പോരാട്ട നെരിപ്പോടില്‍നിന്നൊരു സ്‌ത്രീശബ്ദം

ജിഷ എ.എസ്‌ No image

മനുഷ്യാവകാശ ലംഘന പരമ്പരകള്‍ക്ക്‌ നിരന്തരം സാക്ഷ്യം വഹിക്കേണ്ടി വരുന്ന വടക്കേ ഇന്ത്യന്‍ ജനതയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഇറോം ശര്‍മിളയിലും ബിനായക്‌ സെന്നിലും ഒതുങ്ങി നില്‍ക്കുന്നതല്ല എന്നു തെളിയിക്കുകയാണ്‌ മണിപ്പൂരും ഛത്തീസ്‌ഗഡുമെല്ലാം. അഫ്‌സ്‌പ പ്രഖ്യാപനം നിലവില്‍ വന്നതോടെ അവകാശ ലംഘനങ്ങള്‍ക്കു കീഴിലും വീര്‍പ്പടക്കിക്കഴിയുന്ന മണിപ്പൂരില്‍ നിന്നും പോരാട്ടത്തിന്റെ അഗ്‌നി ഉടലെടുക്കുന്നത്‌ സ്വാഭാവികം മാത്രം. ജീവിക്കാനുള്ള അവകാശത്തിന്‌ വേണ്ടി പൊരുതേണ്ടി വരുന്ന ഒരു ജനതയുടെ ഗതികേട്‌ മനസ്സിലാക്കാന്‍ ചില ഉദാഹരണങ്ങള്‍ ഇഴ കീറി പരിശോധിക്കേണ്ടി വരും. 28കാരിയായ രേണുവിന്റെ ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടം സാധ്യമാവുമെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുമായി മുഖാമുഖം കാണേണ്ടി വരും തീര്‍ച്ച.
മണിപ്പൂരിലെ ക്വാക്കീത്തെന്‍ നിങ്‌തെം കോല്‍ നിവാസിയാണ്‌ രേണു തെക്കല്ലമ്പം. 2007ലെ ദുഃഖ വെള്ളി ദിനം. രേണുവിന്റെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു അന്ന്‌. കാലത്ത്‌ ഫിലിം റോള്‍ വാങ്ങാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ രേണുവിന്റെ ഭര്‍ത്താവ്‌ താങ്‌മു പെയ്‌ കെയെ രേണു പിന്നീട്‌ കാണുന്നത്‌ ചേതനയറ്റ ശരീരമായാണ്‌.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അവരോട്‌ സുരക്ഷാ സേന വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടെന്നും അതനുസരിക്കാത്തതിനാല്‍ പിന്‍തുടര്‍ന്ന്‌ പിടികൂടി വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ്‌ പുറം ലോകമറിഞ്ഞ സത്യം. എന്നാല്‍ ദൃക്‌സാക്ഷികളായ സുഹൃത്തുക്കള്‍ പറഞ്ഞാണ്‌ നിജസ്ഥിതി അറിഞ്ഞത്‌. അതായത്‌ സുരക്ഷാ സേനയുടെ ആവശ്യം കേള്‍ക്കാതെയാണ്‌ യാത്ര തുടര്‍ന്നത.്‌ പിന്തുടര്‍ന്ന്‌ പിടികൂടിയ സേന ക്രൂരമായി മര്‍ദ്ധിച്ച ശേഷം താങ്‌മു പെയ്‌ കെയെ നെറ്റിയില്‍ വെടിയുതിര്‍ക്കുകയാണ്‌ ചെയ്‌തത്‌. സുഹൃത്തുക്കളിലൊരാളുടെ വായിലും വെടിയുതിര്‍ത്തിരുന്നു. ഈ സംഭവം നടക്കുന്നത്‌ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ മാത്രമാണ്‌. അപ്പോഴേക്കും താങ്‌മു പെയ്‌ വീട്ടില്‍ നിന്നും പോയിട്ട്‌ സമയം ഒരുപാട്‌ കഴിഞ്ഞിരുന്നു. മണിപ്പൂരില്‍ നിരപരാധികള്‍ തോക്കിന്‍ മുനയില്‍ പിടഞ്ഞു വീഴുന്നത്‌ പതിവാണ്‌. കൊല്ലപ്പെടുന്ന സമയത്ത്‌ താങ്‌മു പെയ്‌ കെയ്‌ മണിപ്പൂരിലെ `സോഷ്യല്‍ അവയര്‍നെസ്‌ സര്‍വീസ്‌ ഓര്‍ഗനൈസേഷ'നില്‍ കൗണ്‍സിലറായി ജോലി ചെയ്‌തുവരികയായിരുന്നു. ഇദ്ദേഹത്തെ ഭീകരവാദി എന്നാരോപിച്ചാണ്‌ വധിക്കുന്നത്‌.
