വിധവാ സ്‌പെഷല്‍ ശ്രദ്ധേയമായി

വിധവാ സ്‌പെഷല്‍ ശ്രദ്ധേയമായി
ആരാമം ഒക്ടോബര്‍ ലക്കം വിധവാ സ്‌പെഷല്‍ ശ്രദ്ധേയമായി. നമ്മുടെ സമൂഹം എന്നും നൊമ്പരത്തോടെ മാത്രം സമീപിക്കുന്ന അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതപ്രശ്‌നങ്ങളിലേക്ക്‌ വെളിച്ചം വീശിയത്‌ അവസരോചിതമായി. മരണത്തിനൊരു `മറുമരുന്ന്‌' കണ്ടെത്താന്‍ ദൈവം മനുഷ്യരാശിയെ അനുവദിക്കാത്തത്‌ കൊണ്ട്‌ തന്നെ സമൂഹത്തില്‍ വിധവകളുടെയും വിഭാര്യരുടേയും എണ്ണം ദിനേന വര്‍ധിച്ചു കൊണ്ടിരിക്കും.
ചെറുപ്രായത്തില്‍ തന്നെ വിധവകളാവേണ്ടി വന്ന സഹോദരികളുടെ കാര്യമാണ്‌ ദയനീയം. അവര്‍ക്ക്‌ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. സ്വന്തം ഉദരത്തില്‍ പിറന്ന പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്തിയുള്ള മറ്റൊരു ജീവിതം അവരുടെ മനസ്സ്‌ അനുവദിക്കില്ല. ഇനി കുഞ്ഞുങ്ങളോടൊപ്പം തന്നെ പുതിയൊരു വിവാഹജീവിതത്തിന്‌ സാധ്യതയും സാഹചര്യവുമുണ്ടെങ്കില്‍ അതിന്‌ പഴയ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുകയുമില്ല. ഇങ്ങനെ ചെകുത്താനും കടലിനും നടുവില്‍ ദുരിത ജീവിതം നയിക്കുന്നവരാണ്‌ ചെറുപ്രായക്കാരായ വിധവകളില്‍ അധിക പേരും. മരണപ്പെട്ട ഭര്‍ത്താവിന്റെ ഇളയ സഹോദരങ്ങളില്‍ വിധവാ വിവാഹത്തിന്‌ താല്‍പര്യവും സന്നദ്ധതയുമുള്ളവരുമുണ്ടെങ്കില്‍ മാത്രമാണ്‌ ഇവര്‍ക്ക്‌ താങ്ങും തണലുമുള്ള ഒരു ജീവിതം സാധ്യമാകുന്നത്‌. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത്തരം `ത്യാഗ' സന്നദ്ധരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത്തരം നീറുന്ന പ്രശ്‌നങ്ങളെ മുന്നില്‍ കണ്ടു കൊണ്ട്‌ പ്രകൃതിമതമായ ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം അംഗീകരിക്കാനും അനുവദിക്കാനും നമ്മുടെ സമൂഹം ഇന്നും സന്നദ്ധരായിട്ടില്ല. പുനരധിവാസം മാത്രം ലക്ഷ്യംവെച്ചു ഒന്നിലധികം വിവാഹത്തിലേര്‍പ്പെട്ടവരെ രണ്ടാം തരക്കാരായി കാണാനാണ്‌ നമുക്ക്‌ ഇഷ്ടം. വാര്‍ധ്യക്യ കാലത്ത്‌ വിഭാര്യരാവേണ്ടി വരുന്ന പിതാക്കളുടെ കാര്യമാണ്‌ ഇതിലേറെ കഷ്ടം. പ്രായവും രോഗവും തളര്‍ത്തിയവര്‍ക്ക്‌ ഇണയും തുണയുമില്ലാത്ത ജീവിതം ചിന്തിക്കാനേ സാധ്യമല്ല. ദൈനം ദിനം അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മക്കള്‍ക്കും മരുമക്കള്‍ക്കും ഏറെ പരിമിതികളുണ്ടെന്ന