top