ഭര്‍ത്താവിന്റെ മരണസമയത്ത്‌ രേണു 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്‌. കുടുംബത്തിന്റെ അനാഥത്വവും ഭര്‍ത്താവിനെ നഷ്ടപ്പെട്ട വേദനയും ഇവരെ കരുത്തുറ്റ പോരാളിയാക്കി. 2007 ലാണ്‌ ഭര്‍ത്താവിന്റെ മരണം. അതേ വര്‍ഷം തന്നെയാണ്‌ ഭര്‍തൃ വിയോഗത്തില്‍ നിന്ന്‌ കരുത്താര്‍ജ്ജിച്ച്‌ ഇവര്‍ എക്‌സ്‌ട്രാ എക്‌സിക്യൂട്ടിവ്‌ ജുഡീഷ്യല്‍ വിക്‌റ്റിംസ്‌ അസോസിയേഷന്‍ (EEVA) എന്ന സംഘടനക്ക്‌ രൂപം കൊടുക്കുന്നത്‌. സുരക്ഷാ സേനയുടെ തോക്കിന്‍ കുഴലില്‍ മരണമടഞ്ഞവരുടെ വിധവകള്‍ക്കുവേണ്ടിയാണ്‌ സംഘടന രൂപീകൃതമാവുന്നത്‌. മണിപ്പൂരിന്റെ ചരിത്രത്തില്‍ വിധവകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം സേനയുടെ കടന്നുകയറ്റം തന്നെയാണ്‌. സമാധാനം പുനഃസ്ഥാപിക്കാന്‍ വിന്യസിച്ച സേന ജനങ്ങളുടെ സമാധാനം കെടുത്തുന്ന ദയനീയാവസ്ഥയിലാണ്‌ മണിപ്പൂര്‍ ജനത ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌. ലോകത്തിലെ ഏറ്റവും മികച്ച എഴുതപ്പെട്ട ഭരണഘടനയുള്ള ഇന്ത്യയില്‍ തന്നെ അവകാശലംഘനങ്ങള്‍ സ്ഥിരം സംഭവങ്ങളാവുമ്പോള്‍ ഭരണഘടന ജനങ്ങള്‍ക്ക്‌, പൗരന്മാര്‍ക്ക്‌ എന്താണ്‌ പ്രദാനം ചെയ്യുന്നത്‌?
പ്ലസ്‌ടു വിദ്യാഭ്യാസം കഴിഞ്ഞ ശേഷം മണിപ്പൂര്‍ ഐ.ഐ.ടിയില്‍ നിന്നും ഹെയര്‍ ആന്‍ഡ്‌ സ്‌കിന്‍ കെയര്‍ എന്ന വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ രേണു ഇന്ന്‌ ക്വക്കീതെല്‍ നിങ്‌തം തോലില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയാണ്‌.