കാര്യം പലരും പരിഗണിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കയ്യെടുത്ത്‌ പരിഹാരം കണ്ടെത്താന്‍ ബാധ്യസ്ഥരായ മക്കള്‍ താല്‍ക്കാലിക പരിചാരകരെ വെച്ച്‌ ബാധ്യത നിര്‍വഹിക്കുകയാണ്‌ പതിവ്‌. പിതാവ്‌ ഈ സമയത്ത്‌ പുനര്‍വിവാഹം കഴിക്കുന്നത്‌ തങ്ങളുടെ സ്റ്റാറ്റസിന്‌ ചേര്‍ന്നതെല്ലെന്നാണ്‌ അവരുടെ ന്യായീകരണം. അടുത്ത്‌ ബന്ധമുള്ള, പിതാവിനെപ്പോലെ സ്‌നേഹിച്ചിരുന്ന ആള്‍ക്ക്‌ ഇങ്ങനെ ഒരു വിധിയുണ്ടായി. പരിചരണത്തിനായി ഒരു വിവാഹത്തിന്‌ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും വിദേശത്തുള്ള ആണ്‍മക്കളും നാട്ടിലുള്ള പെണ്‍മക്കളും അതിന്‌ സമ്മതിച്ചില്ല. അവസാനം രോഗങ്ങളും പരിചരണക്കുറവും കാരണം വളരെ പ്രയാസപൂര്‍ണമായ ഒരു മരണത്തിന്‌ അദ്ദേഹം വിധേയനായത്‌ ഓര്‍ക്കുമ്പോള്‍ ഹൃദയ വേദന അനുഭവപ്പെടാറുണ്ട്‌. അത്യാവശ്യം സാമ്പത്തിക ശേഷി ഉണ്ടായിരുന്നത്‌ പകുത്തെടുക്കുന്നതില്‍ മക്കള്‍ അതീവ താല്‍പര്യം കാണിച്ചതും ഓര്‍ക്കുന്നു.
മാതാപിതാക്കളുടെ കാലിന്‍ ചുവട്ടിലാണ്‌ സ്വര്‍ഗമെന്ന പ്രവാചക അധ്യാപനം പ്രാവര്‍ത്തികമാക്കുന്നതില്‍ പുതിയ തലമുറ വൈമനസ്യം കാണിക്കുന്നുവെന്നത്‌ യാഥാര്‍ഥ്യമാണ്‌. വൃദ്ധസദനങ്ങള്‍ പലപേരുകളിലായി പിറവിയെടുക്കുന്നത്‌ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്‌. ഈ മനസ്ഥിതി മാറ്റിയെടുക്കാന്‍ നാം ബാധ്യസ്ഥരാണ്‌. ഇന്നത്തെ സോഷ്യല്‍ സ്റ്റാറ്റസും അണുകുടുംബ സങ്കല്‍പങ്ങളും നാം ആദ്യം ഉടച്ചു വാര്‍ക്കണം. അതിനുള്ള കര്‍മ പദ്ധതി ആവിഷ്‌ക്കരിച്ച്‌ നടപ്പില്‍ വരുത്തണം. ആരാമം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ ക്ക്‌ ഈ രംഗത്ത്‌ കാര്യമായ റോള്‍ നിര്‍വഹിക്കാനാവും
കെ.വി അബ്ദുന്നൂര്‍
മേലാറ്റൂര്‍

സ്‌ത്രീകളെ പ്രബുദ്ധരാക്കാന്‍ കഴിയണം
മറ്റു വനിതാ മാസികകളെ അപേക്ഷിച്ച്‌ ആരാമം നല്ല നിലവാരം പുലര്‍ത്തുന്നു. ലേ ഔട്ടും മികച്ചതാണ്‌. അക്ഷരത്തെറ്റ്‌ കുറച്ച്‌ കൂടി ശ്രദ്ധിക്കണം. ഒക്ടോബര്‍ ലക്കം മുഖ ചിത്രം മികച്ചതായി. ചര്‍ച്ചകളും പ്രതികരണങ്ങളും ധാരാളം കൊടുക്കുന്നത്‌ സ്‌ത്രീകളെ സാമൂഹിക പ്രതിബദ്ധരാക്കാനും പ്രബുദ്ധരാക്കാനും സഹായിക്കും. സ്‌ത്രീകളുടെ ബുദ്ധി നിലവാരം ഉയര്‍ത്തുന്നതിന്‌ പകരം അവരെ പൈങ്കിളി നിലവാരത്തിലേക്ക്‌ തരം താഴ്‌ത്തുകയാണ്‌ പല മാസികകളും ചെയ്യുന്നത്‌.
