എന്‍മകജെ സംസാരിക്കുന്നു...

സ്വാലിഹ പി.എ No image

``പത്ത്‌ പുത്രന്മാര്‍ക്കു സമമാണ്‌ ഒരു കുളം. പത്ത്‌ കുളങ്ങള്‍ക്കു തുല്യമാണ്‌ ഒരു തടാകം. പത്ത്‌ തടാകങ്ങള്‍ക്കു തുല്യമാണ്‌ അമ്മ. പത്ത്‌ അമ്മമാര്‍ക്കു തുല്യമാണ്‌ ഒരു വൃക്ഷം.''
അംബികാ സുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന നോവലില്‍ ഉദ്ധരിച്ചു ചേര്‍ത്ത ഒരു സംസ്‌കൃത ശ്ലോകത്തിന്റെ തര്‍ജമയാണിത്‌.
ഒരു നോവല്‍ എന്നതിലുപരി സമകാലീന പ്രസക്തിയുള്ള വിഷയങ്ങളെ, പ്രത്യേകിച്ചും, എന്റോസള്‍ഫാന്‍ എന്ന കാളകൂടം തീണ്ടി പരിസ്ഥിതിയും മാനവികതയും നശിച്ചുകൊണ്ടിരിക്കുന്ന കാസര്‍ക്കോട്ടെ ഗ്രാമങ്ങളുടെ കഥയാണ്‌ ഇതില്‍ ആവിഷ്‌കൃതമാകുന്നത്‌.
നീലകണ്‌ഠന്‍, ദേവയാനി എന്നീ നായികാനായകന്മാരിലൂടെ നോവലിസ്റ്റ്‌ സ്വന്തത്തിലേക്കു ഉള്‍വലിയുന്ന ആധുനിക സ്‌ത്രീ- പുരുഷന്മാരുടെ പ്രതിബിംബത്തെ വരച്ചിടുന്നു.
നീലകണ്‌ഠന്‍ തന്റെ പേരും ഭൂതകാലവും ഉപേക്ഷിച്ച്‌ കേവലം ഒരു കാനനമൃഗമായി ജീവിക്കാന്‍ തീരുമാനമെടുത്തു. അല്ല, അവന്‍ തീരുമാനമെടുത്തതല്ല അവന്‍ ജീവിക്കുന്ന സമൂഹം അവനെ അങ്ങനെ മാറ്റിയെടുത്തതാണ്‌. ആ യാത്രയില്‍ അവന്‌ ദേവയാനി എന്ന പെണ്‍ജീവിയെ കൂട്ടുകിട്ടി. തന്റെ ഏകാന്ത ജീവിതത്തില്‍ എവിടെയോ നീലകണ്‌ഠന്‍ നോവലിലെ ഒരു കഥാപാത്രമായ``ഗുഹ''യുമായി സംസാരിക്കുന്നുണ്ട്‌. ഗുഹ അവനോട്‌ ചോദിച്ചു:``നീ എന്തിന്‌ ഒളിച്ച്‌ താമസിക്കുന്നു? എനിക്കത്‌ മനസ്സിലാകുന്നില്ല. മനുഷ്യരുമായുള്ള സഹവാസം എന്തിന്‌ നീ മുറിച്ചു കളഞ്ഞു? ഇത്‌ നീലകണഠ്‌ന്റെ നേര്‍ക്കു മാത്രമുള്ള ചോദ്യമല്ല, മറിച്ച്‌ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്ന, മനുഷ്യരെ അറിയാത്ത, മനസ്സിലാക്കാത്ത, എന്നാല്‍ വലിയ സാമൂഹ്യജീവി എന്ന്‌ പെരുമ നടിക്കുന്ന നമുക്ക്‌ നേരെയുള്ള ചോദ്യമാണ്‌.
ചിന്തിച്ചു നോക്കൂ. ഞാനും നിങ്ങളും നീലകണ്‌ഠനെ പോലെ പല യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയല്ലേ ജീവിക്കുന്നത്‌. എന്നാല്‍ കഥയിലെ നീലകണ്‌ഠനെ കാസര്‍ക്കോട്ടെ കുടിലിലെ കാഴ്‌ചകള്‍ ചിന്തിപ്പിച്ചു. ദേവയാനി- നീലകണ്‌ഠന്‍ ദമ്പതികള്‍ക്ക്‌ പരീക്ഷിത്തിനെ കിട്ടിയതാവാം അവരുടെ കണ്ണുകള്‍ തുറപ്പിച്ചത്‌. ചില ഞരക്കങ്ങളും കരച്ചിലുകളും അല്ലാതെ പ്രത്യേകിച്ച്‌ മറ്റു ഡയലോഗുകള്‍ ഒന്നുമില്ലാത്ത കഥാപാത്രമാണു പരീക്ഷിത്ത്‌. ഇവന്‍ കാസര്‍കോഡിന്റെ പ്രതിനിധിയാണ്‌.