EEVA യുടെ തുടക്കത്തില്‍ 30 അംഗങ്ങളാണുണ്ടായിരുന്നത.്‌ ഇന്നത്‌ 40 ലേക്ക്‌ ഉയര്‍ന്നിട്ടുണ്ട.്‌ സേന അനാഥരാക്കിയ കുടുംബങ്ങള്‍ക്ക്‌ താങ്ങും തണലുമാണ്‌ ഇന്നീ സംഘടന. അംഗങ്ങളുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുക, കുടുംബത്തിന്റെ ഉന്നമനം ഉറപ്പുവരുത്തുക തുടങ്ങിയവയാണ്‌ പ്രധാന ലക്ഷ്യങ്ങള്‍. സത്യം, നീതി തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ്‌ സംഘടനയുടെ മുന്നോട്ടുള്ള യാത്ര. ഓരോ മാസത്തിന്റെയും രണ്ടാമത്തെ ശനിയാഴ്‌ച അംഗങ്ങള്‍ കൂടിച്ചേര്‍ന്ന്‌ 50 രൂപ വീതം പിരിച്ചെടുക്കുകയും അത്‌ ഫണ്ടായി നിലനിര്‍ത്തുകയുമാണ്‌ പതിവ്‌. അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായും ഇത്‌ കണക്കാക്കാറുണ്ട്‌. എന്‍.ജി.ഒകളുടെ സഹായത്തിന്മേലാണ്‌ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം നടന്നു പോകുന്നത്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു കുട്ടിക്ക്‌ മാസത്തില്‍ 1000 രൂപ എന്ന തോതില്‍ എന്‍.ജി.ഒ ധനസഹായം നല്‍കി വരുന്നു. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ വിദ്യാഭ്യാസത്തിന്‌ അടിത്തറയിടാനായി എന്ന ആത്മവിശ്വാസത്തിലാണ്‌ പ്രസിഡണ്ടുകൂടിയായ രേണു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും മണിപ്പൂര്‍ ഗവണ്‍മെന്റ്‌ ഈ സംഘടനക്ക്‌ അംഗീകാരം നല്‍കാന്‍ തയ്യാറായിട്ടില്ല. EEVA എന്ന പേരാണ്‌ അതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. നിരവധി തവണ അനുമതിക്ക്‌ ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു എന്ന്‌ രേണു പറയുന്നു.
അഫ്‌സ്‌പ എന്ന പ്രത്യേകാധികാര നിയമം നിലവില്‍ വന്നിട്ട്‌ പത്ത്‌ വര്‍ഷം തികഞ്ഞു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാനും വിഘടനവാദികളെ തുരത്താനുമായെത്തിയ സേനയുടെ വ്യാപക സാന്നിധ്യം മണിപ്പൂരിലെ പൗരന്മാരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്ന തരത്തിലാണ്‌. നൂറുപേര്‍ക്ക്‌ 35 സൈനിക ഉദ്യോഗസ്ഥര്‍ എന്ന തോതിലാണ്‌ സേനയെ വിന്യസിച്ചിരിക്കുന്നത്‌. സേനയുടെ കൊടും ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയും പ്രതിഷേധിക്കുന്നവരെയും പൂട്ടാനുള്ള മികച്ച മാര്‍ഗം അവരെ ഭീകരവാദികളെന്ന്‌ മുദ്ര കുത്തുകയാണ്‌.
ഇറോം ശര്‍മിളയില്‍ നിന്ന്‌ കരുത്താര്‍ജ്ജിച്ച്‌ രേണു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്സഹായരായ ഒരു ജനതക്ക്‌ വേണ്ടിയാണ്‌. ഇന്നവര്‍ മൂന്നര വയസ്സുള്ള ജൈസലിന്റെ അമ്മയാണ്‌. സിനിമാ സംവിധായകനായ ചന്തന്‍ നേത്രജുമായുള്ള പരിചയം രേണുവിന്റെ അനുഭവത്തെ സിനിമയാക്കാന്‍ സാഹചര്യമായി. `ഏപ്രില്‍ ആറ'്‌ എന്ന്‌ പേരിട്ടിട്ടുള്ള ഈ സിനിമ ഒരു ജനതയുടെ വികാരങ്ങളെ പുറം ലോകത്തിന്‌ മുമ്പില്‍ തുറന്നുകാട്ടാന്‍ സഹായിക്കുന്നു. മണിപ്പൂരില്‍ ജന്മമെടുത്തതിന്റെ പേരില്‍ വിലപിക്കേണ്ടി വരുന്ന ഇവിടുത്തെ ഓരോ പൗരനും നീതിയും സത്യവും വിജയിക്കുന്ന ദിവസത്തെ പ്രതീക്ഷിക്കുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top