ചൈനയുടെ പ്രതാപ ചാരുത

ബീഫാത്തിമ വാഴക്കാട്‌ No image

യുയുവാന്‍ ഗാര്‍ഡന്‍
ഫൂയൂ റോഡില്‍ നിന്ന്‌ നേരെ യുയുവാന്‍ ഗാര്‍ഡനിലെത്താന്‍ കുറഞ്ഞ സമയം മതി. 1959ല്‍ പാന്‍യുന്‍ ടുവാന്‍ സ്വന്തം പിതാവിനെ പ്രീതിപ്പെടുത്താനായി നിര്‍മിച്ചതാണീ തോട്ടം. പഴയ പ്രതാപം വിളിച്ചോതുന്ന ശില്‍പഭംഗിയുള്ള കെട്ടിടങ്ങളാണ്‌ ഈ ഗാര്‍ഡനില്‍ നിര്‍മിച്ചിരിക്കുന്നത്‌. ഇവയില്‍ ഭൂരിഭാഗവും പ്രദര്‍ശന സ്റ്റാളുകളായാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. പ്രധാന കവാടത്തിനടുത്ത്‌ വലിയൊരു കുളമുണ്ട്‌. ഇതില്‍ നിറയെ ഓറഞ്ച്‌ നിറത്തിലുള്ള മത്സ്യങ്ങളാണ്‌. തീറ്റയിട്ട്‌ കൊടുത്താല്‍ അവയുടെ മത്സരം കാണേണ്ടതു തന്നെ. ഇവിടെ പലതരം പൂച്ചെടികളും മരങ്ങളും നിറഞ്ഞു നില്‍ക്കുന്നു. മുളകള്‍, ഓടകള്‍, കാറ്റാടികള്‍ തുടങ്ങി നീളത്തില്‍ വളരുന്ന മരങ്ങളാണ്‌ വളര്‍ത്തിയിരിക്കുന്നത്‌. തോടുകള്‍ക്ക്‌ മുകളിലൂടെ പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. പാറക്കല്ലുകളുപയോഗിച്ച്‌ പണിത ഗുഹകളും അവിടെ കാണാം. സന്ദര്‍ശകര്‍ക്ക്‌ ഇരിക്കാനും ഭക്ഷണം കഴിക്കാനും അവിടെ സൗകര്യമുണ്ട്‌.
ജോഡ്‌ ബുദ്ധക്ഷേത്രം, ഷാങ്‌ഹായ്‌ മ്യൂസിയം, ഷാങ്‌ഹായ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി മ്യൂസിയം എന്നിവയാണ്‌ ഷാങ്‌ഹായിലെ മറ്റ്‌ പ്രധാന സ്ഥലങ്ങള്‍. ഇവിടെ പതിനൊന്ന്‌ മെട്രോ ലൈനുകളുണ്ട്‌. പ്രധാന റോഡുകള്‍ക്ക്‌ സമാന്തരമായി ഭൂമിക്കടിയിലൂടെയാണ്‌ വണ്ടിയോടുന്നത്‌. പ്രധാന സ്ഥലങ്ങളില്‍ മെട്രോ സ്റ്റേഷനിലേക്ക്‌ ഗേറ്റുകള്‍ കാണാം. രണ്ടു കോടി ജനങ്ങള്‍ക്ക്‌ സുഖകരമായി യാത്ര ചെയ്യാനുള്ള സന്നാഹം ഇവിടെയുണ്ട്‌.
ഞങ്ങള്‍ ലോങ്‌യാങ്ങ്‌ മെട്രോ ജംഗ്‌ഷനില്‍ നിന്നും `വൈഹായ്‌' സിറ്റിയിലേക്ക്‌ പുറപ്പെട്ടു. അവിടെ നിന്നും മാഗ്‌ലെവ്‌ ട്രെയിനിലാണ്‌ പുതോങ്‌ എയര്‍പോര്‍ട്ടിലേക്ക്‌ പോകുന്നത്‌. ചക്രങ്ങളില്ലാത്ത വണ്ടിയാണ്‌ മാഗ്‌ലെവ്‌. വണ്ടിയുടെയും പാളത്തിന്റെയും കാന്തശക്തികൊണ്ടാണ്‌ അത്‌ ഓടുന്നത്‌. ലോകത്ത്‌, ചൈനയില്‍ ഈയൊരു റൂട്ടില്‍ മാത്രമാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌. ജര്‍മ്മന്‍ ടെക്‌നോളജിയായ മാഗ്‌ലെവ്‌ ചെലവേറിയതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതുമായതിനാലാണ്‌ മറ്റിടങ്ങളില്‍ പ്രയോഗത്തില്‍ വരുത്താത്തതത്രെ. മണിക്കൂറില്‍ 431 കിലോമീറ്ററാണ്‌ ഇതിന്റെ വേഗത.
