`നദൂന' ഹിജാബിന്റെ മുന്നേറ്റം

ഉസ്‌വത്ത്‌ ജഹാന്‍ No image

കടുത്ത ചൂടിലും ശരീരം മുഴുവന്‍ മറയുന്ന വസ്‌ത്രം ധരിച്ച്‌ തെരുവിലൂടെ ഓടി വ്യായാമം ചെയ്യുന്ന മര്‍യം നവാസ്‌ കന്‍സാസ്‌ സിറ്റിയിലെ ജനങ്ങള്‍ക്ക്‌ ഒരു ഘട്ടത്തില്‍ അത്‌ഭുതകാഴ്‌ചയായിരുന്നു. മുട്ടിനു മുകളില്‍ കയറിനില്‍ക്കുന്ന കൊച്ചു ട്രൗസറും സ്ലീവ്‌ലെസ്‌ ടീഷര്‍ട്ടും ധരിച്ച്‌ മേനി പ്രദര്‍ശിപ്പിക്കുന്ന പെണ്‍പടക്കു മുന്നില്‍ തല മുഴുവന്‍ മറയുന്ന ഹിജാബും ഫുള്‍കൈ ഷര്‍ട്ടും കാല്‍പാദം വരെ ഇറങ്ങി നില്‍ക്കുന്ന പാന്റ്‌സും സോക്‌സും ഷൂവും ധരിച്ച ഈ പെണ്‍കുട്ടികളുടെ കായിക പരിശീലനം ആളുകള്‍ക്ക്‌ കൗതുകം പകര്‍ന്നില്ലെങ്കിലേ അത്‌ഭുതമുള്ളൂ.
``അതൊരു സ്വാതന്ത്ര്യമാണ്‌. എന്റെ ദിനചര്യയുടെ ഭാഗമാണ്‌ ആറ്‌ മൈല്‍ ദൈര്‍ഘ്യമുള്ള ഈ ഓട്ടം. അതെന്നെ ഏറെ മുന്നോട്ട്‌ നയിക്കുന്നു.'' അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 22 കാരി മര്‍യം പറയുന്നു. തന്റെ ശരീരഭാഗങ്ങള്‍ പൊതുദര്‍ശനത്തിന്‌ വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്‌ വസ്‌ത്രധാരണത്തെക്കുറിച്ച്‌ ചോദിച്ചവരോട്‌ മര്‍യം പ്രതികരിച്ചത്‌. ശരിയായ ഇസ്‌ലാമിക വേഷവിധാനം സ്വീകരിക്കുന്ന സിറ്റിയിലെ മുസ്‌ലിം യുവതികളുടെ കൂട്ടായ്‌മയിലൊരാളാണ്‌ മര്‍യം. `പവിത്രമായ വസ്‌ത്രം' എന്നാണവര്‍ തങ്ങളുടെ വസ്‌ത്ര രീതിയെ വിശേഷിപ്പിക്കുന്നത്‌.
സെന്റ്‌ലൂയിലെ പബ്ലിക്ക്‌ സ്‌കൂളിലാണ്‌ മര്‍യം നവാസ്‌ പഠിച്ചത്‌. അന്നേ ഓട്ട മത്സരത്തില്‍ തല്‍പരയാണ്‌. മാരത്തോണാണ്‌ തന്റെ ലക്ഷ്യമെന്ന്‌ മര്‍യം പറയുന്നു. അത്‌ലറ്റിക്‌സ്‌ ഉള്‍പ്പെടെ കായിക പരിശീലനം നേടുന്ന ഇത്തരം ധാരാളം മുസ്‌ലിം യുവതികള്‍ പ്രദേശത്തുണ്ട്‌. ജിംനേഷ്യത്തില്‍ പോവുകയും ആരോഗ്യവും ബോഡീഷെയ്‌പും ഭംഗിയായി നിലനിര്‍ത്തുകയും ചെയ്യുന്നു പലരും. `ഹിജാബ്‌' അതിന്‌ അവര്‍ക്കൊരു തടസ്സമേ ആകുന്നില്ല.
ഈ രംഗത്ത്‌ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെക്കുന്ന കന്‍സാസ്‌ സിറ്റിയിലെ മറ്റൊരു യുവതിയുണ്ട്‌ അബൂജുബാറ. സിറ്റിയില്‍ സ്വന്തമായി ഒരു `മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ സ്റ്റുഡിയോ' നടത്തുന്നുണ്ട്‌ അബൂജുബാറ. `നദൂന' എന്ന പേരില്‍ ഒരു കൂട്ടായ്‌മക്കും ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്‌. `ഒര്‍ലാണ്ടോ'യിലെ സിവില്‍ എഞ്ചിനീയറാണ്‌ ജുബാറ. അവരുടെ കസിന്‍ മര്‍യം സൈഫാന്‍ സിറ്റിയിലെ ഓവര്‍ലാന്റ്‌ പാര്‍ക്കില്‍ `നദൂന'യുടെ ഒരു കാര്‍ട്ടൂണ്‍ ലോഗോ സ്ഥാപിച്ചിട്ടുണ്ട.്‌ ഹിജാബ്‌ ധരിച്ച്‌ വിജയ ചിഹ്നമുയര്‍ത്തി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു മുസ്‌ലിം സ്‌ത്രീയാണ്‌ ലോഗോ. `നദൂന' യുടെ പ്രവര്‍ത്തനങ്ങള്‍ ധാരാളം ആളുകളെ ആകര്‍ഷിക്കുകയും, ഇസ്‌ലാമിക ശരീഅത്ത്‌ സ്‌ത്രീകളോട്‌ അനീതികാണിക്കുന്നുവെന്ന തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്യുന്നുണ്ട്‌.
|

