സ്‌ത്രീ ജീവിതത്തിന്റെ ഇരുള്‍വഴികള്‍

അബ്ദുല്ല പേരാമ്പ്ര No image

സമകാലിക ചരിത്രത്തില്‍ ഒട്ടും ആശാവഹമല്ലാത്ത സാമൂഹിക ചുറ്റുപാടിനെ അഭിമുഖീകരിക്കുന്ന ഒരു വിഭാഗമാണ്‌ സ്‌ത്രീകളെന്ന്‌ എളുപ്പത്തില്‍ ബോധ്യപ്പെടും. തൊഴിലിടങ്ങളില്‍ മാത്രമല്ല സ്വന്തം കുടുംബങ്ങളില്‍ പോലും വിവേചനവും പാര്‍ശ്വവല്‍ക്കരണവും അവള്‍ നേരിടുന്നു. തീന്‍മേശയില്‍ അവളുടേതാണ്‌ ഒടുവിലത്തെ ഊഴം. യാത്രാ വാഹനങ്ങളിലും പൊതുനിരത്തുകളിലും മിക്കപ്പോഴും സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നു. സാംസ്‌കാരികമായും രാഷ്‌ട്രീയമായും ഔന്നത്യം നേടിയ കേരളത്തില്‍ പോലും സ്‌ത്രീ പീഡനകഥകളുടെ റിപ്പോര്‍ട്ടുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്‌. സുരക്ഷിതമെന്ന്‌ വിശ്വസിക്കുന്ന ആതുരാലയങ്ങള്‍ ചൂഷണാലയങ്ങളായി മാറിയിരിക്കുന്നു. അതിന്റെ ഞെട്ടിക്കുന്ന ചില വസ്‌തുതകള്‍ ഈയിടെ പുറത്തുവരികയുണ്ടായി.
സ്‌ത്രീയുടെ ജീവശാസ്‌ത്രപരമായ ആവശ്യമാണ്‌ ഗര്‍ഭധാരണവും പ്രസവവും. പ്രസവാനന്തരം കുഞ്ഞിനേയും അമ്മയേയും ജീവനോടെ തിരിച്ചുകിട്ടുകയും വേണം. അത്തരമൊരു സുരക്ഷിതാവസ്ഥ അന്വേഷിച്ചുകൊണ്ടാണ്‌ അവള്‍ ആശുപത്രിയിലെത്തുന്നത്‌. അവിടങ്ങളില്‍ പ്രസവവും അനുബന്ധ പരിചരണവും സുരക്ഷിതവും ആത്മാര്‍ത്ഥവുമാണെന്ന ധാരണയാണ്‌. എന്നാല്‍ ആതുരാലയങ്ങള്‍ കൊലയിടങ്ങളായി പരിണമിക്കുന്നതായി ചില പഠനങ്ങളില്‍ വെളിപ്പെട്ടു. പ്രസവാനന്തര മരണങ്ങളുടെ ഗ്രാഫ്‌ മേല്‍പ്പോട്ട്‌ തന്നെ കുതിക്കുകയാണ്‌. അവികസിത രാജ്യങ്ങളായ നൈജീരിയ, എത്യോപ്യ, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ പട്ടികയിലാണ്‌ ഇന്ത്യയുടെയും സ്ഥാനം. സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇതേ സ്ഥിതിയാണുള്ളത്‌. ഓരോ വര്‍ഷവും 78,000ത്തില്‍ പരം സ്‌ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ മരണമടയുന്നു. പോഷകാഹാരക്കുറവ്‌, ഗര്‍ഭാവസ്ഥയിലെ പരിചരണമില്ലായ്‌മ, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എന്നിവ കൊണ്ടു മാത്രമല്ല, ആശുപത്രികളില്‍ പ്രവേശിച്ചതിന്‌ ശേഷമുള്ള ഡോക്ടര്‍മാരുടെയും മറ്റും സമീപനങ്ങള്‍ കൊണ്ടു വരെ ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌.
വയറ്റാട്ടിമാരുടെ കാലത്തുനിന്ന്‌ ആശുപത്രിയിലേക്കുള്ള ദൂരം ചെറുതായി കാണേണ്ടതില്ല. സുരക്ഷിതമല്ലാതിരുന്ന കാലത്തെ പഴിക്കാന്‍ കാരണമുണ്ട്‌. ഇന്ന്‌ അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ നാടൊട്ടുക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം പോലെ തന്നെ ആതുരസേവനവും ഒരു കച്ചവടമായി മാറി. ഡോക്ടര്‍മാരുടെ സൗകര്യത്തിനുവേണ്ടി ഒരേ സമയം നിരവധി സിസേറിയനുകള്‍ വരെ നടത്തിയ ആശുപത്രികളുണ്ട്‌.
പ്രസവം ഒരു രോഗമാണെന്നാണ്‌ വൈദ്യലോകം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാല്‍ മാത്രമേ രോഗികളെയും സ്‌ത്രീകളെയും ഒരു ചൂഷണ ഉപാധിയാക്കി മാറ്റാന്‍ കഴിയൂ. ഒരു സര്‍വേ പ്രകാരം 1,50,000ല്‍ പരം ഹെല്‍ത്ത്‌ സര്‍വീസ്‌ സെന്ററുകള്‍ ഇന്ത്യയില്‍ സമീപകാലത്തായി അടച്ചുപൂട്ടിയിരിക്കുന്നതായി കണ്ടെത്തിയത്‌ ചെറിയ കാര്യമല്ല. യൂനിസെഫിന്റെ നിരീക്ഷണപ്രകാരം ഇത്‌ വലിയ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കുമെന്ന്‌ നേരത്തെ തന്നെ സൂചന നല്‍കിയിട്ടുണ്ട്‌. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത്‌ സര്‍വീസ്‌ സെന്ററുകളുടെ നിര്‍ത്തലാക്കല്‍ ഏറെയും ബാധിക്കുന്നത്‌ സ്‌ത്രീകളെയും കുട്ടികളെയുമാണ്‌. ദാരിദ്ര്യരേഖക്ക്‌ കീഴെയുള്ള നല്ലൊരു ശതമാനം ജനത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി മാറുന്നു.