എ.എം ഖദീജ
കോഴിക്കോട്‌

ചിന്തിക്കൂ
അനാവശ്യമായ ആഡംബരങ്ങളിലേക്കും അര്‍ഹതയില്ലാത്ത ആഗ്രഹങ്ങളിലേക്കും കൊക്കിലൊതുങ്ങാത്ത മോഹങ്ങളിലേക്കും ഇളം മനസ്സുകളെപ്പോലും നയിക്കുന്ന സിനിമാ സീരിയലുകളും, പരസ്യങ്ങളും റിയാലിറ്റി ഷോകളും ഇവയൊക്കെ ചേര്‍ന്നതായി മാറി നമ്മുടെ ജീവിതം.
ഏത്‌ വൃത്തികേടുകളെയും അലങ്കാരങ്ങളാക്കുന്നവരുടെ പകര്‍പ്പുകളാണ്‌ വിദ്യാലയങ്ങളില്‍ ഉള്ളത്‌.
കലാലയ രാഷ്‌ട്രീയം കലാപ രാഷ്‌ട്രീയ സമരങ്ങള്‍ നടത്തുന്നു.
മകളോട്‌ പോലും വൃത്തികേടുകള്‍ കാണിക്കാന്‍ മടിക്കാത്ത പിതാക്കന്മാര്‍!
പുസ്‌തകങ്ങള്‍ കമ്പോളത്തില്‍ വില്‍ക്കണമെങ്കില്‍ പുറംചട്ടകളിലും ചില വേഷങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
ദൈവത്തിന്റെ സ്വന്തം നാടെന്ന ആധുനിക വിശേഷണമാണോ വിവേകാനന്ദ സ്വാമിയുടെ മനോ വേദനയില്‍ നിന്ന്‌ ജന്മം കൊണ്ട അഭിപ്രായമാണോ ശരി? ആധുനിക പൊങ്ങച്ച സംസ്‌ക്കാരങ്ങളെയും അതിന്റെ തിന്മകളെയും തുറന്ന്‌ കാട്ടുന്ന ആരാമത്തിന്‌ ഭാവുകങ്ങള്‍.
സബീല
നേമം

ആഘോഷങ്ങള്‍ ആഭാസമാകരുത്‌
സപ്‌തംബര്‍ ലക്കം ആരാമത്തില്‍ വന്ന ഹൈ ഹീല്‍സിനെ കുറിച്ചുള്ള ലേഖനം നന്നായി. ഈദ്‌ മുബാറക്ക്‌ എന്ന ലേഖനം ഒരു മാസത്തെ വ്രതത്തിനു ശേഷം ആഘോഷത്തിന്റെ പേരില്‍ എല്ലാ വിധ ആഭാസങ്ങളിലും മുഴുകുന്ന സമൂഹത്തെ ഉണര്‍ത്താന്‍ ഉതകുന്നതായി. സമൂഹത്തിന്‌ വഴികാട്ടിയാവുന്ന ആരാമത്തിന്‌ നന്ദി.