പരീക്ഷീത്ത്‌ പുരാണത്തിലെ പേരാണ.്‌ അഭിമന്യുവിന്റെ പുത്രന്‍. ജീവനില്ലാതെ പിറന്ന കുട്ടി. ഒരു മഹായുദ്ധത്തിന്റെ രക്തസാക്ഷി. പിന്നെ ജീവന്‍ കിട്ടുകയും സര്‍വ ഐശ്വര്യങ്ങളോടു കൂടി രാജ്യം വാഴുകയും ചെയ്‌തു. പക്ഷേ, ഈ കഥ പുരാണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്‌. കാസര്‍ക്കോട്ട്‌ ഈ കഥ പുലര്‍ന്നില്ല. പകരം കഥ ചിലപ്പോള്‍ എന്‍മകജെയില്‍ പുലര്‍ന്നേക്കാം. അശ്വത്ഥാമാവും, പുരാണത്തിലെ കഥാപാത്രമാണ്‌. അശ്വാത്ഥാവിനു ദേഹം നിറയെ പുണ്ണുകളായിരുന്നു. അത്‌ ശ്രീകൃഷ്‌ണന്റെ ശാപമാണ്‌. ഒരിക്കല്‍ പാണ്ഡവരുടെ സര്‍വ്വ സംഹരത്തിനായി ബ്രഹ്മാസ്‌ത്രം കുലച്ചു. അശ്വാത്ഥമാവ്‌ ഉത്തരയുടെ ഗര്‍ഭത്തിലേക്ക്‌ അസ്‌ത്രം തിരിച്ചു വിട്ടു. ശിശുഹത്യപോലെ പാപം വേറെയില്ലെന്നാണ്‌ മഹാഭാരതം പറയുന്നത്‌.
ഈ പാപം ചെയ്‌തിട്ടാണ്‌ അശ്വത്ഥാമാവിന്‌ നരകജന്മമുണ്ടായത്‌. ദേഹമാകെ വ്രണങ്ങളുമായി അശ്വത്ഥാമാവിനെ പോലെ മരിക്കാതെ മരിക്കുന്ന ശ്രീജിത്ത്‌ എന്ന ഈ കുഞ്ഞ്‌ ചെയ്‌ത തെറ്റ്‌ എന്താണ്‌? ഈ കുഞ്ഞിനെ ശപിച്ചതാരാണ്‌? ഈ പാവം കുഞ്ഞിന്‌ നേര്‍ക്ക്‌, എന്‍മകജയിലെ അനേകം കുഞ്ഞുങ്ങളുടെ നേര്‍ക്ക്‌ ആരാണ്‌ ബ്രഹ്മാസ്‌ത്രം കുലച്ചത്‌? കാസര്‍ക്കോട്ടെ പരിസ്ഥിതിയെ, വന്യമൃഗങ്ങളെ ഈ ബ്രഹ്മാസ്‌ത്രം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ശ്രീകൃഷ്‌ണന്‍ ഏത്‌ അശ്വത്ഥാമാവിനെയാണ്‌ ശപിക്കേണ്ടത്‌? ഇങ്ങനെ നൂറ്‌ ചോദ്യങ്ങള്‍ ഈ കൃതി സമൂഹത്തോട്‌ ചോദിക്കുന്നുണ്ട്‌.
``ഇലക്ഷന്‍ വരുമ്പോഴാണ്‌ ഈ നാട്‌ കേരളത്തിലാണെന്ന്‌ എന്‍മകജെക്കാര്‌ അറിയണെ. അല്ലാങ്കില്‌ ഇത്ര വലിയ ട്രാജഡി ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാത്തതെന്ത്‌?'' ഈ കൃതിയിലെ ആക്‌ടിവിസ്റ്റ്‌ ശ്രീരാമയിലൂടെ നോവലിസ്റ്റ്‌ കാസര്‍കോഡിന്റെ രാഷ്‌ട്രീയ സ്ഥിതി വ്യക്തമാക്കുന്നു.``ഇലക്ഷന്‍ കാലത്ത്‌ മാത്രം പൂക്കുന്ന മരമാണു രാഷ്‌ട്രീയക്കാര്‍. അതുപോലെ ഒരു നേതാവും നോവലിലുണ്ട്‌. ജനങ്ങളെ പറ്റിക്കുന്ന ജനപ്രതിനിധി. ഒരു പക്ഷേ ഈ അനിഷേധ്യനായ നേതാവായിരിക്കാം ഈ ട്രാജഡി പുറത്തു കൊണ്ടുവരാനുള്ള തടസ്സം.
ഒരു പറ്റം കോര്‍പറേറ്റ്‌ ഭീമന്മാര്‍ മാര്‍ക്കറ്റിലിറക്കുന്ന കീടനാശിനികളാണ്‌ കാസര്‍കോട്ടെ മാനുഷിക- പാരിസ്ഥിതിക- ജൈവിക നാശത്തിനു കാരണമെന്ന്‌ ഈ കൃതി വിളിച്ചോതുന്നു.
പ്രസാധകര്‍ പറയും പോലെ ഇനിയും ഉണരാത്ത നമ്മുടെ പരിസ്ഥിതിക ജാഗ്രതക്കു വേണ്ടിയുള്ള ഒരു നിലവിളിയാണ്‌ എന്‍മകജെ. പാരിസ്ഥിതി സ്‌നേഹിയുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന ഈ നിലവിളി വായനക്കാര്‍ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വായിക്കണം.
(ജി.ഐ.ഒ വായന ദിനത്തോടനുബന്ധിച്ച്‌ നടത്തിയ പുസ്‌തകനിരൂപണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top