അമേരിക്കയോടും ബ്രിട്ടനോടും താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാജ്യം സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത്‌ ബഹുദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്‌. ഇന്ത്യയേക്കാള്‍ ജനസംഖ്യയുള്ള ചൈനയില്‍ സ്‌ത്രീ മരണനിരക്കും രോഗങ്ങളും തുലോം കുറവാണെന്നതും ശ്രദ്ധേയമാണ്‌. ഒരു സ്‌ത്രീയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ 15-49 വയസ്സിനിടയിലാണ്‌ നന്നായി ശ്രദ്ധിക്കേണ്ടത്‌. ഗര്‍ഭധാരണം, പ്രസവം എന്നിവ നടക്കുന്നത്‌ ഈ പ്രായത്തിനിടയിലാണ്‌. കുടുംബത്തില്‍ നിന്നും കിട്ടേണ്ട പരിചരണവും ഇതേ സമയത്തു തന്നെ വേണം. ശൈശവ വിവാഹം, പോഷകാഹാരക്കുറവ്‌, സുരക്ഷിതമല്ലാത്ത ഗര്‍ഭം അലസിപ്പിക്കല്‍, വീടുകളില്‍ വെച്ചുള്ള പ്രസവം, നേരാംവണ്ണമുള്ള പരിചരണമില്ലായ്‌മ എന്നിവ മൂലം സ്‌ത്രീയുടെ ജീവന്‍ അപകടപ്പെടുന്നു. വികസനം എത്തിനോക്കിയിട്ടില്ലാത്ത ഗിരിവര്‍ഗ മേഖലകളിലെ സ്‌ത്രീ ജീവിതങ്ങളെക്കുറിച്ച്‌ ആകുലപ്പെടാനേ നമുക്ക്‌ കഴിയൂ. അശാസ്‌ത്രീയമായ വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങളുടെ ധാരാളിത്തം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കൊണ്ട്‌ പിന്നോക്കം നില്‍ക്കേണ്ടി വരുന്ന ദുരവസ്ഥയാണ്‌ സ്‌ത്രീകള്‍ക്ക്‌.
കേരളത്തെ മാറ്റി നിര്‍ത്തിയാല്‍, ഒട്ടുമിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌ത്രീകളുടെ പ്രസവം വീടുകളില്‍ തന്നെയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതിന്‌ നേരിയ തോതില്‍ മാറ്റം വന്നിട്ടുണ്ട്‌. എങ്കിലും നമ്മുടെ ആതുരശുശ്രൂഷാ രംഗം അത്രകണ്ട്‌ വളര്‍ന്നിട്ടില്ല. വേണ്ടത്ര പരിശീലനം ലഭിക്കാത്ത നഴ്‌സുമാര്‍, ഡോക്ടര്‍മാരുടെ അപര്യാപ്‌തത, മരുന്നിന്റെ ലഭ്യതക്കുറവ്‌ എന്നിവ ഈ രംഗത്ത്‌ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്‌. ആളോഹരി വരുമാനത്തിന്റെ ചെറിയ ശതമാനം മാത്രമേ മിക്ക കുടുംബങ്ങളും ആരോഗ്യ സംരക്ഷണത്തിന്‌ മാറ്റിവെക്കുന്നുള്ളൂ. സ്‌ത്രീകളുടെ ആശുപത്രി പ്രസവങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ്‌ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും.
പൊതുജനാരോഗ്യം ഭരണകൂടത്തിന്റെ നിര്‍ബന്ധ ബാധ്യതയായിട്ടാണ്‌ ലോകരാജ്യങ്ങള്‍ കാണുന്നതെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും നാം ഉറക്കം വിട്ടുണര്‍ന്നിട്ടില്ല. ആരോഗ്യമുള്ള സ്‌ത്രീ സമൂഹം ഒരു രാജ്യത്തിന്റെ പൊതുസ്വത്താണ്‌. അതുകൊണ്ടാണ്‌ മിക്ക രാജ്യങ്ങളും സ്‌ത്രീ സമൂഹത്തെ സംരക്ഷിക്കേണ്ട വിഭാഗമായി കാണുന്നത.്‌ മാത്രമല്ല, ഇവിടങ്ങളില്‍ ശിശു മരണനിരക്കും സ്‌ത്രീ മരണനിരക്കും കുറവാണെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. റഷ്യയില്‍ കൂടുതല്‍ പ്രസവിക്കുന്ന സ്‌ത്രീകള്‍ക്ക്‌ അവാര്‍ഡുകള്‍ വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഗര്‍ഭാവസ്ഥയില്‍ തന്നെ ലിംഗനിര്‍ണയം നടത്തി കുട്ടി പെണ്ണാണെങ്കില്‍ നശിപ്പിച്ചു കളയുന്ന പ്രവണത കേരളത്തില്‍ പോലും വാര്‍ത്തയല്ലാതായിരിക്കുന്നു. സഹനത്തിന്റെ മൂര്‍ത്തീഭാവമെന്നതിനപ്പുറം അവള്‍ക്ക്‌ മറ്റൊരു വ്യക്തിത്വം കൂടിയുണ്ടെന്ന്‌ എപ്പോഴാണ്‌ നാം ഉറക്കെ വിളിച്ചു പറയുക?
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top