മുഹമ്മദ്‌ ഷെബീര്‍
വാടാനപ്പള്ളി

വായനക്കാര്‍ക്ക്‌ ആരാമം ലഭ്യമാക്കണം
ആരാമം അതിന്റെ എടുപ്പിലും തുടിപ്പിലും മികവ്‌ കാട്ടി പുതുമയോടെ അഴകു കാട്ടി പുറത്തിറങ്ങുന്നുണ്ട്‌. പക്ഷേ ഞങ്ങള്‍ക്കിവിടെ രണ്ടു മൂന്ന്‌ മാസത്തോളം മുടങ്ങി. പത്രസ്റ്റാളുകളിലും ഏജന്‍സികളിലും അന്വേഷിക്കുമ്പോള്‍ എത്തിയിട്ടില്ല, കാണുന്നില്ല എന്ന മറുപടി കേട്ടു മടുത്തു. മറ്റു മിക്ക പ്രസിദ്ധീകരണങ്ങളും ഇവിടുന്നൊക്കെ ലഭിക്കുകയും ചെയ്യുന്നുണ്ട്‌. ആരാമം വായിക്കാന്‍ കഴിയാതെ നിരാശരായ ഞങ്ങള്‍ അതിന്‌ പരിഹാരം കാണുന്നത്‌ നാട്ടില്‍ നിന്ന്‌ വരുന്നവരോട്‌ ആരാമം കൊണ്ടുവരാന്‍ പറഞ്ഞിട്ടാണ്‌. അങ്ങനെ കൊണ്ടു വന്നതിനാല്‍ എല്ലാ ലക്കവും വായിക്കുന്നു. ആഗസ്റ്റ്‌ ലക്കത്തിലെ ആരാമം ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച്‌ ഏറ്റവും മികച്ചതായി തോന്നി. ഒതുങ്ങിയ സ്‌ത്രീയെക്കുറിച്ചുള്ള ശഫ്‌നാ റഹ്‌മത്തുള്ള പെരുമണ്ണയുടെ നിരീക്ഷണം തികച്ചും ഫെമിനിസത്തിലേക്കുള്ള തിരിച്ചു പോക്കായി മാത്രമേ അനുഭവപ്പെടുകയുള്ളൂ. സ്‌ത്രീ ഒതുങ്ങുക തന്നെ വേണമെന്ന്‌ മുഫീദയും ഫരീദയും പറഞ്ഞിട്ടില്ല. ഒതുങ്ങാത്തതിന്റെ ദുരന്ത ഫലങ്ങള്‍ സോവിയറ്റ്‌ യൂനിയനില്‍ കണ്ടു എന്ന സത്യം മാത്രമാണ്‌ ഇവരുടെ കുറിപ്പുകളില്‍ കണ്ടത്‌. സോവിയറ്റ്‌ യൂനിയനില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല സ്‌ത്രീയുടെ ``ഒതുക്കത്തെ'' അന്ധമായി വിമര്‍ശിക്കുന്നതിന്റെ ദുരന്തമാണ്‌ ചിലപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ പോലും കണ്ടു വരുന്നത്‌.
ഓര്‍മയുടെ ഓളങ്ങളില്‍ എന്ന ശൈഖ്‌ മുഹമ്മദിന്റെ അനുഭവം വായിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു അനുഭൂതി നിറയുന്നു. കേരളത്തിലെ യുവതകളില്‍ ഇസ്‌ലാമിക നവോത്ഥാന ചിന്തക്ക്‌ നാന്ദി കുറിക്കപ്പെട്ട നാളുകളില്‍ തന്നെ ശൈഖ്‌ മുഹമ്മദിന്റെ തൂലിക ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ തന്നെ അണിനിരന്ന ശൈഖിന്റെ സേവനം കേരളം നുകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചു കേട്ടു തുടങ്ങുമ്പോള്‍ ആദ്യം ഓര്‍മ വരിക ശൈഖ്‌ മുഹമ്മദിന്റെ നാമമായിരിക്കും. ശരീഅത്ത്‌ വിവാദ കാലത്തും മറ്റും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും സമൂഹത്തില്‍ ദിശാബോധം നല്‍കിയിരുന്നു.
നസീര്‍ പള്ളിക്കല്‍
റിയാദ്‌

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top