ചൈനയിലെ വിമാനത്താവളത്തിന്റെ പല ഭാഗങ്ങളും ഇളക്കി മാറ്റിസ്ഥാപിക്കാവുന്ന വിധത്തിലാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. വികസനം മുന്നില്‍ കണ്ട്‌ സാമ്പത്തിക നഷ്ടം പരമാവധി കുറക്കാനുള്ള പ്ലാനിംഗ്‌ ചൈനയുടെ പ്രത്യേകതയാണ്‌.
വെയ്‌ഹായ്‌
ഷാന്തോങ്ങ്‌ സംസ്ഥാനത്തിലാണ്‌ വെയ്‌ഹായ്‌. രാജ്യത്തെ ഏറ്റവും സുഖകരമായ കാലാവസ്ഥയാണത്രെ ഇവിടെ. ഇവിടുത്തെ ജനങ്ങള്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ ഉയരം കൂടിയവരാണ്‌.
വെയ്‌ഹായിലെ പ്രഭാതം, നാലു മണിക്ക്‌ വെളിച്ചമായിത്തുടങ്ങി. കര്‍ട്ടന്‍ നീക്കി പുറത്തേക്ക്‌ നോക്കി. കടല്‍ കണ്ണെത്തുന്ന ദൂരത്ത്‌. കപ്പല്‍ നിര്‍മാണ ശാല, വിശാലമായ കൃഷിസ്ഥലങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും നോക്കിയാല്‍ കാണാം. നിരനിരയായി പര്‍വതങ്ങള്‍ തലയുയര്‍ത്തിയും താഴ്‌ത്തിയും നില്‍പ്പുറപ്പിച്ചിരിക്കുന്നു. അവയ്‌ക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു പോകുന്ന റോഡുകള്‍. ഒമ്പതാമത്തെ നിലയിലാണ്‌ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റ്‌. പ്രപഞ്ചനാഥന്റെ കരവിരുതില്‍ അവന്റെ സൃഷ്ടികളുടെ ഭാവനയില്‍ കഠിനാധ്വാനത്തിന്റെ ഉപ്പ്‌ ചേര്‍ന്നപ്പോഴുണ്ടായ പരിണിതി ആനന്ദദായകം! വെയ്‌ഹായ്‌ സിറ്റിക്ക്‌ പതിനഞ്ച്‌ വയസ്സില്‍ കുറഞ്ഞ പ്രായം. അതിനുമുമ്പ്‌ അവിടം കൃഷിസ്ഥലമായിരുന്നുവത്രെ. അതിന്റെ ലക്ഷണങ്ങള്‍ കാണാം. ഇവിടെ നഗരങ്ങള്‍ രൂപപ്പെടുകയല്ല നിര്‍മിക്കുകയാണ്‌ ചെയ്യുന്നത്‌. നഗര നിര്‍മാണത്തിന്‌ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ ആസൂത്രിതമായ ജോലികള്‍ തുടങ്ങുകയായി. ആദ്യം സൗകര്യപ്രദമായ റോഡ്‌ നിര്‍മിക്കുന്നു. ശേഷം ശുദ്ധജലം, ഫാക്ടറികള്‍, ഫ്‌ളാറ്റുകള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭരണകാര്യാലയങ്ങള്‍ തുടങ്ങി എല്ലാം. അതോടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ അങ്ങോട്ടൊഴുകുന്നു. സിറ്റിയുടെ വ്യാപ്‌തി ക്രമേണ വര്‍ധിക്കുന്നു.
വെയ്‌ഹായ്‌ സിറ്റിയുടെ വികസനത്തിന്‌ സ്ഥലം ആവശ്യമായി വന്നപ്പോള്‍ ഒരു കപ്പല്‍ നിര്‍മാണ ശാല തിരക്ക്‌ കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റി. അധികം സമയമെടുത്തില്ല ഇത്തരം മാറ്റങ്ങള്‍ക്ക്‌ എന്നതാണ്‌ കൗതുകകരം. മകന്റെ കോഴിക്കോട്ടുകാരനായ സുഹൃത്ത്‌ സ്ഥിരമായി ജോലിക്ക്‌ പോയിക്കൊണ്ടിരുന്ന ദിശക്ക്‌ നേര്‍വിപരീത ദിശയിലേക്ക്‌ മാറി സഞ്ചരിക്കുന്നത്‌ കണ്ട്‌ അന്വേഷിച്ചപ്പോള്‍ ഷിപ്പ്‌യാര്‍ഡ്‌ മാറ്റിയ വിവരമാണ്‌ അറിയുന്നത്‌. കപ്പല്‍ നിര്‍മാണത്തിന്‌ ചൈന വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. ചൈനയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനാണ്‌. വീടും കൃഷിയിടവുമെല്ലാം കമ്യൂണിസ്റ്റ്‌ വിപ്ലവത്തിന്‌ ശേഷം സര്‍ക്കാര്‍ നിയന്ത്രണത്തിന്‌ വിധേയമാണ്‌. വര്‍ഷങ്ങള്‍ വാടക നിശ്ചയിച്ച്‌ വ്യക്തികള്‍ക്ക്‌ പാട്ടത്തിന്‌ നല്‍കുന്നു. കാലാവധി കഴിഞ്ഞാല്‍ എന്ത്‌ ചെയ്യുമെന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ. വിപ്ലവശേഷം അതിനുള്ള സമയമായിട്ടില്ല. ഇടക്ക്‌ സര്‍ക്കാറിന്‌ ആവശ്യം വന്നാല്‍ ഒഴിപ്പിക്കലും പുനരധിവാസവും പകരം ഭൂമി നല്‍കലുമൊക്കെ നടക്കുന്നുണ്ടെന്നാണറിഞ്ഞത്‌.