ആയിശ മുസ്‌ലിം അഹ്‌മദ്‌ ഒരു സോമാലിയന്‍ വീരഗാഥ

പട്ടിണിയും പരിവട്ടവും ദുരിതം വിതച്ച സോമാലിയയില്‍ സഹായ ഹസ്‌തങ്ങളുമായി പലരും വന്നിട്ടുണ്ട്‌. മതപരവും രാഷ്‌ട്രീയവുമായ ലക്ഷ്യങ്ങളോടെയുള്ള സാമ്രാജ്യത്വ ഏജന്‍സികളായിരുന്നു ചിലത്‌. ഇസ്‌ലാമിക സംഘടനകളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പല നിലക്കും പരിമിതങ്ങളായിരുന്നു. ഈ രംഗത്ത്‌ സ്‌ത്രീകള്‍ പേരിനുപോലും ഉണ്ടായിരുന്നില്ല. 2002 ല്‍ ആയിഷ അഹ്‌മദ്‌ പ്രവര്‍ത്തന രംഗത്ത്‌ വരുന്നത്‌ വരെ.
`ബഹ്‌ദ്‌' എന്ന പേരില്‍ ഒരു വനിതാ സഹായവേദി രൂപീകരിച്ചത്‌ 2007 ലായിരുന്നു. `മഖ്‌ദിശു'വാണ്‌ ബഹ്‌ദയുടെ പ്രവര്‍ത്തന കേന്ദ്രം. നിത്യവൃത്തിക്കും ജീവിതോപാധികള്‍ കണ്ടെത്താനുമുള്ള സഹായങ്ങള്‍ക്കൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനും `ബഹ്‌ദ' വലിയ പ്രാധാന്യം നല്‍കുന്നു. വിദ്യാഭ്യാസ അവസരം കിട്ടാതെ തെരുവില്‍ അലഞ്ഞു നടക്കുന്ന കുട്ടികളെ സ്‌കൂളുകളിലെത്തിക്കാന്‍ ആയിഷ അഹ്‌മദും സഹപ്രവര്‍ത്തകരും ശ്രദ്ധിക്കുകയുണ്ടായി. റോഡിലുടനീളം അലഞ്ഞു നടക്കുന്ന തെരുവു ബാല്യങ്ങള്‍ സോമാലിയയില്‍ പ്രത്യേകിച്ച്‌ `മഖ്‌ദിശു'വില്‍ ധാരാളം ഉണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണം കണ്ടെത്താനുള്ള ഓട്ടത്തിനിടയില്‍ രക്ഷിതാക്കള്‍ക്ക്‌ അവരെ ശ്രദ്ധിക്കാന്‍ സന്ദര്‍ഭമുണ്ടായിരുന്നില്ല. ഈ അവസരത്തിലാണ്‌ ആയിശ അഹ്‌മദ്‌ രംഗത്തിറങ്ങിയത്‌.
ആയിഷ ഇല്ലായിരുന്നെങ്കില്‍ ബഹ്‌ദ ഉണ്ടാകുമായിരുന്നില്ല. ചെറിയ രൂപത്തിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ആയിഷ സമാനമനസ്‌കരെ കൂട്ടുപിടിച്ചാണ്‌ `ബഹ്‌ദ' രൂപീകരിച്ചത.്‌ 2007 ല്‍ `മഖ്‌ദിഷു'വില്‍ ഓഫീസുകളിലൂണ്ടായിരുന്ന ചിലരെ കണ്ട്‌ സഹായ സംഘടനകളെ സമീപിച്ചാണ്‌ അവര്‍ ബഹ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തിയത്‌. 2010 ല്‍ മഖ്‌ദിഷുവിലെ പെണ്‍കുട്ടികള്‍ക്കുള്ള ബൃഹത്തായ ഒരു പുനരധിവാസ പാക്കേജ്‌ ്‌ നടപ്പിലാക്കിയതാണ്‌ ആയിഷ അഹ്‌മദിന്റെ ശ്രദ്ധേയമായ നേട്ടം. 80ലേറെ സ്‌ത്രീകള്‍ ഇപ്പോള്‍ ബഹ്‌ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
സ്‌ത്രീകള്‍ക്കുവേണ്ടി പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ചെറിയ കടകള്‍ തുടങ്ങിയതാണ്‌ ബഹ്‌ദയുടെ മറ്റൊരു സംരംഭം. ദരിദ്ര സ്‌ത്രീകള്‍ക്ക്‌ ഒരു വരുമാന മാര്‍ഗം ഉണ്ടാക്കിക്കൊടുത്ത ഈ കച്ചവട യൂണിറ്റുകള്‍ അതിനു മുമ്പ്‌ പ്രദേശത്ത്‌ ഉണ്ടായിരുന്നില്ല. ദരിദ്രര്‍ക്ക്‌ സഹായധനം കൊടുത്ത്‌ പരാശ്രയരായി നിലനിര്‍ത്തുന്നതിനു പകരം ഉപജീവന മാര്‍ഗം ഉണ്ടാക്കിക്കൊടുത്ത്‌ സ്വയം സഹായത്തിലൂടെ സ്വാശ്രയയാക്കി മാറ്റാനുള്ള ആയിഷയുടെ ശ്രമം വലിയ അളവില്‍ വിജയം കാണുകയുണ്ടായി. `എനിക്ക്‌ മത്സ്യം തരരുത്‌, മീന്‍ പിടിക്കുന്നത്‌ എങ്ങനെയെന്ന്‌ പഠിപ്പിച്ചു തന്നാല്‍ മതി. എന്ന ചൈനീസ്‌ പഴമൊഴി പ്രായോഗികമാക്കുകയായിരുന്നു അവര്‍.
|

 

 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top