ചൈനയിലെ ജനങ്ങള്‍ക്ക്‌ മറ്റൊരു ഭാഷ പഠിക്കേണ്ട ആവശ്യമില്ല. ചൈനീസ്‌ ഭാഷ അറിയാത്ത വിദേശികള്‍ക്ക്‌ ആശുപത്രിയെ സമീപിക്കേണ്ടി വരുമ്പോഴാണ്‌ പ്രയാസം. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഇടയില്‍ വിവരം കൈമാറാന്‍ ദ്വിഭാഷിയെ കണ്ടെത്താന്‍ പ്രയാസമാണ്‌. ചൈനക്കാരുടെ ഉച്ചഭക്ഷണം പത്തരയോടെ ആരംഭിക്കും. നൂഡില്‍സ്‌ പാക്ക്‌ ചെയ്‌ത പ്ലാസ്റ്റിക്ക്‌ പാത്രം തുറന്ന്‌ അതില്‍ വെള്ളമൊഴിച്ച്‌ കൂട്ട്‌ ചേര്‍ത്ത്‌ നിശ്ചിത സമയം വെച്ചാല്‍ ഭക്ഷണം റെഡി. വീട്ടില്‍ നിന്ന്‌ പാകം ചെയ്‌തു കൊണ്ടുവരുന്നവരെയും റെഡിമെയ്‌ഡ്‌ ഭക്ഷണം വാങ്ങിക്കഴിക്കുന്നവരെയും ഷോപ്പിംഗ്‌ മാളില്‍ കണ്ടു.
ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാനായി അവിടെ അടുത്തുള്ള ഒരു മാളില്‍ ചെന്നു. ചൈനയെന്ന്‌ കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ധാരണകള്‍ തിരുത്തുന്ന വമ്പന്‍ ഷോപ്പിംഗ്‌ മാള്‍. നാട്ടിലെ പച്ചക്കറികള്‍ മിക്കതും അവിടെ കണ്ടു. എല്ലാറ്റിനും നല്ല വലിപ്പം ഉണ്ട്‌. ഇവിടെ കാണാത്ത പഴങ്ങളും പച്ചക്കറികളും ഉണ്ട്‌. പൊളിച്ച തേങ്ങയുടെ വലിപ്പത്തിലുള്ള വയലറ്റ്‌ കളറില്‍ ഡ്രാഗണ്‍ ആകൃതിയിലുള്ള ഡ്രാഗണ്‍ ഫ്രൂട്ട്‌ അതില്‍പെടുന്നു. അകത്ത്‌ തൂവെള്ള നിറമുള്ള മാംസളഭാഗത്ത്‌ കറുത്ത ജീരകം കുടഞ്ഞിട്ട പോലെ കുരുകളുണ്ട.്‌ മധുരവും രുചിയുമുള്ള ഈ പഴം വളരെ മൃദുവാണ്‌.
ഒരു കുട്ടയില്‍ അനക്കമുള്ള വിത്തു പോലെയുള്ള ജന്തുക്കളെ നിറച്ചു വെച്ചിരിക്കുന്നു. മത്സ്യം ജീവനോടെ പിടിച്ച്‌ വില്‍ക്കാവുന്ന സൗകര്യത്തിന്‌ അക്വേറിയത്തിലാക്കി വെച്ചിട്ടുണ്ട്‌. കടലില്‍ നിന്ന്‌ പിടിച്ച്‌ കൊണ്ട്‌ വന്ന മത്സ്യങ്ങളും വില്‍പനക്ക്‌ വെച്ചിട്ടുണ്ട്‌. അക്കൂട്ടത്തില്‍ ചെമ്മീന്‍ വളരെ പുതിയതായിക്കണ്ടു. അത്യാവശ്യ സാധനങ്ങള്‍ വാങ്ങി കൗണ്ടറില്‍ എത്തിയപ്പോള്‍ അവിടെയും സ്‌ത്രീ സാന്നിദ്ധ്യമായിരുന്നു കൂടുതല്‍.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top